മിയാൻ താൻസെൻ
ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനുമായിരുന്നു താൻസെൻ. രാംതനു എന്നായിരുന്നു യഥാർത്ഥനാമം. ഇദ്ദേഹത്തിന്റെ ജനനത്തെപ്പറ്റിയും ബാല്യകാലജീവിതത്തെപ്പറ്റിയും വസ്തുതകളെക്കാളേറെ ഐതിഹ്യങ്ങളാണുള്ളത്. ഹിന്ദുസ്ഥാനിസ്സംഗീതം താൻസനെ 'സംഗീതസമ്രാട്ട്' എന്നാണ് വിശേഷിപ്പിക്കുന്നത്.
മിയാൻ താൻസെൻ Tansen | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | രാംതനു പാണ്ഡെ |
തൊഴിൽ(കൾ) | Classical Mughal Era Vocalist |
ജീവിതരേഖ
തിരുത്തുക1506-ൽ ഗ്വാളിയറിനു സമീപമുള്ള ബേഹത് എന്ന ഗ്രാമത്തിലാണ് ജനിച്ചതെന്ന് ചരിത്രകാരന്മാർ അംഗീകരിച്ചിട്ടുണ്ട്. 1506-ലാണ് ജനനം എന്നും അതല്ല, 1493-ലാണെന്നും അഭിപ്രായമുണ്ട്. പിതാവ് മകരന്ദപാണ്ഡേ. ഗൌഡസാരസ്വതബ്രാഹ്മണനായ അദ്ദേഹത്തിന് സന്താനദുഃഖം ഏറിയപ്പോൾ മുഹമ്മദ് ഖൗസ് എന്ന സൂഫിയുടെ ദിവ്യാനുഗ്രഹത്താലാണ് താൻസൻ ജനിച്ചതെന്ന് ഒരൈതിഹ്യമുണ്ട്. മിയാൻ താൻസൻ എന്നതാണ് പൂർണ നാമധേയം.
സ്വാമി ഹരിദാസിന്റെ ശിക്ഷണത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ശാസ്ത്രീയ രീതി അഭ്യസിച്ചു. റീവാരാ ജനസദസിലെ ഗായകനായിരുന്നു. സംഗീതസാരം, രാഗമാല എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.
രാജാ മാൻസിങ് തൊമർ സ്ഥാപിച്ച ഗ്വാളിയർ സ്കൂൾ ഒഫ് മ്യൂസിക്കിലായിരുന്നു താൻസൻ ആദ്യകാലത്ത് സംഗീതപഠനം നടത്തിയിരുന്നത്. പിന്നീട് വൃന്ദാവനത്തിലെ യതിവര്യനും സംഗീതാചാര്യനുമായ സ്വാമി ഹരിദാസിന്റെ ശിഷ്യത്വം സ്വീകരിച്ചു. കൗമാരത്തിൽത്തന്നെ താൻസൻ അസാമാന്യമായ ആലാപനപാടവം പ്രദർശിപ്പിച്ചുകൊണ്ട്, ഏറെ പ്രസിദ്ധനായി. ജന്മസിദ്ധമായ ആ ആലാപനവൈഭവത്തെപ്പറ്റിയും ഐതിഹ്യങ്ങൾ ധാരാളമുണ്ട്. പക്ഷിമൃഗാദികളുടെ ശബ്ദം തനിമയോടെ അവതരിപ്പിക്കുക ബാലനായ താൻസന്റെ വിനോദങ്ങളിൽ ഒന്നായിരുന്നു എന്നാണ് അത്തരം കഥകളിലൊന്ന്.
ചെറുപ്പത്തിൽത്തന്നെ താൻസൻ, രേവയിലെ മഹാരാജാവായ രാജാ രാമചന്ദ്രബാംഖേലിന്റെ കൊട്ടാരം ഗായകന്മാരിലൊരാളായി. ആ രാജാവാണത്രെ 'താൻസൻ'എന്ന പേരിട്ടത്. ഗ്വാളിയർ രാജാവായ മാൻസിങ് തൊമറിന്റെ സദസ്സിനെയാണ് താൻസൻ പിന്നീടലങ്കരിച്ചത്. അവിടെ വച്ച് രാജപത്നിയും സംഗീത വിദുഷിയുമായ മൃഗനയിനിയുമായി താൻസൻ അടുപ്പത്തിലായി. വൈകാതെ മൃഗനയിനിയുടെ തോഴി ഹുസൈനിയും അദ്ദേഹത്തിന്റെ പ്രേമപാത്രമായി. ആ പ്രണയസാക്ഷാത്കാരത്തിനായാണ് താൻസൻ ഇസ്ളാംമതം സ്വീകരിച്ചത് എന്ന ഐതിഹ്യത്തിനാണ് ഏറെ പ്രചാരം.
ആലാപനത്തിലെന്നപോലെ സംഗീതരചനയിലും താൻസൻ ഒരിതിഹാസപുരുഷനായിരുന്നു. ഇദ്ദേഹം രചിച്ചിട്ടുള്ള ധ്രുപദ് കൃതികളിലൂടെയാണ് ധ്രുപദസംഗീതവും ഹിന്ദുസ്ഥാനി സംഗീതമാകെത്തന്നെയും നവോത്ഥാനശോഭയാർജിച്ചത്. ഇസ്ളാം മതാനുയായി ആയിയെങ്കിലും താൻസന്റെ ധ്രുപദരചനകളിൽ ഏറെയും ഹൈന്ദവാരാധനാമൂർത്തികളുമായി ബന്ധപ്പെട്ടവ ആയിരുന്നു. സാത്വികമായ ഭക്തിഭാവം ഓരോ വരിയിലും മുഴക്കിക്കേൾപ്പിച്ച ആ കൃതികളിൽ രാധാകൃഷ്ണന്മാരുടേയും ശിവപാർവതിമാരുടേയും ഒക്കെ സന്തതസാന്നിധ്യം ഉണ്ടായിരുന്നു. ചില രാഗങ്ങൾക്ക് പേർഷ്യൻ സംഗീതഭാവങ്ങളുടെ സ്വാംശീകരണത്തിലൂടെ രൂപമാറ്റം വരുത്തി എന്ന കാരണത്താൽ താൻസനെ എതിർത്ത യാഥാസ്ഥിതിക ഹിന്ദുക്കൾ പോലും ഇദ്ദേഹത്തെ ധ്രുപദകൃതികളുടെ പേരിൽ അംഗീകരിക്കുകയുണ്ടായി. ആഢ്യക്ഷത്രിയനായ ഹുശായ് മഹാരാജാവ് വല്ലഭപതി ക്ഷേത്രത്തിൽ ഗാനാരാധന നടത്താൻ അഹിന്ദുവായ താൻസന് അനുമതി നല്കിയ സംഭവം ഇതിനുദാഹരണമാണ്. ഹൈന്ദവ പശ്ചാത്തലത്തിലുള്ള രചനകൾക്കു പുറമേ മുസ്ളിം സൂഫിമാരെക്കുറിച്ചുള്ള നിരവധി രചനകളും താൻസൻ നടത്തിയിട്ടുണ്ട്. തന്റെ സംരക്ഷകരായ അക്ബർ, രാജാരാമചന്ദ്ര തുടങ്ങിയ രാജാക്കന്മാരുടെ അപദാനകീർത്തനങ്ങളാണ് താൻസന്റെ ധ്രുപദരചനകളിൽ മറ്റുള്ളവ. ധ്രുപദസംഗീതം പരിപക്വമായത് താൻസനിലൂടെയാണ് എന്നനുമാനമുണ്ട്.
വ്രജഭാഷയിലാണ് ഇദ്ദേഹം തന്റെ രചനകൾ നിർവഹിച്ചത്. ഭാവത്തിലും സാഹിത്യഭംഗിയിലും അവ ഒരുപോലെ മികവു പുലർത്തിയിരുന്നു. കൃതികൾക്കൊപ്പം ഏതാനും രാഗങ്ങളും താൻസൻ സൃഷ്ടിക്കുകയുണ്ടായി-മിയാൻ കി തോഡി, മിയാൻ കി സാരംഗ്, മിയാൻ കി മൽഹാർ, ദർബാരി കാനഡ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇതിനുപുറമേ, നിലവിലുള്ള മറ്റനവധി രാഗങ്ങളിൽ ചെറിയ വ്യതിയാനം വരുത്തുകയും ചെയ്തിട്ടുണ്ട്. ആകെ 12 രാഗങ്ങളാണ് താൻസൻ ഹിന്ദുസ്ഥാനി സംഗീതലോകത്തിന് സംഭാവന ചെയ്തിട്ടുള്ളത്.
ഇദ്ദേഹം രചിച്ച സംഗീതശാസ്ത്രസംബന്ധിയായ ഗ്രന്ഥങ്ങളാണ് സംഗീതസാരവും രാഗമാലയും. ധ്രുപദസംഗീതത്തിനെന്ന പോലെ ദീപക് എന്ന സംഗീതശാഖയ്ക്കും താൻസൻ വിലപ്പെട്ട സംഭാവനകൾ നല്കുകയുണ്ടായി. 'സേനിയ ഘരാന'യുടെ പ്രാരംഭകൻ എന്ന നിലയിൽ ഇദ്ദേഹം ഹിന്ദുസ്ഥാനി സംഗീതത്തിനു നല്കിയ സേവനം ആദരണീയമാണ്.
അക്ബർ ചക്രവർത്തിക്കൊപ്പം
തിരുത്തുക1562-ൽ താൻസന്റെ പ്രശസ്തി മുഗൾചക്രവർത്തിയായ അക്‌ബറുടെ ചെവിയിലുമെത്തി. അക്ബർ താൻസനെ തന്റെ ആസ്ഥാനസംഗീതജ്ഞരിൽ ഒരാളാക്കി. അപ്പോൾ അക്ബറുടെ സദസ്സിൽ പ്രസിദ്ധരായ 35 സംഗീതജ്ഞർ ഉണ്ടായിരുന്നു. 27 വർഷക്കാലം അക്ബറുടെ സദസ്സിനെ അലങ്കരിച്ച താൻസൻ അവിടത്തെ 'നവര ത്ന'ങ്ങളിൽ ഒരാളായും അറിയപ്പെട്ടു. താൻസനെ അക്ബർ തന്റെ ആസ്ഥാനഗായകനാക്കുന്നതിനു കാരണമായി പ്രചാരം നേടിയിട്ടുള്ള ഐതിഹ്യങ്ങൾ പലതും അതിശയോക്തി കലർന്നവയാണ് - അവയിൽ താൻസൻ പാട്ടുപാടി മഴപെയ്യിച്ചതായും പാട്ടുപാടി വിളക്കു കത്തിച്ചതായും ഉള്ള കഥകളുണ്ട്.
അക്ബർ താൻസന് 'സർ' എന്നതിനു സമാനമായ 'മിയാ'എന്ന പദവിയും നല്കിയിരുന്നു. മിക്ക ഘരാനകളുടേയും ആരംഭം ഇദ്ദേഹത്തിൽ നിന്നുമത്രേ. ദീപകരാഗം പാടി വിളക്കുകൾ തെളിയിച്ചതായും മേഘമൽഹാർ പാടി മഴ പെയ്യിച്ചതായും ചരിത്രമുണ്ട്. മിയാൻ എന്ന വിശേഷണം നൽകിയത് അക്‌ബർ ആണ്. മിയാൻ കി മൽഹാർ, ദർബാറി കാനഡ എന്നീ രാഗങ്ങൾ ഇദ്ദേഹം സൃഷ്ടിച്ചവയാണ്. നിരവധി ധ്രുപദുകളും ബന്ദിഷുകളും രചിച്ചിട്ടുണ്ട്.
അവസാനകാലം
തിരുത്തുക1589 ഏപ്രിൽ 26-ന് താൻസൻ ദിവംഗതനായി. അവസാന നിമിഷത്തിൽ അക്ബറും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ലാഹോറിൽ വച്ചായിരുന്നു അന്ത്യം. ലാഹോറിൽ രാജകീയ ബഹുമതിക ളോടെയായിരുന്നു താൻസന്റെ അന്ത്യകർമങ്ങൾ നടന്നത്. കുറേക്കാലം കഴിഞ്ഞ് താൻസന്റെ ഭൗതികശരീരം ലാഹോറിൽ നിന്ന് ഗ്വാളിയറിലേക്കു കൊണ്ടുവന്ന് അടക്കം ചെയ്തു. ഗ്വാളിയറിലെ ആകർഷകമായ ആ കബറിടം സംഗീത തീർഥാടകരുടെ പുണ്യ സ്ഥാനങ്ങളിലൊന്നാണ്. അതിനടുത്തു നില്ക്കുന്ന പുളിമരത്തിന്റെ ഇല തൊണ്ടയിൽ നിന്ന് നല്ല നാദം പുറപ്പെടുന്നതിനുള്ള ദിവ്യൌഷധമായി കരുതപ്പെടുന്നു. ഇവിടത്തെ ശവകുടീരത്തിനരികെ എല്ലാവർഷവും മഞ്ഞുകാലത്ത് സംഗീതാരാധന നടത്തുന്ന പതിവുണ്ടായിരുന്നു. ഇത് ഇപ്പോൾ 'ഗ്വാളിയർ താൻസൻ സംഗീത് സമാരോഹ്' എന്ന സംഗീതമഹോത്സവമായി മാറിയിരിക്കുന്നു. പണ്ഡിത് ഭാട്ട് ഖണ്ഡേയാണ് ഈ സംഗീതോത്സവത്തിനു തുടക്കം കുറിച്ചത്.
താൻസന്റെ മരണം ഹിന്ദുസ്ഥാനി സംഗീതത്തിന് പുതിയൊരു രാഗം കൂടെ സമ്മാനിച്ചു. ഇദ്ദേഹത്തിന്റെ ചരമശുശ്രൂഷയ്ക്കായി മകൻ ബിലാസ്ഖാൻ ചിട്ടപ്പെടുത്തിയ രാഗം ഇന്ന് 'ബിലാസ്ഖാനി തോഡി' എന്നറിയപ്പെടുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ മിയാൻ താൻസെൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |