താളിയോല രേഖാ മ്യൂസിയം, തിരുവനന്തപുരം
കേരളത്തിൽ നിന്നുള്ള പുരാതന താളിയോല കയ്യെഴുത്തുപ്രതികൾ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന മ്യൂസിയമാണ് തിരുവനന്തപുരത്തെ താളിയോല രേഖാ മ്യൂസിയം. ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ താളിയോല രേഖാ മ്യൂസിയമായി ഇത് കണക്കാക്കപ്പെടുന്നു. വേണാട് കാലഘട്ടത്തിലെയും, തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ നിന്നുള്ളതുമായ മുൻകാല രാഷ്ട്രീയ സാമൂഹിക വിവരങ്ങൾ അടങ്ങിയ ഒരു കോടിയിലധികം താളിയോലകളുടെ അപൂർവ ശേഖരം പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള മ്യൂസിയത്തിലുണ്ട്. 1249 മുതൽ 1896 വരെയുള്ള താളിയോല കയ്യെഴുത്തുപ്രതികൾ മ്യൂസിയത്തിലുണ്ട്.
സ്ഥാപിതം | 2022 |
---|---|
സ്ഥാനം | Thiruvananthapuram, Kerala, India |
Type | History museum |
Collections | Palm-leaf manuscripts |
Owner | Department of Archeology, Government of Kerala |
അവലോകനം
തിരുത്തുകതിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന താളിയോല രേഖാ മ്യൂസിയം, താളിയോല കൈയെഴുത്തുപ്രതികൾ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന മ്യൂസിയമാണ്. ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ താളിയോല മ്യൂസിയമാണിത്.[1][2][3] പതിനാലാം നൂറ്റാണ്ടു മുതലുള്ള ഒരു കോടിയിലധികം താളിയോല ശേഖരം മ്യൂസിയത്തിലുണ്ട്.[4][5] പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള താളിയോല ശേഖരത്തിൽ ഭരണം, വാങ്ങലും വിൽപ്പനയും, മെഡിക്കൽ നടപടിക്രമങ്ങൾ, ശിക്ഷകൾ, അടിമത്തം, കൃഷി, കാർഷിക സംസ്കാരം, സമ്പദ്വ്യവസ്ഥ, പാട്ട രേഖകൾ, നികുതി പരിഷ്ക്കരണം, വേണാട്, തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളിൽ നിന്നുള്ള നികുതി പിരിവ് എന്നിവയുടെ രേഖകൾ ഉണ്ട്.[6][4] 1249 മുതൽ 1896 വരെയുള്ള ആറ് നൂറ്റാണ്ടുകളിൽ നിന്നുള്ള താളിയോലകൾ ഇവിടെയുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് ആർക്കൈവ്സ് മേധാവി ജെ. റെജികുമാർ പറയുന്നു.[7]
വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ തുടങ്ങിയ പുരാതന ലിപികളിലെ താളിയോലകളുടെ ലിപ്യന്തരണം മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നു.[4][8] ഇതിലൂടെ പുരാതന ലിപിയിലെ എഴുത്ത് വിവർത്തനം ചെയ്യാതെ മലയാളത്തിലും ഇംഗ്ലീഷ് ഭാഷയിലും വായിക്കാൻ കഴിയും.[4] പരമ്പരാഗത ലിപികളുടെ പരിണാമവും മ്യൂസിയത്തിൽ കാണാം.[4] കേരളത്തിലെ പുരാതന എഴുത്ത് സമ്പ്രദായത്തിൽ ഉപയോഗിച്ചിരുന്ന എഴുത്തുപകരണങ്ങളും സാധാരണക്കാർ അവരുടെ വാങ്ങലുകളും വിൽപ്പനയും എങ്ങനെ രേഖപ്പെടുത്തുന്നു എന്നതും വിശദീകരിക്കുന്ന രേഖകളുടെ ഒരു വിഭാഗവും മ്യൂസിയത്തിലുണ്ടാകും.[4] പത്മനാഭപുരം കൊട്ടാരം പോലുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ള താളിയോലയുടെ സാമ്പിളുകളും പ്രദർശിപ്പിക്കും.[4] താളിയോലകൾ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി, അവ പ്രത്യേക പെട്ടികൾക്കുള്ളിൽ അടച്ച്, ഓരോന്നിന്റെയും ഉള്ളടക്കം, ലിപി, ഭാഷ എന്നിവ മുകളിൽ ഉചിതമായ ചിത്രങ്ങൾക്കൊപ്പം എഴുതി പ്രദർശിപ്പിക്കുന്നു. പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള താളിയോല രേഖകൾ ഡിജിറ്റൈസ് ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജോലികളും പുരോഗമിക്കുകയാണ്.[4]
മ്യൂസിയത്തിൽ സന്ദർശകർക്കായി, എട്ട് തീം അടിസ്ഥാനമാക്കിയുള്ള ഗാലറികളുണ്ട്. ആദ്യ ഗാലറിയായ 'എഴുത്തിന്റെ കഥ', ബ്രാഹ്മി ലിപിയിൽ നിന്ന് ആരംഭിച്ച് മലയാള ലിപി എങ്ങനെ രൂപപ്പെട്ടുവെന്ന് പറയുന്നു. രണ്ടാമത്തെ ഗാലറിയിൽ പാട്ടക്കരാറുകൾ, വാങ്ങൽ, വിൽപ്പന രേഖകൾ, കൃഷിക്കായി കനാലുകൾ, അണക്കെട്ടുകൾ, തോടുകൾ എന്നിവ നിർമ്മിച്ചതിന്റെ രേഖകൾ എന്നിവ അടങ്ങിയ താളിയോലകളുണ്ട്.[6]
നികുതി പിരിവ്, നികുതി പരിഷ്ക്കരണം, ചില ദോഷകരമായ നികുതികൾ നിർത്തലാക്കൽ, പാവപ്പെട്ട സ്ത്രീകൾക്ക് തൊഴിൽ ഉറപ്പാക്കുന്ന രേഖ, കൊല്ലം കരിപ്രയിൽ നിന്ന് രണ്ട് ലക്ഷം താളിയോല വാങ്ങിയത് സംബന്ധിച്ച രേഖ, ഓഫീസിൽ വൈകി എത്തിയവർക്കുള്ള പിഴ പിരിവിനെക്കുറിച്ചുള്ള രേഖ, ജയിലുകളുടെ നിർമ്മാണത്തിനായി പണം അനുവദിച്ചതിനെക്കുറിച്ചുള്ള രേഖ, 1721 ലെ ആറ്റിങ്ങൽ കലാപം, 1741 ലെ കുളച്ചൽ യുദ്ധം, 1723 ലെയും 1805 ലെയും ബ്രിട്ടീഷ്-വേണാട് ഉടമ്പടികൾ, അതിനുശേഷം നടത്തിയ മറ്റ് മുൻകാല യുദ്ധങ്ങളും ഉടമ്പടികളും എന്നിവയെക്കുറിച്ചുള്ള രേഖകൾ അടുത്ത ഗാലറികളിൽ അടങ്ങിയിരിക്കുന്നു. സർക്കാർ സ്കൂളുകൾ സ്ഥാപിക്കൽ, പുതിയ ഇംഗ്ലീഷ് സ്കൂളുകൾ തുറക്കൽ, ആശുപത്രികൾ സ്ഥാപിക്കല്, വസൂരി, കോളറ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ നടപടികൾ, മരണസംഖ്യ, കോവിഡ് കാലത്തെ പോലുള്ള സാമൂഹിക അകലം പാലിക്കൽ, കൊച്ചി ട്രഷറിയിൽ നിന്ന് വായ്പ എടുക്കൽ, കുരുമുളക് വ്യാപാരം, സ്വാതി തിരുനാൾ കാലഘട്ടത്തിലെ കലാപ പോരാട്ട പ്രവർത്തനങ്ങൾ, കൊച്ചിയിലെ കലാപങ്ങൾ എന്നിവയെക്കുറിച്ചുള്ള രേഖകൾ തുടർന്നുള്ള ഗാലറികളിൽ ഉണ്ട്.[6] 1780ൽ കൊച്ചി സാമ്രാജ്യത്തിൽ നിന്ന് തിരുവിതാംകൂറിലേക്ക് 2,000 തോക്കുകൾ ആവശ്യപ്പെട്ടതിന്റെ രേഖ, വേലു തമ്പി ദളവയെ കണ്ടെത്താനുള്ള ഉത്തരവ്, 1750ൽ മാർത്താണ്ഡവർമ്മയുടെ തൃപ്പടിദാനം, 1239ൽ കോട്ടാരക്കര രാജാവിന് പാണ്ഡ്യ രാജാവ് നൽകിയ ഗ്രാമങ്ങളുടെ പേരുകൾ എന്നിവയും താളിയോല ശേഖരത്തിൽ ഉൾപ്പെടുന്നു.[9]
അവസാനത്തെ ഗാലറിയായ മതിലകം രേഖകളിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, തിരുവിതാംകൂർ സാമ്രാജ്യത്തിന്റെ കല, സംസ്കാരം, നിയമം, ഭരണം എന്നിവയെക്കുറിച്ചുള്ള നിരവധി രേഖകൾ അടങ്ങിയിരിക്കുന്നു.
ചരിത്രം
തിരുത്തുകതിരുവിതാംകൂർ കാലഘട്ടത്തിൽ നിർമ്മിച്ച 300 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.[10] തിരുവിതാംകൂർ കാലഘട്ടത്തിൽ കെട്ടിടം നായർ പട്ടാളത്തിന്റെ താവളമായി പ്രവർത്തിച്ചു. പിന്നീട് ഈ കെട്ടിടം ജയിലായി മാറ്റി.[6] 1886ൽ പൂജപ്പുരയിൽ ഒരു പുതിയ ജയിൽ കെട്ടിടം നിർമ്മിച്ചപ്പോൾ എല്ലാ പ്രതികളെയും അവിടേക്ക് മാറ്റി.[6] അതിനുശേഷം, തിരുവിതാംകൂറിൻറെ ഔദ്യോഗിക രേഖകൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലമായി ഈ സ്ഥലം മാറി.[6] 1964ൽ കേരള പുരാവസ്തു വകുപ്പ് രൂപീകരിച്ചപ്പോൾ, താളിയോലകൾ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള സ്ഥലമായി ഇത് മാറി.[6]
പുരാവസ്തു വകുപ്പിന്റെ തിരുവനന്തപുരം റീജിയണൽ ഓഫീസായ സെൻട്രൽ ആർക്കൈവ്സ് ബിൽഡിംഗിൽ 3 കോടി രൂപ ചെലവിൽ 6,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള എട്ട് ഗാലറികളിലാണ് താളിയോല രേഖാ മ്യൂസിയം സ്ഥാപിച്ചത്.[11] മ്യൂസിയം 2022 ഡിസംബർ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 2022 മുതൽ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവൻ മ്യൂസിയമാക്കി മാറ്റി.[6] മുകളിലത്തെ നിലയിൽ, താലിയോലകളുടെ ഒരു വലിയ ശേഖരം ചുരുളുകളിൽ സൂക്ഷിച്ചിരിക്കുന്നു. [6] ഗവേഷകർ ഒഴികെയുള്ളവർക്ക് അവ കാണാൻ അനുവാദമില്ല.[6]
സ്ഥാനം
തിരുത്തുകതിരുവനന്തപുരം നഗരത്തിൽ ഫോർട്ട് ഹോസ്പിറ്റലിന് സമീപമാണ് താളിയോല രേഖാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ ലേഖകൻ, സ്വന്തം (23 December 2022). "ലോകത്തിലെ ഏറ്റവും വലിയ താളിയോല രേഖ മ്യൂസിയം; ഇന്ത്യയിൽ ആദ്യത്തേത്; തിരുവനന്തപുരത്തിന് അഭിമാനം". Manoramanews. Malayala Manorama.
- ↑ "World's 1st Palm Leaf Manuscript Museum In Thiruvananthapuram Is Gateway To Travancore Kingdom". News18 (in ഇംഗ്ലീഷ്).
- ↑ Sunder, Kalpana. "Kerala museum gives India's historic palm leaf manuscripts a new home". The National (in ഇംഗ്ലീഷ്).
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 4.7 "താളിയോല മ്യൂസിയം: കേരള ചരിത്രത്തെയും സംസ്കാരത്തെയും അറിയുന്നതിനുള്ള വിവരദായക സംവിധാനം". Government of Kerala.
- ↑ "രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം തലസ്ഥാനത്ത്". Mathrubhumi (in ഇംഗ്ലീഷ്). 17 February 2021.
- ↑ 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 "ചരിത്രം മയങ്ങുന്ന താളിയോല കൊട്ടാരം". Deshabhimani. Deshabhimani.
- ↑ "World's first Palm-leaf Manuscript Museum in Kerala capital a mine of stories". BusinessLine (in ഇംഗ്ലീഷ്). 5 January 2023.
- ↑ Jain, Pranay (9 January 2023). "All About The Palm Leaf Manuscripts Museum In Kerala". Outlook Traveller (in ഇംഗ്ലീഷ്).
- ↑ "താളിയോല രേഖാ മ്യൂസിയം: കാണുന്നില്ലേ എട്ടു നൂറ്റാണ്ടുമുമ്പുള്ള കേരളം". Deshabhimani.
- ↑ "അറിവിന്റെ കലവറയാണ് താളിയോല രേഖാ മ്യുസിയം". News18 മലയാളം. 18 August 2023.
- ↑ "PRD Live - ലോകോത്തര ശേഖരം അടങ്ങിയ താളിയോല രേഖാ മ്യൂസിയം വ്യാഴാഴ്ച (ഡിസംബർ 22) നാടിന് സമർപ്പിക്കും". Government of Kerala.