താപമലിനീകരണം
ജലത്തിലേക്കോ വായുവിലേക്കോ താപോർജം പുറന്തള്ളുന്നതു മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണമാണ് താപമലിനീകരണം. താപ വൈദ്യുത നിലയങ്ങളാണ് താപമലിനീകരണത്തിന്റെ ഏറ്റവും പ്രധാന ഉറവിടങ്ങൾ. ഈ നിലയങ്ങളിൽ, ഇന്ധനത്തിൽ നിന്ന് മൂന്നിലൊന്ന് ഊർജ്ജം മാത്രമേ വൈദ്യുതി ആയി മാറ്റപ്പെടുന്നുള്ളൂ. ബാക്കി വരുന്ന ഊർജ്ജം താപമായി പരിസ്ഥിതിയിലേക്ക് തള്ളപ്പെടുകയാണു ചെയ്യുന്നത്. ചൂടുള്ള മലിനജലമായി സമീപത്തുള്ള ജലാശയത്തിലോ ചൂടു വാതകങ്ങളായി വായുവിലോ എത്തുന്ന ഈ നിർഗമ താപം പരിസ്ഥിതിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതായി കണ്ടുവരുന്നു.
താപമലിനീകരണം ജലജീവികളിൽ വരുത്തുന്ന മാറ്റം
തിരുത്തുകമലിനീകരണതാപം ജലാശയങ്ങളിൽ ലയിക്കുന്നതു മൂലം ജലത്തിന്റെ താപനിലയിൽ ഉണ്ടാകുന്ന വർധനവ് ജലജീവികൾക്ക് അതിജീവിക്കാൻ പലപ്പോഴും സാധിക്കാറില്ല. 600ലുള്ള ജലത്തിൽ ആൽഗേകൾക്കും ബാക്ടീരിയങ്ങൾക്കും ജീവിക്കാൻ പ്രയാസമാണ്. മത്സ്യങ്ങൾക്കും മറ്റു ജലജീവികൾക്കും ശരീരതാപം സ്ഥിരമായി നിലനിർത്തുവാനുള്ള താപനിയന്ത്രണ സംവിധാനങ്ങളില്ല. അതിനാൽ ജലത്തിന്റെ താപനിലയിൽ വരുന്ന മാറ്റങ്ങൾക്കനുസൃതമായി ശരീരതാപനിലയിലും മാറ്റങ്ങൾ സംഭവിക്കുന്നു. ആഹാരക്രമം, പ്രായം, കാലാവസ്ഥ, ജലത്തിന്റെ രാസസംയോഗം, മുൻകാലങ്ങളിൽ അനുഭവവേദ്യമായ പരമാവധി താപനില എന്നിവയെ ആശ്രയിച്ച് മത്സ്യങ്ങൾക്ക് മാരകമായേക്കാവുന്ന ഉയർന്ന താപനിലയിൽ മാറ്റങ്ങൾ വരാം. ബ്രൗൺ ട്രോട്ട് പോലെയുള്ള ചിലയിനം മത്സ്യങ്ങൾക്ക് 260C പോലും സഹനീയമല്ല. എന്നാൽ കാർപ് പോലെയുള്ള മത്സ്യങ്ങൾക്ക് 350C വരെയുള്ള താപനിലകളിൽ വലിയ ആഘാതം അനുഭവപ്പെടുകയില്ല. ചില ജലജീവികളിൽ താപനിലയിൽ വരുന്ന വളരെ ചെറിയ വ്യതിയാനങ്ങൾ പോലും ആഘാതം സൃഷ്ടിക്കാറുണ്ട്. ഉദാ. വസന്തകാലത്ത് സ്വാഭാവികമായി താപനില ഉയരുമ്പോഴാണ് കക്കകളും ചിപ്പികളും മുട്ട പൊഴിക്കുന്നത്. അതിനാൽ സമാനമായ താപവർധന മറ്റ് ഏതെങ്കിലും കാലത്ത് ഉണ്ടായാൽ അപക്വമായ മുട്ടകൾ പൊഴിയാനിടവരും. താപവ്യതിയാനങ്ങൾ മുട്ട വിരിഞ്ഞിറങ്ങാൻ വേണ്ട കാലദൈർഘ്യത്തേയും ബാധിക്കാറുണ്ട്. ഉയർന്ന ഊഷ്മാവിൽ മുട്ടകൾ സാധാരണയിലും വേഗം വിരിഞ്ഞിറങ്ങും. പക്ഷേ ഇപ്രകാരം ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് വലിപ്പവും ജീവിതദൈർഘ്യവും കുറവായിരിക്കും.
ഉയർന്ന താപനിലയിൽ ജലജീവികളുടെ കോശങ്ങളിലെ കൊഴുപ്പ് ഉരുകുകയും മാംസ്യം സാന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നതിനാൽ കോശസ്തരങ്ങളുടെ പ്രവേശ്യത കുറയുന്നു. കൂടാതെ ഉപാപചയ പ്രവർത്തനങ്ങൾ ത്വരിതമായി ഓക്സിജൻ ചോദനം വർധിക്കാനിടയാകുന്നു. എന്നാൽ ചൂടായ ജലത്തിൽ ഓക്സിജൻ കുറവായിരിക്കും. ലേയ ഓക്സിജൻ കുമിളകളായി പുറത്തേക്ക് നഷ്ടമാകുന്നതാണിതിനു കാരണം. ഓക്സിജന്റെ ആവശ്യം കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്നത് ജലജീവികളുടെ ആയുർദൈർഘ്യം കുറയുവാനിടയാക്കുന്നു. ചില മത്സ്യങ്ങളിൽ ഓക്സിജൻ കുമിളകൾ ചെകിളയിൽ തങ്ങിനിന്ന് സ്വാഭാവിക ശ്വസനത്തിനു തടസ്സമായിത്തീരാറുണ്ട്. വാതക കുമിള രോഗം (Gas bubble disease) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം മത്സ്യങ്ങൾക്ക് മാരകമാണ്.
ജലാശയത്തിന്റെ ഉപരിതലത്തിലാണ് ഉഷ്ണജലം നിലകൊള്ളുന്നത്. ഇവിടെ ഓക്സിജന്റെ അളവ് കുറവായിരിക്കും. ഉയർന്ന താപനില സഹിക്കാനാകാത്ത പ്ലവകങ്ങളും മറ്റും താഴെയുള്ള ശീതജലത്തിലേക്ക് കുടിയേറുന്നതു മൂലം അവിടെയും ഓക്സിജന്റെ അളവ് കുറയുന്നു. ചൂടുള്ള മലിനജലം ജൈവാവശിഷ്ടങ്ങൾ അടങ്ങുന്നതാണെങ്കിൽ അവയെ നശിപ്പിക്കാനായി സൂക്ഷ്മാണു പ്രവർത്തനം ഊർജ്ജിതമാവുകയും ഓക്സിജന്റെ അളവ് വീണ്ടും കുറയുകയും ചെയ്യുന്നു. ഉയർന്ന താപനിലയിൽ രാസമാലിന്യങ്ങളുടെ ലേയത വർധിക്കുകയും ഓക്സിജന്റേത് കുറയുകയും ചെയ്യുന്നു. ഇതെല്ലാം കൂടി ജലാശയത്തിന്റെ ജൈവ ഘടനയ്ക്ക് മാറ്റമുണ്ടാക്കുന്നു. തത്ഫലമായി പല ജലജീവികളും നശിക്കുകയോ പലായനം ചെയ്യുകയോ ചെയ്യുന്നു. ഈ സാഹചര്യത്തിൽ താപസഹിഷ്ണുതയുള്ള ചില ജനുസ്സുകൾ മത്സരം ഒന്നും കൂടാതെ അമിതമായി വളരാനിടയാകുന്നതു മൂലം ജൈവ വൈവിധ്യം നഷ്ടമാകുന്നു.
താപമലിനീകരണം മനുഷ്യനിൽ
തിരുത്തുകതാപമലിനീകരണം മനുഷ്യർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. അന്തരീക്ഷ താപനിലയിൽ വരുന്ന വ്യതിയാനങ്ങൾ ഒരു പരിധിയോളം ചെറുക്കാൻ മനുഷ്യശരീരം പ്രാപ്തമാണ്. ചൂടുമൂലം ത്വക്കിലെ രക്തധമനികൾ വികസിച്ച് ശരീരത്തിന്റെ ബാഹ്യപ്രതലത്തിലേക്ക് കൂടുതൽ രക്തപ്രവാഹമുണ്ടാകുന്നതിനാൽ ത്വക്കിലെ താപനില വർധിക്കുന്നു. സംവഹനം വഴിയും വികിരണം വഴിയും ഈ താപം ത്വക്കിൽ നിന്നു പുറന്തള്ളപ്പെടുന്നതിനാൽ ശരീരതാപനില സാധാരണ നിലയിൽത്തന്നെ നിലനിൽക്കുന്നു. എന്നാൽ ഉയർന്ന താപനിലകളിൽ പ്രവർത്തിക്കുന്ന ചൂളകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പലവിധത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകാറുണ്ട്. താപനില അമിതമായി വർധിച്ചാൽ സ്വേദഗ്രന്ഥികൾ കൂടുതൽ പ്രവർത്തനോന്മുഖമായി ശരീരം വിയർപ്പിൽ മുങ്ങുന്നു. ക്രമാനുസാരേണയുള്ള രക്തചംക്രമണം തകരാറിലാവുന്നതോടെ തളർച്ച, മയക്കം, ഛർദി, മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ എന്നിവ കണ്ടുതുടങ്ങും. വിയർപ്പിലൂടെ ലവണങ്ങൾ നഷ്ടമാവുന്നതു മൂലം ചൂടുകോച്ചലും (heat cramps) ഉണ്ടാകാം. പേശികൾക്കുണ്ടാകുന്ന ശക്തമായ വേദനയാണ് ലക്ഷണം. ലവണ ഗുളികകൾ പ്രയോജനപ്രദമാകാറുണ്ട്.
താപമലിനീകരണം മൂലം മനുഷ്യനുണ്ടാവുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം താപാഘാത(heat stroke)മാണ്. താപം 400C-ൽ കൂടുതലായാൽ ശരീരത്തിനു വിയർക്കുവാനുള്ള ശേഷി നഷ്ട പ്പെടുവാനിടയുണ്ട്. ഇതോടെ ബോധക്ഷയമോ മരണം തന്നെയോ സംഭവിക്കാം. താപാഘാതത്തിനിരയാകുന്നവരിൽ സ്ഥായിയായ മസ്തിഷ്കത്തകരാറുകൾ ഉണ്ടാവാനിടയുണ്ട്.
പരിസ്ഥിതിവ്യതിയാനം
തിരുത്തുകനഗരവത്കരണവും ഊർജ വിനിയോഗവും ഇപ്പോഴത്തെ നിരക്കിൽ തുടർന്നു പോയാലുണ്ടാവുന്ന അധിക താപോർജ വിസർജനം മൂലം സൂര്യതാപത്തിൽ വർധനയുണ്ടാകാം എന്ന് നിരീക്ഷിക്കപ്പെടുന്നു. ഈ വർധന പ്രാദേശിക കാലാവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങൾ ഭൂമിയുടെ ഭൌതിക പരിസ്ഥിതിയിൽ ഗുരുതരമായ വ്യതിയാനങ്ങൾ വരുത്തുവാൻ ഉതകുന്നതാണ്.
വ്യവസായങ്ങളിൽ നിന്നുള്ള താപമലിനീകരണം പരിഹരിക്കുന്നതിന് പല മാർഗങ്ങളും അവലംബിക്കാറുണ്ട്. ചൂടുള്ള മലിനജലം കൃത്രിമ ശീതീകരണ തടാകത്തിലേക്ക് ഒഴുക്കി തണുപ്പിച്ച ശേഷം മാത്രം നൈസർഗിക ജലസ്രോതസ്സുകളിലേക്ക് ഒഴുക്കുകയാണ് ഒരു മാർഗം. ഇത് ഒരു പ്രശ്നരഹിത പരിഹാരമായി കണക്കാക്കാനാവില്ല. കാരണം ശീതീകരണ തടാകത്തിൽ നിന്നുള്ള ബാഷ്പീകരണവും തുടർന്നുള്ള സംഘനനവും വഴി മൂടൽമഞ്ഞുണ്ടാവാനിടയുണ്ട്. നനവുള്ളതോ ഈർപ്പരഹിതമോ ആയ ശീതീകരണ സ്തംഭങ്ങൾ നിർമ്മിക്കുകയാണ് മറ്റൊരു പോംവഴി.
താപമലിനീകരണം ഗുണകരമായി പ്രയോജനപ്പെടുത്തുവാൻ പല മാർഗങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ചിലയിനം വിളകളുടെ വളർച്ചാകാലം വർധിപ്പിക്കുവാനായി തോട്ടങ്ങളിലേക്ക് ചൂടുവെ ള്ളം ഒഴുക്കുന്നത് ഒരു സാധ്യമായ മാർഗ്ഗമായി കണക്കാക്കപ്പെടുന്നു. ശൈത്യരാജ്യങ്ങളിൽ നിരത്തുകളിലെ മഞ്ഞു ഉരുക്കുന്നതിനും അഴിമുഖങ്ങളിൽ മത്സ്യത്തിന്റെയും കക്കയുടെയും വളർച്ച ത്വരിപ്പിക്കുന്നതിനും മറ്റും താപജലം വിനിയോഗിക്കാവുന്നതാണ്. എന്നാൽ ഈ മാർഗങ്ങളൊന്നുംതന്നെ വൻ തോതിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല. പരിസ്ഥിതി ശുചിത്വം, ഊർജ ഉപഭോഗ മാതൃകകൾ തുടങ്ങിയ പല ഘടകങ്ങളും കണക്കിലെടുത്തു മാത്രമേ ഈ മാർഗങ്ങൾ പ്രയോഗത്തിൽ വരുത്തുവാൻ സാധിക്കുകയുള്ളൂ.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ താപമലിനീകരണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.join2green.com/ThermalPollution.aspx Archived 2012-01-01 at the Wayback Machine.
- http://www.rpi.edu/dept/chem-eng/Biotech-Environ/Environmental/THERMAL/tte1.htm Archived 2011-07-02 at the Wayback Machine.
- http://www.absoluteastronomy.com/topics/Thermal_pollution
- http://library.thinkquest.org/C0111040/Types/thermal.php Archived 2011-12-10 at the Wayback Machine.
- http://www.pollutionissues.com/Te-Un/Thermal-Pollution.html