താന്തിയാ ഭിൽ
താന്തിയാ ഭിൽ (താന്തിയ ഭീൽ, താന്തിയ മാമ എന്നിങ്ങനെ മറ്റു പേരുകളിലും അറിയപ്പെടുന്നു) 1878 നും 1889 നും ഇടയിലുള്ള കാലഘട്ടത്തിൽ ബ്രിട്ടീഷ് ഇന്ത്യയിൽ സജീവമായിരുന്ന ഒരു തീവെട്ടിക്കൊള്ളക്കാരനായിരുന്നു. ബ്രിട്ടീഷ് രേഖകളിൽ ഒരു കുറ്റവാളിയെന്ന നിലയിൽ തമസ്കരിക്കപ്പെട്ടിരിക്കുന്ന താന്തിയ ഭിലിന് ഇന്ത്യയിലെ ബുഹുജനങ്ങൾക്കിടയിൽ വീരപരിവേഷമാണുളളത്. അദ്ദേഹം ഇന്ത്യൻ ‘റോബിൻ ഹുഡ്’ എന്ന നിലയിൽ ആ കാലഘട്ടങ്ങളിൽ പരിഗണിക്കപ്പെട്ടിരുന്നു.
Mama താന്തിയാ ഭിൽ | |
---|---|
तांट्य भील | |
ജനനം | 1840/1842 |
മരണം | 1890 |
മരണ കാരണം | തൂക്കുമരം |
അന്ത്യ വിശ്രമം | Patalpani, Madhya Pradesh) |
അറിയപ്പെടുന്നത് | First War of Independence, |
ജീവിതരേഖ
തിരുത്തുകമദ്ധ്യപ്രദേശിലെ നിമാദിൽ 1844-ൽ ജനിച്ച താന്തിയ ഭിൽ തദ്ദേശീയ ആദിവാസി സമൂഹമായ ഭിൽ ഗോത്രത്തിലെ ഒരംഗമായിരുന്നു. ഒരു സമകാലിക വിവരണമനുസരിച്ച്, 1857-ലെ ഇന്ത്യൻ കലാപത്തിനു ശേഷം ബ്രിട്ടീഷുകാർ ലഹളക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചുവന്ന കാലത്താണ് താന്തിയ തന്റെ സംഭവബഹുലമായ ജീവിതചര്യയ്ക്കു തുടക്കം കുറിച്ചത്.[1] ഏകദേശം 1874-ൽ തെറ്റായ ഉപജീവനമാർഗ്ഗത്തിന്റെ പേരിലാണ് അദ്ദേഹം ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത്. ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം അദ്ദേഹം കൊള്ള, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കൂടുതൽ ഗുരുതരങ്ങളായ കുറ്റകൃത്യങ്ങളിലേയ്ക്കു തിരിയുകയും 1878-ൽ ഹാജി നസ്രുള്ളാ ഘാൻ യൂസുഫ്സായി എന്ന പോലീസുകാരൻ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ഖാണ്ഡ്വ ജയിലിൽ അടയ്ക്കുകയും ചെയ്തു. എന്നാൽ വെറും മൂന്നു ദിവസത്തിനകം ജയിൽഭേദനം നടത്തിയ താന്തിയ, അതുമുതൽ ഒരു മുഴുവൻസമയ തീവെട്ടിക്കൊള്ളക്കാരനായുള്ള തന്റെ പ്രയാണം ആരംഭിച്ചു.[2] ഇൻഡോർ സൈന്യം ഒരു ഓഫീസറുടെ സഹായത്തോടെ താന്തയിക്കു മാപ്പുകൊടുക്കാമെന്ന് അദ്ദേഹത്തെ പ്രലോഭിപ്പിക്കുകയും ചതിയിൽ പതിയിരുന്നാക്രമിച്ച് കീഴ്പ്പെടുത്തി ജബൽപ്പൂരിലേയ്ക്കു കൊണ്ടുപോകുകയും വിചാരണയ്ക്കു വിധേയനാക്കി 1890 ഡിസംബറിൽ തൂക്കിലേറ്റുകയും ചെയ്തു.[3]
ചരിത്രം
തിരുത്തുകസ്വാതന്ത്ര്യസമരസേനാനികളെ വിപ്ലവകാരികളും രാജ്യദ്രോഹികളുമായി ചരിത്രത്തിൽ മുദ്രകുത്തുകയെന്നത് മുഗൾ സാമ്രാജ്യത്തിലെ ഔറംഗസേബിന്റെ കാലത്തായാലും ബ്രിട്ടീഷ് ഭരണകാലത്തായാലും ഏതാണ്ട് ഒരുപോലെ തന്നെയാണെന്നത് അവിതർക്കിതമായ വസ്തുതയാണ്. ഏകദേശം പന്ത്രണ്ടു വർഷക്കാലത്തോളം ബ്രിട്ടീഷ് ഭരണത്തിനെതിരെ സായുധ പോരാട്ടത്തിൽ ഏർപ്പെട്ട ധീര വിപ്ലവകാരികളിൽ ഒരാളായിരുന്നു താന്തിയ ഭിൽ. വിദേശഭരണത്തെ പിഴുതെറിയാനുള്ള ഉദ്യമങ്ങളിലെ അദ്ദേഹത്തിന്റെ അചഞ്ചലമായ ധൈര്യവും അഭിനിവേശവും ജനക്കൂട്ടം അദ്ദേഹത്തിലേയ്ക്ക് ആകർഷിക്കപ്പെടുന്നതിനു കാരണമായി. ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനായി രാഷ്ട്രീയപ്പാർട്ടികളും അഭ്യസ്തവിദ്യരായ ജനങ്ങളും ഒത്തുചേർന്ന് ശക്തമായ ഒരു പ്രസ്ഥാനം ആരംഭിച്ചു. എന്നാൽ ഈ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നതിന് ഏറെ മുമ്പുതന്നെ, ഗോത്രവർഗ സമൂഹവും താന്തിയ ഭില്ലിനെപ്പോലെയുള്ള വിപ്ലവകാരികളും ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപത്തിന്റെ തീജ്വാലകൾ ഉയർത്തിയിരുന്നു. ആദിവാസി ജനതയുടേയും സാധാരണ ജനങ്ങളുടെയും വികാരങ്ങളുടെ ഒരു പ്രതീകമായി താന്തിയ ഭിൽ ഇക്കാലത്തു മാറിയിരുന്നു.
ഏതാണ്ട് നൂറ്റി ഇരുപതുവർഷങ്ങൾക്കു മുൻപ് താന്തിയാ ഭിൽ ബഹുജനങ്ങളുടെ മഹാനായ വീരപുരുഷനായി ഉദിച്ചുയരുകയും അതുമുതൽ അദ്ദേഹം ഭിൽ ഗോത്രത്തിന്റെ എക്കാലത്തേയും അഭിമാനമായി മാറുകയും ചെയ്തു. അചഞ്ചലമായ ധൈര്യം, അസാധാരണമായ ചുറുചുറുക്കു്, സംഘടിപ്പിക്കാനുള്ള കഴിവ് എന്നിവയുടെ സംക്ഷിപ്ത രൂപമായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് ഗവൺമെന്റിന്റെ ട്രഷറികളെ കൊള്ളയടിക്കുകയും അവരുടെ പാദസേവകരുടെ സമ്പത്ത് കയ്യടക്കുകയും ഈ ധനം പാവപ്പെട്ടവരുടെയും പണത്തിനു ബുദ്ധിമുട്ടുന്നവരുടേയം ഇടയിൽ വിതരണം ചെയ്യുകയും ചെയ്തു. വാസ്തവത്തിൽ, അദ്ദേഹം ഇല്ലായ്മക്കാരുടെ ഒരു മിശിഹാ ആയിരുന്നു. ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തെ മാമാ എന്ന് അഭിസംബോധന ചെയ്തിരുന്നു. ജനപ്രിയമായിരുന്ന "മാമാ" എന്ന ഈ അഭിസംബോധനയാൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ഭിൽ ഗോത്രക്കാർ ഇപ്പോഴും അഭിമാനമായി കണക്കാക്കുന്നു. സാമ്പത്തിക സഹായം ആവശ്യമുള്ളവരുടെ അടുത്തേയ്ക്ക് അത്ഭുതകരമായ രീതിയിൽ അദ്ദേഹം എത്തിച്ചേർന്നിരുന്നു.
ന്യൂയോർക്ക് ടൈംസിന്റെ 1889 നവംബർ 10 ലക്കത്തിൽ താന്തിയാ ഭില്ലിന്റെ അറസ്റ്റ് അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയിൽ അദ്ദേഹം "ഇന്ത്യയുടെ റോബിൻ ഹുഡ്" എന്ന് വിശേഷിപ്പിക്കപ്പെട്ടു.[4] ഇപ്പോൾ മദ്ധ്യപ്രദേശിലുൾപ്പെട്ടതും മുൻകാല മധ്യ പ്രവിശ്യയിലെ കിഴക്കൻ നിമാറിൽ (ഖണ്ഡ്വ) പാന്ഥാനാ തഹസിലിലെ ബദാദ ഗ്രാമത്തിലാണ് തന്തിയാ ഭിൽ ജനിച്ചത്. ബ്രിട്ടീഷുകാരെ ഒരു പാഠം പഠിപ്പിക്കുവാനും ഭിൽ ഗോത്രത്തിന്റെ സോഷ്യലിസ്റ്റ് സാമൂഹ്യ സ്വപ്നം സാക്ഷാത്കരിക്കുവാനും അദ്ദേഹം ആഗ്രഹിച്ചു. ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുവാൻ അദ്ദേഹം ആഗ്രഹിക്കുകയും പല തവണ ജയിലിൽ തകർത്തു പുറത്തുവരുകയും ചെയ്തു.
ഗറില്ലായുദ്ധമുറയിൽ അതിയായ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം പരമ്പരാഗത അമ്പെയ്ത്തു വിദ്യയോടൊപ്പം നല്ലൊരു വെടിവയ്പ്പുകാരനുമായിരുന്നു. "ഡാവാ" അല്ലെങ്കിൽ ഫലിയ ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആയുധം. തോക്ക് കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിന് അസാധാരണമായ കഴിവുണ്ടായിരുന്നു.
വളരെ ചെറുപ്പത്തിൽത്തന്നെ നിബിഢ വനങ്ങളിലും താഴ്വരകളിലും മലയിടുക്കുകളിലുമായി ഹോൾക്കർ സംസ്ഥാന സൈന്യത്തോടും ബ്രിട്ടീഷുകാരോടും വാളുകൾകൊണ്ടു ഏറ്റുമുട്ടിക്കൊണ്ടാണ് തന്റെ ജീവിതത്തിലെ ഭൂരിപക്ഷവും കഴിച്ചുകൂട്ടിയിരുന്നത്. അദ്ദേഹം വളരെ ശക്തമായി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പോലീസിനെ എതിർക്കുകയും വർഷങ്ങളായി അവരുടെ പിടിയിൽനിന്നു വഴുതിമാറുകയും ചെയ്തു. താന്തിയാ ഭില്ലിനെ സഹായിച്ചതിന്റെ പേരിൽ ആയിരക്കണക്കിന് ആളുകൾ അറസ്റ്റ് ചെയ്യപ്പെടുകയും നൂറുകണക്കിന് ആളുകൾ അഴികൾക്കുള്ളിലടയ്ക്കപ്പെടുകയും ചെയ്തു.
ആത്യന്തികമായി, തന്റെ അർദ്ധ സഹോദരിയുടെ ഭർത്താവായ ഗണപതി എന്ന ഉദ്യോഗസ്ഥന്റെ വഞ്ചനയാൽ താന്തിയ ഭിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഇൻഡോറിലെ ബ്രിട്ടീഷ് റസിഡൻസി ഏരിയയിലെ സെൻട്രൽ ഇന്ത്യ ഏജൻസി ജയിലിൽ ആദ്ദേഹത്തെ തടവിൽ സൂക്ഷിക്കുകയും പിന്നീട് ശക്തമായ കാവലോടെ ജബൽപൂരിലെത്തിക്കുകയും ചെയ്തു. നന്നായി ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരുന്ന അദ്ദേഹം ബ്രിട്ടീഷ്‍ ഉദ്യോഗസ്ഥന്മാരുടെ ക്രൂരദണ്ഡനങ്ങൾക്കും വിധേയനാക്കപ്പെട്ടു. ഏല്ലാത്തരം പൈശാചിക കൃത്യങ്ങളും അദ്ദേഹത്തിന്റെമേൽ ചുമത്തപ്പെടുകയും 1889 ഒക്ടോബർ 19-ന് ജബൽപ്പൂരിലെ സെഷൻസ് കോടതി അദ്ദേഹത്തെ മരണംവരെ തൂക്കിലേറ്റാൻ വിധിക്കുകയും ചെയ്തു.
ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ അത്യധികം ഭയപ്പെട്ടിരുന്നു, എപ്പോൾ, ഏതു തീയതിയിലാണ് തൂക്കിലേറ്റപ്പെട്ടതെന്നുള്ള കൃത്യമായ വിവരം ഇപ്പോഴും അജ്ഞാതമാണ്. തൂക്കിലേറ്റിയതിനുശേഷം മൃതദേഹം ഇൻഡോറിനടുത്തുള്ള ഖാണ്ഡ്വ റെയിൽവേ പാതയിൽ പാടൽപാനി റെയിൽവേ സ്റ്റേഷനു സമീപത്തേയ്ക്ക് വലിച്ചെറിഞ്ഞതായി പൊതുവായി കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ മരം കൊണ്ടുള്ള പ്രതിരൂപം പ്രതിഷ്ടിച്ചിരിക്കുന്ന ഇടം താന്തിയാ മാമായുടെ സമാധിയായി കണക്കാക്കപ്പെടുന്നു. ഇക്കാലത്തുപോലും എല്ലാ ട്രെയിനുകളും താന്തിയാ മാമയോടുള്ള ബഹുമാനസൂചകമായി അവിടെയെത്തുമ്പോൾ ഒരു നിമിഷം നിർത്തുന്നു.
അവലംബം
തിരുത്തുക- ↑ Ramaṇikā Guptā; Anup Beniwal (1 January 2007). Tribal Contemporary Issues: Appraisal and Intervention. Concept Publishing Company. pp. 18–. ISBN 978-81-8069-475-2.
- ↑ Central Provinces (India) (1908). Nimar. Printed at the Pioneer Press. pp. 45–.
- ↑ Central Provinces (India) (1908). Nimar. Printed at the Pioneer Press. pp. 45–.
- ↑ "Bob White: Who can challenge our Robin Hood for his title?". 8 September 2014.[പ്രവർത്തിക്കാത്ത കണ്ണി]