തഹസീൽദാർ

(തഹസിൽദാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താലൂക്കുതലത്തിലുള്ള ഉയർന്ന റവന്യൂ ഭരണാധിപൻ. 'തഹസീൽ' എന്ന പേർഷ്യൻ വാക്കിന്റെ അർഥം ഭരണസൗകര്യത്തിനായി രൂപീകരിച്ചിട്ടുള്ള ചെറു പ്രദേശം എന്നാണ്. തഹസീൽ എന്നത് താലൂക്ക്; തഹസീൽ ഭരിക്കുന്ന ഉദ്യോഗസ്ഥൻ തഹസീൽദാർ. തഹസീൽദാരെ താലൂക്കുദാർ എന്നും വിളിക്കുന്നു. റവന്യൂവകുപ്പിലെ ഏറെ ഉത്തരവാദിത്തവും അധികാരവും ചുമതലയുമുള്ള ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തഹസീൽദാർ. ഒരു തഹസിൽദാർ ബന്ധപ്പെട്ട താലൂക്കിന്റെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കാര്യാലയത്തെ താലൂക്കു കച്ചേരി അഥവാ താലൂക്ക് ആഫീസ് എന്നു പറയുന്നു. പട്ടയം കൊടുക്കൽ, നികുതി പിരിവ്, വസ്തുക്കളുടെ അതിർത്തി നിർണയം, അടിയന്തര ഘട്ടങ്ങളിൽ ജനങ്ങൾക്കു സഹായമെത്തിക്കൽ, സർക്കാർ പ്രതിനിധിയായി പ്രവർത്തിക്കൽ, ജാതി, വരുമാനം, നേറ്റിവിറ്റി എന്നിവ സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ നല്കൽ എന്നിവ തഹസീൽദാരുടെ അധികാരപരിധിയിൽപ്പെടുന്നു. ഭൂമിയുടെ വിലനിർണയിക്കൽ, രജിസ്ട്രേഷൻ കൈമാറ്റം ചെയ്യൽ, പട്ടയം നല്കൽ മുതലായവയെ സംബന്ധിച്ച കാര്യങ്ങളും തഹസീൽദാരുടെ ചുമതലകളിൽപ്പെടുന്നു. സർക്കാർ ഓരോ പ്രത്യേക ആവശ്യത്തിനായി തഹസീൽദാർമാരെ സ്പെഷ്യൽ തഹസീൽദാർ ആയി നിയമിക്കുന്ന പതിവുണ്ട്. രാജഭരണകാലത്ത് തഹസീൽദാർ മജിസ്റ്റ്രേട്ടായും പ്രവർത്തിച്ചിരുന്നു.

താലൂക്കിന്റെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആണ് തഹസിൽദാർ. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലെ (ജുഡീഷ്യൽ ബ്രാഞ്ചിന് വിരുദ്ധമായി) ഉദ്യോഗസ്ഥനാണ്, തഹസിൽദാർ ക്ക് CrPC, ഇന്ത്യൻ പീനൽ കോഡ് (IPC) എന്നിവയ്‌ക്ക് കീഴിൽ പ്രത്യേക അധികാരങ്ങൾ ഉണ്ട്. CrPC-യുടെ 107–110, 133, 144, 145, 147 എന്നീ വകുപ്പുകൾ മുഖേനയാണ് ഈ അധികാരങ്ങൾ നൽകിയിരിക്കുന്നത്. ആളുകൾക്കെതിരെ ബലപ്രയോഗം നടത്താൻ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മാത്രമേ അധികാരമുള്ളൂ. ലളിതമായ ഭാഷയിൽ പറഞ്ഞാൽ, "നിയമവിരുദ്ധമായ ഒരു സംഘം, കൂട്ടത്തെ" പിരിച്ചുവിടാൻ അവർക്ക് മാത്രമേ കഴിയൂ. സാങ്കേതികമായി, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ സഹായിക്കേണ്ടത് പോലീസ് ആണ്. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകൾക്ക് പോലീസിനോട് ബലപ്രയോഗത്തിന്റെ രീതിയും (ലാത്തി ചാർജ് / കണ്ണീർ വാതകം / ബ്ലാങ്ക് ഫയർ / വെടിവയ്‌പ്പ്) കൂടാതെ എത്രത്തോളം ബലം പ്രയോഗിക്കണമെന്ന് നിർദ്ദേശിക്കാനാകും.

താലൂക്കുതലത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി കൾ നടത്തുന്നതിൽ തഹസീൽദാർക്ക് വളരെ ഉത്തരവാദിത്തമുണ്ട്. ക്രമസമാധാനപാലനം, പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കൽ എന്നിവ തഹസീൽദാരുടെ ചുമതലകളിൽപ്പെടുന്നു. മുദ്രപ്പത്രങ്ങൾ, സ്റ്റാമ്പുകൾ എന്നിവ വില്പന നടത്തുന്നതും നിയന്ത്രിക്കുന്നതും തഹസീൽദാരുടെ ചുമതലകളിൽപ്പെടുന്ന കാര്യമാണ്. പൊതുജനങ്ങളുമായി ബന്ധപ്പെട്ടുള്ള സർക്കാരിന്റെ പ്രവർത്തനത്തിലെ ഒരു പ്രധാന കണ്ണിയാണ് തഹസീൽദാർ.

പ്രവർത്തനങ്ങളും ഉത്തരവാദിത്തങ്ങളും തിരുത്തുക

താലൂക്ക് ഭരണത്തിന്റെ തലവനാണ് തഹസിൽദാർ. കേരളത്തിൽ 78 താലൂക്കുകൾ ഉണ്ട്. താലൂക്കിൽ ഉൾപ്പെടുന്ന വില്ലേജുകളിലെ പ്രവർത്തനങ്ങളുടെ മേൽനോട്ടവും എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ കർത്തവ്യങ്ങളുടെ നിർവ്വഹണം തഹസിൽദാരുടെ പ്രധാന ചുമതലകളിൽപ്പെടുന്നു. ഭരണപരമായ ഇരുപത്തിഎട്ടു വിഷയങ്ങൾ അഡീഷണൽ തഹസിൽദാരുടെ ചുമതലയിലാണ്. ഭൂരേഖകളുടെ പരിപാലനത്തിനായി (ലാൻഡ് റെക്കോർഡ്സ് മെയിന്റനൻസ്) അഡീഷണൽ തഹസിൽദാരുടെ മേൽനോട്ടത്തിൽ താലൂക്ക് സർവ്വെ വിഭാഗം പ്രവർത്തിക്കുന്നു. താലൂക്കിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും തഹസിൽദാർ ആണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തഹസീൽദാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തഹസീൽദാർ&oldid=3941309" എന്ന താളിൽനിന്ന് ശേഖരിച്ചത്