താലി
വിവാഹസമയത്ത് വധുവിന്റെ കഴുത്തിൽ അണിയിക്കുന്ന പ്രധാന ആഭരണമായ മംഗല്യസൂത്രം ആണ് താലി. മംഗല്യത്തിന്റെ ശാശ്വതമായ ഭവ്യ പ്രതീകമാണിത്.
ഇസ്ലാമിലെ വിവാഹത്തിൽ താലി ചാർത്തൽ - മിന്നുകെട്ട് - ഇല്ല. വധു താലി അണിഞ്ഞ് ജീവിക്കേണ്ടതുമില്ല.
ഭർത്തൃമതികൾ മാത്രമേ താലി ധരിക്കാവൂ എന്നാണ് വിശ്വാസം. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യ താലി ധരിക്കാൻ പാടില്ലെന്ന വിശ്വാസം ചില സമുദായങ്ങളിലുണ്ട്. ഭർത്താവിന്റെ ചിതയിൽ താലി സമർപ്പിക്കുന്ന ചടങ്ങ് നമ്പൂതിരി സമുദായത്തിൽ മുമ്പ് നിലവിലുണ്ടായിരുന്നു.
പത്ത് വയസ്സിന് മുമ്പ് പെൺകുട്ടികൾക്ക് താലികെട്ട് കല്യാണം നടത്തുന്ന ആചാരം നായർ, ഈഴവർ തുടങ്ങിയ ജാതിക്കാരുടെ ഇടയിൽ നിലവിലുണ്ടായിരുന്നു. വിവാഹവുമായി കാര്യമായ ബന്ധമില്ലാത്ത ഈ അനാചാരം 1911-ൽ ശ്രീനാരായണഗുരു കരിംകുളത്ത് വച്ച് നിറുത്തലാക്കിക്കൊണ്ട് നടത്തിയ പ്രഖ്യാപനം ഒരു അലിഖിത നിയമമായി അംഗീകരിക്കപ്പെടുകയുണ്ടായി.
സ്ഥലകാല, ജാതിമത വ്യത്യാസമനുസരിച്ച് താലിയുടെ ആകൃതിക്കും പ്രകൃതത്തിനും താലികെട്ട് ചടങ്ങിനും വിഭിന്നത കാണപ്പെടുന്നു. സാധാരണയായി സ്വർണനിർമിതമാണ് താലി. ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്. സ്വർണമല്ലാതെ മറ്റു ലോഹങ്ങളും ചില സമുദായക്കാർ താലിക്കുപയോഗിച്ചു കാണുന്നുണ്ട്.
ഓരോ സമുദായവും പ്രത്യേകതരം താലിയാണുപയോഗിച്ചു വരുന്നത്. നമ്പൂതിരി സ്ത്രീകൾ ധരിക്കുന്നത് 'ചെറുതാലി'ആണ്. നാഗപടത്താലിയും, ഐന്തലത്താലിയും നായർ സ്ത്രീകളും മിന്ന് ഈഴവ സ്ത്രീകളും പണ്ട് ധരിച്ചിരുന്നു. പിന്നീടിതിനു മാറ്റമുണ്ടാവുകയും നായരീഴവ സ്ത്രീകൾ ഒരേ രീതിയിലുള്ള താലിധരിക്കുന്ന രീതി സാർവത്രികമാവുകയും ചെയ്തു. പഴയകാലത്ത് പലവിധ താലികൾ നിലനിന്നിരുന്നതായി സംഘകാല കൃതികൾ വെളിപ്പെടുത്തുന്നു. അക്കാലത്തെ ചില താലികളുടെ പേരുകൾ ഇങ്ങനെയാണ്: പുലിപ്പൽത്താലി (പുറനാനൂറ്), ഐമ്പടൈത്താലി (മണിമേഖല), പരിപെൺതാലി (ഐങ്കുറുനൂറ്), പിൻമണിത്താലി (പെരുങ്കതൈ) ആമൈത്താലി (തിരുമൊഴി), മംഗളനൂൽത്താലി (പെരിയപുരാണം), മംഗളഞാൽ-മംഗളത്താലി (കമ്പരാമായണം). ജീവകചിന്താമണിയിൽ മാണിക്യത്താലിയെപ്പറ്റി പ്രസ്താവമുണ്ട്. കേരളത്തിൽ മുമ്പ് നിലവിലിരുന്ന മറ്റു ചില താലികൾ കുമ്പളത്താലി, ഇളക്കത്താലി, പൂത്താലി, വനംപൂത്താലി, മാത്ര, ഉന്തുമിന്ന്, പുളിയിലമിന്ന്, കവണത്താലി, മലത്തിത്താലി, കമുത്തിത്താലി, പപ്പടത്താലി, പൊക്കൻതാലി എന്നിവയാണ്. താലി കെട്ടുന്ന വിധവും വിഭിന്ന സമുദായങ്ങളുടെ ആചാരാനുഷ്ഠാനങ്ങളനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതു കാണാം. മിക്ക സമുദായങ്ങളിലും വരൻ തന്നെയാണ് വധുവിന് താലി കെട്ടി കൊടുക്കുന്നത്. കന്യകയുടെ അമ്മാവനോ പിതാവോ വരന്റെ സഹോദരിയോ താലി കെട്ടി കന്യകയെ വരന് ദാനം ചെയ്യുന്ന രീതിയും നിലവിലുണ്ട്.
'മിന്നും പ്രാചീവധൂടിക്കഴകിലുടനണി-
ഞ്ഞോരു പൊൽത്താലിപോലെ
നന്നായ്മേളം കലർന്നൈന്ദവമുദയ ഗിരൌ
മണ്ഡലം പ്രാദുരാസീത്
എന്ന് ഭാഷാരാമായണചമ്പുവിലും
'താലിക്കു മീതെയിത്താവടം ചേർത്തതു
ചാലപ്പൊരുന്നുന്നു പിന്നെപ്പിന്നെ
എന്ന് കൃഷ്ണഗാഥയിലും,
'പെണ്ണുംകളെ താലികെട്ടിവാറ ആരിയരൈയും തവിർത്തു ഇന്നാൾ മുതൽ' എന്ന് റ്റി.എ.എസ്. വാല്യം നാലിലും താലിയെപ്പറ്റിയുള്ള വ്യക്തമായ പരാമർശങ്ങൾ കാണുന്നുണ്ട്.
ഭഗവതിക്ഷേത്രങ്ങളിലും മറ്റും വഴിപാടായി താലിചാർത്തുന്ന ചടങ്ങുകളും നിലവിലുണ്ട്. താലിയറുക എന്ന പ്രയോഗത്തിന് വൈധവ്യം വന്നുചേരുക എന്നാണ് അർഥം.
താലിക്ക് കീഴാനെല്ലി, കുടപ്പന, നിലപ്പന, താമ്രവല്ലി, ശിവൻ, താക്കോൽ എന്നീ അർത്ഥങ്ങളും താലി (സ്ഥാലി) എന്നതിന് പാത്രം എന്ന അർത്ഥവും സംസ്കൃത ഭാഷയിൽ കാണുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ താലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |