തകേഷിത നൊബൊരു (1924 - 2000) ജപ്പാന്റെ മുൻ പ്രധാനമന്ത്രിയായിരുന്നു. പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനെന്ന് ഇദ്ദേഹം പ്രശസ്തി നേടിയിരുന്നു. പശ്ചിമ ജപ്പാനിലെ ഷിമെയ് ൻ പ്രവിശ്യ(prefecture)യിൽ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ മകനായി 1924 ഫെബ്രുവരി 26-ന് ആയിരുന്നു ജനനം. ഗ്രാമീണ പരിതഃസ്ഥിതിയിൽ എളിയ നിലയിലാണ് ഇദ്ദേഹം കുട്ടിക്കാലം കഴിച്ചുകൂട്ടിയത്. ടോക്യോയിലെ വസേദ സർവകലാശാലയിൽനിന്ന് 1947-ൽ ബിരുദം സമ്പാദിച്ചു. അതിനുശേഷം നാല് വർഷക്കാലം അധ്യാപകനായി ജോലിനോക്കി. രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ചു തുടങ്ങിയ തകേഷിത 1951-ൽ ഷിമെയ്ൻ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയതല നേതാവായി ഉയരുവാൻ തകേഷിതയ്ക്കു കഴിഞ്ഞു. 1958-ൽ പാർലമെന്റിന്റെ കീഴ്സഭയിൽ അംഗമായി. ഇതിന്റെ തുടർച്ചയായി പത്തു തവണകൂടി ഇദ്ദേഹം പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചീഫ് കാബിനറ്റ് സെക്രട്ടറി എന്ന സ്ഥാനമാണ് ഇദ്ദേഹം വഹിച്ച ആദ്യത്തെ മന്ത്രിതല പദവി (1971). പിന്നീട് നിർമ്മാണപ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള വകുപ്പിന്റേയും, അഞ്ച് വർഷക്കാലം ധനകാര്യവകുപ്പിന്റേയും മന്ത്രിയായി സേവനമനുഷ്ഠിച്ചു. നകാസോൺ യാഷുഹിരോ പ്രധാനമന്ത്രിയായിരുന്ന (1982-87) കാലത്ത് ലിബറൽ പാർട്ടിയിൽ പിന്നീടുണ്ടാകുന്ന നേതൃപദവിക്കുവേണ്ടി പലരും അവകാശവാദം ഉന്നയിക്കുമെന്ന അവസ്ഥ വന്നപ്പോൾ ഒത്തുതീർപ്പു സ്ഥാനാർഥിയെന്ന നിലയിൽ തകേഷിതയെ നിശ്ചയിക്കുകയാണുണ്ടായത്. നകാസോൺ യാഷുഹിരോക്കുശേഷം 1987 നവമ്പറിൽ തകേഷിത പ്രധാനമന്ത്രിയായി. തകേഷിതയുൾപ്പെടെയുള്ള പാർട്ടിനേതാക്കൾക്കെതിരായി അഴിമതിയാരോപണം ഉണ്ടായതിനെത്തുടർന്ന് 1989 ജൂണിൽ ഇദ്ദേഹത്തിന് പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്നു. 2000 ജൂണിൽ ഇദ്ദേഹം ടോക്യോയിൽ നിര്യാതനായി.

തകേഷിത നൊബൊരു
竹下 登
ജപ്പാന്റെ പ്രധാനമന്ത്രി
ഓഫീസിൽ
6 November 1987 – 3 June 1989
MonarchsShōwa
Akihito
മുൻഗാമിYasuhiro Nakasone
പിൻഗാമിSōsuke Uno
വ്യക്തിഗത വിവരങ്ങൾ
ജനനം(1924-02-26)26 ഫെബ്രുവരി 1924
Unnan, Japan
മരണം19 ജൂൺ 2000(2000-06-19) (പ്രായം 76)
രാഷ്ട്രീയ കക്ഷിLiberal Democratic Party
അൽമ മേറ്റർWaseda University
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തകേഷിത നൊബൊരു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തകേഷിത_നൊബൊരു&oldid=3633503" എന്ന താളിൽനിന്ന് ശേഖരിച്ചത്