ണേമിണാഹ ചരിഉ
ഒരു അപഭ്രംശ ഇതിഹാസകാവ്യമാണ് ണേമിണാഹ ചരിഉ. അനഹില്ലപുരത്തെ ഹരിഭദ്രസൂരിയാണ് ഇതിന്റെ രചയിതാവ്. 1160-ൽ കുമാരപാലം ഭരിച്ചിരുന്ന പൃഥ്വീപാലൻ എന്ന ചാലൂക്യ രാജാവിന്റെ അഭ്യർഥന മാനിച്ചാണ് ഈ കൃതി രചിച്ചിട്ടുള്ളത്. നേമിനാഥന്റെ ചരിത്രമാണ് ഇതിലെ പ്രതിപാദ്യം. നേമി (അരിഷ്ടനേമിയെന്നും വിളിക്കാറുണ്ട്) എന്ന ജൈന തീർഥങ്കരനെയാണ് പ്രകീർത്തിക്കുന്നത്.
നേമിനാഥനെ പരാമർശിക്കുന്ന കൃതികൾ സംസ്കൃതത്തിലും പ്രാകൃതത്തിലും അപഭ്രംശത്തിലും ഈ കൃതിക്ക് മുൻപും പിൻപും ഉണ്ടായിരുന്നു. സ്വയംഭൂ എന്ന കവി അപഭ്രംശത്തിൽ ത്തന്നെ ഈ ഇതിഹാസ കൃതിക്ക് 250 വർഷം മുൻപ് രിത്തനേമിചരിയ എന്ന പേരിലും നേമിനാഹചരിയ എന്ന പേരിലും രണ്ട് കൃതികൾ രചിച്ചിരുന്നു.
ണേമിണാഹ ചരിഉ-ഇൽ മൂവായിരത്തിമുന്നൂറ്റിമുപ്പത്തിയെട്ട് ശ്ളോകങ്ങളിലായി നേമിനാഥന്റെ 8 അവതാരകഥകളും ജൈന ധർമപരതയും വിവരിക്കുന്നുണ്ട്. ആദ്യഭാഗത്തിൽ ജൈനതീർഥങ്കരനായ സനത്കുമാരന്റെ ചരിതവും നേമിയുടേയും രാജിമതിയുടേയും ജനനവും വർണിക്കുന്നു. കൃതിയുടെ മുക്കാൽ ഭാഗവും നേമിനാഥന്റെ ജീവിതത്തിലെ ജനനം മുതൽ നിർവാണം വരെയുള്ള ഘട്ടത്തെ പ്രതിപാദിക്കുന്ന സംഭവപരമ്പരകളാണ്. റദ്ദ വൃത്തത്തിലാണ് കൃതിയുടെ കൂടുതൽ ഭാഗവും രചിച്ചിരിക്കുന്നത്. രതിസുന്ദരികഥ വർണിക്കുന്ന ഭാഗം ഗാഥാ വൃത്തത്തിൽ രചിച്ചിരിക്കുന്നു.
പ്രധാന ഇതിവൃത്തവുമായി ബന്ധപ്പെടുത്തി സനത്കുമാരന്റെ കഥയും കവി വർണിക്കുന്നു. അപഭ്രംശത്തിലെ ഏക പുരാണ ഇതിഹാസകൃതി ഈ ചരിത്ര കാവ്യമാണ്. ഗോവിന്ദനെന്ന അപഭ്രംശ കവിയുടെ സാഹിത്യ പാരമ്പര്യം പിൻതുടർന്ന ഹരിഭദ്രൻ, തന്നേക്കാൾ 300 കൊല്ലം മുൻപ് ജീവിച്ചിരുന്ന ആ കവിയുടെ ചരിത്രം സ്വയംഭൂവിന്റെ സ്വയംഭൂഛന്ദ എന്ന കൃതിയിലൂടെയാണ് അറിയുന്നത്. ഇതേപേരിൽ ഒരു പ്രാകൃത കാവ്യം 11-ാം ശ.-ത്തിലെ മലധാരിഹേമചന്ദ്രൻ രചിച്ചിട്ടുണ്ട്. സംസ്കൃതകവി ഹേമചന്ദ്രന്റെ സമകാലികനാണ് ഇദ്ദേഹം. കാവ്യം തുടങ്ങുന്നത് ജംബുദ്വീപം, ഭാരതഖണ്ഡം, ഹസ്തിനപുരം എന്നിവയുടെ മനോഹരമായ വർണനയോടുകൂടിയാണ്.
അവലംബം
തിരുത്തുക
ഈ തിരുത്ത് , ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം പ്രസിദ്ധീകരിച്ച web-edition.sarvavijnanakosam.gov.in (സർവ്വവിജ്ഞാനകോശം) എന്ന സ്രോതസ്സിൽ നിന്ന് വിക്കിപീഡിയിലേക്ക് നവംബർ 2008 മുമ്പ് ഇറക്കുമതി ചെയ്യുതിരിക്കുന്നു. യഥാർത്ഥ ലേഖനം ണേമിണാഹ_ചരിഉ ആയിരുന്നു.