സ്പെൻസർ ഹാച്ച്
അമേരിക്കൻ മിഷണറിയും വൈ.എം.സി.എ. യുടെ സന്നദ്ധ പ്രവർത്തകനുമായിരുന്നു ഡോ. ഡുവാൻ സ്പെൻസർ ഹാച്ച്(1888-1963). കാർഷിക വിദഗ്ദ്ധനായിരുന്ന അദ്ദേഹം ഗ്രാമ വികസന രംഗത്ത് ശ്രദ്ധേയമായ നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്ത്വം നൽകുകയുണ്ടായി. 1921 ൽ തിരുവിതാംകൂറിലെ മാർത്താണ്ഡം (ഇപ്പോൾ തമിഴ്നാട് കന്യാകുമാരി ജില്ലയിൽ)പ്രദേശത്തു വൈ.എം.സി.എ. യുടെ നേതൃത്ത്വത്തിൽ നടത്തിയ ഗ്രാമ വികസന പരീക്ഷണങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റി. പത്തനംതിട്ടയിലെ ഉള്ളന്നൂർ പ്രദേശത്തും സമാനമായ പ്രവർത്തനങ്ങൾ നടത്തി. തിരുവിതാംകൂർ മഹാരാജാവിന്റെ കാർഷിക വികസന ഉപദേശകരിൽ ഒരാളായിരുന്നു.
വികസന പ്രവർത്തകർക്കു വിപുലമായ പരിശീലന സൗകര്യങ്ങൾ നൽകി. ഭാരത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും വരുന്ന ഗ്രാമസേവകർക്ക് ഗ്രാമോദ്ദോരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി. തൊഴിലിനോടൊപ്പം വിനോദം, സഹകരണം, സംസ്കാരം, സാമ്പത്തികം, സാമൂഹ്യം തുടങ്ങിയ മേഖലകളിലും വലിയ വിജയം വരിക്കാൻ ഈ പരീക്ഷണത്തിനായി.
ജീവിതരേഖ
തിരുത്തുകയേൽ സർവകലാശാലയിൽ നിന്നും ബിരുദവും കോർണൽ സർവകലാശാലയിൽ നിന്നും 1928 ൽ റൂറൽ സോഷ്യോളജിയിൽ പി.എച്ച്.ഡിയും നേടി. 1916 ൽ ഒന്നാം ലോക മഹായുദ്ധ കാലത്ത് ഇൻഡ്യയിലും മെസപ്പൊട്ടാമിയയിലും സൈനികർക്കിടയിൽ ജോലി ചെയ്തു. ഭാര്യ ഗിൽക്രിസ്റ്റ് ഹാച്ചുമൊത്ത് വീണ്ടും ഇൻഡ്യയിൽ മടങ്ങിയെത്തിയ അദ്ദേഹം ഗ്രാമ വികസന രംഗത്തെ അതികായനായി മാറി. വൈ.എം.സി.എ. യുടെ നേതൃത്ത്വത്തിൽ മാർത്താണ്ഡത്ത് നിരവധി ഗ്രാമ വികസന പരീക്ഷണങ്ങൾ നടത്തി. ഇവിടുത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സന്നദ്ധ പ്രവർത്തകരെത്തി. ഐക്യ രാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ കമ്മിറ്റിയിലും സേവനമനുഷ്ടിച്ചു. 1940 ൽ മെക്സിക്കോയിലും പിന്നീട് കോസ്റ്ററിക്കയിലും യുനെസ്കോയ്ക്കു വേണ്ടി ശ്രീലങ്കയിലും പ്രവർത്തിച്ചു.
അഫ്ഗാനിസ്ഥാൻ സംസ്കാരത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിച്ച നാൻസി ഹാച്ച് ഡൂപ്രി മകളാണ്.