എമിലി ഗിൽക്രിസ്റ്റ് ഹാച്ച്

അമേരിക്കൻ സാമൂഹ്യ പ്രവർത്തകയും നാടക പ്രവർത്തകയും സാംസ്കാരിക ഗവേഷകയുമാണ് എമിലി ഗിൽക്രിസ്റ്റ് ഹാച്ച്(1897 - ). കേരളത്തെയും കേരളീയ സംസ്കാരത്തെയും സംബന്ധിച്ച ഒന്നിലധികം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.

എമിലി ഗിൽക്രിസ്റ്റ് ഹാച്ച്
Emily gilchrist hatch.png
എമിലി ഗിൽക്രിസ്റ്റ് ഹാച്ച്
മരണം
ന്യൂ മെക്സിക്കോ, അമേരിക്ക
ദേശീയതഅമേരിക്ക
തൊഴിൽസാമൂഹ്യ പ്രവർത്തക, സാംസ്കാരിക ഗവേഷക
അറിയപ്പെടുന്ന കൃതി
കഥകളി ഇൻഡിജീനസ് ഡ്രാമ ഓഫ് മലബാർ, ട്രാവൻകൂർ എ ഗൈഡ് ബുക്ക് ഫോർ ദ വിസിറ്റർ

ജീവിതരേഖതിരുത്തുക

അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇൻഡോളജി ഐച്ഛിക വിഷയമായി ഇന്ത്യൻ തിയറ്റർ എന്ന വിഷയത്തിൽബിരുദാനന്ദര ബിരുദം നേടി. സൈനികനായ ഡോ. സ്പെൻസർ ഹാച്ചിനെ വിവാഹം കഴിച്ചു. ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടിഷ് സൈന്യത്തോടൊപ്പം പോരാടി മുറിവേറ്റ ഹച്ചിനൊപ്പം വിവാഹ ശേഷം ഇന്ത്യയിലെത്തി. നാഗർകോവിലിനടുത്തുള്ള മാർത്താണ്ഡത്ത് വൈ.എം.സി.എ. പ്രസ്ഥാനവുമായി ചേർന്ന് ഗ്രാമവികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മഹാരാജാവിന്റെ കാർഷിക വികസന ഉപദേശകരിൽ ഒരാളായി. തിരുവിതാംകൂർ സംസ്ഥാനത്തിൽ പെൺ കുട്ടികളുടെ വിദ്യാഭ്യാസ പ്രൊവിൻഷ്യൽ കൗൺസിലറായി പ്രവർത്തിച്ചു. ഇരുപതു വർഷത്തോളം ഇന്ത്യയിൽ താമസിച്ചു. 1942 ൽ കോസ്റ്ററിക്കയിലേക്കും പിന്നീട് അമേരിക്കയിലേക്കും പോയി. [1]

അഫ്ഗാനിസ്ഥാൻ സംസ്കാരത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിച്ച നാൻസി ഹാച്ച് ഡൂപ്രി മകളാണ്.

ട്രാവൻകൂർ എ ഗൈഡ് ബുക്ക് ഫോർ ദ വിസിറ്റർതിരുത്തുക

1933ൽ ‘ട്രാവൻകൂർ, എ ഗൈഡ്ബുക്ക് ഫോർ വിസിറ്റേഴ്സ്’ പ്രസിദ്ധപ്പെടുത്തി. കേരളത്തെ പ്രത്യേകിച്ചും തിരുവിതാംകൂറിനെ വിദേശികൾക്കിടയിൽ പരിചയപ്പെടുത്തുന്നതിന് പുസ്തകം സഹായിച്ചു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാമർശങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. 1908 ലും 1931ലും നിലവറ തുറന്നതിനെക്കുറിച്ചു എമിലി രേഖപ്പെടുത്തിയിട്ടുണ്ട്. ഖജനാവിൽ പണം പോരാതെ വന്നപ്പോൾ നിലവറ തുറക്കാൻ ഏതാനും പേർ ശ്രമിച്ചതായും കരിമൂർഖന്മാരെ കണ്ട് അവർ ഭയന്നോടിയതായും നാട്ടുകാർ പറഞ്ഞിരുന്നതായി അവർ എഴുതിയിരിക്കുന്നു. 1931ൽ നിലവറ തുറക്കുമ്പോൾ വൈദ്യുതവിളക്കുകളും ഫാനുകളും കൊണ്ടുവന്നതായും അവർ രേഖപ്പെടുത്തിയിട്ടുണ്ട്. "ക്ഷേത്രത്തിനു ലഭിക്കുന്ന പണം വലിയ തടിപ്പെട്ടികളിൽ സൂക്ഷിച്ച്, ഓരോ പെട്ടിയും നിറയുമ്പോൾ നിലവറയിലേക്കു മാറ്റുകയായിരുന്നു."[2]നിലവറ തുറക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതിയിൽ നിലവിലുള്ള കേസിൽ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഈ പുസ്തകത്തിൽ നിന്ന് ഉദ്ധരിക്കുകയും ചെയ്തു. [3]

കഥകളി ഇൻഡിജീനസ് ഡ്രാമ ഓഫ് മലബാർതിരുത്തുക

അമേരിക്കയിലെ കോർണൽ സർവകലാശാലയിൽ 1934 ൽ സമർപ്പിച്ച ഗവേഷണ പ്രബന്ധമാണിത്. തിരുവനന്തപുരം പുരാവസ്തു വകുപ്പിന്റെ സൂപ്രണ്ടായിരുന്ന ആർ.വി. പൊതുവാളും താടകാവധം ആട്ടക്കഥയുടെ രചയിതാവായ വി. കൃഷ്ണൻ തമ്പി, വള്ളത്തോൾ തുടങ്ങിയവർ ഈ ഗ്രന്ഥരചനക്കു നിർദ്ദേശങ്ങൾ നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കഥകളിയെ സമഗ്രമായി പ്രതിപാദിക്കുന്ന ആദ്യ കാല രചനകളിലൊന്നാണിത്. വിവരണാത്മക വിഭാഗത്തിൽപ്പെടുന്ന ഈ ഗ്രന്ഥത്തിന്റെ വിവരശേഖരണത്തിന് സംസ്കൃത നാടക പഠനം, കർണാടക സംഗീത പരിശീലനം, ചരിത്ര പഠനം, കഥകളിയുടെ രംഗാവതരണം കാണൽ, കളരി പരിശീലനം നിരീക്ഷിക്കൽ തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചു. പതിമൂന്ന് അധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിൽ 37 ഇലസ്ട്രേഷൻസും ചേർത്തിട്ടുണ്ട്. കഥകളി സംഗീതം എന്ന പത്താമത്തെ അധ്യാത്തിൽ കഥകളി സംഗീതത്തിന് ഒരു നൊട്ടേഷൻ പദ്ധതി അവർ രൂപകൽപ്പന ചെയ്തത് വിശദീകരിക്കുന്നു. ആഹരി, ആനന്ദ ഭൈരവി, അസാവരി തുടങ്ങി കഥകളി സംഗീതത്തിലുപയോഗിക്കുന്ന അറുപതോളം രാഗങ്ങളുടെ ആരോഹണാവരോഹണങ്ങൾ അക്ഷരമാലാ ക്രമത്തിലും സാവേരി, ശങ്കരാഭരണം എന്നീ രാഗങ്ങളിലുള്ള ചില സഞ്ചാരങ്ങൾ നൊട്ടേഷൻ രൂപത്തിലും ചേർത്തിട്ടുണ്ട്.

ഡ്രാമ ഫോർ ദ വില്ലേജ് ടീച്ചർതിരുത്തുക

സൈറക്യൂസ് സർവകലാശാലയിൽ നിന്ന് നാടക പഠനത്തിൽ ബിരുദം നേടിയിരുന്ന എമിലി, ഭർത്താവ് ഡി.സി. ഹച്ചിനോടൊപ്പം ഗ്രാമവികസന പ്രവർത്തനങ്ങളിൽ മുഴുകി. ഇതിനായി നിരവധി ഗ്രാമീണ നാടകങ്ങൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു. നിർധനരായ ദലിത് ഗ്രാമീണരുടെ ഇടയിൽ ഈ നാടകങ്ങൾക്ക് വലിയ വരവേൽപ്പ് ലഭിച്ചു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്, ഡ്രാമ ഫോർ ദ വില്ലേജ് ടീച്ചർ, ലിറ്റിൽ പ്ലേയ്സ് എന്നിങ്ങനെ ഇവ സമാഹരിച്ച് രണ്ടു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബർമ്മീസ്, സിലോണീസ് ഭാഷകളുൾപ്പെടെ ഒൻപതോളം ഭാഷകളിൽ ഇവ തർജ്ജമ ചെയ്യപ്പെട്ടു.

കൃതികൾതിരുത്തുക

അവലംബംതിരുത്തുക

  1. കഥകളിപ്പാട്ടിന് സ്വരവിന്യാസം, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, ഭാഷാപോഷിണി ജൂലൈ 2018
  2. https://www.thehindu.com/todays-paper/tp-national/when-the-vault-was-opened-in-1931/article2202462.ece
  3. http://www.newindianexpress.com/states/kerala/2017/jul/09/historian-questions-royal-familys-claim-1626182.html
  4. https://newcatalog.library.cornell.edu/?q=%22Hatch,%20Emily%20Gilchriest,%201897-%22&search_field=author_pers_browse