ഡോൺ ക്വിഹോട്ടെ

(ഡോൺ ക്വിൿസോട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിശ്വപ്രസിദ്ധമായ ഒരു സ്പാനിഷ് നോവലാണ്‌ ഡോൺ ക്വിഹോട്ടെ (The Ingenious Gentleman Don Quixote of la Mancha അഥവാ Don Quixote). [[മിഗ്വെൽ ഡി സെർവാന്റെസ്‌]] ആണ് ഈ കൃതിയുടെ രചയിതാവ്. 1547-1616 കാലയളവിൽ ജീവിച്ചിരുന്ന സെർവാന്റസ് 1605-ലാണ് ഈ നോവലിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചത്; രണ്ടാം ഭാഗം 1615-ലും. ജനഹൃദയങ്ങളെ വളരെ വേഗം ആകർഷിച്ച ഈ കൃതിയുടെ അഞ്ച് പതിപ്പുകൾ ആദ്യവർഷംതന്നെ പുറത്തിറക്കേണ്ടിവന്നു. ആയിരത്തിലേറെ പേജുകൾ ഉൾക്കൊള്ളുന്ന ഈ നോവലിൽ അറുന്നൂറിലധികം കഥാപാത്രങ്ങൾ അണിനിരക്കുന്നു.

ഡോൺ ക്വിഹോട്ടെ
ആദ്യ എഡിഷന്റെ മുൻ താൾ (1605)
കർത്താവ്മിഗ്വെൽ ഡി സെർവാന്റെസ്
യഥാർത്ഥ പേര്എൽ ഇഞ്ചെനിയോസോ ഹിഡാൽഗോ ഡോൺ കിഹോത്തെ ദ ലാ മാൻച
പരിഭാഷഫാ. തോമസ് നടയ്ക്കൽ
രാജ്യംസ്പെയിൻ
ഭാഷസ്പാനിഷ്
പ്രസാധകർകാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ് (മലയാളത്തിൽ)
പ്രസിദ്ധീകരിച്ച തിയതി
1605-ൽ ഒന്നാം ഭാഗവും
1615-ൽ രണ്ടാം ഭാഗവും
 
ഡോൺ ക്വിഹോട്ടെയും സാഞ്ചോ പാൻസയും, 1863, ഗുസ്താവ് ഡോറെ

സ്പെയിനിലെ ഒരു ഗ്രാമത്തിൽ വസിച്ചിരുന്ന ദരിദ്രനായ പ്രഭുവാണ് അലോൺസൊ ക്വിയാനൊ. വളരെയധികം വീരസാഹസിക കഥകൾ വായിച്ച് ഉന്മത്തനാകുന്ന പ്രഭുവിന് ഒരു വീരയോദ്ധാവാകണമെന്ന ആഗ്രഹമുദിക്കുന്നു. പടച്ചട്ടയണിഞ്ഞ് കുതിരപ്പുറത്തു കയറി ലോകമാകെ സഞ്ചരിച്ച് മനുഷ്യരുടെ തെറ്റുകൾ തിരുത്തുവാനും മർദിതരെ സംരക്ഷിക്കുവാനുമായി സാഹസകൃത്യങ്ങളിലേർപ്പെടുവാൻ അദ്ദേഹം തീരുമാനിക്കുന്നു. "വീരയോദ്ധാക്കളെപ്പോലെ പടച്ചട്ടയും വാളും തയ്യാറാക്കി ലോകം എനിക്കുവേണ്ടി കാത്തിരിക്കുന്നു എന്ന ആത്മഗതത്തോടെ ജൈത്രയാത്ര ആരംഭിക്കുന്നു. ഒരു യോദ്ധാവിനു യോജിക്കുന്ന തരത്തിൽ ഡോൺ ക്വിഹോട്ടെ ദ ലാ മാൻച എന്ന പേര് സ്വയം സ്വീകരിക്കുന്നു.

കുതിരപ്പുറത്ത് വളരെദൂരം സഞ്ചരിച്ച് ഒരു സത്രത്തിൽ എത്തിച്ചേരുന്ന ക്വിഹോട്ടെ സമനില തെറ്റിയവനെപ്പോലെ പെരുമാറി മറ്റുള്ളവരുടെ ദൃഷ്ടിയിൽ ഒരു കോമാളിയായി മാറുന്നു. യാത്രാ മധ്യേ ഒരു കർഷകൻ തന്റെ ഭൃത്യനെ മരത്തിൽ കെട്ടിനിർത്തി തല്ലുന്നതു കണ്ട് ക്വിക്സോട്ട് അയാളെ അഴിച്ചു വിടുകയും യാത്ര തുടരുകയും ചെയ്യുന്നു. കർഷകൻ ഭൃത്യനെ വീണ്ടും മർദിച്ചവശനാക്കുന്നു. ഇത്തരത്തിൽ പരിഹാസ്യമായ ധീരകൃത്യങ്ങൾ അനുഷ്ഠിച്ചുകൊണ്ടാണ് ക്വിഹോട്ടെ ജൈത്രയാത്ര തുടരുന്നത്. തന്റെ കാമുകി സുന്ദരിയല്ലെന്നു പറഞ്ഞു കളിയാക്കിയവരുടെ നേരേ പാഞ്ഞുചെല്ലുന്ന ക്വിഹോട്ടെ നിലത്തുവീണു പരുക്കേൽക്കുന്നു. അദ്ദേഹത്തെ തിരിച്ചറിഞ്ഞ ഒരു നാട്ടുകാരൻ കഴുതപ്പുറത്തു കയറ്റി വീട്ടിലെത്തിക്കുന്നതോടെ ഒന്നാമത്തെ 'ദിഗ് വിജയ പര്യടനം' അവസാനിക്കുന്നു.

ഏതാനും ദിവസം വിശ്രമിച്ചതിനുശേഷം വീണ്ടും യാത്രയ്ക്കൊരുങ്ങുന്ന ക്വിഹോട്ടെ ഇത്തവണ ഒരു അംഗരക്ഷകനെക്കൂടി കൊണ്ടുപോകുന്നു. കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള കോൺ ട്രിയൻ താഴ്വരയിലെത്തുന്ന ക്വിഹോട്ടെ ഘോരരാക്ഷസന്മാരോടെന്നപോലെ കാറ്റാടിയന്ത്രങ്ങളോട് പടവെട്ടുന്നു. കൈയിലിരുന്ന കുന്തം കാറ്റാടിയിൽ തട്ടി ക്വിഹോട്ടെ തെറിച്ചു വീഴുന്നു. ആട്ടിൻകൂട്ടത്തെ അകലെ കണ്ട് പട്ടാളക്കാരാണെന്നു കരുതി ആക്രമിച്ച് പല്ലുകൾ നഷ്ടപ്പെടുന്നതും ശവസംസ്കാരയാത്ര കൊള്ളക്കാരുടെ സംഘം ചേർന്നുള്ള യാത്രയാണെന്ന് കരുതി അവരുടെമേൽ ചാടിവീഴുന്നതും ധാന്യം പൊടിക്കുന്ന യന്ത്രത്തിന്റെ ശബ്ദം കേട്ട് രാക്ഷസശബ്ദമാണെന്നു കരുതി നേരിടാനൊരുങ്ങുന്നതുമൊക്കെയാണ് ക്വിഹോട്ടെയുടെ മറ്റു ധീരകൃത്യങ്ങൾ. അവസാനം അപമാനിതനും ദുഃഖിതനുമായി നാട്ടിൽ തിരിച്ചെത്തുകയും ആധി-വ്യാധിമൂലം മരണമടയുകയും ചെയ്യുന്നു. "ഇപ്പോൾ എന്റെ മനസ്സ് തെളിഞ്ഞിരിക്കുന്നു. എനിക്കു വിവേകമുദിച്ചു എന്നു പറഞ്ഞുകൊണ്ടാണ് ക്വിഹോട്ടെ മരണം വരിക്കുന്നത്.

വിലയിരുത്തൽ

തിരുത്തുക

നൂറ്റാണ്ടുകളായി അനുവാചകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കൃതിയാണ് ഡോൺ ക്വിഹോട്ടെ. 16ആം ശതകത്തിലെ യൂറോപ്യൻ രാജ്യങ്ങളിൽ യോദ്ധാക്കളുടെ ധീരസാഹസകൃത്യങ്ങൾ ചിത്രീകരിക്കുന്ന കൃതികളെ അതിരൂക്ഷമായി പരിഹസിക്കുന്ന ഈ നോവൽ നവോത്ഥാന കാലഘട്ടത്തിലെ സ്പാനിഷ് ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ്. പുസ്തകത്തിന്റെ രണ്ടാം ഭാഗം ഒന്നാം ഭാഗത്തിനേക്കാൾ മികച്ചതാണെന്ന് ചില നിരുപകർ [1] അഭിപ്രായപ്പെട്ടിട്ടുണ്ട്.

 
മലയാളം തർജ്ജമയുടെ പുറംചട്ട

ഫാ. തോമസ് നടയ്ക്കൽ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്ത[2] ഈ കൃതിക്ക് 2007-ൽ വിവർത്തനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. ഈ കൃതി ഡോൺ ക്വിക്സോട്ട് എന്ന പേരിലാണ് വിവർത്തനം ചെയ്തത്.

  1. Putnam, Samuel (1976). Introduction to The Portable Cervantes. Harmondsworth: Penguin. pp. 14. ISBN 0-14-015057-9.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-02. Retrieved 2012-08-01.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോൺ ക്വിക്സോട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡോൺ_ക്വിഹോട്ടെ&oldid=4083206" എന്ന താളിൽനിന്ന് ശേഖരിച്ചത്