ഡോവർ ഉടമ്പടി
ഇംഗ്ലണ്ടിലെ രാജാവായിരുന്ന ചാൾസ് രണ്ടാമനും ഫ്രാൻസിലെ ലൂയി പതിനാലാമനും തമ്മിൽ 1670-ൽ ഉണ്ടാക്കിയ രഹസ്യ കരാറാണ് ഡോവർ ഉടമ്പടി അഥവാ ഡോവർ രഹസ്യക്കരാർ. ഇംഗ്ലണ്ടും ഫ്രാൻസും ചേർന്ന് ഡച്ചുകാർക്കെതിരായി സഖ്യമുണ്ടാക്കുകയെന്നതായിരുന്നു ഈ ഉടമ്പടിയുടെ മുഖ്യലക്ഷ്യം. ചാൾസ്, റോമൻ കത്തോലിക്കാസഭയിൽ ചേരുന്നതു പ്രഖ്യാപിക്കുന്ന കാര്യവും ഇതിൽ വ്യക്തമാക്കിയിരുന്നു. കത്തോലിക്കാസഭയിലേക്കുള്ള ഈ മാറ്റം മൂലം തന്റെ പ്രജകളുടെ ഭാഗത്തു നിന്നുണ്ടായേക്കാവുന്ന എതിർപ്പു ഭയന്ന് ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാനാണ് ചാൾസ് ഉദ്ദേശിച്ചത്. അത്തരമൊരെതിർപ്പ് ഉണ്ടാവുകയാണെങ്കിൽ അതിനെ മറികടക്കാൻ ഫ്രാൻസിൽ നിന്ന് സാമ്പത്തികവും സൈനികവുമായ സഹായം ഉറപ്പാക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ടായിരുന്നു. ഫ്രാൻസിന്റെ സഹായത്തിനു പകരമായി അവരുടെ യൂറോപ്യൻ നയത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് ചാൾസ് പുലർത്തിയത്.
ചാൾസിന്റെ സഹോദരിയും ഓർലിയൻസിലെ പ്രഭ്വി(Duchess)യുമായ ഹെന്റിറ്റ വഴിയാണ് ഉടമ്പടിക്കു യുക്തമായ കൂടിയാലോചന നടന്നത്. എന്നാൽ ഉടമ്പടി ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയോ പ്രാവർത്തികമാവുകയോ ചെയ്തില്ല.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഉടമ്പടി ഡോവർ ഉടമ്പടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |