ഡോയി സുതെപ്-പൂയി തായ്‍ലാൻറിലെ ചിയാങ് മായി പ്രവിശ്യയിലുള്ള ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൽ ഒരു ബുദ്ധക്ഷത്രമായ വാറ്റ് ഫ്ര താറ്റ് ഡോയി സുതെപ്, രാജാവിൻറെയും കുടുംബത്തിൻറയും ശൈത്യകാല വസതിയായ ഭൂബിങ് കൊട്ടാരം എന്നിവയുൾപ്പെടുന്നു. ഈ ദേശീയോദ്യാനം സസ്യജന്തുജാലങ്ങളുടെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നു.[1]

ഡോയി സുതെപ്-പൂയി ദേശീയോദ്യാനം
อุทยานแห่งชาติดอยสุเทพ-ปุย
Mae Sa waterfall
Map showing the location of ഡോയി സുതെപ്-പൂയി ദേശീയോദ്യാനം
Map showing the location of ഡോയി സുതെപ്-പൂയി ദേശീയോദ്യാനം
Location within Thailand
LocationChiang Mai Province
Coordinates18°48′34″N 98°54′57″E / 18.80944°N 98.91583°E / 18.80944; 98.91583
Area261.06 km²
Established1981

ചരിത്രം

തിരുത്തുക

ഈ മേഖലയുടെ പഴയ പേര് ഡോയി ഔയി ചാങ് എന്നായിരുന്നു. ദേശീയോദ്യാനം ചിയാങ് മായി പ്രവിശ്യയിസിലാണ് നിലനിൽക്കുന്നത്. 265 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഇതിന്റെ സ്ഥാനം ചിയാംങ് മായി പട്ടണത്തിന് ഏതാനും കിലോമീറ്റർ വടക്കുപടിഞ്ഞാറായിട്ടാണ്. പാളികളായ കൃഷ്ണശിലകൾ ഈ പ്രദേശത്തുടനീളം കാണാവുന്നതാണ്.

ഒരു താപസ ശ്രേഷ്ഠനായിരുന്ന പ്രരുസിവാസുദേപിൻറെ പേരാണ് ദേശീയോദ്യാനത്തിന്റെ പുതിയ പേരുമാറ്റത്തിനു നിദാനം. ഈ മുനിവര്യൻ ഈ മലഞ്ചെരുവിൽ അനേകവർഷം താമസിച്ചിരുന്നതായി പറയപ്പെടുന്നു. 1973 ൽ റോയൽ ഫോറസ്റ്റ് ഡിപാർട്ട്മെൻറ് സമീപത്തുള്ള 13 വനമേഖലകളെ സംയോജിപ്പിച്ച് ഒരു ദേശീയോദ്യാനം സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. 1981 ൽ ഈ ദേശീയോദ്യാനം തായ്‍ലാൻറിലെ ഇരുപത്തിനാലാമത്തെ ദേശീയോദ്യാനമായി മാറി. ഇക്കാലത്ത് ഈ ദേശീയോദ്യാനം 261 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾക്കൊണ്ടിരുന്നു.[2]

ഭൂമിശാസ്ത്രം

തിരുത്തുക
 
Mok Fa waterfall

കുന്നുകൾ നിറഞ്ഞ ഈ ഭൂപ്രദേശം തനോൻ തോങ് ചായി മലനിരകളുടെ ഭാഗമാണ്. ഇവിടുത്തെ മൂന്നു പ്രധാന കൊടുമുടികൾ ഡോയി സുതെപ്, ഡോയി ബ്വാക് ഹ, ഡോയി പുയി എന്നിവയാണ്.ഇതിൽ അവസാനം പറഞ്ഞത് ഈ മേഖലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ഈ കൊടുമുടിയുടെ ഉയരം 1685 മീറ്ററാണ്. ഈ ദേശീയോദ്യാനത്തിനുള്ളിൽ, ഹുയെ കയേവ്, മോൻ ത താൻ, ഡ്റ്റാറ്റ് മൂക്ക്, യോഡ് ഡോയി പുയി തുടങ്ങിയ വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്നു.

കാലാവസ്ഥ

തിരുത്തുക

ഈ മേഖലയിൽ സുഖപ്രദമായ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. ഇവിടുത്തെ ശരാശരി താപനില 20 മുതൽ 23 °C വരെയാണ്. ശൈത്യകാലത്ത് ഇത് 6 °C വരെയാകാം. വേനലിനു ശേഷം ശക്തമായ മഴയെത്തുന്നു.[3] ആഗസ്റ്റ് മാസം മുതൽ സെപ്റ്റംബർ മാസം വരെ നനവാർന്ന സമയമാണ്. ഈ സമയത്താണ് ഏറ്റവും കൂടുതൽ മഴയുള്ളത്

1000 മീറ്റർ വരെ ഉയരത്തിൽ നിത്യഹരിത വൃക്ഷങ്ങളും അതിനു താഴെ ഇലപൊഴിയും കാടുകളുമാണ്. ഇവ രണ്ടും ചേർന്നുള്ള കാടുകൾ മലയിടുക്കുകളിലും അരുവികൾക്കു സമീപവും കാണാവുന്നതാണ്. സാധാരണ കാണപ്പെടുന്ന വൃക്ഷങ്ങൾ ഓക്ക്, ഡിപ്റ്റെറോകാർപ്സ്, മാഗ്നോളിയ കുടുംബത്തിലുളള വൃക്ഷങ്ങളുമാണ്.[3] ഈ ദേശീയോദ്യാനത്തിനുള്ളിൽ ഏതാനും വെള്ളച്ചാട്ടങ്ങളും കാണപ്പെടുന്നു.[4]

ഡോയി സുതെപ്-പൂയിയിലെ ആകർഷക ഘടകങ്ങൾ

തിരുത്തുക

വാറ്റ് ഫ്ര താറ്റ് ഡോയി സുതെപ്

പൊതുവെ ഡോയി സുതെപ് എന്നറിയപ്പടുന്ന ഈ ക്ഷേത്രം ഒരു തെരവഡ ബുദ്ധ ക്ഷേത്രമാണ്. ഈ ബുദ്ധക്ഷേത്രത്തിനുള്ളിലായി അനേകം പഗോഢകളും സ്തൂപങ്ങളും ചുവർ ചിത്രങ്ങളും കാണപ്പെടുന്നു. സമുദ്ര നിരപ്പിന് 1055 മീറ്റർ ഉയരത്തിൽ ഡോയി സുതെപ് പർവ്വതത്തിലാണ് ഈ ക്ഷേത്രം നിലനിൽക്കുന്നത്. ചിയാങ് മായി പട്ടണമദ്ധ്യത്തിൽ നിന്ന് (പഴയ പട്ടണം) 14.5 കിലോമീറ്റർ ദൂരമാണിവിടേയ്ക്ക്. ഈ മേഖലയിലെ ഏറ്റവും വലിയ പുണ്യസ്ഥലമായി ഈ ക്ഷേത്രത്തെ കണക്കാക്കുന്നു.  ക്ഷത്രം നിലനില്ക്കുന്നിട്ത്ത് ബുദ്ധദേവൻറെ ഒരു എമറാൾഡ് പ്രതിമയും ഹിന്ദു ദൈവമായ ഗണേഷൻറെ ഒരു പ്രതിമായും സ്ഥാപിച്ചിരിക്കുന്നതു കാണാം. 

ഭൂബിങ് കൊട്ടാരം

1961 ൽ നിർമ്മിക്കപ്പെട്ട രാജാക്കന്മാരുടെ ശൈത്യകാലവസതിയായ ഭൂബിങ് കൊട്ടാരം ഈ മേഖലയിലെ ഒരു പ്രധാന ആകർഷണമാണ്. വടക്കൻ തായ്‍ലൻറ് മേഖലയിൽ സന്ദർശനത്തിനെത്തിയിരുന്ന രാജാവും കുടുംബങ്ങളും പരിവാരങ്ങളും ഈ കൊട്ടാരത്തിലാണ് താമസിച്ചിരുന്നത്. കൊട്ടാരത്തിൻറെ ഔദ്യോഗികനാമം ഫ്രാ തംനാക് ഫു ഫിങ് എന്നാണ്.

വാറ്റ് ഫ്ര താറ്റ് ഡോയി സുതേപ്പിന് നാലു കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. രാജ്യത്തനകത്തു നിന്നും പുറത്തുനിന്നും എത്തുന്ന വിശിഷ്ടാതിഥികൾക്ക് താമസിക്കുവാൻ  കൊട്ടാരത്തോടനുബന്ധിച്ച് അനേകം ഗസ്റ്റ് ഹൌസുകളും ഇവിടെയുണ്ട്. രാജകുടുംബം ഇല്ലാത്ത വേളയിൽ കൊട്ടാരം പൊതുജനങ്ങൾക്ക് സന്ദർശനത്തിനു തുറന്നു കൊടുക്കാറുണ്ട്. കൊട്ടാരം നിലനിൽക്കുന്ന പ്രദേശം പക്ഷികൾ, പൂമ്പാറ്റകൾ തുടങ്ങിയവയെ നിരീക്ഷിക്കുന്നതിന് ഏറ്റവും ഉത്തമമായ സ്ഥലമാണ്. കൊട്ടാരത്തിലെ സന്ദർശന സമയം പകൽ 8:30 മുതൽ വൈകിട്ട് 4:15 വരെയാണ്.

ജന്തുജാലങ്ങൾ

തിരുത്തുക

ക്രൊക്കഡയിൽ സാലമാണ്ടർ (Tylototriton verrucosus) പോലുള്ള ജീവികളെ ഇവിടെ കണ്ടുവരുന്നു. ആസാം കുരങ്ങ്, ഏഷ്യൻ സ്വർണ്ണപ്പൂച്ച, മലയൻ മുള്ളൻപന്നി, കോമണ് മുൻറ്ജാക് (Muntiacus muntjak) കരടി (Sus scrofa) എന്നിവയുൾപ്പെടെയുള്ള സസ്തന ജീവികൾ ഇവിടെയുണ്ട്. പരുന്ത്, തത്ത, ബുൾബുൾ, മിൻവെറ്റ്സ് തുടങ്ങി ഏകദേശം മൂന്നൂറിനടുത്ത് പക്ഷിവർഗ്ഗങ്ങൾ ഇവിടെയുള്ളതായി കണക്കാക്കിയിരിക്കുന്നു.[3]

ഇവിടെ കാണപ്പെടുന്ന സാധാരണ പക്ഷികൾ വൈറ്റ്-ക്രെസ്റ്റഡ് ലാഫിങ്ത്രഷ്, ഗ്രേ-ഹെഡഡ് കാനരി-ഫ്ലൈകാച്ചർ, ഗ്രേറ്റ് ബാർബറ്റ്, ബ്ലൂ-ത്രോട്ടഡ് ബാർബറ്റ്, ഗ്രേ-ക്യാപ്പ്ഡ് പിഗ്മി വുഡ്പെക്കർ, ഗ്രേ-ചിൻഡ് മിനിവെറ്റ്, ബ്ലിത്സ് ഷ്രൈക്-ബാബ്ലർ, യുന്നാൻ ഫുൾവെറ്റ, സ്ലേറ്റി-ബാക്ഡ് ഫ്ലൈകാച്ചർ എന്നിവയാണ്. 

  1. Doi Suthep-Pui National Park. Retrieved October 15, 2013.
  2. Doi Suthep-Pui National Park. Retrieved October 15, 2013.
  3. 3.0 3.1 3.2 Doi Suthep-Pui National Park. Retrieved October 15, 2013.
  4. Attractions: Doi Suthep-Pui National Park.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഡോയി_സുതെപ്-പൂയി&oldid=3470923" എന്ന താളിൽനിന്ന് ശേഖരിച്ചത്