പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു ജനവിഭാഗമാണ് ഡോഗൻ. നൈജർ നദിക്കു കിഴക്കായ പശ്ചിമമാലിയിലാണ് ഇവർ വസിക്കുന്നത്. ഡോഗൊനുകളുടെ ജനസംഖ്യ രണ്ടര ലക്ഷത്തിലധികമില്ല. കോംഗോ-കോർഡോ-ഫാനിയൻ ഭാഷാകുടുംബത്തിൽ ഉൾപ്പെട്ട വോൾട്ടെയിക്ക് വിഭാഗത്തിൽപ്പെടുന്ന ഭാഷയാണ് ഇവരുടേത്. ഡോഗൊനുകൾ പ്രധാനമായും ഒരു കാർഷിക സമൂഹമാണ്. മണ്ണുകിളച്ചുള്ള കൃഷിരീതിയാണ് ഇവരുടേത്. വിളകൾ മാറിമാറി കൃഷിചെയ്യുന്ന സമ്പ്രദായവും ഇവർ പരീക്ഷിക്കാറുണ്ട്. ചെറുകിട ജലസേചന സൗകര്യവും ഇവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചാമയും (Millet) കരിമ്പുമാണ് (Sorghum) ഇവരുടെ പ്രധാന ആഹാരം. ഡോഗൊനുകളുടെ അധിവാസമേഖലകൾ വളരെയധികം ശിഥിലമാണ്. പൊതു സംസ്കാരം, ഭാഷ, വിവാഹം എന്നിവയാണ് ഇവരെ ഏകോപിപ്പിക്കുന്ന ഘടകങ്ങൾ. കേന്ദ്രീകൃത രാഷ്ട്രീയ സ്ഥാപനങ്ങളുടെ അഭാവം ഈ സമൂഹത്തിൽ ശ്രദ്ധേയമാണ്. ഡോഗൊനുകൾക്കിടയിൽ നിലനിൽക്കുന്ന ദായക്രമം മക്കത്തായത്തിലധിഷ്ഠിതമാണ്. കുടുംബനാഥനായ പുരുഷന് അധികാരം നൽകുന്ന ഒരു സാമൂഹിക സംവിധാനമാണ് ഇവരുടേത്. ഡോഗൊനുകളുടെ മതം, ലോക ബോധം, തത്ത്വചിന്ത എന്നിവ പ്രതീകാത്മകമാണ്.