ഡൊറോത്തി ഗിബ്സൺ
ഡൊറോത്തി ഗിബ്സൺ (ജീവിതകാലം: മേയ് 17, 1889 - ഫെബ്രുവരി 17, 1946) ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കൻ സിനിമാ രംഗത്ത് സജീവമായിരുന്ന ഒരു നിശബ്ദ ചലച്ചിത്ര നടിയും മോഡലും ഗായികയുമായിരുന്നു. ടൈറ്റാനിക് ദുരന്തത്തെ അതിജീവിച്ച വ്യക്തിയെന്ന നിലയിലും ആ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ആദ്യ ചലച്ചിത്രത്തിൽ അഭിനയിച്ചതിൻറെ പേരിലും അവർ നന്നായി ഓർമ്മിക്കപ്പെടുന്നു.
ഡൊറോത്തി ഗിബ്സൺ | |
---|---|
ജനനം | ഡൊറൊത്തി വിൻഫ്രഡ് ബ്രൌൺ മേയ് 17, 1889 |
മരണം | ഫെബ്രുവരി 17, 1946 | (പ്രായം 56)
തൊഴിൽ | മോഡൽ, നടി, ഗായിക |
സജീവ കാലം | 1906–1917 |
ജീവിതപങ്കാളി(കൾ) |
|
ആദ്യകാലം
തിരുത്തുകഡൊറോത്തി ഗിബ്സൺ 1889 മേയ് 17 ന് ജോൺ എ. ബ്രൗണിന്റെയും പൗളിൻ കരോളിൻ ബോസന്റെയും മകളായി ന്യൂജേഴ്‌സിയിലെ ഹോബോക്കനിൽ ഡൊറോത്തി വിനിഫ്രഡ് ബ്രൗൺ എന്ന പേരിൽ ജനിച്ചു.[1] മൂന്ന് വയസ്സുള്ളപ്പോൾ അവളുടെ പിതാവ് മരണമടയുകയും മാതാവ് ജോൺ ലിയോനാർഡ് ഗിബ്സൺ എന്ന വ്യക്തിയെ വിവാഹം കഴിക്കുകയും ചെയ്തു. 1906 നും 1911 നും ഇടയിൽ, നിരവധി നാടകവേദികളിലും വാഡെവില്ലെ[2] പ്രൊഡക്ഷനുകളിലും ഗായികയായും നർത്തകിയായും വേദിയിൽ പ്രത്യക്ഷപ്പെട്ടതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബ്രോഡ്വേയിൽ അവതരിപ്പിക്കപ്പെട്ട ചാൾസ് ഫ്രോമാന്റെ ദി ഡയറിമെയ്ഡ്സ് (1907) എന്ന മ്യൂസിക്കലിലേതായിരുന്നു. ഹിപ്പോഡ്രോം തിയേറ്ററിൽ ഷുബെർട്ട് ബ്രദേഴ്സ് നിർമ്മിച്ച ഷോകളിലെ സ്ഥിരം കോറസ് അംഗമായിരുന്നു അവർ.[3]
1909 -ൽ, ജോർജ്ജ് ഹെൻറി ബാറ്റിയർ ജൂണിയറെ[4] വിവാഹം കഴിക്കുന്നതിന് ഒരു വർഷം മുമ്പ്, ഡൊറോത്തി ഗിബ്സൺ പ്രശസ്ത വാണിജ്യ കലാകാരനായ ഹാരിസൺ ഫിഷറിനായി മോഡൽ ജോലി ചെയ്യാൻ തുടങ്ങുകയും, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മോഡലുകളിൽ ഒരാളായിത്തീരുകയും ചെയ്തു.[5] അടുത്ത മൂന്ന് വർഷങ്ങളിൽ പോസ്റ്ററുകളിലും പോസ്റ്റ് കാർഡുകളിലും വിവിധ വ്യാവസായി ഉൽപ്പന്നങ്ങളിലും പുസ്തകങ്ങളുടെ മുഖ ചിത്രങ്ങളായും ഡൊറോത്തിയുടെ ചിത്രം പതിവായി പ്രത്യക്ഷപ്പെട്ടു. കോസ്മോപൊളിറ്റൻ, ലേഡീസ് ഹോം ജേണൽ, സാറ്റേഡേ ഈവനിംഗ് പോസ്റ്റ് തുടങ്ങിയ മികച്ച വിൽപ്പനയുള്ള മാസികകളുടെ കവറുകളിൽ പ്രത്യക്ഷപ്പെടുന്നതിൽ ഫിഷർ പലപ്പോഴും താൽപര്യപ്പെട്ടിരുന്നു.[6] ഈ സമയത്ത് "ഒറിജിനൽ ഹാരിസൺ ഫിഷർ ഗേൾ" എന്ന പേരിൽ ഡൊറോത്തി വ്യാപകമായ ഖ്യാതി നേടി. അതേസമയം, ബാറ്റിയറുമായി വേർപിരിഞ്ഞ ഡൊറോത്തി 1913 വരെ വിവാഹമോചനം നേടിയിരുന്നില്ല.
സിനിമാ ജീവിതം
തിരുത്തുകമുൻനിര നാടക ഏജന്റ് പാറ്റ് കാസിയുടെ സഹായത്തോടെ 1911 -ന്റെ തുടക്കത്തിൽ സിനിമകളിൽ അരങ്ങേറ്റം കുറിച്ച ഡൊറൊത്തി, ഇൻഡിപെൻഡന്റ് മൂവിംഗ് പിക്ചേഴ്സ് കമ്പനിയിൽ (IMP) ഒരു എക്ട്രാ നടിയായും പിന്നീട് ലുബിൻ സ്റ്റുഡിയോയിൽ ഒരു സ്റ്റോക്ക് കളിക്കാരിയായും ചേർന്നു. 1911 ജൂലൈയിൽ പാരീസ് ആസ്ഥാനമായുള്ള എക്ലെയർ സ്റ്റുഡിയോയുടെ പുതിയ യു.എസ്. ബ്രാഞ്ച് അവരെ നായികയായി നിയമിച്ചു. പ്രേക്ഷകർക്കിടയിൽ ഒരു തൽക്ഷണ ഹിറ്റ് ആയി മാറിയ അവർ, സിനിമയെന്ന പുതിയ മാധ്യമത്തിലെ താരമായി പ്രൊമോട്ട് ചെയ്യപ്പെട്ട ആദ്യ നടിയായി.[7] സ്വാഭാവികവും സൂക്ഷ്മവുമായ അഭിനയ ശൈലിയുടെ പേരിൽ പ്രശംസിക്കപ്പെട്ട അവർ, മിസ് മാസ്‌ക്വെറേഡർ (1911), ലവ് ഫൈൻഡ്സ് എ വേ (1912) തുടങ്ങിയ ജനപ്രിയ വൺ-റീലറുകളിൽ ഒരു ഹാസ്യനടിയെന്ന നിലയിൽ വിജയം നേടി. ഇവയെല്ലാംതന്നെ അക്കാലത്തെ വളർന്നുവരുന്ന അമേരിക്കൻ ചലച്ചിത്ര വ്യവസായത്തിന്റെ കേന്ദ്രമായിരുന്ന ന്യൂ ജേഴ്‌സിയിലെ ഫോർട്ട് ലീയിലാണ് നിർമ്മിക്കപ്പെട്ടത്.[8]
ടൈറ്റാനിക് ദുരന്തത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ സിനിമ
തിരുത്തുകഡൊറോത്തി ഗിബ്സന്റെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര വേഷം ഐതിഹാസിക ദുരന്തത്തിലെ അനുഭവങ്ങളെ അടിസ്ഥാനമാക്കി സേവ്ഡ് ഫ്രം ടൈറ്റാനിക്കിൽ (1912) സ്വന്തം വേഷം അവതരിപ്പിച്ചതിലൂടെയാണ്. കപ്പൽ മുങ്ങി ഒരു മാസം കഴിഞ്ഞ് പുറത്തിറങ്ങിയ ഈ ചിത്രം ഈ സംഭവത്തേക്കുറിച്ചുള്ള നിരവധി ചിത്രങ്ങളിൽ ആദ്യത്തേതാണ്.[9]
ഡൊറോത്തിയുടെ ജീവിതത്തിലെ ഏറ്റവും അറിയപ്പെടുന്ന വശമാണ് ടൈറ്റാനിക് സിനിമയിലെ വേഷം. തന്റെ മാതാവിനോടൊപ്പം ഇറ്റലിയിൽ ആറാഴ്ചത്തെ അവധിക്കുശേഷം, ഫോർട്ട് ലീയിൽ എക്ലെയർ നിർമ്മാണക്കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രങ്ങളിലെ വേഷത്തിനായി ടൈറ്റാനിക്കിൽ അവർ മടങ്ങുകയായിരുന്നു. മഞ്ഞുകട്ടയുമായി കൂട്ടിയിടിച്ച് കപ്പൽ അപകടത്തിൽപ്പെട്ട രാത്രിയിൽ സ്ത്രീകൾ ലോഞ്ചിൽ സുഹൃത്തുക്കളോടൊപ്പം ബ്രിഡ്ജ് കളിക്കുകയായിരുന്നു. അവരുടെ രണ്ട് ഗെയിം പങ്കാളികളുമായി ആദ്യമിറക്കിയ ലൈഫ് ബോട്ട് #7 ൽ അവർ രക്ഷപ്പെട്ടു.[10] കാർപാത്തിയ എന്ന രക്ഷാ കപ്പലിൽ ന്യൂയോർക്കിൽ എത്തിയ ശേഷം കപ്പൽ മുങ്ങിത്താഴുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയിൽ പ്രത്യക്ഷപ്പെടാൻ ഡൊറോത്തിയെ അവളുടെ മാനേജർ പ്രേരിപ്പിച്ചു. ഒരു റീൽ മാത്രമുള്ള ഈ നാടകീയ ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല രംഗ രചനയും അവർ നിർവ്വഹിച്ചു. ആ രാത്രി ടൈറ്റാനിക്കിൽ അവൾ ധരിച്ച അതേ വേഷമായ വെളുത്ത സിൽക്ക് സായാഹ്ന വസ്ത്രവും സ്വെറ്ററും പോളോ കോട്ടും ധരിച്ച് സിനിമയിലും അവൾ പ്രത്യക്ഷപ്പെട്ടു.[11]
സേവ്ഡ് ഫ്രം ദ ടൈറ്റാനക് അമേരിക്കൻ ഐക്യനാടുകളിലും ബ്രിട്ടനിലും ഫ്രാൻസിലും വൻ വിജയമായിരുന്നുവെങ്കിലും,[12] 1914 ൽ ന്യൂജേഴ്‌സിയിലെ എക്ലെയർ സ്റ്റുഡിയോയിൽ ഉണ്ടായ അഗ്നിബാധയിൽ ഈ ചിത്രത്തിന്റെ അറിയപ്പെടുന്ന ഒരേയൊരു പ്രിന്റും നശിപ്പിക്കപ്പെട്ടു.[13] ചലനചിത്രം നഷ്ടപ്പെടുന്നത് നിശബ്ദ കാലഘട്ടത്തിലെ ഏറ്റവും വലിയ സംഭവമായി ചലച്ചിത്ര ചരിത്രകാരന്മാർ കണക്കാക്കുന്നു.[14] അമേരിക്കൻ ഐക്യനാടുകളിൽ നിർമ്മിച്ച ആദ്യ ഫീച്ചർ സിനിമകളിലൊന്നിലെ അഭിനയം (ഹാൻഡ്സ് എക്രോസ് ദി സീ, 1911), ആദ്യത്തെ അമേരിക്കൻ നിർമ്മിത പരമ്പര അല്ലെങ്കിൽ ചാപ്റ്റർ പ്ലേയിലെ അഭിനയം (ദി റിവഞ്ച് ഓഫ് സിൽക്ക് മാസ്ക്സ്, 1912), ഒരു ചലച്ചിത്ര വ്യക്തിത്വത്തിന്റെ (ജനുവരി 1912) ആദ്യത്തെ പരസ്യമായി പ്രത്യക്ഷപ്പെടൽ എന്നിവ ഡൊറോത്തി ഗിബ്സന്റെ മറ്റ് ആദ്യകാല നേട്ടങ്ങളിൽ ഉൾപ്പെടുന്നു.[15] ഡൊറോത്തി 1912 മെയ് മാസത്തിൽ അകാലത്തിൽ വിരമിക്കുന്ന സമയത്ത് സമകാലിക മേരി പിക്ക്ഫോർഡിനൊപ്പം ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ചലച്ചിത്ര നടിയായിരുന്നു അവർ. ഒരു ഹ്രസ്വവും എന്നാൽ സംഭവബഹുലവുമായ സിനിമാജീവിതത്തിൽ, അവർ ഏകദേശം 22 എക്ലെയർ കമ്പനി സിനിമകളിലും ലുബിൻ, IMP സ്റ്റുഡിയോകളിൽ ആയിരിക്കുമ്പോൾ നിരവധി ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഒരു ആലാപന കരിയർ[16] പിന്തുടരുന്നതിനായി സിനിമ ഉപേക്ഷിച്ച ഡൊറോത്തിയുടെ വേദിയിലെ അവളുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം മാഡം സാൻസ്-ജീനിലെ മെട്രോപൊളിറ്റൻ ഓപ്പറ ഹൗസിലേതായിരുന്നു (1915).
സ്വകാര്യജീവിതം
തിരുത്തുക1911-ൽ, ഡൊറോത്തി ഗിബ്സൺ വിവാഹിതനും സിനിമാ വ്യവസായിയുമായിരുന്ന ജൂൾസ് ബ്രുലാറ്ററുമായി ആറ് വർഷത്തെ പ്രണയബന്ധം ആരംഭിച്ചു. ഈസ്റ്റ്മാൻ കൊഡാക്കിന്റെ വിതരണ മേധാവിയും യൂണിവേഴ്സൽ പിക്ചേഴ്സിന്റെ സഹസ്ഥാപകനുമായിരുന്നു അദ്ദേഹം. എക്ലെയറിന്റെ ഉപദേശകനും നിർമ്മാതാവും കൂടിയായിരുന്ന ബ്രൂലറ്റൂർ 1912 -ലെ ഹിറ്റ് ചിത്രമായിരുന്ന സേവ്ഡ് ഫ്രം ടൈറ്റാനിക്ക് ഉൾപ്പെടെ ഗിബ്സന്റെ നിരവധി സിനിമകൾക്ക് പിന്തുണ നൽകിയിരുന്നു. ഒരു വർഷത്തിനുശേഷം, ന്യൂയോർക്കിൽ ബ്രൂലാറ്ററിന്റെ സ്പോർട്സ് കാർ ഓടിക്കുമ്പോൾ ഡൊറോത്തി ഒരു കാൽനടയാത്രക്കാരനെ ഇടിച്ചു കൊന്നു. തത്ഫലമായുണ്ടായ കോടതി കേസ് സമയത്ത്, അവൾ അദ്ദേഹത്തിന്റെ വെപ്പാട്ടിയാണെന്ന് പത്രങ്ങള് വെളിപ്പെടുത്തി. ബ്രൂലറ്റൂർ ഇതിനകം ഭാര്യയിൽ നിന്ന് വേർപിരിഞ്ഞിട്ടുണ്ടെങ്കിലും, ഈ സംഭവത്തിലെ അപകീർത്തി വിവാഹമോചനത്തിന് കേസ് കൊടുക്കാൻ അദ്ദേഹത്തിന്റെ പത്നിയെ പ്രേരിപ്പിക്കുകയും 1915 ൽ വിവാഹമോചനം നേടുകയും ചെയ്തു.[17] ബ്രൂലറ്റോറിന്റെ പ്രശസ്തിയും രാഷ്ട്രീയ ശക്തിയും ഡൊറോത്തി ഗിബ്സണുമായുള്ള ബന്ധം നിയമവിധേയമാക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചതോടെ ഒടുവിൽ ഈ ദമ്പതികൾ 1917 ൽ വിവാഹിതരായി.
നിയമസാധുത വെല്ലുവിളിക്കപ്പെട്ട ഈ വിവാഹ ബന്ധം രണ്ട് വർഷത്തിന് ശേഷം അസാധുവായിത്തീർന്നു. കരാറായി യൂണിയൻ പിരിച്ചുവിട്ടു. ഗോസിപ്പുകളിൽ നിന്ന് രക്ഷപ്പെട്ട് ഒരു പുതിയ ജീവിതം ആരംഭിക്കാനായി ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പോയ ഡൊറോത്തി, രണ്ടാം ലോകമഹായുദ്ധസമയത്ത് ഇറ്റലിയിൽ ചെലവഴിച്ച നാല് വർഷം ഒഴികെയുള്ള ജീവിതം അവിടെ തുടർന്നു. 1923 ൽ ബ്രൂലാറ്റൂർ ചലച്ചിത്ര നടി ഹോപ് ഹാംപ്ടണെ വിവാഹം കഴിച്ചു.
പിൽക്കാലജീവിതം
തിരുത്തുകഒരു നാസി അനുഭാവിയായും, രഹസ്യാന്വേഷണ പ്രവർത്തകയായും സംശയിക്കപ്പെട്ടിരുന്ന ഡൊറോത്തി 1944-ഓടെ ഇതിലെ തന്റെ പങ്കാളിത്തം ഉപേക്ഷിച്ചു. ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭകയെന്ന നിലയിൽ അറസ്റ്റ് ചെയ്യപ്പെട്ട് സാൻ വിറ്റോറിലെ മിലാൻ ജയിലിൽ തടവിലാക്കപ്പെട്ട അവർ മറ്റ് രണ്ട് തടവുകാരായ പത്രപ്രവർത്തകൻ ഇന്ദ്രോ മൊണ്ടനെല്ലി, ജനറൽ ബാർട്ടോലോ സാംബോൺ എന്നിവരോടൊപ്പം അവിടെനിന്ന് രക്ഷപ്പെട്ടു . മിലാനിലെ ആർച്ച് ബിഷപ്പ് കർദിനാൾ ഇൽഡെഫോൺസോ ഷുസ്റ്ററുടെ ഇടപെടലിലൂടെയും മിലാനീസ് പ്രതിരോധ ഗ്രൂപ്പായ ഫിയമ്മെ വെർഡിയിലെ യുവ പാതിരിയായിരുന്ന ഫാദർ ജിയോവന്നി ബാർബറേച്ചി എന്നിവരിൽനിന്നുമുള്ള സഹായമാണ് ഈ മൂവർക്കും ലഭിച്ചത്.[18]
ഫ്രാൻസിൽ താമസിക്കുന്ന കാലത്ത്, 1946-ൽ, ഹെറ്റൽ റിറ്റ്സ് പാരീസിലെ അപ്പാർട്ട്മെന്റിൽ ഹൃദയാഘാതം മൂലം ഡൊറോത്തി തന്റെ 56-ആം വയസ്സിൽ മരിച്ചു. മൃതദേഹം സെന്റ് ജെർമെയ്ൻ-എൻ-ലായ് സെമിത്തേരിയിൽ സംസ്കരിക്കപ്പെട്ടു. ഗിബ്സന്റെ എസ്റ്റേറ്റ് പാരീസിലെ സ്പാനിഷ് എംബസി നയതന്ത്രജ്ഞനും കാമുകനുമായിരുന്ന എമിലിയോ അന്റോണിയോ റാമോസിനും മാതാവിനുമിടയിൽ വിഭജിക്കപ്പെട്ടു. 1961 വരെ ജീവിച്ചിരുന്ന മാതാവിനെയും പാരീസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പൈതൃകം
തിരുത്തുകഡൊറോത്തി ഗിബ്സന്റെ നശിക്കാതെ അവശേഷിക്കുന്ന ഒരേയൊരു സിനിമ സാഹസിക-കോമഡിയായ എ ലക്കി ഹോൾഡപ്പ് (1912) ആണ്.[19] 2001 ൽ കളക്ടർമാരായ ഡേവിഡും മാർഗോ നവോണും ചേർന്ന് വീണ്ടെടുത്ത് അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംരക്ഷിച്ച ഇത്, ഇപ്പോൾ ലൈബ്രറി ഓഫ് കോൺഗ്രസിൽ സൂക്ഷിച്ചിരിക്കുന്നു.
മറ്റ് യഥാർത്ഥ വ്യക്തികളായ മരിയൻ ഡേവിസ്, ഹോപ് ഹാംപ്ടൺ, ഗന്ന വാൽസ്‌ക എന്നിവരോടൊപ്പം ഓർസൺ വെല്ലസിന്റെ സിറ്റിസൺ കെയ്‌നിലെ (1941) സൂസൻ അലക്സാണ്ടർ എന്ന കഥാപാത്രം, ഭാഗികമായി ഡൊറോത്തിയെ അടിസ്ഥാനമാക്കിയുള്ളതാകാവുന്നതാണ്. അവരുടെ സുഹൃത്ത് ഇന്ദ്രോ മൊണ്ടനെല്ലി രചിച്ച ജനറൽ ഡെല്ല റോവർ എന്ന നോവലിലെ ഒരു കഥാപാത്രത്തിന്റെ പ്രചോദനവും ഗിബ്സൺ ആയിരുന്നു. ഇതിന്റെ ചലച്ചിത്ര ഭാഷ്യത്തിന് 1959 ൽ സംവിധായകൻ റോബർട്ടോ റോസെല്ലിനി നേടി. ദുരന്തത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2012 ലെ ജൂലിയൻ ഫെലോസ് എഴുതിയ ടെലിവിഷൻ മിനി പരമ്പരയായ ടൈറ്റാനിക്കിൽ സോഫി വിങ്കിൾമാൻ ഡൊറോത്തിയെ അവതരിപ്പിച്ചു.
എഴുത്തുകാരായ ഡോൺ ലിഞ്ച്, ജോൺ പി. ഈറ്റൺ എന്നിവർ 1980 -കളിൽ തന്നെ ഡോറോത്തി ഗിബ്സണെക്കുറിച്ച് എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്ത ആദ്യ സമകാലിക ചരിത്രകാരന്മാരാണ്. ഡൊറോത്തിയുടെ ദുരൂഹമായ പിൽക്കാല ജീവിതത്തെക്കുറിച്ചുള്ള ആദ്യത്തെ ആഴത്തിലുള്ള പഠനം ഫിലിപ്പ് ഗോവൻ നടത്തുകയും 2002 ൽ ബ്രിട്ടീഷ് ടൈറ്റാനിക് സൊസൈറ്റിയുടെ ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ Phillip Gowan and Brian Meister, "The Saga of the Gibson Women," Atlantic Daily Bulletin (2002), vol. 3, p. 10; Daughtry, Greg. "For One Jersey Passenger, Survival Brought a Flicker of Silent-Film Stardom", New Jersey Monthly, March 12, 2012. Accessed February 6, 2013.
- ↑ New York Dramatic Mirror, "Gossip of the Studios," August 9, 1911, p. 21
- ↑ Bigham, pp. 8-10
- ↑ Gowan and Meister, vol. 3, p. 10
- ↑ Billboard Magazine, "Dorothy Gibson: The Harrison Fisher Girl with the New American Eclair Stock Co.," November 11, 1911, p. 14
- ↑ Magazine cover art by Harrison Fisher featuring Dorothy Gibson includes the Saturday Evening Post (April 8, 1911), Cosmopolitan (June and July 1911) and Ladies' Home Journal (June 1912)
- ↑ "Dorothy Gibson," Moving Picture News, November 18, 1911, p. 8
- ↑ "A New Star in the Picture Firmament," Moving Picture World, December 2, 1911, p. 720
- ↑ Frank Thompson, Lost Films (1996), pp. 12–18
- ↑ Walter Lord, A Night to Remember (1955), p. 53
- ↑ Chauncey L. Parsons, "Dorothy Gibson From the Titanic: An Account of the Shipwreck by an Actress who Went Through it," New York Dramatic Mirror, May 1, 1912, p. 13
- ↑ Cine-Journal, June 29, 1912, p. 32
- ↑ 17 March 1914 studio fire at Eclair Films America, Fort Lee, NJ. "Eclair American Company". Fort Lee Film Commission. Archived from the original on April 25, 2011. Retrieved 27 February 2014.
- ↑ Thompson, p. 18
- ↑ Bigham, pp. 28, 50, 42
- ↑ "Auto Suit is Settled," New York Times, May 22, 1913, p. 2
- ↑ "Wants Her Income Assured," New York Times, April 23, 1915, p. 19
- ↑ Barbareschi, Giovanni, "Montanelli In fuga da S. Vittore verso la liberta," Il Segno, Oct. 2001, pp. 38–40
- ↑ "Dorothy Gibson in The Lucky Holdup". Encyclopedia Titanica. December 18, 2018.