ഡൊനെറ്റ്സ് തടം
ഉക്രെയ്നിലെ ഒരു മുഖ്യ വ്യാവസായിക-നാഗരിക പ്രദേശമാണ് ഡൊനെറ്റ്സ് തടം. ഡോൺ നദിയുടെ പോഷകനദികളിലൊന്നായ ഡൊനെറ്റ്സിന്റെ തടത്തിലാണ് ഡൊനെറ്റ്സ് പ്രദേശം വ്യാപിച്ചിരിക്കുന്നത്. ഡോൺബാസ് (Donbas) എന്നും പേരുള്ള ഡൊനെറ്റ്സ് നദിക്ക് സൂമാർ 1,050 കി.മീ. നീളമുണ്ട്. ഡൊനെറ്റ്സ് പ്രദേശത്തെ മുഖ്യ ജലസ്രോതസ്സുകളിൽ ഒന്നാണ് ഈ നദി. കിഴക്കു പടിഞ്ഞാറ് സുമാർ 620 കിലോമീറ്ററും, തെക്കുവടക്ക് 70-170 കിലോമീറ്ററും ദൈർഘ്യത്തിൽ വ്യാപിച്ചിരിക്കുന്ന ഡൊനെറ്റ്സ് തടത്തിന് സു. 31,000 ച.കി.മീ. വിസ്തൃതിയുണ്ട്. ലുഗാൻസ്ക് (Lugansk), ഗൊർലൊഫ്ക (Gorlovka), മാകെയെഫ്ക (Makeyevka), സീദനോഫ് (Zhdenov), ക്രമറ്റോർസ്ക് (Kramatorsk), കോൺസ്റ്റാന്റിനോഫ്ക (Konstantinovka), കാദിയേഫ്ക (Kadiyevka), കോമ്യൂണാക്സ്ക് (Kommunacsk), ഷാക്തു (Shakhtu) തുടങ്ങിയവയാണ് ഈ പ്രദേശത്തെ മുഖ്യ നഗരങ്ങൾ.
ഭൂമിശാസ്ത്രപരമായി ഒരു കൽക്കരിപ്പാടമാണ് ഡൊനെറ്റ്സ് തടം. 1721-ൽ ഡൊനെറ്റ്സിൽ കൽക്കരി നിക്ഷേപം കണ്ടെത്തിയതോടെയാണ് ഈ പ്രദേശം വ്യാവസായിക പുരോഗതിയിലേക്കു നീങ്ങിയത്. ഇപ്പോൾ ബിറ്റുമിനസ്, ആന്ത്രസൈറ്റ് എന്നീ കൽക്കരി ഇനങ്ങൾ ഇവിടെനിന്ന് വൻതോതിൽ ലഭിക്കുന്നു. കൽക്കരി ഖനനത്തെ കേന്ദ്രീകരിച്ചുള്ള ഇരുമ്പുരുക്ക് വ്യവസായങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൽക്കരിക്കു പുറമേ മെർക്കുറി, ചുണ്ണാമ്പുകല്ല്, നിർമ്മാണശില എന്നിവയും ഇവിടെനിന്ന് ഖനനം ചെയ്യുന്നു. ഒരു പ്രധാന കാർഷികോത്പാദനകേന്ദ്രം കൂടിയായ ഡൊനെറ്റ്സ് മേഖലയിൽ റഷ്യൻ ആഭ്യന്തരയുദ്ധവും രണ്ടാം ലോകയുദ്ധവും കനത്ത നാശനഷ്ടങ്ങൾ വിതച്ചിരുന്നു.
അവലംബം
തിരുത്തുക- http://www.britannica.com/EBchecked/topic/169077/Donets-Basin
- http://pubs.usgs.gov/bul/2201/E/
- http://www.facebook.com/pages/Donets-Basin/111540225537970
- Images for donets basin
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദന്യെറ്റ്സ് തടം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |