ഇംഗ്ലീഷ് നാടകകൃത്തായ ഷേക്സ്പിയറിന്റെ ഒഥല്ലോ എന്ന ദുരന്ത നാടകത്തിലെ നായികാ കഥാപാത്രമാണ് ഡെസ്ഡിമോണ .

ഡെസ്ഡിമോണ, ഫ്രെഡെറിക് ലെയ്ട്ടന്റെ ചിത്രം

നാടകത്തിൽതിരുത്തുക

വെനീസ് സൈന്യത്തിൽ ഉദ്യോഗസ്ഥനും മൂർവംശജനുമായ ഒഥല്ലോ അവളെ വിവാഹം കഴിക്കുന്നു. ഒഥല്ലോയുടെ കീഴ്ജീവനക്കാരനായ ഇയാഗോക്ക് ഒഥല്ലോയോട് അപ്രീതി തോന്നിയതിനാൽ അയാൾ ഏതുവിധേനയും ഒഥല്ലോയെ നശിപ്പിക്കാൻ തീരുമാനിച്ചു. ഇതോടുകൂടി അയാളുടെ കുതന്ത്രങ്ങൾക്ക് ഇരയാവേണ്ട ദുർഗതി ഡെസ്ഡിമോണയ്ക്കു വന്നുചേരുന്നു. ഡെസ്ഡിമോണ പാതിവ്രത്യ ലംഘനം നടത്തിയെന്ന് യജമാനനെ 'ബോധ്യപ്പെടുത്താൻ' അയാൾ കെണിയൊരുക്കുന്നു. ഡെസ്ഡിമോണയുടെ തൂവാല തഞ്ചത്തിൽ കൈക്കലാക്കുന്ന അയാൾ അത് ഒഥല്ലോയുടെ വിശ്വസ്ത സൈനികനായ കാഷ്യോയുടെ ഭവനത്തിൽ കൊണ്ടിടുന്നു. ആ തൂവാല അവിടെ കാണാനിടയായ ഒഥല്ലോയ്ക്ക് ഭാര്യയിൽ അവിശ്വാസം ജനിക്കുകയും അയാൾ കോപാകുലനായി അവളെ ഞെക്കിക്കൊല്ലുകയും ചെയ്യുന്നു. എന്നാൽ വൈകിയാണെങ്കിലും ഭാര്യയുടെ വിശ്വസ്തതയും സ്നേഹവായ്പും അയാൾ തിരിച്ചറിയുകയും ഇയാഗോയുടെ ദുഷ്ടലക്ഷ്യത്തിന് ബലിയാടാവുകയായിരുന്നു അവൾ എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.

കഥാപാത്ര നിരൂപണംതിരുത്തുക

ഷെയ്ക്സ്പിയറുടെ മാനസപുത്രിമാരിൽ കുലീനതയും സ്വഭാവ മഹിമയും കൊണ്ട് മുൻനിരയിലാണ് ഡെസ്ഡിമോണയുടെ സ്ഥാനം. അവൾക്ക് ഒഥല്ലോയോടുള്ള സ്നേഹാധിക്യവും കൂറും നാടകത്തിന്റെ ആദ്യഭാഗത്തുതന്നെ ഷെയ്ക്സ്പിയർ വ്യക്തമാക്കുന്നുണ്ട്. സുന്ദരിയും സമ്പന്നയുമായ അവളുടെ കരംഗ്രഹിക്കാൻ സുന്ദരന്മാരും സമ്പന്നന്മാരുമായ കമിതാക്കൾ നിരവധി പേരുണ്ടായിരുന്നെങ്കിലും അവളുടെ മനോഗതി വേറൊരു വഴിക്കായിരുന്നു തിരിഞ്ഞത്. പുരുഷന്മാരുടെ ബാഹ്യപ്രകൃതിയേക്കാൾ മനോഗുണത്തിനായിരുന്നു ആ സാധ്വി പ്രാധാന്യം കല്പിച്ചത്. അങ്ങനെയാണ് മൂർവംശജനായ ഒഥല്ലോക്ക് അവൾ തന്റെ മനസ്സു പകുത്തു നല്കിയത്. പിതാവിന്റെ സ്ഥിരം സന്ദർശകനായിരുന്ന ഒഥല്ലോയുടെ വീരസാഹസിക കഥകൾ സ്ത്രീസഹജമായ കൗതുകത്തോടെ മണിക്കൂറുകളോളം കേട്ടിരിക്കുന്നത് അവൾക്കൊരു വിനോദമായിരുന്നു. ഒഥല്ലോയുടെ ജീവിതകഥ മുഴുവൻ കേൾക്കണമെന്നു വരെ ഒരിക്കൽ അവൾ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.

അനുരാഗജന്യമായ ദൃഢചിത്തത ഡെസ്ഡിമോണയിൽ തെളിഞ്ഞു വിളങ്ങുന്നുണ്ട്. ഒഥല്ലോയുമായുള്ള തന്റെ രഹസ്യ വിവാഹം വിവാദവിഷയമായപ്പോൾ അവൾ സെനറ്റിൽ ഹാജരായി തന്റെ വാദമുഖങ്ങൾ ഉന്നയിക്കാനുള്ള ധൈര്യം കാട്ടി. ജീവന്റേയും വിദ്യാഭ്യാസത്തിന്റേയും പേരിൽ പിതാവിനോടുള്ള കടപ്പാട് അംഗീകരിച്ചുകൊണ്ടുതന്നെ ഭർത്താവിനോടുള്ള ഹൃദയബന്ധം (അതു പിതാവിനോടുള്ളതിനേക്കാൾ തുലോം ഉയർന്നതാണുതാനും) നിറവേറ്റാൻ തന്നെ അനുവദിക്കണമെന്ന് പകുതി വെല്ലുവിളിയായും പകുതി അഭ്യർഥനയായും അവൾ ആവശ്യപ്പെട്ടു. തന്റെ മാതാവ് അവരുടെ ഭർത്താവും തന്റെ പിതാവുമായ ബ്രബാൻഷ്യോയ്ക്കാണ് അവരുടെ പിതാവിനോട് ഉള്ളതിൽ കവിഞ്ഞ പരിഗണന നല്കിയതെന്ന വസ്തുത ചൂണ്ടിക്കാട്ടാനും അവൾ മടിച്ചില്ല. വിവാഹം കഴിഞ്ഞ് മധുവിധു ആഘോഷിക്കേണ്ട വേളയിൽ രാജ്യത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനുവേണ്ടി ഭർത്താവിനെ നിറഞ്ഞ ഹൃദയത്തോടെ യാത്രയാക്കാൻ അവളെ പ്രേരിപ്പിക്കുന്നതും അദ്ദേഹത്തോടുള്ള സ്നേഹാതിരേകമല്ലാതെ മറ്റൊന്നുമല്ല.

ഭർത്താവു തനിക്കു നല്കിയ തൂവാല നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ ഡെസ്ഡിമോണ ദുഃഖാകുലയാകുന്നതിന്റെ കാരണവും ഭർത്താവിനോടുള്ള സ്നേഹവായ്പു തന്നെയാണ്. ആ തൂവാല തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ഒഥല്ലോ വിവരിക്കുമ്പോൾ അവൾ ഭയം കൊണ്ടു മരിക്കാൻ തയ്യാറാവുന്നു. തൂവാലയോടൊപ്പം ഭർത്താവിന്റെ സ്നേഹവും നഷ്ടപ്പെടുമെന്നാണ് അവളുടെ ഉത്ക്കണ്ഠ. കോപാക്രാന്തനായി ഒഥല്ലോ മുറിയിൽ നിന്നു പോകുമ്പോൾ ഭർത്താവു തന്നെ സംശയിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് അവൾ വിചാരിക്കുന്നതുപോലും മനസ്സില്ലാമനസ്സോടെയാണ്. ഒരു നിമിഷം ഭർത്താവിനെ കുറ്റപ്പെടുത്തുന്ന അവൾ അടുത്ത നിമിഷം ആത്മോപാലംഭത്തിൽ മുഴുകുന്നു. ഭർത്താവ് തന്നെ ശകാരിച്ചത് അദ്ദേഹം തന്നെ ഒരു ശിശുവായി കാണുന്നതു കൊണ്ടാണെന്നാണ് ആ നിർമ്മല മനസ്വിനിയുടെ വിചാരം. അവസാനം അവൾ ഭർത്താവിന്റെ അത്യാചാരത്തിനു വിധേയയായി ജീവൻ വെടിയുമ്പോൾ നിഷ്കളങ്കത ചിറകറ്റുവീണതോർത്ത് കണ്ണീർ പൊഴിക്കാനേ പ്രേക്ഷകർക്ക് കഴിയുകയുള്ളൂ. പാത്രസൃഷ്ടിയിൽ ഷെയ്ക്സ്പിയർ പ്രദർശിപ്പിച്ചിട്ടുള്ള അതുല്യമായ സർഗവൈഭവത്തിനുദാഹരണമാണ് ഡെസ്ഡിമോണ.

"https://ml.wikipedia.org/w/index.php?title=ഡെസ്ഡിമോണ_(ഒഥല്ലോ)&oldid=2322722" എന്ന താളിൽനിന്ന് ശേഖരിച്ചത്