ഡി. ശ്രീദേവി

കേരള വനിതാ കമ്മീഷൻ പ്രഥമ അദ്ധ്യക്ഷ.

കേരളത്തിലെ പ്രശസ്തയായ ഒരു അഭിഭാഷകയും സാമൂഹിക പ്രവർത്തകയും ആയിരുന്നു ജസ്റ്റിസ്‌ ഡി.ശ്രീദേവി (1939-2018). രണ്ടു തവണ കേരളാ വനിതാ കമ്മിഷന്റെ സംസ്ഥാന അധ്യക്ഷ ആയിരുന്നു. 2018 മാർച്ച് 05ന് അന്തരിച്ചു.[1]

ഡി. ശ്രീദേവി
ജസ്റ്റിസ്‌ ഡി. ശ്രീദേവി
ജനനം(1939-04-28)ഏപ്രിൽ 28, 1939
മരണംമാർച്ച് 5, 2018(2018-03-05) (പ്രായം 78)
മരണ കാരണംകരൾ രോഗം
തൊഴിൽനിയമജ്ഞ, ന്യായാധിപ, സാമൂഹ്യപ്രവർത്തക
സജീവ കാലം1984–2012
അറിയപ്പെടുന്നത്കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷ

ജീവിതം തിരുത്തുക

അദ്ധ്യാപക ദമ്പതികളായ ദാമോദരന്റെയും ജാനകിയമ്മയുടെയും മകളായി തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ 1939 ഏപ്രിൽ 28 നാണ് ശ്രീദേവി ജനിച്ചത്. തിരുവനന്തപുരം എൻ.എസ്.എസ്. കോളേജിൽ നിന്നും പ്രീ-ഡിഗ്രി പൂർത്തിയാക്കിയ ശേഷം കൊല്ലം ശ്രീനാരായണാ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം നിയമ കോളേജിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കി. തുടർന്ന് ജുഡീഷ്യൽ സർവ്വീസിലും പിന്നീട് കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷയായും സേവനം അനുഷ്ടിച്ചു. യു. ബാലാജി ഭർത്താവും ബസന്ത് ബാലാജി മകനുമാണ്. അവസാന കാലത്ത് കൊച്ചിയിലാണ് താമസമാക്കിയിരുന്നത്.[2][3]

ഔദ്യോഗിക ജീവിതം തിരുത്തുക

പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. വ്യാസൻ പോറ്റിയുടെ ജൂനിയറായി 1962ൽ തിരുവനന്തപുരത്ത് വക്കീലായി സേവനം ആരംഭിച്ച അവർ[3] 1971ൽ കൊട്ടാരക്കരയിൽ മുൻസിഫായി നിയമിതയായതോടെ നീതിന്യായ മേഖലയിലെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ആരംഭ കാലം തിരുത്തുക

1984-ൽ ജില്ലാ സെഷൻസ് ജഡ്ജ് ആയി നിയമിക്കപ്പെട്ടു. 1987ലെ തങ്കമണിയിലെ പോലീസ് അതിക്രമത്തെ പറ്റി അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത് ജ. ശ്രീദേവിയെ ആയിരുന്നു. നെയ്യാറ്റിൻകര, കൊല്ലം കോട്ടയം എന്നിവിടങ്ങളിൽ മുൻസിഫായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.[4] 1982ൽ സബ് ജഡ്ജിയായും 1984ൽ ജില്ലാ ജഡ്ജിയായും നിയമിതയായി.[5]

കുടുംബ കോടതി ജഡ്ജി തിരുത്തുക

സംസ്ഥാനത്ത് ആദ്യമായി കുടുംബ കോടതി രൂപീകരിച്ചപ്പോൾ അതിന്റെ ന്യായാധിപ പദവിയിലേക്ക് അന്നത്തെ ചീഫ് ജസ്റ്റിസ് വി.എസ്. മളീമഠ് ജസ്റ്റിസ് ശ്രീദേവിയുടെ പേര് നിർദ്ദേശിച്ചു. പത്തനംതിട്ട ജില്ലാ സെഷൻസ് ജ‍്ജിയായിരിക്കേ, 1992-ൽ അവർ കുടുംബ കോടതിയിൽ ജഡ്ജി ആയി നിയമിക്കപ്പെട്ടു. വിവാഹ മോചനത്തിന് രജിസ്റ്റർ ചെയ്ത നൂറ് ദമ്പതികളെ അനുരഞ്ജനത്തിലൂടെ യോജിപ്പിച്ചത് അവരുടെ നീതി നിർവ്വഹണ രംഗത്തെ കഴിവിന്റെ ഉത്തമ ഉദാഹരണമായിരുന്നു. ആ കുടുംബങ്ങൾ യോജിപ്പോടെ കഴിയുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി ഒരു വർഷത്തിന് ശേഷം ദമ്പതികൾക്കായി ശില്പശാലയും സംഘടിപ്പിച്ചു. ഈ പ്രവർത്തനങ്ങളിലൂടെ അവർ നീതിന്യായ രംഗത്ത് ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയായി ഉയർന്നു.[3]

ഹൈക്കോടതി ജഡ്ജി തിരുത്തുക

1997 ജനുവരി 14ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതായി. നാല് വർഷത്തിലധികം ആ സ്ഥാനത്ത് തുടർന്നു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശങ്ങളുടെ ചരിത്രത്തിലെ സുപ്രധാന ഏടായ ക്രിസ്ത്യൻ ദത്തെടുക്കൽ സംബന്ധിച്ച സുപ്രധാന ഉത്തരവ് ഈ കാലത്ത് ശ്രീദേവിയാണ് പുറപ്പെടുവ്ച്ചത്. ഫിലിപ്പ് ആൽഫ്രഡ് മാൽവിൻ എന്ന പരാതിക്കാരന്റെ ഹർജിയിൽ 1999ലായിരുന്നു ഈ ഉത്തരവ്. ജന്മം നൽകിയ മക്കൾക്കുള്ള എല്ലാ അവകാശങ്ങളും ദത്തെടുക്കുന്ന മക്കൾക്കുമുണ്ടെന്ന് ഈ കേസിൽ അവർ വിധിച്ചു.[3] 2001 ഏപ്രിൽ 28ന് ജ. ശ്രീദേവി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.[6][7]

കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷ തിരുത്തുക

2001-ൽ വിരമിച്ചശേഷം ഉടൻ തന്നെ സർക്കാർ അവരെ കേരളാ വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായി നിയമിച്ചു. 2002 മെയ് 22 വരെ ഒരു വർഷക്കാലം ഈ സ്ഥാനത്ത് തുടർന്നു. ടി. ദേവി, അഡ്വ. നഫീസത്ത് ബീവി, അഡ്വ. കെ. ശാന്തകുമാരി, പി. കെ. സൈനബ, പ്രൊഫ. പി. ഗൗരി, പ്രൊഫ. മോനമ്മ കൊക്കാട് എന്നിവർ അക്കാലത്തെ കമ്മീഷൻ അംഗങ്ങളായിരുന്നു. 02/03/2007 മുതൽ 01/03/2012 വരെ വീണ്ടും കേരളാ വനിതാ കമ്മിഷന്റെ സംസ്ഥാന അധ്യക്ഷ ആയി സർക്കാർ അവരെ നിയമിച്ചു.[8]

പുരസ്കാരങ്ങൾ തിരുത്തുക

ആത്മകഥ തിരുത്തുക

ജസ്റ്റിസ് ഡി. ശ്രീദേവിയുടെ ആത്മകഥയാണ് ആജന്മനിയോഗം[9]

അവലംബം തിരുത്തുക

  1. 1.0 1.1 "ജസ്റ്റിസ് ഡി.ശ്രീദേവി അന്തരിച്ചു". മാതൃഭൂമി. 2018-03-05. Retrieved 5 മാർച്ച് 2018.
  2. "ജസ്റ്റിസ് ഡി.ശ്രീദേവി അന്തരിച്ചു". മാതൃഭൂമി. 2018-03-05. Retrieved 5 മാർച്ച് 2018.
  3. 3.0 3.1 3.2 3.3 ദേശാഭിമാനി, സ്വന്തം ലേഖിക (മാർച്ച് 3, 2018). "മാനുഷികതയാകണം നിയമത്തിന്റെ മുഖമുദ്രയെന്നു വിശ്വസിച്ച നിയമജ്ഞ". No. തിരുവനന്തപുരം. ദേശാഭിമാനി. Retrieved 9 മാർച്ച് 2018.
  4. 4.0 4.1 "Former chairperson of the Kerala Women's Commission Justice Sreedevi passes away". The New Indian Express. 2018-03-06. Archived from the original on 2018-03-06. Retrieved 6 March 2018.
  5. "ജസ്റ്റിസ് ഡി.ശ്രീദേവി അന്തരിച്ചു". Mathubhumi. 2018-03-06. Retrieved 6 March 2018.
  6. "FORMER JUDGES". KERALA HIGH COURT. Retrieved 6 മാർച്ച് 2018.
  7. "Justice D Sreedevi passes away". 5 മാർച്ച് 2018. Retrieved 6 മാർച്ച് 2018.
  8. http://keralawomenscommission.gov.in/vanithaweb/en/index.php?option=com_content&view=article&id=110&Itemid=57 Archived 2018-03-05 at the Wayback Machine. കേരള വനിത കമ്മീഷൻ
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; TOI6March എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഡി._ശ്രീദേവി&oldid=3937753" എന്ന താളിൽനിന്ന് ശേഖരിച്ചത്