ഡി.എൻ.എ. ഫിംഗർപ്രിന്റിംഗ്
ജനിതകതന്മാത്രകളായ ഡി.എൻ.എ. (ഡിയോക്സി റൈബോ ന്യൂക്ലിക് ആസിഡ്)[1] യുടെ ഘടനയിലെ വ്യതിയാനങ്ങൾ പരിശോധിച്ച് വ്യക്തികളെ തിരിച്ചറിയുന്ന ശാസ്ത്രീയരീതിയാണ് ഡി.എൻ.എ. പ്രൊഫൈലിംഗ് അഥവാ ഡി.എൻ.എ. ടൈപ്പിംഗ് അഥവാ ഡി.എൻ.എ. ഫിംഗർപ്രിന്റിംഗ്[2]. പ്രധാനമായും കുറ്റാന്വേഷണശാസ്ത്രത്തിലാണ് ഈ രീതി ഉപയോഗിച്ചു വരുന്നത്.
ഡി.എൻ.എ. എന്ന തന്മാത്ര ഓരോ വ്യക്തിയിലും പാരമ്പര്യമായി പിതാവിൽ നിന്നും മാതാവിൽ നിന്നുമായി സിദ്ധിച്ചുവരുന്നവയാണ്. ഇവയിൽ വെറും അഞ്ചു ശതമാനത്തിൽ താഴെവരുന്ന ഭാഗം മാത്രമേ നിയതമായ ശാരീരികധർമ്മങ്ങൾ അനുഷ്ടിക്കുന്നതായി തിരിച്ചറിയപ്പെട്ടിട്ടുള്ളു. ബാക്കിയുള്ള 95 ശതമാനവും വ്യക്തമായ ധാർമ്മിക അടിത്തറയില്ലാതെ വർത്തിക്കുന്നവയാണ്. എന്നാൽ ഇത്തരം ഡി.എൻ.എ. ഭാഗങ്ങളുടെ ഘടനയിൽ പ്രകടിപ്പിക്കുന്ന വ്യത്യസ്തതകൾ പരിശോധിക്കുക വഴി വ്യക്തികളെ തിരിച്ചരിയാൻ സാധിക്കുന്നു.
ചരിത്രം
തിരുത്തുക1985-ൽ അലെക് ജെഫ്രി എന്ന ബ്രിട്ടിഷ് ശാസ്ത്രജ്ഞനാണ് ഡി.എൻ.എ. പ്രൊഫൈലിംഗ് എന്ന ശാസ്ത്രീയ രീതി വികസിപ്പിച്ചെടുത്തത്.[3] [4] ഡി.എൻ.എ. തന്മാത്രകളിൽ ജീനുകളായി വിവ്ക്ഷിക്കപ്പെടുന്ന ഭാഗങ്ങളെ എക്സോണുകൾ എന്നും ബാക്കി വരുന്ന ഭൂരിഭാഗങ്ങളെ ഇൻട്രോണുകളെന്നും അറിയപ്പെടുന്നു. പ്രധാനമായും ഇൻട്രോണുകളിൽ ഉൾപ്പെടുന്ന ഡി.എൻ.എ. ഭാഗങ്ങളിൽ ആവർത്തിക്കപ്പെടുന്ന ചില അടിസ്ഥാന ജനിതകക്രമങ്ങൾ കണ്ടെത്തി. ഇവ നിരന്തരം ആവർത്തിക്കപ്പെടുന്നുണ്ട്. എന്നാൽ ഇവയുടെ ആവർത്തനങ്ങളുടെ എണ്ണത്തിൽ വ്യത്യസ്തത ഉണ്ട്. അവയെ വി.എൻ.ടി.ആർ. (വേരിയബിൾ നമ്പർ ടാന്റം റിപ്പീറ്റ്സ്)[5] എന്ന് അറിയപ്പെടുന്നു. ഇവയുടെ എണ്ണത്തിൽ വളരെ ഉയർന്ന തരത്തിലുള്ള വ്യതിയാനങ്ങൾ വ്യക്തികൾക്കിടയിൽ ഉണ്ടെന്നും അദ്ദേഹം കണ്ടെത്തി. വ്യക്തികളെ തിരിച്ചറിയാൻ ഇത്തരം വ്യതിയാനങ്ങളെ അടിസ്ഥാനമാക്കി ഡി.എൻ.എ. പ്രൊഫൈലിംഗ് നിർവ്വഹിക്കുന്നു. കൂടിയേറ്റക്കാർ തമ്മിലുള്ള ബന്ധങ്ങൾ നിർണ്ണയിക്കുന്നതിനാണ് ആദ്യമായി ഈ പരിശോധന ഉപയോഗിക്കുന്നത്.
കുറ്റാന്വേഷണത്തിൽ
തിരുത്തുക1983-ലും 1986-ലുമായി ഇംഗ്ലണ്ടിലെ ലീസസ്റ്റർഷയർ എന്ന സ്ഥലത്ത് സംഭവിച്ച സമാനരീതിയിലുള്ള രണ്ടു കൊലപാതകങ്ങൾ പോലീസിനെ ഞെട്ടിച്ചിരുന്നു[6]. 15 വയസ്സ് വീതം പ്രായമുള്ള രണ്ടു പെൺകുട്ടികളാണ് ലൈംഗികാതിക്രമത്തിനിരയായി വധിക്കപ്പെട്ടത്. റിച്ചാർഡ് ബക്കലാന്റ് എന്ന 17-കാരനെ പ്രതിയെന്ന് തിരിച്ചറിഞ്ഞു. രണ്ടു പെൺകുട്ടികളിൽ നിന്നും ലഭിച്ച ശുക്ലക്കറകളിൽ ഒരേ വ്യക്തിയുടേതാണെന്നും പ്രതി ഒരാൾ തന്നെയാണെന്നും തിരിച്ചറിഞ്ഞു. എന്നാൽ ആ വ്യക്തി റിച്ചാർഡ് ആയിരുന്നില്ല. തുടർന്ന് അടുത്തടുത്ത മൂന്ന് നഗരങ്ങളിൽ നിന്നായി നാലായിരത്തിയഞ്ഞൂറിൽപരം വ്യക്തികളുടെ രക്തഗ്രൂപ്പ്നിർണയം നടത്തുകയും തുടർന്ന് സാദ്ധ്യത്പ്പട്ടികയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ ഡി.എൻ.എ. പരിശോധന നടത്തുകയുമുണ്ടായി. ആരിലും എത്താൻ കഴിഞ്ഞില്ല. എന്നാൽ പിന്നീടു ലഭിച്ച സൂചനയിൽ നിന്നും, ആദ്യഘട്ടത്തിൽ രക്തപരിശോധനയിൽ നിന്നും ഒഴിഞ്ഞു മാറിയ കോളിൻ പിച്ച്ഫോർക്ക് എന്ന 27-കാരനിലേക്ക് സംശയം നീണ്ടു. ഡി.എൻ.എ. പരിശോധനയിൽ അയാൾ തന്നെയായിരുന്നു പ്രതി എന്നു തിരിച്ചറിഞ്ഞു. ഇതായിരുന്നു വിപ്ലവകരമായ ആദ്യ കേസ്[7].
എന്തിന്?
തിരുത്തുകനിരവധി മേഖലകളിൽ ഡി.എൻ.എ. പരിശോധന ഉപയോഗിക്കുന്നു. പ്രധാനമായും കുട്ടികളുടെ പിതൃത്വപരിശോധന, മാതൃത്വപരിശോധന, ശവശരീരങ്ങളുടെ തിരിച്ചറിയൽ, വികൃതമാക്കപ്പെട്ടതും പല ഭാഗങ്ങളായി വേർപിരിക്കപ്പെട്ടതുമായ ശരീരഭാഗങ്ങളുടെ തിരിച്ചറിയൽ, കുറ്റകൃത്യങ്ങളിലുൾപ്പെട്ട പ്രതികളെ തിരിച്ചറിയൽ, കൂടിയേറ്റക്കാരുടെ രക്തബന്ധങ്ങൾ തിരിച്ചറിയൽ എന്നിവ.
എങ്ങനെ?
തിരുത്തുകഡി.എൻ.എ. പ്രൊഫൈലിംഗ് നടത്തുന്നതിന് ആദ്യമായി വേണ്ടത് ചർമ്മം, വെളുത്ത രക്തകോശങ്ങൾ, മുടിനാരിഴകൾ, അസ്ഥികൾ, മാംസം ഇവയിൽ ഏതെങ്കിലും തരത്തിലുള്ള കോശങ്ങളാണ്. ഡി.എൻ.എ. തന്മാത്രകൾ അടങ്ങിയിരിക്കുന്നത് ക്രോമസോമുകളിൽ ആയതിനാൽ ന്യൂക്ലിയസ് അഥവാ മർമ്മം ഉള്ള കോശങ്ങളാണ് വേണ്ടത്. ഇവയിൽ നിന്നും ഡി.എൻ.എ. വേർതിരിച്ചെടുക്കുന്നതാണ് ആദ്യ ഘട്ടം. റെസ്ട്രിക്ഷൻ എൻസൈം എന്ന വിഭാഗത്തിൽപ്പെടുന്ന എൻസൈം ഉപയോഗിച്ച് ഡി.എൻ.എ. തന്മാത്രകളെ കൃത്യമായ ഭാഗങ്ങളിൽ വച്ച് മുറിക്കുന്നു. അടുത്ത ഘട്ടത്തിൽ ഇലക്ട്രോഫോറസിസ് എന്ന പ്രക്രിയയിലൂടെ വിവിധ നീളങ്ങളിൽ ഉള്ള ഡി.എൻ.എ. കഷ്ണങ്ങളെ വേർതിരിക്കുന്നു. ഇങ്ങനെ വേർതിരിക്കപ്പെടുന്ന ഡി.എൻ.എ. ഒരു നൈലോൺ ഷീറ്റിലേക്കു മാറ്റപ്പെടുന്നു. ഇവയെ റേഡിയോ ആക്ടീവ് ഫോസ്ഫറസ് അടങ്ങിയ പ്രോബുകളുടെ സഹായത്തോടെ ഒരു എക്സ് റേ ഫിലിമിൽ പകർത്തി പഠനത്തിന് വിധേയമാക്കുന്നു. ഈ പരിശോധനാരീതിയെ സതേർൺ ബ്ലോട്ടിംഗ് എന്ന് അറിയപ്പെടുന്നു.
പി.സി.ആർ - പോളിമറേസ് ചെയിൻ റിയാക്ഷൻ
തിരുത്തുകസാധാരണയായി കോശവിഭജന സമയത്താണ് ഡി.എൻ.എ. തന്മാത്രകൾ ഇരട്ടിക്കുന്നത്. കാരി മുള്ളിസ് എന്ന ശാസ്ത്രജ്ഞൻ 1983-ൽ വികസിപ്പിച്ചെടുത്ത പ്രക്രിയയാണ് പി.സി.ആർ. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒരു സാഹചര്യത്തിൽ ഡി.എൻ.എ. തന്മാത്രകളെ തുടർച്ചയായി ഇരട്ടിപ്പിച്ച് വളരെ കുറഞ്ഞ അളവിലുള്ള ഡി.എൻ.എ.യിൽ നിന്നും കൂടിയ അളവിൽ ഡി.എൻ.എ. ഉൽപാദിപ്പിക്കാൻ പി.സി.ആർ. സഹായിക്കുന്നു. തുടർച്ചയായി നടക്കുന്ന ഈ ഇരട്ടിപ്പിക്കൽ 25-30 തവണ ആവർത്തിക്കുമ്പോഴേക്കും ഒരു ഡി.എൻ.എ. തന്മാത്ര ലക്ഷകണക്കിന് പകർപ്പുകളെ സൃഷ്ടിക്കുന്നു[8]. പഠനം നടത്താൻ ഉദ്ധേഷിക്കുന്ന ഡി.എൻ.എ. ഭാഗങ്ങളെ മാത്രം ഇങ്ങനെ ഇരട്ടിപ്പിക്കുന്നതിലൂടെ ജനിതകഘടന അറിയുന്നതിന് സഹായിക്കുന്നു.
ഭാരതത്തിൽ
തിരുത്തുക1985-ൽ ഇംഗ്ലണ്ടിലാരംഭിച്ച ഈ പരിശോധന, 1989 ആയപ്പോഴേക്കും ഇന്ത്യയിൽ ആരംഭിച്ചു. സ്വയംവികസിപ്പിച്ചെടുത്ത പ്രോബുകളുപയോഗിച്ച് ലാൽജി സിംഗ് എന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ഡി.എൻ.എ. പ്രൊഫൈലിംഗ് ഇന്ത്യയിൽ ആരംഭിച്ചു. ഹൈദരാബാദിൽ സി.സി.എം.ബി. (സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്ക്യുളാർ ബയോളജി)[9] യിൽ ആണ് ആദ്യമായി ഇന്ത്യയിൽ ഈ പരിശോധന നടത്തിയത്. ഇന്ന് വിവിധ ലബോറട്ടറികളിൽ ഈ പരിശോധനാരീതി നടന്നു വരുന്നു.
കേരളത്തിൽ
തിരുത്തുകതിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി[10], കേരളാ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറി[11] എന്നീ സ്ഥാപനങ്ങളിൽ ഈ പരിശോധന നടത്തുന്നു.
അവലംബം
തിരുത്തുക- ↑ "ഡി.എൻ.എ."
- ↑ "ഡി.എൻ.എ. പ്രൊഫൈലിംഗ്". Archived from the original on 2015-12-18. Retrieved 2015-12-22.
- ↑ "യൂണിവേർസിടി ഓഫ് ലീച്സ്റ്റർ". Archived from the original on 2015-12-25. Retrieved 2015-12-22.
- ↑ "അലെക് ജെഫ്രിസ് ഡി.എൻ.എ. ഫിംഗർപ്രിന്റിംഗിനെ പറ്റി സംസാരിക്കുന്നു".
- ↑ "വേരിയബിൾ നമ്പർ ടാന്റം റിപ്പീറ്റ്സ്".
- ↑ "ആദ്യമായി ഡി.എൻ.എ. ഫിംഗർപ്രിന്റിംഗ് ഉപയോഗിച്ച് തെളിയിക്കപ്പെട്ട കേസ്".
- ↑ "ഡി.എൻ.എ. ഫിംഗർപ്രിന്റിംഗ് ഉപയോഗിച്ച് തെളിയിക്കപ്പെട്ട ചില പ്രധാൻ കേസുകൾ".
- ↑ "പി.സി.ആർ".
- ↑ "സി.സി.എം.ബി".
- ↑ "ആർ.ജി.സി.ബി".
- ↑ "ഫോറൻസിക് സയൻസ് ലബോറട്ടറി".