ഡിങ്കൻ
കുട്ടികളുടെ ഇടയിൽ വളരെയധികം പ്രചാരമുള്ള മലയാളത്തിലെ ഒരു ചിത്രകഥയാണ് ഡിങ്കൻ. മംഗളം പ്രസിദ്ധീകരിക്കുന്ന കുട്ടികൾക്കുള്ള ദ്വൈവാരികയായ ബാലമംഗളത്തിലാണ് ഡിങ്കൻ പ്രസിദ്ധീകരിച്ചു വന്നിരുന്നത്.
ഡിങ്കൻ | |
---|---|
![]() | |
പ്രസിദ്ധീകരണവിവരങ്ങൾ | |
പ്രസാധകൻ | ബാലമംഗളം |
ആദ്യം പ്രസിദ്ധീകരിച്ചത് | 1983[1] |
സൃഷ്ടി | എൻ. സോമശേഖരൻ (ആശയം) ബേബി (ചിത്രീകരണം) |
കഥാരൂപം | |
സ്പീഷീസ് | എലി |
ആദ്യം കണ്ട പ്രദേശം | പങ്കില കാട് |
Supporting character of | മിട്ടു മുയൽ |
കരുത്ത് |
|
ആരംഭം തിരുത്തുക
മംഗളം സ്‌ഥാപക പത്രാധിപർ എം.സി. വർഗീസ് 1980-ലാണ് കുട്ടികൾക്കായി ബാലമംഗളം ആരംഭിച്ചത്. 1983-ൽ ഡിങ്കൻ എന്ന കഥാപാത്രം പിറന്നു.[2][3] എൻ. സോമശേഖരൻ - പി. ബേബി കൂട്ടുകെട്ടിലാണ് ഡിങ്കൻ പിറന്നത്. ഈ കൂട്ടുകെട്ടിൽ നമ്പോലൻ, കൊച്ചുവീരൻ, പക്രു തുടങ്ങിയ കഥാപാത്രങ്ങളും പിറവിയെടുത്തിരുന്നു. 'എതിരാളിക്കൊരു പോരാളി, ശക്‌തരിൽ ശക്‌തൻ' എന്ന ടാഗ്‌ലൈൻ ഡിങ്കനായി ഉപയോഗിച്ചിരുന്നു.
25000 കോപ്പികളുമായാണ് ആദ്യലക്കം ബാലമംഗളം പുറത്തിറങ്ങിയത്. ആരംഭകാലത്തു തന്നെ പി. ബേബി മംഗളത്തിൽ ആർട്ടിസ്റ്റായി ഉണ്ടായിരുന്നു. ഡിഗ്രിപഠനം കഴിഞ്ഞ സോമശേഖരൻ 1981-ലാണു ബാലമംഗളത്തിൽ എത്തിയത്. ആദ്യകാലത്ത് കഥകൾക്കായിരുന്നു ബാലമംഗളത്തിൽ പ്രാമുഖ്യം നൽകിയിരുന്നത്. എന്നാൽ ഇതിൽ മാറ്റം വരണമെന്നും കാർട്ടൂൺ കഥാപാത്രങ്ങളെ സൃഷ്‌ടിക്കണമെന്നും എം.സി. വർഗീസ് എഡിറ്റോറിയൽ വിഭാഗത്തോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചർച്ചകൾ പലതു നടന്നെകിലും കഥാപാത്രങ്ങൾ ഒന്നും സൃഷ്ടിക്കപ്പെട്ടില്ല. ഡിഗ്രി പരീക്ഷാഫലം ലഭിച്ചതോടെ സോമശേഖരൻ ജേർണലിസം പഠിക്കാനായി മംഗളത്തിലെ ജോലി ഉപേക്ഷിച്ച് കോഴിക്കോട്ടേയ്ക്ക് യാത്രയാകാൻ തീരുമാനിച്ചു. എന്നാൽ വർഗ്ഗീസ് സോമശേഖരനോടായി 'പഠിച്ചുകൊള്ളൂ അതിനൊപ്പം ഇവിടെ ജോലിയും ചെയ്യാം പഠിച്ചിറങ്ങിയാലും സോമനുള്ള കസേര ഇവിടെ ഒഴിച്ചിട്ടേക്കും' എന്നും പറഞ്ഞ് യാത്രയാക്കി.[2][3]
സോമശേഖരൻ കോഴിക്കോട്ടേയ്ക്ക് മാറിയെങ്കിലും പുതുതായി രൂപം നൽകേണ്ട കാർട്ടൂൺ കഥാപാത്രത്തെക്കുറിച്ചുള്ള ചിന്ത അവസാനിപ്പിച്ചിരുന്നില്ല. അതിനായി 1982-ൽ കാലിക്കറ്റ് സർവകലാശാലയിൽ ജേർണലിസം പഠിച്ചിരുന്ന മുപ്പതുവിദ്യാർഥികളുമായി കഥാപാത്ര സൃഷ്ടിയെക്കുറിക്ക് ചർച്ചകൾ നടത്തിയിരുന്നു. ചിലർ ഇതിനെ തമാശയായി കണ്ടെങ്കിലും ചിലർ അതിനെ ഗൗരവമായി എടുക്കുകയും അമാനുഷിക ശക്‌തിയുള്ള കഥാപാത്രങ്ങൾക്കായി ശ്രമിക്കുകയും ചെയ്തു. ഇത്തരം ചർച്ചകൾക്കൊടുവിലാണ് എലിക്ക് അമാനുഷിക ശക്‌തി നൽകുന്നതിന് സോമശേഖരൻ തീരുമാനമെടുത്തത്. ഡിസംബറിൽ അവധിസമയത്ത് കോഴിക്കോട്ടുനിന്നു കോട്ടയത്ത് എത്തിയ സോമശേഖരൻ എം.സി. വർഗീസിന്റെ ചോദ്യം നേരിടേണ്ടിവന്നു. 'കാർട്ടൂണിനായി കഥാപാത്രത്തെ കിട്ടിയോടോ...' എന്ന ചോദ്യത്തിനു തന്റെ ആശയം വ്യക്തമാക്കി. അതിനായി സമ്മതം നൽകിയ വർഗീസ് ചിത്രം വരയ്ക്കാൻ ബേബിയെ ഏൽപ്പിച്ചാൽ മതിയെന്നും നിർദ്ദേശിച്ചു.[2][3]
എലിക്ക് അമാനുഷിക ശക്‌തിനൽകാമെന്നു തീരുമാനിച്ച ശേഷം കഥാപാത്രത്തിനു പേരു നൽകാനുള്ള ശ്രമത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സ്വീകാര്യമാകുന്ന പേരുവേണമെന്ന് മനസ്സിൽ കരുതിയ സോമശേഖരൻ ഇതിനു 'ഡിങ്കൻ' എന്ന പേരു നൽകി. തുടർന്ന് രൂപകൽപനചെയ്യുന്നതിനായി ഒപ്പം ബേബിയെയും കൂട്ടി. തുടർന്ന് 1983-ൽ മസിൽ വീർപ്പിച്ച് മഞ്ഞ ഉടുപ്പും ചുമപ്പ് ട്രൗസറും അണിഞ്ഞ് നെഞ്ചത്തൊരു നക്ഷത്രവുമായി ഡിങ്കൻ ബാലംബഗളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു.[2][3]
മാതാപിതാക്കളെ അനുസരിക്കാതെ തന്നിഷ്‌ടം കാണിച്ചു നടന്നിരുന്ന ഒരു സാധാരണ എലി മാത്രമായിരുന്നു ഡിങ്കൻ. അങ്ങനെയിരിക്കെ ഒരു ദിവസം അന്യഗ്രഹത്തിൽ നിന്നെത്തിയ ജീവികൾ ഡിങ്കനെ പിടിച്ച് ചില പരീക്ഷണങ്ങൾക്കു വിധേയനാക്കുകയും അതോടെ ഡിങ്കന് അസാധാരണ ശക്‌തിയും കഴിവുകളും ലഭിക്കുകയുമാണ് ചെയ്യുന്നത്. തുടർന്ന് ഡിങ്കൻ തന്റെ കഴിവും ശക്തിയും മൃഗങ്ങളുടെയും കാടിന്റെയും നന്മയ്‌ക്കായി ഉപയോഗിക്കാൻ തീരുമാനിക്കുന്നതുമാണ് ആദ്യരണ്ടുലക്കങ്ങളിൽ ഇതിവൃത്തമാക്കിയത്. തുടർന്നാണ് ഡിങ്കന്റെ ആസ്‌ഥാനമായ പങ്കിലക്കാടും എതിരാളികളായ കരിങ്കാടനും കേരകനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളെ രംഗപ്രവേശം ചെയ്യിക്കുന്നത്.[2][3]
ബാലമംഗളത്തിൽ ഡിങ്കനെ ഉൾപ്പെടുത്തിയതോടെ കോപ്പികളുടെ എണ്ണം 1.5 ലക്ഷം വരെയെത്തിയിരുന്നു.[2] പരീക്ഷക്കാലങ്ങളിൽ കുട്ടികളുടെ ഇത്തരം പ്രസിദ്ധീകരണൾക്ക് ഇടിവു സംഭവിക്കുക സാധാരണമാണ്. എന്നാൽ ബാലംഗളത്തിനു ആ കാലത്തും ഇടിവു സംഭവിക്കാതിരുന്നത് മുതിർന്നവരും ഈ പ്രസിദ്ധീകരണം വായിക്കുന്നതു മൂലമാണെന്ന് ഇക്കണോമിക്‌സ് ടൈംസ് നടത്തിയ സർവേയിൽ കണ്ടെത്തി.[2][3] പിന്നീട് സാങ്കേതിക കാരണങ്ങളാൽ ബാലമംഗളം പ്രസിദ്ധീകരണം നിർത്തി.
ചിത്രീകരണം തിരുത്തുക
വളരെയധികം അത്ഭുത ശക്തികളുള്ള ഒരു എലിയായാണ് ഡിങ്കനെ ചിത്രീകരിക്കുന്നത്. കാട്ടിലെ മൃഗങ്ങൾക്ക് ആപത്തിലെ മിത്രവും ശത്രുക്കളുടെ പേടി സ്വപ്നവും ആയ ഡിങ്കൻ, വനത്തിൽ ആരെങ്കിലും അപകടത്തിൽ പെട്ട് ഡിങ്കാ... എന്ന് നീട്ടി വിളിച്ചാൽ ഉടൻ തന്നെ രക്ഷകനായെത്തും.
മാതാപിതാക്കൾ പറയുന്നതൊന്നും അനുസരിക്കാതെ താന്തോന്നിയായി നടക്കുന്ന ഒരു സാധാരണ എലിയായിരുന്നു ഡിങ്കൻ. അങ്ങനെയിരിക്കെ ഒരു ദിവസം ഡിങ്കനെ ചില അന്യ ഗ്രഹ ജീവികൾ പിടിച്ചു കൊണ്ട് പോയി ചില പരീക്ഷണങ്ങൾക്ക് വിധേയനാക്കി. അങ്ങനെ ഡിങ്കന് അസാധാരണമായ ശക്തിയും കഴിവുകളും ലഭിച്ചു. തന്റെ കഴിവുകൾ മൃഗങ്ങളുടെയും കാടിന്റെയും നന്മക്കായി ഉപയോഗിക്കാൻ ഡിങ്കൻ തീരുമാനിച്ചു.
ഡിങ്കോയിസം തിരുത്തുക
പരമ്പരാഗതമതങ്ങളുടെയും വിശ്വാസങ്ങളുടെയും നിരർത്ഥകത തുറന്നുകാണിക്കുന്നതിനുവേണ്ടി, ഇന്റർനെറ്റിലും സാമൂഹിക മാധ്യമങ്ങളിലും സജീവമായ ചില മലയാളി നിഷ്പക്ഷ സാമൂഹിക പ്രവർത്തകർ ഡിങ്കനെ ഒരു ദൈവമായി ഉപയോഗിയ്ക്കാറുണ്ട്. പാശ്ചാത്യർക്കിടയിൽ പറക്കും ഇടിയപ്പഭീമനുള്ള സ്ഥാനമാണ് ചില മലയാളികൾക്ക് ഡിങ്കദൈവം. ഈ മതം ഡിങ്കോയിസം എന്ന് ഇത്തരക്കാർക്കിടയിൽ അറിയപ്പെടുന്നു.[4] വളരെ കുറച്ചുപേർ മാത്രം പ്രചരിപ്പിക്കുന്ന ഈ മതം വ്യവസ്ഥാപിതമായ മത ചട്ടക്കൂടുകളോ കർമ്മങ്ങളോ ആരാഥനാലയങ്ങളോ ഇല്ലാത്തതാണെന്നും അങ്ങേയറ്റം തമാശ രൂപത്തിലുള്ളതാണെന്നും എന്നതാണ് ഇതിന്റെ പ്രത്യേകത.
ദിലീപിന്റെ സിനിമയ്ക്കെതിരെയുള്ള പ്രതിഷേധം തിരുത്തുക
നടൻ ദിലീപ് തന്റെ സിനിമയ്ക്ക് പ്രൊഫസർ ഡിങ്കൻ എന്ന പേരിട്ടതിൽ പ്രതിഷേധിച്ച് ഡിങ്കോയിസ്റ്റുകൾ ദിലീപിന്റെ ഹോട്ടലായ ദേ പുട്ട് എന്ന കടയിലേക്ക് പ്രതിഷേധയാത്ര നടത്തുകയുണ്ടായി[5]. ഡിങ്കൻ ഉണ്ട് എന്ന പ്ലാക്കർഡുകളും പിടിച്ച് സിനിമയുടെ കഥ എന്തുതന്നെയായാലും തങ്ങളുടെ വികാരങ്ങളെ ദിലീപ് വ്രണപ്പെടുത്തി എന്നും ആരോപിച്ചായിരുന്നു പ്രകടനം.[6] ഒരു പ്രമുഖ നടിയെ പീഡിപ്പിച്ച കേസിൽ ദിലീപ് അറസ്റ്റിലായപ്പോഴും ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.
കോഴിക്കോട്ടു സമ്മേളനം തിരുത്തുക
തങ്ങൾ വിമർശനങ്ങൾക്ക് അതീതരാണെന്നും തങ്ങളുടെ പ്രവൃത്തികളെയും ആചാരങ്ങളെയും ഒരു തരത്തിലും ചോദ്യം ചെയ്യരുതെന്നും ഭീഷണമായ രീതിയിൽ മിക്ക പരമ്പരാഗത മതങ്ങളും പൊതു ഇടങ്ങളിൽ ശബ്ദമുണ്ടാക്കുമ്പോൾ അതിനെ പരിഹാസം കൊണ്ട് നേരിടുകയാണ് ഇതിന്റെ ലക്ഷ്യം. കോഴിക്കോടു വച്ചു 2016 മാർച്ചിൽ നടത്തിയ സമ്മേളനത്തിൽ ഡിങ്കമതക്കാർ മറ്റു മതക്കാരുടെ പലരീതികളെയും പരിഹസിക്കുകയുണ്ടായി. കൂട്ടത്തിൽ ഡിങ്കമതവിശ്വാസികൾക്ക് ന്യൂനപക്ഷപദവി വേണമെന്നും ആവശ്യപ്പെടുകയുണ്ടായി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ അധ്യക്ഷൻ പ്രൊഫസർ പാപ്പൂട്ടിയും സമ്മേളനത്തിൽ സംബന്ധിക്കുകയുണ്ടായി.[7][8] ഡിങ്കമതത്തിന് ക്ഷേത്രങ്ങളില്ലെന്നും വിശ്വാസികൾ ഒത്തുകൂടുന്ന എല്ലായിടവും ഡിങ്കാലയമായി കണക്കാക്കാമെന്നും ഡിങ്കോയിസം പാരഡി മതമല്ലെന്നും മതങ്ങളുടെയും ജാതിയുടെയും പേരിൽ കലഹിക്കുന്നവർക്കിടയിൽ ബോധവത്കരണത്തിനായും സംവാദത്തിനായും തങ്ങൾ ഉണ്ടാകുമെന്നും ഡിങ്കോയിസ്റ്റുകൾ പറഞ്ഞു. കോഴിക്കോട്ട് നടന്ന പ്രഥമ ഡിങ്കമത സമ്മേളനത്തിൽ അഞ്ഞൂറോളം ആളക്കാർ പങ്കെടുത്തു. സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെ ആക്ഷേപഹാസ്യത്തിൽ വിമർശിച്ചു കൊണ്ടാണ് ഡിങ്കോയിസ്റ്റുകൾ കോഴിക്കോട് മാനഞ്ചിറയിൽ ഒരുമിച്ചു കൂടിയത്.[9]
അവലംബം തിരുത്തുക
- ↑ കിരൺ ടോം സാജൻ (2012 ഒക്ടോബർ 7). "Pressure mounts for Dinkan's return". ഡെക്കാൺ ക്രോണിക്കിൾ.കോം. മൂലതാളിൽ നിന്നും 2012-11-24-ന് ആർക്കൈവ് ചെയ്തത്.
{{cite web}}
: Check date values in:|date=
(help); Cite has empty unknown parameter:|9=
(help) - ↑ 2.0 2.1 2.2 2.3 2.4 2.5 2.6 "ഡിങ്കൻ വരുന്നൂ..." മംഗളം. 2016 ഫെബ്രുവരി 21. മൂലതാളിൽ നിന്നും 2016-02-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 ഫെബ്രുവരി 22.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ 3.0 3.1 3.2 3.3 3.4 3.5 "ഡിങ്കന്റെ പിറവിയുടെ കഥ". ഏഷ്യാനെറ്റ് ടിവി. മൂലതാളിൽ നിന്നും 2016-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 ഫെബ്രുവരി 25.
{{cite web}}
: Check date values in:|accessdate=
(help) - ↑ ഇന്ത്യ റ്റുഡേ - 2013 ജനുവരി 16, താൾ 49
- ↑ "ദിലീപിന്റെ ദെ പുട്ടിന്റെ മുന്നിൽ 'ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധം'". Asianet News. മൂലതാളിൽ നിന്നും 2016-02-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 ജനുവരി 31.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://www.newindianexpress.com/magazine/Playing-the-Cat-and-Super-Mouse-Game/2016/03/12/article3320366.ece
- ↑ "Fans of Mallu comic superhero seek 'minority' tag". timesofindia.indiatimes.com. Mar 21, 2016. മൂലതാളിൽ നിന്നും 2016-03-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് Mar 21, 2016.
- ↑ "മതാന്ധതയ്ക്കെതിരെ ഡിങ്ക..ഡിങ്ക". മനോരമഓൺലൈൻ.കോം. 2016 മാർച്ച് 21. മൂലതാളിൽ നിന്നും 2016-03-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 21.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ http://malayalam.webdunia.com/article/kerala-news-in-malayalam/dinkan-dinkoism-dinkoism-meeting-in-kozhikode-116032100043_1.html
പുറം കണ്ണികൾ തിരുത്തുക
- Cult hero Dinkan to make a return, deccanchronicle.com
പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക
- http://www.dinkoism.com/ Archived 2013-01-11 at the Wayback Machine.
- https://www.facebook.com/yuvadinka/