മംഗളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മംഗളം (വിവക്ഷകൾ) എന്ന താൾ കാണുക. മംഗളം (വിവക്ഷകൾ)

കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണ ശാലകളിലൊന്നാണ് മംഗളം. ആസ്ഥാനം കോട്ടയം. 1969-ൽ എം.സി. വർഗ്ഗീസ്‌ കോട്ടയത്ത്‌ കോളജ്‌ റോഡിൽ തുടക്കമിട്ട മംഗളം ഇന്ന് ദിനപത്രവും വിവിധ പ്രസിദ്ധീകരണങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ്‌ വ്യവസായങ്ങളുമായി വളർന്നിരിക്കുന്നു.

റേഡിയോ മംഗളം 91.2

തിരുത്തുക

സാമൂഹിക പ്രതിബദ്ധത മുൻനിർത്തി മംഗളം കുടുംബത്തിൽ നിന്ന് 2016 നവംബർ ഒന്നു മുതൽ പ്രക്ഷേപണം ആരംഭിച്ച കമ്യൂണിറ്റി റേഡിയോയാണ് റേഡിയോ മംഗളം 91.2. ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളെജിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന റേഡിയോയിൽ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ഉപകാരപ്പെടുന്ന നിരവധി പരിപാടികളുണ്ട്. രാവിലെ ആറു മണി മുതൽ രാത്രി പത്തു മണി വരെയാണ് പ്രക്ഷേപണം. കോട്ടയം ജില്ലയിൽ പൂർണമായും പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഭാഗീകമായും റേഡിയോ ലഭിക്കും. ഇതോടൊപ്പം ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളിലും റേഡിയോ മംഗളം ലഭ്യമാണ്.

മംഗളം വാരിക

തിരുത്തുക

1969-ലാണ് മംഗളം വാരികയുടെ തുടക്കം. സാധാരണക്കാർക്കു മനസ്സിലാകുന്ന തരത്തിലുള്ള കഥകളും കവിതകളും ലേഖനങ്ങളും മറ്റുമായിരുന്നു ഇതിന്റെ ഉള്ളടക്കം. അക്കാലത്ത്‌ സാധാരണക്കാർക്ക്‌ വേണ്ടിയുള്ള ഇത്തരം പ്രസിദ്ധീകരണങ്ങൾ കുറവായിരുന്നതിനാൽ മംഗളം വളരെ വേഗത്തിൽ പ്രചാരം നേടി. വിവിധ മേഖലക്കളിൽ ജോലി ചെയ്യുന്നവരെക്കുറിച്ചുള്ള സചിത്ര ലേഖനങ്ങൾ, സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ലേഖനങ്ങൾ, ജനപ്രിയ നോവലുകൾ, രോഗികളെ സഹായിക്കാനുള്ള പംക്തി, സാരോപദേശങ്ങൾ എന്നിങ്ങനെ വിപുലമായിരുന്നു ഉള്ളടക്കം. വളരെ വേഗത്തിൽ പ്രചാരം കൈവരിച്ച മംഗളം എൺപതുകളുടെ മധ്യത്തിൽ ഒരാഴ്ച 18 ലക്ഷം കോപ്പി വിറ്റഴിച്ച്‌ റിക്കാർഡ്‌ നേടി. ഏറെ നാൾ ഈ ഒന്നാം സ്ഥാനം നിലനിറുത്താനും മംഗളത്തിനായി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും മംഗളത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. വായനക്കാരിൽ നിന്ന് ഒരാഴ്ച 10 പൈസ വീതം അധികം ഈടാക്കി നാലാഴ്ച കൊണ്ട്‌ സമാഹരിച്ച പണം ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ച്‌ പണിത കാൻസർ വാർഡാണ ഇതിൽ പ്രധാനം. മംഗളത്തിൽ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന വിധിയുടെ ബലിമൃഗങ്ങൾ എന്ന പംക്തി രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ പരിചയപ്പെടുത്തുന്നതാണ്. ഈ പംക്തിയിലേക്ക്‌ നിരവധി വായനക്കാർ പണം അയച്ച്‌ നൽകുന്നത്‌ അതത്‌ രോഗികൾക്ക്‌ എത്തിച്ച്‌ നൽകുന്നുമുണ്ട്‌.

മംഗളം ദിനപത്രം

തിരുത്തുക
പ്രധാന ലേഖനം: മംഗളം ദിനപത്രം

1989 മാർച്ചിലാണ് മംഗളം ദിനപത്രം പ്രസിദ്ധീകരണം തുടങ്ങുന്നത്‌. സാധാരണക്കാരെ ലക്ഷ്യമിട്ട്‌ തുടങ്ങിയ പത്രത്തിന് ഒരു രൂപയായിരുന്നു തുടക്കത്തിലെ വില. ജോയ്‌ തിരുമൂലപുരം എഡിറ്ററും കെ.എം.റോയ്‌ ജനറൽ എഡിറ്ററുമായിരുന്നു. ഒരുലക്ഷത്തിനു മേൽ കോപ്പികളുമായായിരുന്നു തുടക്കമെങ്കിലും വാരികയുടേതു പോലെ ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. 2001 സെപ്റ്റംബറിൽ പത്രത്തിന്റെ വില ഒന്നര രൂപയാക്കി കുറച്ചു. പക്ഷം ചേരാതെയുള്ള വാർത്താവിതരണത്തോടെ മംഗളം വളരെ വേഗത്തിൽ ശ്രദ്ധ നേടി. ഇതോടെ പ്രചാരവും വർദ്ധിച്ചു. പിന്നീട്‌ രണ്ടു തവണ വിലകൂട്ടിയെങ്കിലും കേരളത്തിൽ ഏറ്റവും വിലക്കുറവുള്ള പത്രം മംഗളമാണ്. ഇപ്പോൾ രണ്ടര രൂപയാണ് വില. കോട്ടയത്തിനു പുറമേ കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിലും എഡീഷനുകളുണ്ട്. വിവിധ കാലയളവിൽ മാടവന ബാലകൃഷ്ണപിള്ള, കുര്യൻ പാമ്പാടി, രാമചന്ദ്രൻ എന്നിവർ എഡിറ്റർമാരായിരുന്നു. ഇപ്പോൾ രാജു മാത്യു ആണ് എൿസിക്യൂട്ടീവ് എഡിറ്റർ. സ്ഥാപക ചീഫ്‌ എഡിറ്റർ എം.സി.വർഗീസിന്റെ മരണ ശേഷം സാബു വർഗീസ്‌ ചീഫ്‌ എഡിറ്റർ ആയി. സാജൻ വർഗീസ്‌ മാനേജിംഗ്‌ ഡയറക്ടറും സജി വർഗീസ്‌ എഡിറ്ററും ബിജു വർഗീസ്‌ മാനേജിംഗ്‌ എഡിറ്ററുമാണ്.

ബാലമംഗളം

തിരുത്തുക
പ്രധാന ലേഖനം: ബാലമംഗളം

കുട്ടികൾക്ക്‌ വേണ്ടിയുള്ള മംഗളം പ്രസിദ്ധീകരണമായിരുന്നു ബാലമംഗളം. ചിത്രകഥകൾ, സാരോപദേശകഥകൾ, സോദ്ദേശ്യ കഥകൾ, കുട്ടികളുടെ ബുദ്ധി വികാസത്തിനുതകുന്ന പംക്തികൾ എന്നിവയാണ് ഉള്ളടക്കം. ബാലമംഗളത്തിലെ ഡിങ്കൻ എന്ന കഥാപാത്രം ഉള്ള ചിത്രകഥ കുട്ടികൾക്ക്‌ ഏറെ ഇഷ്ടമാണ്. മാസികയായി തുടങ്ങിയ ബാലമംഗളം പിന്നീട് വാരികയായി. ദ്വൈവാരികയായി ബാലമംഗളം ചിത്രകഥയും പ്രസിദ്ധീകരിച്ചിരുന്നു. 2012 ഒക്ടോബറിൽ ലാഭപ്രശ്നത്തെ തുടർന്ന് ബാലമംഗളം നിർത്തലാക്കി.

കേരളത്തിൽ ഏറെ ജനപ്രീതി പിടിച്ചുപറ്റിയ ഡിങ്കൻ എന്ന എലിയുടെ കഥ ബാലമംഗളത്തിലാണ് പിറവികൊണ്ടത്. 1980-ൽ തുടങ്ങിയ ബാലമംഗളത്തിൽ 1983-ലാണ് ഡിങ്കൻ കടന്നുവന്നത്. പങ്കിലക്കാട്ടിൽ കഴിച്ചുവളർന്ന സാധാരണ എലിയായിരുന്ന ഡിങ്കനെ അന്യഗ്രഹജീവികൾ പിടിച്ചുകൊണ്ടുപോയി ചില പരീക്ഷണങ്ങൾക്ക് വിധേയരാക്കുന്നതും അതോടെ അവന് അത്ഭുതശക്തികൾ കിട്ടുന്നതുമാണ് കഥ. കേരളത്തിൽ തഴച്ചുവളർന്ന നിരീശ്വരവാദപ്രസ്ഥാനമായ ഡിങ്കമതത്തിന് പ്രചോദനം നൽകിയത് ഇതിലെ ആശയങ്ങളാണ്. ബാലമംഗളം നിർത്തിയപ്പോൾ ഡിങ്കമതവിശ്വാസികൾ വൻ പ്രതിഷേധമാണ് അറിയിച്ചത്.

വനിതകൾക്ക്‌ വേണ്ടിയുള്ള ദ്വൈവാരികയാണ് കന്യക. മാസികയായി തുടങ്ങിയെങ്കിലും പിന്നീട്‌ ദ്വൈവാരികയായി. സ്ത്രീകളുടെ ജീവിതത്തെ ബാധികുന്ന വിവിധ കാര്യങ്ങൾ, കുടുംബജീവിതത്തെ സംബന്ധിച്ച വിഷയങ്ങൾ, കുട്ടികളുടെ പരിപാലനം, ആരോഗ്യം തുടങ്ങിയവയാണ് ഉള്ളടക്കം.

സിനിമാമംഗളം

തിരുത്തുക

സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ വാരികയിലെ ഉള്ളടക്കം.

ജ്യോതിഷഭൂഷണം

തിരുത്തുക

ജ്യോതിഷ വിഷയങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസികയാണിത്‌.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മംഗളം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലുണ്ട്‌. മംഗളം എഞ്ചിനീയറിംഗ കോളജ്‌, എം.എഡ്‌-ബി.എഡ്‌. കോളജൂകൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവ മംഗളത്തിനുണ്ട്‌.

ആരോഗ്യ സ്ഥാപനങ്ങൾ

തിരുത്തുക

കോട്ടയം, ഗാന്ധി നഗർ(കോട്ടയം), പാലക്കാട്‌ എന്നിവിടങ്ങളിൽ മംഗളത്തിന്റെ ഉടമസ്ഥതയിൽ ഡയഗ്നോസ്റ്റിക്‌ സെന്ററുകളുണ്ട്‌.

"https://ml.wikipedia.org/w/index.php?title=മംഗളം_(സ്ഥാപനം)&oldid=3685685" എന്ന താളിൽനിന്ന് ശേഖരിച്ചത്