സിസിലിയിലെ ഒരു ഗ്രീക്കു നഗരമായിരുന്ന സിറാക്യൂസിലെ സ്വേച്ഛാധിപതിയായിരുന്നു ഡയ്ണീഷ്യസ് ഒന്നാമൻ. ഒരു എളിയ കുടുംബത്തിലായിരുന്നു ജനനം. ഗവൺമെന്റ് സർവീസിൽ കേവലമൊരു ക്ലാർക്കായി ജീവനമാരംഭിച്ച ഡയണീഷ്യസ് വ്യക്തിപ്രഭാവം കൊണ്ടും കർമകുശലത കൊണ്ടും ജനറൽ എന്ന ഉന്നത പദവിവരെയെത്തിച്ചേർന്നു. അക്കാലത്ത് ശക്തിപ്രാപിച്ചിരുന്ന കാർത്തജീനിയന്മാരുടെ ആക്രമണം തടയുന്നതിൽ സിറാക്യൂസിലെ ഭരണാധികാരികൾ പരാജയപ്പെട്ടതോടെയാണ് ഡയനീഷ്യസിന് ഭരണ നേത്യത്വത്തിൽ എത്താൻ അവസരമുണ്ടായത്. ബി.സി. 405-ൽ ഇദ്ദേഹം ഭരണ നിർവഹണത്തിനുള്ള ജനറൽ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഡയണീഷ്യസ് ഒന്നാമൻ

കാർത്തജീനിയന്മാരുടെ ഭീഷണി

തിരുത്തുക

രാജ്യത്തു നിലനിന്നിരുന്ന കാർത്തജീനിയന്മാരുടെ ഭീഷണി മുതലെടുത്തുകൊണ്ട് ഇദ്ദേഹം പ്രജകളുടെ വിധേയത്വം നേടിയെടുത്തു. കാർത്തേജുമായുള്ള യുദ്ധത്തിലും തെക്കൻ ഇറ്റലിയിലും സിസിലിയിലും സിറാക്യൂസിന്റെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങളിലുമായിരുന്നു ഭരണകാലത്ത് ഇദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നത്. ഇതിനായി സൈനികശേഷി വർധിപ്പിച്ചു. സുമാർ 397-ലും 392-ലും പിൽക്കാലങ്ങളിലും ഇദ്ദേഹം കാർത്തേജുമായി യുദ്ധം ചെയ്തു. ഏങ്കിലും ഇദ്ദേഹത്തിന് പൂർണ വിജയം നേടാൻ കഴിഞ്ഞില്ല. തെക്കൻ ഇറ്റലിയിൽ ചില നഗരങ്ങൾ ഇദ്ദേഹം പിടിച്ചടക്കിയിരുന്നു. റെജിയം (Rhegium) കീഴടക്കിയതോടെ (386) ഒരു പ്രമുഖശക്തിയെന്ന അംഗീകാരം നേടിയെടുക്കുവാൻ സാധിച്ചു. ഇദ്ദേഹം ഏഥൻസുമായും സ്പാർട്ടയുമായും സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു. കഠിനമായ സാമ്പത്തിക ഭാരം അടിച്ചേല്പിച്ചതു മൂലം പ്രജകളെ തന്റെ കീഴിൽ ഒരുമിച്ചു നിർത്താൻ ഇദ്ദേഹത്തിന് പ്രയാസം നേരിട്ടു. എങ്കിലും ഇദ്ദേഹത്തിന്റെ ഭരണകാലത്ത് സിറാക്യൂസ് പുരോഗതി പ്രാപിച്ചിരുന്നു. ശക്തമായ ഒരു നാവികസേനയ്ക്കും ഇദ്ദേഹം രൂപം നൽകിയിരുന്നു. കലകളുടെ ഉപാസകനായിരുന്ന ഡയണീഷ്യസ് നാടകങ്ങൾ എഴുതിയിരുന്നതായും, ഏഥൻസിൽവച്ചു നടന്ന ഒരുത്സവത്തിൽ ഇതിലൊന്നിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നതായും രേഖപ്പെടുത്തിക്കാണുന്നു. ബി. സി. സു 367-ൽ മരണമടയുന്നതുവരെ ഇദ്ദേഹം അധികാരത്തിൽത്തുടർന്നു. പിന്നീട് പുത്രൻ ഡയണീഷ്യസ് രണ്ടാമൻ ഭരണാധിപത്യം സ്വീകരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയണീഷ്യസ് ഒന്നാമൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡയണീഷ്യസ്_ഒന്നാമൻ&oldid=4083991" എന്ന താളിൽനിന്ന് ശേഖരിച്ചത്