ഭിഷഗ്വരൻ, മനോരോഗചികിത്സകൻ, മനശ്ശാസ്ത്രജ്ഞൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച ബൽജിയംകാരനായ ഡക്രോളി (1871-1931) ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതിയാണ് ഡക്രോളി രീതി. ജനനം മുതൽ 8 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കി കൊണ്ടുള്ളതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി. കുട്ടികളുടെ സ്വാത്മപ്രചോദിതമായ പ്രവൃത്തികളിലൂടെയാണ് ഊർജ്ജിത പഠനം നടക്കുന്നത് എന്ന സിദ്ധാന്തത്തിൽ അധിഷ്ഠിതമാണ് ഡക്രോളി രീതി. ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന മസ്തിഷ്കത്തിന്റെ ഉടമകളാണ് ശിശുക്കൾ. അതിനാൽ ഓരോ നിമിഷവും ശിശു എന്തായിരിക്കും എന്നു പരിഗണിച്ചു കൊണ്ടുവേണം വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കേണ്ടത്. യഥാർഥ പ്രശ്നസാഹചര്യങ്ങൾ സൃഷ്ടിച്ച് അവയെ തരണം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ നിർവഹിക്കുവാനുള്ള ചുമതല. ഇതിനായി നിരീക്ഷണത്തിനും പ്രതികരണത്തിനും സംയോജനത്തിനും ഒക്കെ അവസരം ലഭിക്കത്തക്ക വിധത്തിലുള്ള ചുറ്റുപാടുകൾ കുട്ടികൾക്ക് നൽകേണ്ടതുണ്ട്. ഇത്തരം വിദ്യാഭ്യാസത്തിലൂടെ പ്രായോഗിക ബുദ്ധിവികാസം സാധ്യമായിത്തീരും.

വിദ്യാലയാന്തരീക്ഷം

തിരുത്തുക

വസ്തുതകൾ പുനരാവിഷ്കരിക്കുന്നതിനും, അനുഭവങ്ങൾ സ്വായത്തമാക്കുന്നതിനും, കൂട്ടായും ഒറ്റയ്ക്കും പ്രവർത്തിക്കുന്നതിനും, യഥാർഥ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമൊക്കെ സൗകര്യം നൽകുന്ന പ്രകൃതിജന്യമായ ചുററുപാടുകളോടുകൂടിയ വിദ്യാലയാന്തരീക്ഷമാണ് ഡക്രോളി വിഭാവന ചെയ്തത്. ഇത്തരം സംവിധാനത്തിൽ ഒരു കൈത്തൊഴിൽപ്പണിക്കാരന്റെ പങ്കാണ് അധ്യാപകന് നിർവഹിക്കാനുള്ളത്. പ്രവൃത്തികളിലൂടെയും, അഭിനയത്തിലൂടെയും, സൃഷ്ടികളിലൂടെയും, ഭാവനയിലൂടെയും കുട്ടികൾ അവരുടെ കഴിവുകൾ സ്വയം വെളിപ്പെടുത്തും. അവർക്ക് അതിനുള്ള ഭൌതിക വസ്തുക്കളും സാഹചര്യങ്ങളും നൽകുകയാവണം അധ്യാപകന്റെ ചുമതല. അമൂർത്ത ആശയങ്ങളും മൂർത്തവസ്തുക്കളും തമ്മിലുള്ള പരസ്പര പ്രവർത്തനം, സങ്കലനം ചെയ്തു കൊണ്ടുള്ള വിശകലനം എന്നീ മാർഗങ്ങളിലൂടെ വേണം കുട്ടികൾ വസ്തുതകൾ ഗ്രഹിക്കേണ്ടത്.

എഴുതാനും വായിക്കാനും പഠിക്കുന്നതിനുപരി യഥാർഥ ജീവിതത്തെ നേരിടുന്നതിനുള്ള കഴിവ് ആർജിക്കുന്നതിനാണ് ഡക്രോളി രീതി പ്രാധാന്യം നൽകുന്നത്. അതിനാൽ വിദ്യാഭ്യാസത്തിനു രാഷ്ട്രതന്ത്രപരമായ ഒരു കാഴ്ച്ചപ്പാട് ഉണ്ടായിരിക്കണം എന്നു ഡക്രോളി അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെ ബുദ്ധിപരവും സംഭാഷണപരവുമായ കഴിവുകൾക്ക് ഊന്നൽ നൽകുന്നതോടൊപ്പംതന്നെ ജനാധിപത്യ കാഴ്ച്ചപ്പാടോടുകൂടിയ സാമൂഹികബുദ്ധി വികാസത്തിനും മതിയായ പരിഗണന നൽകണമെന്ന് ഈ രീതി നിഷ്കർഷിക്കുന്നു.

ഡക്രോളി രീതി ശിശുക്കൾക്ക് മാന്യതയും പ്രാധാന്യവും കല്പിക്കുന്നു. ശിശുക്കളുടെ പുരോഗതിയിലുള്ള ഗുണപരമായ മേന്മ തുടർച്ചയായി വിലയിരുത്തുന്ന ഈ സമ്പ്രദായത്തിൽ കുട്ടികൾ തമ്മിലുള്ള പരസ്പര മത്സരത്തിനു പ്രാധാന്യം നൽകാറില്ല. കുട്ടികളെ വിലയിരുത്തുന്നതിന് പരീക്ഷയോ ഗ്രേഡ് സമ്പ്രദായമോ ഒന്നും തന്നെ ഈ രീതിയിൽ ഏർപ്പെടുത്തിയിട്ടുമില്ല.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡക്രോളി രീതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡക്രോളി_രീതി&oldid=2282962" എന്ന താളിൽനിന്ന് ശേഖരിച്ചത്