ട്രൗട്ട്
സാൽമൺ മത്സ്യങ്ങളോടു സാദൃശ്യമുള്ളതും അവയെക്കാൾ വലിപ്പം കുറഞ്ഞതുമായ ശുദ്ധജലമത്സ്യമാണ് ട്രൗട്ട്. സാൽമോണിഡെ (Salmonidae) മത്സ്യകുടുംബത്തിൽപ്പെടുന്ന ഇവയെ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തിവരുന്നു. പോഷകമൂല്യവും രുചിയും കൂടുതലുള്ള മത്സ്യമെന്ന നിലയിൽ ട്രൗട്ടുകൾ സാമ്പത്തിക പ്രാധാന്യവും നേടിയിട്ടുണ്ട്.
ട്രൗട്ടുകളെ മൂന്നു ജെനുസുകളിലായി വർഗീകരിച്ചിരിക്കുന്നു:-
- സാൽമോ (Salmo)
- സാൽവെലിനസ് (Salvelinus)
- ക്രിസ്റ്റിവോമർ (Cristivomer)
മുമ്പ് ഉത്തരാർധ ഗോളത്തിലെ ജലാശയങ്ങളിൽ സാധാരണയായി കണ്ടുവന്നിരുന്ന ഇത്തരം മത്സ്യങ്ങൾ ഇന്ന് ആഗോളവ്യാപനമുള്ളവയാണ്. ശുദ്ധജലത്തിൽ വളരുന്നവയാണെങ്കിലും ജീവിതചക്രത്തിന്റെ പൂർത്തീകരണത്തിനായി ഇവ പലപ്പോഴും സമുദ്രജലത്തിലേക്ക് കടന്നു ചെല്ലാറുണ്ട്. അര കിലോഗ്രാം മുതൽ 45 കിലോഗ്രാം വരെ തൂക്കമുള്ള ട്രൗട്ടുകളെ ലഭിച്ചിട്ടുണ്ട്.
ഘടന
തിരുത്തുകഇവയുടെ ശരീരത്തിൽ ചെറിയ ചെതുമ്പലുകളുണ്ടായിരിക്കും. മുതുകിലെ പൃഷ്ഠചിറകിന്റെ പിന്നിലായി മാംസളമായ മറ്റൊരു പൃഷ്ഠചിറകുകൂടി കാണപ്പെടുന്നു. ഉദരത്തിനടിവശത്തായി ശ്രോണി ചിറകുകളുണ്ടായിരിക്കും. ഓരോ ശ്രോണി ചിറകുകളുടെയും ആധാരഭാഗത്തായി ശൽക്കനിർമിത ഉപാംഗങ്ങളുമുണ്ടായിരിക്കും.
സാൽവെലിനസ് മറ്റു ജീനസ്സുകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നത് മേൽത്താടിയിലെ ദന്തവിന്യാസത്തിലാണ്. സാൽവെലിനസിന്റെ ബോട്ട് ആകൃതിയിലുള്ള മേൽത്താടിയെല്ലിന്റെ മധ്യഭാഗം മേല്പോട്ട് അമർന്നിരിക്കും. ഈ അസ്ഥിയിൽ നിന്ന് പല്ലുകൾ ഉദ്ഭവിക്കുന്നില്ല. പല്ലുകൾ തലയുടെ ഭാഗത്തുമാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നു. തവിട്ടു ട്രൗട്ട്, കഴുത്തുമുറിയൻ ട്രൗട്ട്, മഴവിൽ ട്രൗട്ട്, സ്വർണ ട്രൗട്ട് എന്നിവയിൽ മേൽത്താടിയെല്ലിലോ ഇതിനു പിന്നിലായിട്ടോ പ്രത്യേക രീതികളൊന്നും തന്നെയില്ലാതെ ക്രമീകരിക്കപ്പെട്ട ഏതാനും പല്ലുകളുണ്ട്. തടാകവാസികളായ ക്രിസ്റ്റിവോമർ ട്രൗട്ടുകളുടെ പല്ലുകൾ മേൽത്താടിയെല്ലിന്റെ പുറത്തേക്ക് തള്ളി നിൽക്കുന്ന ഭാഗങ്ങളിലും നാവിന്റെ ആധാരഭാഗത്തുമായിട്ടാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്.
എല്ലായിനം ട്രൗട്ടുകളുടെയും ആഹാരരീതിയും പ്രജനന രീതിയും ഏതാണ്ട് സമാനസ്വഭാവം പുലർത്തുന്നു. പ്രാണികൾ, ചെറുമത്സ്യങ്ങളും അവയുടെ മുട്ടകളും, വിരകൾ, ക്രസ്റ്റേഷ്യനുകൾ തുടങ്ങിയവ ഇവ ഇരയാക്കുന്നു. ആഹാരഭേദമനുസരിച്ചു ട്രൗട്ടുകളുടെ വളർച്ചയിലും വ്യത്യാസം പ്രകടമാണ്.
ആവാസവ്യവസ്ഥ
തിരുത്തുകട്രൗട്ടുകൾ മുട്ടയിടുന്നത് ശുദ്ധജലത്തിലാണ്. ജലാശയങ്ങളുടെ ചരൽനിറഞ്ഞ അടിത്തട്ടിൽ കുഴികളുണ്ടാക്കി അതിലാണ് മുട്ടയിടുന്നത്. ബീജസങ്കലനം നടക്കുന്നത് മുട്ടകൾ നിക്ഷേപിക്കപ്പെട്ടതിനു ശേഷമായിരിക്കും. ബീജസങ്കലനത്തിനു ശേഷം പെൺമത്സ്യങ്ങൾ മുട്ടകളെ മണലും ചരലും കൊണ്ടുമൂടി സംരക്ഷിക്കുന്നു. 4-7 ആഴ്ചകൾക്കുള്ളിൽ മുട്ട വിരിയും. ഇനഭേദവും താപവ്യതിയാനവും അനുസരിച്ച് മുട്ട വിരിയാനുള്ള കാലദൈർഘ്യത്തിലും വ്യത്യാസം വരാറുണ്ട്.
മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ഏതാനും ദിവസങ്ങൾ കുഴിയിൽത്തന്നെ കഴിയുന്നു. കുഞ്ഞുങ്ങൾക്ക് പോഷണം ലഭിക്കുന്നത് മുട്ടയിലടങ്ങിയിട്ടുള്ള സംഭരിതാഹാരമായ പീതക (yolk) ത്തിൽ നിന്നാണ്. കുഴിയിൽ നിന്നു പുറത്തു വരുന്ന കുഞ്ഞുങ്ങൾ (finger lings വിരൽ മത്സ്യം) ചെറിയ ജലപ്ലവകങ്ങളെ ഭക്ഷിക്കാനാരംഭിക്കുന്നു. ഭക്ഷണലഭ്യതയും പരിസ്ഥിതിവ്യത്യാസങ്ങളും അനുസരിച്ച് ഈ വിരൽ മത്സ്യങ്ങളുടെ വളർച്ചാനിരക്കിനും വ്യത്യാസംവരുന്നു. യു.എസ്സിൽ ഒരു വേട്ടമത്സ്യമെന്ന് (sporting fish) പ്രശസ്തിയാർജിച്ച ട്രൗട്ടുമത്സ്യങ്ങളെ വൻതോതിൽ വളർത്തിയെടുക്കാനായി മുട്ടവിരിയിക്കൽ സ്ഥല (hatchery)ങ്ങളിൽ നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ നദികളിലും തടാകങ്ങളിലും നിക്ഷേപിക്കുകയാണ് പതിവ്. ട്രൗട്ടുകളെ രൂചികരമായ മാംസത്തിനായി വ്യാവസായികാടിസ്ഥാനത്തിലും വളർത്തിവരുന്നുണ്ട്.
ഇനങ്ങൾ
തിരുത്തുകതവിട്ടു ട്രൗട്ട്
തിരുത്തുകമൂന്നര കി. ഗ്രാം വരെ തൂക്കം വരുന്ന തവിട്ടു ട്രൗട്ട് (Salmo trutta) യൂറോപ്പിലേയും അമേരിക്കയിലേയും ജലാശയങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. മറ്റു ട്രൗട്ട് ഇനങ്ങൾക്കു ജീവിക്കാൻ കഴിയുന്നതിനെക്കാൾ ഉയർന്ന താപനിലയിൽ തവിട്ടുട്രൗട്ടുകൾക്കു ജീവിക്കാൻ കഴിയുന്നതിനാൽ ഇവയ്ക്ക് ആഗോളവ്യാപനമുണ്ടെന്ന് കരുതപ്പെടുന്നു.
മഴവിൽ ട്രൗട്ട്
തിരുത്തുകവടക്കേ അമേരിക്കൻ പസിഫിക് തീരങ്ങളിലുടനീളം കണ്ടുവരുന്ന മഴവിൽ ട്രൗട്ട് (Salmo gairdnerii) വർണ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമാണ്. മത്സ്യത്തിന്റെ മുതുകിന് നീലയും പാർശ്വങ്ങൾക്ക് തിളക്കമുള്ള വെളുപ്പും നിറമായിരിക്കും. ശരീരത്തിൽ അനുദൈർഘ്യമായി ഇളം ചുവപ്പുനിറത്തിലുള്ള നാട കാണപ്പെടുന്നു. മഴവിൽ ട്രൗട്ടുകൾ രണ്ടു വർഷം പ്രായമാകുമ്പോൾ കടൽ ജലത്തിലേക്ക് പലായനം ചെയ്യുന്നു. കടൽജലത്തിൽവച്ച് ഇവയുടെ നിറം നഷ്ടമായി വെളുപ്പുനിറമുള്ള മത്സ്യമായിത്തീരുന്നു. തവിട്ടു ട്രൗട്ടുകളെപ്പോലെതന്നെ ഇവയ്ക്കും ജലത്തിന്റെ ഉയർന്ന താപനിലയെ അതിജീവിക്കാനാകും.
സ്വർണ ട്രൗട്ട്
തിരുത്തുകഏറ്റവും ശോഭയുള്ള ട്രൗട്ട് ഇനം സ്വർണ ട്രൗട്ട് (Salmo aquabonita) ആണ്. ഇവയുടെ ശരീരത്തിന് സ്വർണനിറമായിരിക്കും. ശരീരത്തിന്റെ ഇളം ചുവപ്പുനിറത്തിലുള്ള വീതികൂടിയ അനുദൈർഘ്യനാടയും മത്സ്യത്തിന്റെ വയറിനടിഭാഗത്തായി കടും ചുവപ്പുനിറത്തിലുള്ള നാടയും കാണപ്പെടുന്നു. മുതുകിലും, മുതുകുചിറകുകളിലും, വാൽച്ചിറകുകളിലും ചെറിയ കറുത്ത പൊട്ടുകളുണ്ടായിരിക്കും.
തടാക ട്രൗട്ട്
തിരുത്തുകതടാക ട്രൗട്ട് മത്സ്യങ്ങൾ (Cristivomer namaycush) ജലസേചന സംഭരണികളിലും തടാകങ്ങളിലും കാണപ്പെടുന്നു. ജലാശയത്തിന്റെ ഉപരിതലത്തിൽനിന്ന് 12 മീറ്ററിലധികം ആഴത്തിലായിട്ടാണ് ഇവ ജീവിക്കുന്നത്. നാലു കി. ഗ്രാം വരെ തൂക്കമുള്ള മത്സ്യങ്ങളാണിവ. ഒമ്പതു കി. ഗ്രാം വരെ തൂക്കമുള്ളവയും അപൂർവമല്ല. ചാരനിറത്തിലുള്ള തടാക ട്രൗട്ടുകളുടെ ശരീരത്തിൽ അനേകം ഇളം ചുവപ്പു പുള്ളികൾ കാണപ്പെടുന്നു. ഇവ മുട്ടയിടുന്നതിനായി അരുവികളിലേക്ക് പലായനം ചെയ്യാറുണ്ട്.
അരുവി ട്രൗട്ട്
തിരുത്തുകകിഴക്കൻ പ്രദേശങ്ങളിലെ മത്സ്യങ്ങളിൽവച്ച് ഏറ്റവും കൂടുതൽ പ്രചാരം നേടിയിട്ടുള്ളത് അരുവി ട്രൗട്ട് (Salvelinus fontinalis) എന്നയിനം മത്സ്യമാണ്. വനനശീകരണവും മലിനീകരണവും ഇവയുടെ വൻതോതിലുള്ള നഷ്ടത്തിനു കാരണമായി. ഇവ തണുപ്പുള്ള ശുദ്ധജലത്തിൽ മാത്രം വളരുന്നവയാണ്. മുതുകിന് പച്ചയും അടിവശത്തിന് തവിട്ടും നിറമായിരിക്കും. പാർശ്വഭാഗങ്ങളിൽ നീല വലയത്തോടുകൂടിയ ചുവപ്പുപൊട്ടുകളും മുതുകുചിറകിൽ കറുത്ത പൊട്ടുകളും കാണപ്പെടുന്നു. വയറിനടിഭാഗത്തിന് ഇളം ചുവപ്പുനിറമായിരിക്കും.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ട്രൗട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
അവലംബം
തിരുത്തുക- Trout and Salmon of North America, Robert J. Behnke, Illustrated by Joseph R. Tomelleri, The Free Press, 2002, hardcover, 359 pages, ISBN 0-7432-2220-2
- Trout Science, Troutlet.com Archived 2017-06-23 at the Wayback Machine., 2000, knowledgebase article
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ട്രൗട്ട് ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Trout Species
- Trout.co.uk - Website focused purely on trout fishing.