ടിഫോൺ

(ടൈഫോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള ഒരു രാക്ഷസനാണ് ടിഫോൺ. ഭൂമിദേവിയും (ഗൈയ) പാതാളദേവതയും (തർത്താറസ്) തമ്മിലുള്ള ഇണചേരലിൽ നിന്നാണത്രേ ടിഫോൺ ജനിച്ചത്. രാക്ഷസന്മാരെ സഹായിച്ച് ദേവന്മാരെ തോൽപ്പിക്കാൻ വേണ്ടിയാണ് ഭൂമിദേവി ടിഫോണിനു ജന്മം നൽകിയതെന്നു വിശ്വസിക്കപ്പെടുന്നു. കഴുതയുടെ തലയും പെരുമ്പാമ്പിന്റെ ഉടലും അനേകം സർപ്പങ്ങൾ ചേർന്ന കൈകളുമുള്ള ഭീതിജനിപ്പിക്കുന്ന ഒരു രൂപമായാണ് ടിഫോണിനെ സങ്കല്പിച്ചിട്ടുള്ളത്. ഏതു ഭാഗത്തേക്കും തിരിക്കാൻ കഴിയുന്ന സർപ്പകരങ്ങൾക്ക് നൂറു കാതം വരെ നീളമുണ്ടായിരുന്നു എന്നാണ് വിശ്വാസം. ഇവ സദാസമയവും ആക്രമണോത്സുകരായി നാനാഭാഗത്തേയ്ക്കും തിരിഞ്ഞുകൊണ്ടിരുന്നു. നക്ഷത്ര പംക്തി വരെ നീട്ടാവുന്ന കഴുത്തും സൂര്യനെ മറച്ച് ഭൂമിയിൽ ഇരുട്ടു പരത്താൻ തക്ക വിസ്തൃതമായ ചിറകും കനലുകൾ പാറുന്ന കണ്ണുകളും അഗ്നിവമിക്കുന്ന വായും ഉള്ള ടിഫോണിനെ മനുഷ്യരും ദേവന്മാരും ഒരുപോലെ ഭയപ്പെട്ടു. ദേവന്മാർ ഒളിമ്പസ് മലയിൽ നിന്നു പലായനം ചെയ്ത് പക്ഷികളുടേയും മൃഗങ്ങളുടേയും വേഷം സ്വീകരിച്ചു ഭയചകിതരായി ജീവിച്ചു. അഥീനിദേവി മാത്രം ഭയന്ന് ആൾമാറാട്ടം നടത്തിയില്ല. അവർ സ്യൂസ് ദേവന്റെ സമീപമെത്തി ദേവന്മാരുടെ ഭീരുത്വത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും സ്യൂസ് ദേവനെ പുകഴ്ത്തി ടിഫോണിനെ വധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. സ്യൂസ് ദേവനും ടിഫോണും ഉഗ്രസംഘട്ടനത്തിൽ ഏർപ്പെട്ടു. ഒടുവിൽ സ്യൂസ് ദേവൻ ഹേമസ് മലയും എറ്റ്നാപർവതവും പിഴുതെറിഞ്ഞു ടിഫോണിനെ വധിച്ചു എന്നാണ് ഐതിഹ്യം.

സിയൂസ് ഇടിമിന്നലുപയോഗിച്ച് ടിഫോണിനെ ആക്രമിക്കുന്നു. (ക്രിസ്തുവിന് മുൻപ് 550)

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിഫോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിഫോൺ&oldid=1686817" എന്ന താളിൽനിന്ന് ശേഖരിച്ചത്