ടി. ശിവദാസമേനോൻ

പൊതു പ്രവർത്തകൻ

1996 മുതൽ 2001 വരെ സംസ്ഥാന ധനകാര്യ, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന പാലക്കാട് ജില്ലയിൽ നിന്നുള്ള മുതിർന്ന സി.പി.എം നേതാവായിരുന്നു ടി.ശിവദാസമേനോൻ. (1932-2022) മൂന്ന് തവണ നിയമസഭാംഗം, രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]

ടി.ശിവദാസമേനോൻ
സംസ്ഥാന ധനകാര്യ, എക്സൈസ് വകുപ്പ് മന്ത്രി
ഓഫീസിൽ
1996-2001
മുൻഗാമിസി.വി. പത്മരാജൻ
പിൻഗാമികെ. ശങ്കരനാരായണൻ
സംസ്ഥാന വൈദ്യുതി, ഗ്രാമവികസന വകുപ്പ് മന്ത്രി
ഓഫീസിൽ
1987-1991
മുൻഗാമിആർ. ബാലകൃഷ്ണപിള്ള
പിൻഗാമിസി.വി. പത്മരാജൻ
നിയമസഭാംഗം
ഓഫീസിൽ
1987, 1991, 1996
മുൻഗാമിഇ.കെ. നായനാർ
പിൻഗാമിവി.എസ്. അച്യുതാനന്ദൻ
മണ്ഡലംമലമ്പുഴ
വ്യക്തിഗത വിവരങ്ങൾ
ജനനം14/06/1932
മണ്ണാർക്കാട്, പാലക്കാട് ജില്ല
മരണംജൂൺ 28, 2022(2022-06-28) (പ്രായം 90)
കോഴിക്കോട്
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളിഭവാനി
കുട്ടികൾ2 daughters
ജോലിഅധ്യാപകൻ
As of 29 ജൂൺ, 2022
ഉറവിടം: നിയമസഭ

ജീവിതരേഖ

തിരുത്തുക

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ വി.ശങ്കരൻകുട്ടി പണിക്കരുടേയും കല്യാണിക്കുട്ടിയമ്മയുടേയും മകനായി 1932 ജൂൺ 14ന് ജനിച്ചു. പുതിയറ ബി.ഇ.എം സ്കൂൾ, സാമൂതിരി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ മേനോൻ സാമൂതിരി കോളേജിൽ നിന്ന് ഇൻറർമീഡിയറ്റ് പാസായതിനുശേഷം ബിരുദ പഠനത്തിന് ചേർന്നു. പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ നിന്ന് ബി.എസ്.സി ബിരുദം നേടിയതിനു ശേഷം ഗുരുവായൂരപ്പൻ കോളേജ്, ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബി.ടി പഠനം പൂർത്തിയാക്കി. 1952-ൽ മണ്ണാർകാടുള്ള കെ.ടി.എം സ്കൂളിൽ രസതന്ത്ര അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1956-ൽ പ്രധാന അധ്യാപകനായ മേനോൻ 1957-ൽ കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷൻ എന്ന സംഘന രൂപീകരിച്ചു. 1958-ൽ സംഘടനയുടെ മലബാർ റീജീയണൽ പ്രസിഡൻറായി. 1975 മുതൽ 1980 വരെ കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1977-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അധ്യാപക ജോലിയിൽ നിന്ന് രാജിവച്ചു. [4]

രാഷ്ട്രീയ ജീവിതം

തിരുത്തുക

അധ്യാപകർക്കിടയിലെ രാഷ്ട്രീയക്കാരനായി 1955-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1956-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് കമ്മറ്റിയിൽ അംഗമായ മേനോൻ 1958 മുതൽ 1964 വരെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാലക്കാട് ജില്ലാക്കമ്മറ്റി അംഗമായും പ്രവർത്തിച്ചു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പെരിന്തൽമണ്ണ താലൂക്ക് കമ്മറ്റി അംഗമായിരുന്ന മേനോൻ 1964-ലെ പിളർപ്പോടെ മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്നു.

1964 മുതൽ 2022 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ മണ്ണാർകാട് ഏരിയ കമ്മറ്റിയിലും, പാലക്കാട് ജില്ലാക്കമ്മറ്റിയിലും അംഗമായിരുന്നു. 1978-ലെ കണ്ണൂർ സമ്മേളനത്തിൽ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായി. 1979 മുതൽ 1987 വരെ സി.പി.എമ്മിൻ്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 1977, 1980, 1984 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1994-ൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി.

1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1987-ലെ നിയമസഭയിൽ ഇടതിന് ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതി, ഗ്രാമവികസന വകുപ്പ് മന്ത്രിയായി. 1991-ൽ മലമ്പുഴയിൽ നിന്ന് വീണ്ടും നിയമസഭാംഗമായ മേനോൻ 1993 മുതൽ 1996 വരെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായിരുന്നു. 1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് മൂന്നാം വട്ടവും നിയമസഭാംഗമായ മേനോൻ 1996-2001-ലെ നായനാർ മന്ത്രിസഭയിലെ ധനകാര്യ, എക്സൈസ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

2001-ലെ നിയമസഭ തിരഞ്ഞെടുപ്പോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിട്ട മേനോൻ പാർട്ടി പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് 2012-ൽ പാർട്ടി സെക്രട്ടേറിയറ്റിൽ നിന്നും 2015-ൽ സംസ്ഥാന കമ്മറ്റിയിൽ നിന്നും ഒഴിവായ മേനോൻ മഞ്ചേരിയിലുള്ള മകളുടെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു.[5]

സ്വകാര്യ ജീവിതം

തിരുത്തുക
  • ഭാര്യ : ഭവാനി
  • മക്കൾ :
  • ടി.കെ.ലക്ഷ്മിദേവി
  • കല്യാണിക്കുട്ടി
  • മരുമക്കൾ
  • അഡ്വ.സി.കരുണാകരൻ(കൊച്ചി)
  • അഡ്വ.സി.ശ്രീധരൻ നായർ(മുൻ ഡയറക്ടറർ ജനറൽ ഓഫ് പ്രോസിക്യൂഷൻ)

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2022 ജൂൺ 28 ന് അന്തരിച്ചു.[6]

  1. "ടി.ശിവദാസമേനോൻ: ആദർശങ്ങളിൽ ഉറച്ച കമ്യൂണിസ്റ്റ്, സമരനായകൻ – ചിത്രങ്ങളിലൂടെ- T Sivadasa Menon | CPM | Manorama News" https://www.manoramaonline.com/news/latest-news/2022/06/28/t-sivadasa-menon-the-stalwart-of-kerala-cpm-passed-away-pictures.html
  2. "മുൻ മന്ത്രി ടി.ശിവദാസ മേനോൻ അന്തരിച്ചു - Former Minister T Sivadasa Menon Dies | Manorama News" https://www.manoramaonline.com/news/latest-news/2022/06/28/former-kerala-minister-t-sivadasa-menon-dies-at-90.html
  3. "ടി.ശിവദാസമേനോൻ: അധ്യാപകനിൽ നിന്ന് കമ്യൂണിസ്റ്റ്, ഉൾക്കാഴ്ചയുള്ള നിലപാടുകൾ - T Sivadasa Menon | CPM | Manorama Online" https://www.manoramaonline.com/news/latest-news/2022/06/28/veteran-cpm-leader-and-former-minister-t-sivadasa-menon-passed-away-a-memoir.html
  4. "മുതിർന്ന സിപിഎം നേതാവ്‌ ടി. ശിവദാസമേനോൻ അന്തരിച്ചു, T Sivadasa Menon,T Sivadasa Menon Passed Away,Former Minister T Sivadasa Menon,CPIM,Malayalam News" https://www.mathrubhumi.com/news/kerala/t-sivadasamenon-passed-away-1.7644483
  5. "അധ്യാപകരെ സംഘടിപ്പിച്ച് സംഘാടകനായി; എം.എൽ.എയാകും മുമ്പേ മന്ത്രിയായി, T Sivadasamenon" https://www.mathrubhumi.com/news/kerala/t-sivadasamenon-passed-away-1.7644514
  6. "ടി.ശിവദാസമേനോന് വിട; ആദരാജ്ഞലി അർപ്പിച്ച് പ്രമുഖർ | sivdasamenon | funeral | manorama news | Kerala News | News from Kerala | Manorama News" https://www.manoramanews.com/news/kerala/2022/06/29/sivadasamenon-funeral.html
"https://ml.wikipedia.org/w/index.php?title=ടി._ശിവദാസമേനോൻ&oldid=3924626" എന്ന താളിൽനിന്ന് ശേഖരിച്ചത്