ടി.സി. അച്യുതമേനോൻ
മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായ സംഗീത നൈഷധത്തിന്റെ കർത്താവാണ് ടി.സി. അച്യുതമേനോൻ (1864 - 1942). തെക്കേക്കുറുപ്പത്തു രാമഞ്ചിറമഠത്തിൽ പാറുക്കുട്ടിയമ്മയുടെയും ഗുരുവായൂർ കോട്ടപ്പടി നടുകാട്ടു കൃഷ്ണൻ നമ്പൂതിരിയുടെയും പുത്രനായി 1864-ൽ തൃശൂരിൽ ജനിച്ചു. നൈസർഗികമായ സംഗീതവാസന ചെറുപ്പത്തിലേ പ്രകടമായിരുന്നു. അച്ഛന്റെ വീട്ടിൽ താമസിച്ചുകൊണ്ട് സംസ്കൃതം പഠിച്ചു. കൊല്ലം നാരായണപിള്ളയുടെ നാടകക്കമ്പനി കേരളവർമയുടെ അഭിജ്ഞാനശാകുന്തളം രംഗത്തവതരിപ്പിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. നാടകത്തിൽ താത്പര്യമുണ്ടായിരുന്ന രാമഞ്ചിറമഠത്തിൽ കാവമ്മ ആ നാടകസമിതിയെ തൃശൂരേക്കു ക്ഷണിച്ചു. നാടകങ്ങളിൽ ശ്ലോകത്തേക്കാൾ ആസ്വാദ്യത ഗാനത്തിനാണെന്ന് കാവമ്മ മനസ്സിലാക്കി. അവരുടെ നിർദ്ദേശപ്രകാരമാണ് അച്യുതമേനോൻ സംഗീതനൈഷധം രചിച്ചത്. 1892-ൽ അത് അരങ്ങേറി.കാട്ടാളനായി നാടകകൃത്തും നളനായി കാവമ്മയും അഭിനയിച്ചു (മലയാള നാടകത്തിലെ ആദ്യത്തെ നടി കാവമ്മയാണ്). ഭാഷയിലെ പ്രഥമ സംഗീതനാടകമായ ആ കൃതിക്ക് വമ്പിച്ച പ്രചാരം ലഭിച്ചു. 39 വർഷംകൊണ്ട് 18 പതിപ്പുകളായി 33,800 പ്രതികൾ ചെലവായി. അച്യുതമേനോൻ 1893-ൽ തൃശൂർ അമ്പാടി പാറുക്കുട്ടിയമ്മയെ വിവാഹം ചെയ്തു. സുപ്രഭാതം, ചിത്രഭാനു, ഭാരതി എന്നിങ്ങനെ മൂന്ന് വാരികകൾ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും പല സമയങ്ങളിലായി കുറേക്കാലം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്വാതിതിരുനാളും ഇരയിമ്മൻ തമ്പിയും തുടങ്ങിവച്ച സംഗീതപാരമ്പര്യത്തിലെ തിളക്കമുള്ളൊരു കണ്ണിയാണ് ടി.സി. അച്യുതമേനോൻ.
അപകീർത്തിക്കേസ്
തിരുത്തുകഒരു പത്രപ്രവർത്തകൻ എന്ന നിലയിലും അച്യുതമേനാൻ പേരെടുക്കുകയുണ്ടായി. സുപ്രഭാതം, ചിത്രഭാനു, ഭാരതി എന്നിങ്ങനെ മൂന്നു സപ്തദൈനികപത്രികകൾ അദ്ദഹം നടത്തി. സുപ്രഭാതത്തിൽ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനം കൊച്ചിയിൽ പത്രപ്രവർത്തന ചരിത്രത്തിൽ ഒന്നാമത്തെ അപകീർത്തിക്കേസ്സിനു കാരണമായിത്തീർന്നു; അതിൽ അദ്ദേഹത്തിനു കോടതി നിശ്ചയിച്ചപിഴ പൊതുജനങ്ങൾ തന്നെ പണം പിരിച്ച് ഒടുക്കി.[1]
പ്രധാന കൃതികൾ
തിരുത്തുക- സംഗീതനൈഷധം
- സംഗീതഹരിശ്ചന്ദ്രചരിതം
- ജനാവാപർവം
- അവസാന പ്രസ്താവന
- മദനികാമൻമഥം
- പദ്മവ്യൂഹഭഞ്ജനം
- കുചേലഗോപാലം
- രുക്മിണീസ്വയംവരം
- ബാലഗോപാലൻ (എല്ലാം നാടകങ്ങൾ)
- ഭദ്രോത്സവം
- ഹരിഹരചരിതം (ആട്ടക്കഥകൾ)
എന്നിവയാണ് പ്രധാന കൃതികൾ. ഇവയിൽ ആദ്യത്തെ നാലു കൃതികൾ മാത്രമേ അച്ചടിക്കപ്പെട്ടിട്ടുള്ളു. 1942 ജൂലൈ 8-ന് ടി.സി. അന്തരിച്ചു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടി.സി. അച്യുതമേനോൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
- ↑ "റ്റി.സി. അച്യുതമേനോൻ" (PDF). കേരള സാഹിത്യ ചരിത്രം അഞ്ചാം ഭാഗം.