ടിൻ പൂശിയ സ്റ്റീൽ കൊണ്ടുള്ള വസ്തുക്കൾ നിർമ്മിക്കുന്ന വ്യവസായം. മൃദുവും വെള്ളിപോലെ തിളങ്ങുന്നതുമായ ടിൻ അഥവാ തകരം എന്ന ലോഹം വളരെ അപൂർവമായി മാത്രമേ ലോഹരൂപത്തിൽ നേരിട്ട് ഉപയോഗിക്കുന്നുള്ളൂ. ടിൻ പ്രധാനമായും സങ്കരലോഹങ്ങൾ (അലോയ്കൾ) നിർമ്മിക്കാനുള്ള ഒരു ഏജന്റാണ്. ചെമ്പ്, ഈയം, സിങ്ക്, ഇരുമ്പ്, കാഡ്മിയം, നാകം, കോബാൾട്ട്, ടൈറ്റാനിയം തുടങ്ങിയ ലോഹങ്ങൾ ടിന്നുമായി ചേർത്ത് വളരെ വേഗം അലോയ് നിർമ്മിക്കാം. ഓട്, പ്യൂറ്റെർ, സോൾഡർ എന്നിവയാണ് പ്രധാന ടിൻ അലോയ്കൾ. സ്റ്റീലിന്റെ പുറത്തു പൂശുന്നതിനുവേണ്ടിയാണ്, മൊത്തം ടിന്നിന്റെ 40 ശതമാനവും ഉപയോഗിക്കുന്നത്. ഇംഗ്ലണ്ടിലെ ലിവർപൂൾ, യു.എസ്സിലെ ടെക്സാസ് എന്നീ സ്ഥലങ്ങളിലാണ് ഏറ്റവുമധികം ടിൻ പ്ലേറ്റ് വ്യവസായശാലകളുള്ളത്.

മധ്യയുഗത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ ചിത്രപ്പണികളുള്ള പാത്രങ്ങൾ നിർമ്മിക്കുന്നതിനാണ് ടിൻ പ്ലേറ്റ് ഉപയോഗിച്ചു തുടങ്ങിയത്. 19-ാം ശ.-ത്തോടെ ടിൻ പ്ലേറ്റ് നിർമ്മാണവിദ്യ പ്രചരിച്ചു. ചായക്കപ്പുകൾ, ട്രേകൾ, പാത്രങ്ങൾ, മെഴുകുതിരിക്കാലുകൾ എന്നിവ നിർമ്മിക്കുന്നതിനുവേണ്ടി ടിൻ പ്ലേറ്റ് ഉപയോഗിച്ചു തുടങ്ങി. എന്നാൽ, ഇന്ന് ടിൻ പ്ലേറ്റുകൾ ഏറ്റവുമധികം ഉപയോഗിക്കുന്നത് ആഹാരസാധനങ്ങൾ, പാനീയങ്ങൾ എന്നിവ സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള കാനുകൾ നിർമ്മിക്കുന്നതിനാണ്. ഒരു വിഷവസ്തു അല്ലാത്തതിനാൽ ആഹാര സാധനങ്ങൾ സൂക്ഷിക്കുന്നതിന് ടിൻകാനുകൾ വളരെ സുരക്ഷിതമാണ്. തുരുമ്പിക്കാതെ ദീർഘകാലം നിലനിൽക്കുമെന്നതും ടിൻ കാനിന്റെ പ്രത്യേകതയാണ്. ജാംഷഡ്പൂരിൽ ടാറ്റായുടെ ഉരുക്കു നിർമ്മാണ വ്യവസായം ആരംഭിച്ചപ്പോൾ, അതോടൊപ്പം ഒരു ടിൻ പ്ലേറ്റ് ഫാക്ടറിയും രൂപം കൊണ്ടിരുന്നു. ക്രമേണ,അലുമിനിയം, നാകം, ചെമ്പ്, ടിൻ തുടങ്ങിയവയെ അടിസ്ഥാനമാക്കിയ വ്യവസായങ്ങളും ഇന്ത്യയിൽ വികസിച്ചു. ആദ്യകാലങ്ങളിൽ കേരളത്തിൽ നിന്നും കശുവണ്ടി കയറ്റുമതി ചെയ്തിരുന്നത് ടിൻ കാനുകളിലായിരുന്നു. നിരവധി ചെറുകിട ടിൻ കാൻ നിർമ്മാണ കമ്പനികൾ കശുവണ്ടി വ്യവസായകേന്ദ്രമായ കൊല്ലത്തും പരിസരപ്രദേശങ്ങളിലും പ്രവർത്തിച്ചിരുന്നു.

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പ്ലേറ്റ് വ്യവസായം ടിൻ പ്ലേറ്റ് വ്യവസായം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിൻ_പ്ലേറ്റ്_വ്യവസായം&oldid=2282851" എന്ന താളിൽനിന്ന് ശേഖരിച്ചത്