തെക്കേ അമേരിക്കയിൽ ബൊളീവിയയിലും പെറുവിലുമായി വ്യാപിച്ചു കിടന്നിരുന്നു എന്നു കരുതപ്പെടുന്ന പ്രാചീന രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രസ്ഥാനമാണ് ടിയവ്നാകൊ. ടിറ്റിക്കാക്ക തടാകത്തിനു സമീപത്തായാണ് ടിയവ്നാകൊയുടെ അവശിഷ്ടങ്ങളുടെ പ്രധാന ശേഖരം കണ്ടെത്തിയിട്ടുള്ളത്. പെറു, ബൊളീവിയ, ഇക്വഡോർ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളുൾപ്പെടുന്ന വിശാലമായ ആൻഡീസ് മേഖലയിൽ പ്രാചീനകാലത്ത് നിലവിൽവന്ന പല രാജ്യങ്ങളിൽ ഒന്നായിരുന്നു ഇത്. ആൻഡീസ് പ്രദേശത്ത് ഒരു പ്രമുഖ ശക്തിയായിരുന്നു ഇതെന്ന് പല ഗവേഷകരും കരുതുന്നുണ്ട്. ഇങ്കാ സാമ്രാജ്യം ശക്തി പ്രാപിക്കുന്നതിനു (15-ാം ശ.) മുമ്പുതന്നെ ഇതിന്റെ രാഷ്ട്രിയ പ്രാധാന്യം നഷ്ടപ്പെട്ടിരുന്നു. ബി.സി. 600-നു മുമ്പു മുതൽ ടിയവ്നാകൊ നിലനിന്നിരുന്നതായി അഭിപ്രായമുണ്ട്. ആദ്യകാല നിവാസികളെപ്പറ്റി വ്യക്തമായ ധാരണയില്ല; ചരിത്രവും വ്യക്തമല്ല. എങ്കിലും അയ്മാറ (Aymara) വിഭാഗക്കാരാണ് ഇതു സ്ഥാപിച്ചതെന്നാണ് ഒരഭിപ്രായം. ഇരുനൂറു വർഷക്കാലത്തോളം (എ.ഡി. 400-നും 600-നും മധ്യേ) ടിയവ്നാകൊ അഭിവൃദ്ധിയുടെ പാരമ്യതയിൽ എത്തിയിരുന്നു എന്നാണ് വിശ്വസിക്കുന്നത്. ഈ രാജ്യവും സംസ്കാരവും 1100 വരെ നിലനിന്നതായി കരുതപ്പെടുന്നു. മെച്ചപ്പെട്ട സാങ്കേതിക വൈദഗ്ദ്ധ്യവും ആസൂത്രണവും ധാരാളം മനുഷ്യപ്രയത്നവും അക്കാലത്തെ നിർമ്മിതികൾക്കു പിന്നിലുണ്ടായിരുന്നു എന്ന സൂചനയാണ് അവശിഷ്ടങ്ങൾ നൽകുന്നത്. 100 ടണ്ണോളം ഭാരമുള്ള കല്ലിൻ കഷണങ്ങൾ ഉപയോഗിച്ചുള്ള കൂറ്റൻ നിർമ്മിതികളുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വശങ്ങൾ ചെത്തിമിനുക്കി, കുമ്മായം ചേർക്കാതെയാണ് നിർമ്മാണം നടത്തിയിട്ടുള്ളത്. ഇവയുടെ പല ഭാഗങ്ങളും പില്ക്കാലത്ത് പൊളിച്ചുനീക്കി മറ്റു നിർമ്മാണപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിട്ടുള്ളതായി കാണുന്നു. അക്കാലത്തുള്ള നിർമ്മിതികളിൽ പ്രധാനമായി ശേഷിക്കുന്നത് ഒറ്റക്കല്ലിൽ തീർത്ത സൂര്യകവാടമാണ്. ഇതിന് മൂന്നു മീറ്റർ ഉയരമുണ്ട്.[2] സൗരവർഷം നിരീക്ഷിക്കാനുള്ളതായിരുന്നു ഇതെന്ന് ചില ഗവേഷകർ കരുതുന്നു. കളിമൺ നിർമ്മിതിയിലും ഇവർ വിദഗ്ദ്ധരായിരുന്നു. സമകാലിക പുരാവസ്തു പഠനങ്ങളിലൂടെ വെളിച്ചത്തു വന്ന അക്കാലത്തെ കാർഷിക രീതികൾ ഇപ്പോൾ ഇവിടെയുള്ള ജനങ്ങൾ ലാഭകരമായി സ്വീകരിച്ചുവരുന്നുമുണ്ട്.

'ടിയവ്നാകൊ'
The "Gate of the Sun"
The "Gate of the Sun"
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംബൊളീവിയ Edit this on Wikidata[1]
മാനദണ്ഡംiii, iv[1]
അവലംബം567
നിർദ്ദേശാങ്കം16°33′17″S 68°40′24″W / 16.554722222222°S 68.673333333333°W / -16.554722222222; -68.673333333333
രേഖപ്പെടുത്തിയത്2 ഡിസംബർ 2000 (Unknown വിഭാഗം)
  1. 1.0 1.1 http://whc.unesco.org/en/list/567. {{cite web}}: Missing or empty |title= (help)
  2. Kolata, Alan L., "The Technology and Organization of Agricultural Production in the Tiwanaku State", Latin American Antiquity, Vol. 2, No. 2 (June 1991), pp. 99–125, Published by: Society for American Archaeology

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിയവ്നാകൊ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിയവ്നാകൊ&oldid=4096929" എന്ന താളിൽനിന്ന് ശേഖരിച്ചത്