വാല്മീകി മഹർഷിയുടെ ആശ്രമത്തിനു സമീപത്തുണ്ടായിരുന്നതായി പുരാണങ്ങളിൽ പരാമൃഷ്ടമായിട്ടുള്ള ഒരു തീർഥമാണ് ടിട്ടിഭസരസ്സ്. കുളക്കോഴി ഇറങ്ങിയ കുളം എന്ന് ശബ്ദാർഥം. ഈ തീർഥത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. പണ്ടൊരിക്കൽ ഒരു കുളക്കോഴി അതിന്റെ പിടയോടൊത്ത് ഈ സ്ഥലത്ത് വസിച്ചിരുന്നു. ഒരു ദിവസം പുറത്തുപോയി തിരിച്ചുവന്ന പൂവൻ അതുവഴി മറ്റു ചില കുളക്കോഴികൾ കടന്നുപോകുന്നതു കണ്ടു. പൂവനു തന്റെ ഭാര്യയിൽ ജാരശങ്ക ഉണ്ടാകുന്നതിന് ഇത് കാരണമായി. പൂവൻ തന്റെ പിടയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ദുഃഖിതയായ പിടക്കോഴി അഷ്ടദിക്പാലകന്മാരെ സ്മരിച്ചു പ്രാർഥിച്ചു. അഷ്ടദിക്പാലകന്മാർ പ്രത്യക്ഷപ്പെട്ട് അവിടെ ഒരു സരസ്സുണ്ടാക്കി. പിടക്കോഴിയെ സരസ്സിൽ ഇറക്കിയാൽ അത് മുങ്ങാതെ മറുകരയെത്തുകയാണെങ്കിൽ പതിവ്രതയാണെന്ന് വിശ്വസിക്കാമെന്ന് അഷ്ടദിക്പാലകന്മാർ കല്പിച്ചു. അതനുസരിച്ച് അവർ പിടയെ സരസ്സിൽ ഇറക്കിവിട്ടു. ഒരു അപകടവും പറ്റാതെ അത് മറുകര എത്തി.

ശ്രീരാമനാൽ ഉപേക്ഷിക്കപ്പെട്ട സീത വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ ചെന്നപ്പോൾ സീതയുടെ പരിശുദ്ധി പരിശോധിക്കാൻ മുനിമാർ സീതയെ ടിട്ടിഭസരസ്സിൽ ഇറക്കി എന്നും ഭൂമിദേവി സീതയെ മടിയിൽ ഇരുത്തി മറുകരയിൽ എത്തിച്ചു സീതയുടെ പരിശുദ്ധി തെളിയിച്ചു എന്നും കഥാസരിത്സാഗരത്തിൽ പ്രസ്താവമുണ്ട്. ഈ സരസ്സും കുളക്കോഴി സംഭവവും തികച്ചും പ്രതീകാത്മകമാണെന്നാണ് ഗവേഷകമതം.

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിട്ടിഭസരസ്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിട്ടിഭസരസ്സ്&oldid=2306337" എന്ന താളിൽനിന്ന് ശേഖരിച്ചത്