ടാങ് ക്രെഡ്
ഒന്നാം കുരിശുയുദ്ധ നേതാവും ആന്റിയോക്കിലെ മുൻ റീജന്റുമാണ് ടാങ് ക്രെഡ് (1100-1112). നോർമൻ ഭരണാധികാരിയായിരുന്ന റോബർട്ട് ഗിസ്കാർഡിന്റെ മകൾ എമ്മയുടെയും ഒഡോയുടെയും മകനായി സു. 1076-ൽ ഇദ്ദേഹം ജനിച്ചു. 1096-ൽ കുരിശുയുദ്ധത്തിൽ പങ്കു ചേർന്നു. ഏഷ്യാമൈനറിലെ ഹെരാക്ളിസിൽ വച്ച് ഇദ്ദേഹം മുഖ്യസേനയിൽ നിന്നും വ്യതിചലിച്ചു നീങ്ങി. തുടർന്ന് നൈസിലും (Nicaea) സിലിഷ്യയിലും (Cilicia) ആക്രമണം നടത്തി. 1907-ഓടെ ഇദ്ദേഹം കുരിശുയുദ്ധത്തിലെ മുഖ്യസേനയോടൊപ്പം വീണ്ടും ചേർന്നു. ഡൊറിലിയം യുദ്ധത്തിലും ആന്റിയോക് പിടിച്ചടക്കുന്നതിലും ടാങ്ക്രെഡ് പങ്കാളിയായിരുന്നു. 1099-ൽ ജറുസലേം കീഴടക്കുന്നതിലും ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നു.
ആന്റിയോക്കിലെ രാജകുമാരനായിരുന്ന ബൊഹിമണ്ട് തുർക്കികളോടു തോറ്റതോടെ ടാങ്ക്രെഡ് ആന്റിയോക്കിലെ റീജന്റായി (1100). എഡേസയിലെ ഭരണാധികാരിയായിരുന്ന ബാൾഡ്വിൻ കക 1104-ൽ മുസ്ലീങ്ങളോടു പരാജയപ്പെട്ടപ്പോൾ ഇദ്ദേഹം എഡേസയിലെ ഭരണ നടത്തിപ്പും ഏറ്റെടുത്തു. 1109-ൽ എഡേസ ബാൾഡ്വിനു തിരിച്ചു നൽകി. 1103-ൽ അവസാനിച്ചിരുന്ന ആന്റിയോക്കിലെ റീജന്റു പദവിയിൽ ഇദ്ദേഹം വീണ്ടും അവരോധിക്കപ്പെട്ടു. സിലിഷ്യയിലും ഉ. സിറിയയിലും ഇദ്ദേഹം തുടർന്നും ആക്രമണം നടത്തി. 1108-ൽ ബൈസാന്തിയക്കാരുടെ കടുത്ത എതിർപ്പ് ഇദ്ദേഹത്തിനു നേരിടേണ്ടിവന്നു. ആന്റിയോക്കിൽ 1112 ഡി. 12-ന് ഇദ്ദേഹം മരണമടഞ്ഞു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാങ് ക്രെഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
അവലംബം
തിരുത്തുക- Robert Lawrence Nicholson, Tancred: A Study of His Career and Work. AMS Press, 1978.
- Peters, Edward, ed., The First Crusade: The Chronicle of Fulcher of Chartres and Other Source Materials, (Philadelphia: University of Pennsylvania Press, 1998)
- Hunn, Stuart - The Life and Times of Tancred (Penguin Publishing 1985)
- Smail, R. C. Crusading Warfare 1097-1193. New York: Barnes & Noble Books, (1956) 1995. ISBN 1-56619-769-4