ടയ്കോ
ഒരു ജാപ്പനീസ് സംഗീതോപകരണമാണ് ടയ്കോ. വലിയതരം ചർമവാദ്യങ്ങളെ സൂചിപ്പിക്കാനാണ് ഈ പദം പൊതുവേ ഉപയോഗിച്ചുപോരുന്നത്. ജപ്പാനിൽ മൂന്നുതരത്തിലുള്ള ടയ്ക്കോകൾ പ്രചാരത്തിലുണ്ട്. തൊങ്ങലുകൾ പിടിപ്പിച്ച ഡഡയ്ക്കോ ആണ് അവയിലൊന്ന്. മറ്റൊന്ന് ത്സുരിഡയ്ക്കോ ആണ്. മൂന്നാമത്തേത് നിനെയ്ഡയ്ക്കോ എന്നാണറിയപ്പെടുന്നത്. ഇവ മൂന്നും ജപ്പാനിലെ കൊട്ടാര സംഗീതശാഖയിലെ പ്രധാന വാദ്യങ്ങളാണ്. ഇവ ഗക്കുഡയ്ക്കോ എന്ന പൊതുനാമധേയത്തിലും അറിയപ്പെടുന്നുണ്ട്.
നോ നാടകത്തിൽ ഉപയോഗിച്ചുവരുന്ന ഷിമെഡയ്ക്കോ ടയ്ക്കോയുടെ മറ്റൊരു രൂപഭേദമാണ്. ഇതിന് നാഴികമണിയുടെ രൂപമാണുള്ളത്. ഈ ടയ്ക്കോ നോയിലെന്നപോലെ കബുകി യിലും കാഗുറ സംഗീതത്തിലും ഉപയോഗിക്കാറുണ്ട്.
വീപ്പയുടെ ആകൃതിയിലുള്ള ഒരുതരം ടയ്ക്കോ ആണ് ഓഡയ്ക്കോ. കബുകിയുടെ വിളംബരസന്ദർഭത്തിൽ ഈ വാദ്യമാണുപയോഗിക്കുക. ഇത് ഉപയോഗിക്കാറുള്ള മറ്റൊരു അവതരണസന്ദർഭം ഉത്സവാഘോഷ വേളയാണ്. ചക്രങ്ങളിൽ ഉറപ്പിച്ചു നിർത്തിയിട്ടു മാത്രം നീക്കാവുന്ന തരത്തിൽ വലിപ്പമുള്ള ഒരു വാദ്യമാണിത്.
വീപ്പയുടെ ആകൃതിയിൽത്തന്നെയുള്ളതും എന്നാൽ ഓഡയ്ക്കോയെക്കാൾ ചെറുതും താരതമ്യേന ലോലവുമായ ഒരു ടയ്ക്കോ ആണ് ഹിരാസുരിഡയ്ക്കോ. ഇത് ഒരു സ്റ്റാൻഡിൽ ഞാത്തിയിട്ടിട്ടാണ് വാദനം നടത്താറുള്ളത്. കബുകിയിലും ജനപ്രിയസംഗീതരൂപമായ സിനോ-ജാപ്പനീസ് സംഗീതത്തിലും ഇതുപയോഗിക്കുന്നു.
പുറംകണ്ണികൾ
തിരുത്തുക- About Soh Daiko Archived 2010-05-02 at the Wayback Machine.
- San Francisco Taiko Dojo Archived 2010-11-29 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടയ്കോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |