പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ സ്ഥാപിതമായ തിരുവനന്തപുരം നിരീക്ഷണാലയത്തിന്റെ സ്ഥാപക മേധാവിയായിരുന്നു ജോൺ കാൽഡെകോട്ട് (1800-1849).[1][2]. ജ്യോതിശാസ്ത്രജ്ഞൻ, കാലാവസ്ഥാ ശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹം പ്രശസ്തനായിരുന്നു. തിരുവിതാംകൂർ രാജ്യത്തിന്റെ ആലപ്പുഴ തുറമുഖത്തെ വ്യാപാര പ്രതിനിധി, എന്ന സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം 1837 ലാണ് തിരുവനന്തപുരം നിരീക്ഷണാലയത്തിന്റെ മേധാവി ആയത്.[3]. നിരീക്ഷണാലയത്തിനു വേണ്ടി, ഒരു നക്ഷത്ര സ്ഥാന നിർണ്ണയ ഉപകരണവും (transit instrument), രണ്ടു മ്യൂറൽ ചക്രങ്ങളും (ചുവരിൽ ഘടിപ്പിക്കുന്ന ദൂരദർശിനിയുൾപ്പെടുന്ന ചക്രം - ഉയരവും, ഉച്ചദൂരങ്ങളും അളക്കാൻ ഉപയോഗിക്കുന്നു)ഒരു ഭൂമദ്ധ്യരേഖാപരമായ ദൂരദർശിനിയും, കാന്തിക , കാലാവസ്ഥാ പഠന ഉപകരണങ്ങളും അദ്ദേഹം വാങ്ങുകയുണ്ടായി. ഇവ നിരീക്ഷണാലയത്തിന്റെ പിന്നീടുള്ള വളർച്ചയ്ക്ക് വളരെ നിർണ്ണായകമായിരുന്നു. 1843 ലേയും 1845 ലേയും വാൽനക്ഷത്രങ്ങളുടെ പ്രദക്ഷിണ പഥങ്ങളുടെ നിർണ്ണയവും പഠനങ്ങളുമുൾപ്പെടെയുള്ള വിപുലമായ ബഹിരാകാശ നിരീക്ഷണ വിവരങ്ങൾ അദ്ദേഹം ശേഖരിക്കുകയുണ്ടായി.[4] ബ്രിട്ടീഷ് നടനായ നിക്ക് കാൽഡെകോട്ട്, ജോൺ കാൽഡെകോട്ടിന്റെ ആറാം തലമുറയിൽ പെട്ട വ്യക്തിയാണ്. ലണ്ടനിലെ റോയൽ സൊസൈറ്റിയിലെ സമിതി അംഗമായിരുന്നു ജോൺ കാൽഡെകോട്ട്. കേരളത്തിലെ ആദ്യത്തെ ആധുനിക ശാസ്ത്ര പ്രബന്ധം മദ്രാസ് ശാസ്ത്ര സാഹിത്യ പത്രികയിൽ പ്രസിദ്ധപ്പെടുത്തിയത് അദ്ദേഹമാണ്. സ്വാതിതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് 1834 ലാണ് അദ്ദേഹത്തെ തിരുവനന്തപുരം നിരീക്ഷണാലയത്തിന്റെ സ്ഥാപനത്തിനായി ക്ഷണിച്ചു വരുത്തിയത്. 1849 ൽ മരണപ്പെട്ട അദ്ദേഹത്തെ, തിരുവനന്തപുരം യൂണിവേഴ്സിറ്റി മൈതാനത്തിനു സമീപത്തുള്ള ഇംഗ്ലീഷ് പള്ളിയിലാണ് അടക്കം ചെയ്തത്.[5].

അവലംബം തിരുത്തുക

  1. "ദേശീയ ജീവചരിത്ര നിഘണ്ടു. 1885-1900, വാല്യം 08 - കാൽഡെകോട്ട്, ജോൺ (ഡി എൻ ബി 00)". വിക്കിസോഴ്സ്, വിക്കിമീഡിയ. Retrieved 2013-06-17.
  2. "ജോൺ കാൽഡെകോട്ടിന് ശ്രദ്ധാഞ്ജലി". ഹിന്ദു - ദേശീയ ദിനപത്രം. Retrieved 2013-06-17.
  3. "തിരുവനന്തപുരം നിരീക്ഷണാലയം - ഡോ: ഗോപ്ചന്ദ്രന്റെ ലേഖനം". സി ഡിറ്റ്, കേരള സർക്കാർ. Retrieved 2013-06-18.
  4. "18ഉം 19ഉം നൂറ്റാണ്ടുകളിലെ ഇന്ത്യൻ ബഹിരാകാശ പഠന രംഗം - തിരുവനന്തപുരം നിരീക്ഷണാലയം". ഓസ്റ്റിനിലെ ടെക്സാസ് സർവ്വകലാശാല. Archived from the original on 2012-02-18. Retrieved 2013-06-18.
  5. "ജോൺ കാൽഡെകോട്ട് സ്മരിക്കപ്പെട്ടു". എന്താ.കോം. Archived from the original on 2012-04-07. Retrieved 2013-06-18.
"https://ml.wikipedia.org/w/index.php?title=ജോൺ_കാൽഡെകോട്ട്&oldid=3804599" എന്ന താളിൽനിന്ന് ശേഖരിച്ചത്