ജോഹാൻ അഗ്രിക്കോള ജർമനിയിലെ ഒരു മതപരിഷ്കർത്താവ് ആയിരുന്നു. ഈസ്ളിബൻ നഗരത്തിൽ 1494 ഏപ്രിൽ 20-ന് ജനിച്ചു. വിറ്റൻബർഗ് സർവകലാശാലയിൽ മാർട്ടിൻ ലൂഥറുടെ (1483-1546) ശിഷ്യനായിരുന്ന അഗ്രിക്കോള, അദ്ദേഹവുമായി ആരംഭകാലം മുതൽ അടുത്തു പ്രവർത്തിക്കുകയും പ്രോട്ടസ്റ്റന്റ് സഭാവിഭാഗം സംഘടിപ്പിക്കുന്നതിൽ ആവേശപൂർവം പങ്കെടുക്കുകയും ചെയ്തു. 1519-ൽ ലീപ്സിഗിൽ കൂടിയ ജർമൻമതാചാര്യ സമ്മേളനത്തിൽ ലൂഥറിനോടൊപ്പം പങ്കെടുക്കുകയും സമ്മേളനത്തിന്റെ നടപടികൾ രേഖപ്പെടുത്തുന്ന കാര്യദർശിയായി സേവനം അനുഷ്ഠിക്കുകയുമുണ്ടായി. വിറ്റൻബർഗ്, ഈസ്ളിബൻ, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ ഇദ്ദേഹം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ പ്രചാരകനായി പ്രവർത്തിച്ചു.

ജോഹാൻ അഗ്രിക്കോള

ദൈവകൃപയുടെ പശ്ചാത്തലത്തിൽ വിശ്വാസികൾ സദാചാരനിയമങ്ങൾക്ക് അതീതരാണെന്ന് അനുശാസിക്കുന്ന ആന്റിനോമിയാനിസത്തിന്റെ വക്താവായി മാറിയപ്പോൾ (1536) ഇദ്ദേഹത്തിന് ലൂഥറുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടിവന്നു. 1540-ൽ വിറ്റൻബർഗിൽ നിന്ന് ബർലിനിലേക്ക് ഒളിച്ചോടിയ അഗ്രിക്കോളയെ ബ്രാൻഡൻബർഗിലെ ജൊയാക്വിം രണ്ടാമൻ (1505-71) തന്റെ ആസ്ഥാനമതാചാര്യനായി നിയമിച്ചു. രാജ്യവ്യാപകമായുണ്ടായ ഒരു പ്ളേഗ് ബാധയിൽപ്പെട്ട് 1566 സെപ്റ്റമ്പർ 22-ന് അഗ്രിക്കോള നിര്യാതനായി. ജർമൻ പഴമൊഴികളുടെ ഒരു സമാഹാരം ആദ്യമായി പ്രസിദ്ധീകരിച്ചത് അഗ്രിക്കോളയാണ്.

അവലംബംതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്രിക്കോള, യോഹാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജോഹാൻ_അഗ്രിക്കോള&oldid=1799142" എന്ന താളിൽനിന്ന് ശേഖരിച്ചത്