സ്കോട്ടിഷ് കലാകാരൻ. കീർത്തിമുദ്രകളിൽ ഛായാചിത്ര നിർമ്മാണവും ചിത്രങ്ങൾ കൊത്തിയ പഴയ രത്നങ്ങളുടെ പകർപ്പു നിർമ്മാണവും നടത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു.

ജെയിംസ് ടാസി

ജീവിതരേഖ

തിരുത്തുക

ജനനം 1735-ൽ. ഇദ്ദേഹം കൽപ്പണിക്കാരനായാണ് ജീവിതവൃത്തി ആരംഭിച്ചത്. ശില്പ്പവേലക്കാരനാകുക എന്ന ലക്ഷ്യത്തോടെ 1763-ൽ ഡബ്ളിനിലെത്തിയ ടാസി, ഡോക്ടർ ഹെന്റി ക്വിൻ എന്ന ഭിഷഗ്വരനുമായി പരിചയത്തിലായി. പുരാതന രത്നങ്ങൾ ഉപയോഗിച്ച് മൂശകൾ ഉണ്ടാക്കി എടുക്കുന്നത് ക്വിനിന്റെ ഒരു ഹോബിയായിരുന്നു. ഇരുവരും ഒന്നിച്ചു പ്രവർത്തനം ആരംഭിച്ചതിനു പല ഗുണഫലങ്ങളും ഉണ്ടായി. വെണ്ണക്കല്ലിനെ അനുകരിച്ച് രത്നങ്ങളുടെയും മറ്റും പകർപ്പെടുക്കാനും ചെറിയ ഛായാചിത്രങ്ങളെടുക്കാനും സഹായിക്കുന്ന 'വൈറ്റ് ഇനാമൽ സങ്കരം' ഇവർ വികസിപ്പിച്ചെടുത്തു. സ്ഫടിക സമാനമായ ഒരു തരം പശ വിജയകരമായി ചാലിച്ചെടുക്കാനും അതിന്റെ നിർമ്മാണരീതി രഹസ്യമായി സൂക്ഷിക്കാനും ടാസിക്കു കഴിഞ്ഞു. തികഞ്ഞ വൈദഗ്ദ്ധ്യത്തോടെയും വർണവൈവിധ്യത്തോടെയും അത് ഇദ്ദേഹം പ്രയോഗിച്ചുവന്നു. രത്നത്തിലും മറ്റുമുള്ള തന്റെ പുനഃസൃഷ്ടികൾ അതാര്യമായും സുതാര്യമായും അവതരിപ്പിക്കാൻ ഈ പുതിയ സങ്കരം ഉപകരിച്ചു. ചിത്രങ്ങൾ കൊത്തിയ രത്നങ്ങളുടെ വ്യത്യസ്ത പാളികളെ അനുകരിക്കാനും ഇതു സഹായകരമായി[1].
1766-ൽ ടാസി ലണ്ടനിൽ സ്ഥിരവാസമാക്കി. അക്കാലത്ത് കളിമൺപാത്ര നിർമ്മാണത്തിൽ ഖ്യാതി നേടിയ ജോസിയ വെഡ്ജ്വുഡിന് (1730-95) വേണ്ടി മൂശകൾ ഒരുക്കിക്കൊടുത്തിരുന്നു. 1768-ൽ സ്ഥാപിതമായ ഇംഗ്ലണ്ടിന്റെ ദേശീയ അക്കാദമിയിൽ-റോയൽ അക്കാദമി ഓഫ് ആർട്സ്, ലണ്ടൻ-1769 മുതൽ 1791 വരെ മുടക്കം കൂടാതെ ടാസി കലാപ്രദർശനങ്ങൾ നടത്തിവന്നു. ലണ്ടനിലെത്തിയതോടെയാണ് ടാസിയുടെ കലാപാടവം കൂടുതൽ തിളങ്ങിയതും കീർത്തി നേടുവാനിടയായതും. ഇദ്ദേഹത്തിന്റെ മികവ് കണ്ടറിഞ്ഞവരിൽ പ്രമുഖനായിരുന്നു ജർമൻ പുരാവസ്തു വിദഗ്ദ്ധനായിരുന്ന എറിക് റാസ്പ്. ടാസീസ് എയ് ൻഷ്യന്റ് ആന്റ് മോഡേൺ എൻഗ്രെയ്വ്ഡ് ജെംസ് എന്ന ശീർഷകത്തിൽ രണ്ടു വാല്യങ്ങളുള്ള ഒരു കാറ്റലോഗ് റാസ്പ് 1791-ൽ പുറത്തിറക്കി. രത്നങ്ങളും ചിത്രവേലകളുമുള്ള പഴയ രത്നങ്ങളുടെ പകർപ്പുകളും വലിയ ഇനം കീർത്തിമുദ്രകളുമടക്കം പതിനയ്യായിരം സൃഷ്ടികളും അർദ്ധകായരൂപം കൊത്തിയ അഞ്ഞൂറിലധികം മുദ്രകളും ടാസിയുടെ സംഭാവനകളിൽപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഏതാനും കലാസൃഷ്ടികൾ എഡിൻബറോയിലെ സ്കോട്ടിഷ് നാഷണൽ അക്കാദമിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1799-ൽ ടാസി അന്തരിച്ചു.

  1. http://en.wikisource.org/wiki/1911_Encyclop%C3%A6dia_Britannica/Tassie,_James

പുറം കണ്ണികൾ

തിരുത്തുക
  • Works in the National Galleries of Scotland Archived 2012-03-03 at the Wayback Machine.
  • "James Tassie Pub – December 2008". Food and Drink Glasgow. Retrieved February 09, 2012. {{cite web}}: Check date values in: |accessdate= (help)
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ജെയിംസ് (1735 - 99) ടാസി, ജെയിംസ് (1735 - 99) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ടാസി&oldid=4109660" എന്ന താളിൽനിന്ന് ശേഖരിച്ചത്