ജിന്ന - ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം

(ജിന്ന - ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം (പുസ്തകം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബി.ജെ.പി. ഉന്നതാധികാരസമിതിയായ പാർലിമെന്ററി ബോർഡിലെ അംഗവും, എം.പിയും, മുൻ കേന്ദ്രമന്തിയും ആയ ജസ്വന്ത് സിങ് 2009 ഓഗസ്റ്റ് 17-ന് ദില്ലിയിൽ തീൻ മൂർത്തി ഭവനിൽ പ്രകാശിപ്പിച്ച് പുറത്തിറക്കിയ പുസ്തകമാണ് (ജിന്ന- ഇന്ത്യ, പാർട്ടിഷ്യൻ, ഇൻഡിപെൻഡൻസ്) ജിന്ന - ഇന്ത്യ, വിഭജനം സ്വാതന്ത്ര്യം.[1] രൂപ ആൻഡ് കമ്പനിയാണ് ഈ പുസ്തകത്തിന്റെ പ്രസാധകർ. 674 പേജുകളുള്ള ഈ പുസ്തകത്തിന്റെ വില 695 രൂപയാണ്. ഈ പുസ്തകമാണ് പിന്നീട് വിവാദങ്ങൾക്ക് വഴിവെച്ചത്. പാകിസ്താൻ രാഷ്ട്രശില്പിയായി ആദരിക്കുന്ന മുഹമ്മദലി ജിന്നയെ ന്യായീകരിച്ചു കൊണ്ടും, ഇന്ത്യയിലെ സ്വാതന്ത്ര്യ സമരനേതാക്കളിൽ പ്രമുഖരായ ജവഹർലാൽ നെഹ്രു, സർദാർ വല്ലഭായി പട്ടേൽ‍ തുടങ്ങിയവരെ വിമർശിച്ചും കൊണ്ടും എഴുതിയിട്ടുള്ള ഈ പുസ്തകത്തെ ചൊല്ലിയുള്ള വിവാദത്തെ തുടർന്ന് ജസ്വന്ത് സിംഗിനെ ബി.ജെ.പി പാർട്ടിയിൽ നിന്ന് പുറത്താക്കുകയുണ്ടായി. മുഹമ്മദലി ജിന്നയുടെ ജീവിതത്തെക്കുറിച്ച് ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവ് ആദ്യമായി എഴുതിയ പുസ്തകവും കൂടിയാണ് ജിന്ന - ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം എന്ന പുസ്തകം.[2]

പുസ്തകത്തിന്റെ പിറവി

തിരുത്തുക

ഏറെ സങ്കീർണതകൾ നിറഞ്ഞ മുഹമ്മദലി ജിന്ന എന്ന വ്യക്തിത്വത്തിന്റെ സവിശേഷതയാണ് തന്നെ ആകർഷിച്ചത് എന്നും, എന്തുകൊണ്ട് വിഭജനം? എന്ന ചോദ്യവുമാണ് ഇങ്ങനെയൊരു പുസ്തകം എഴുതുവാനുള്ള കാരണം എന്ന് ജസ്വന്ത് സിംഗ് പറയുന്നു. അഞ്ചു വർഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ പുസ്തകം പൂർത്തിയാക്കിയത് എന്നും ജസ്വന്ത് പറയുകയുണ്ടായി.

ജിന്നയെക്കുറിച്ച് പുസ്തകത്തിൽ

തിരുത്തുക

ഇന്ത്യൻ ജനത ജിന്നയെ തെറ്റിധരിച്ചു എന്നും, എങ്ങനെയോ ജിന്ന ഹിന്ദുക്കൾക്ക് എതിരാണ് എന്ന അഭ്യൂഹവും പരന്നു എന്നും, ഇവയെല്ലാം മൂലം ജിന്നയ്ക്ക് ഇന്ത്യയിൽ രാക്ഷസ പ്രതിച്ഛായയാണ് ഉണ്ടായത് എന്നെല്ലാമാണ് പ്രധാനമായും ജിന്നയെക്കുറിച്ച് പുസ്തകത്തിൽ വിസ്തരിച്ച് പ്രതിപാദിക്കുന്നത്. കൂടാതെ ജിന്ന മറ്റുള്ള ഇന്ത്യൻ സമരനേതാക്കളെപ്പോലെ സമ്പന്ന കുടുംബത്തിലല്ല ജനിച്ചത്, ജിന്ന തന്റെ വഴി സ്വന്തം വെട്ടിത്തുറക്കുയാണ് ഉണ്ടായത്. മുംബൈ പോലൊരു മഹാനഗരത്തിൽ സ്വന്തം സ്ഥാനം പണിതുയർത്തിയ ജിന്നയുടെ തലയിൽ ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്തം കെട്ടിവെയ്ക്കുകയാണ് ഉണ്ടായത് എന്നും, സത്യത്തിൽ ജിന്ന ഇന്ത്യ വിഭജനം ആഗ്രഹിച്ചിട്ടില്ല എന്നും ഈ പുസ്തകത്തിൽ വിവരിക്കുന്നു. ഹിന്ദു മുസ്‌ലിം ഐക്യത്തിനായുള്ള 1916-ലെ ലഖ്നൗ കരാർ ജിന്നയുടെ വലിയ നേട്ടമാണ്. ഗാന്ധിജി പോലും ജിന്നയെ മഹാനെന്നു വിശേഷിപ്പിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് നമ്മൾ അത് തിരിച്ചറിയുന്നില്ല എന്ന ചോദ്യവും ജസ്വന്ത് ഈ പുസ്തകത്തിൽ ഉന്നയിക്കുന്നു.

വിവാദം വന്ന വഴി

തിരുത്തുക

ഇന്ത്യ-പാക് വിഭജനം ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നില്ല. അത് ഒഴിവാക്കപ്പെടേണ്ടതു തന്നെയായിരുന്നു. എന്ന് ജസ്വന്ത് പുസ്തകത്തിൽ പറയുന്നു. ജിന്നയെ പ്രകീർത്തിക്കുന്നതിനോടൊപ്പം, ജവഹർലാൽ നെഹ്രുവിനേയും, സർദാർ വല്ലഭായി പട്ടേലിനേയും, വിഭജനത്തിന്റെ കാരണക്കാരായി കാണിക്കുകയാണ് ഈ പുസ്തകത്തിൽ ചെയ്തിട്ടുള്ളത്. നെഹ്രുവിന്റെയും, പട്ടേലിന്റെയും അധികരമോഹങ്ങളാണ് വിഭജനത്തിലേക്ക് നയിച്ചതെന്നാണ് മുഖ്യ ആരോപണം. നെഹ്രുവിന്റെ അതികേന്ദ്രീകൃത നയമാണ് വിഭജനത്തിനു കാരണമായ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ ഫെഡറൽ വ്യവസ്ഥയെയാണ് ജിന്ന അനുകൂലിച്ചത്. ഗാന്ധിജി പോലും അതിനെ പിന്തുണച്ചു. നെഹ്രുവിനു പകരം ഗാന്ധിജിയോ, സി. രാജഗോപാലാചാരിയോ, മൗലാന അബ്ദുൽകലാം ആസാദോ ആയിരുന്നു അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നതെങ്കിൽ വിഭജനം ഒഴിവാക്കാമായിരുന്നു എന്നും ജസ്വന്ത് അഭിപ്രായപ്പെടുന്നു.[1]

നെഹ്രുവിനേയും, സർദാർ പട്ടേലിനേയും അടച്ചാക്ഷേപിക്കുകയാണ് ഈ പുസ്തകത്തിൽ ചെയ്തിരിക്കുന്നത് എന്ന് വിവാദത്തിന് തിരികൊളുത്തിയ വിമർശകർ പറയുന്നു. പുസ്തകത്തിനെതിരെ ആദ്യം തിരിഞ്ഞത് ആർ.എസ്.എസ് തന്നെയായിരുന്നു. ജിന്നയെക്കുറിച്ചുള്ള ജസ്വന്തിന്റെ നിലപാട് അസംബന്ധം ആണെന്നും, വില്ലനെ നായകനാക്കുന്ന എഴുത്തുകാരുടെ പതിവ് പരിപാടി ആണ് ഇതെന്നും ആർ.എസ്.എസ് മേധാവി രാം മാധവ് കുറ്റപ്പെടുത്തുകയുണ്ടായി. പിന്നാലെ ശിവസേനയും വിമർശനങ്ങളുമായി രംഗത്തെത്തി. ജസ്വന്ത് സിങ്ങിന്റെ പുസ്തകത്തിൽ സംഘപരിവാറിനെ ഏറെ ചൊടിപ്പിച്ചത് ഇന്ത്യാവിഭജനം സർദാർ വല്ലഭായി പട്ടേൽ ഉത്സാഹപൂർവം അംഗീകരിച്ചിരുന്നു എന്ന പരാമർശമാണ്. വിഭജനത്തിന്റെ ഗുണഗണങ്ങൾ പട്ടേൽ താത്പര്യത്തോടെ മറ്റുള്ളവരുമായി പങ്കുവെച്ചതായി ജസ്വന്ത്‌സിങ് പുസ്തകത്തിൽ പറയുന്നു. വിഭജനത്തെ ന്യായീകരിച്ച് പട്ടേൽ പറയുന്ന കാരണങ്ങൾ എത്ര യാഥാർഥ്യബോധം ഇല്ലാത്തതും വിഡ്ഢിത്തം നിറഞ്ഞതുമാണെന്ന് ജസ്വന്ത് ആശ്ചര്യപ്പെടുകയും ചെയ്യുന്നു.[3] ഡൽഹിയിൽ നടന്ന ജസ്വന്തിന്റെ പുസ്തക പ്രകാശനച്ചടങ്ങിൽ ബി.ജെ.പി. യുടെ നേതാക്കളാരും പങ്കെടുത്തില്ല. പുസ്തകം പുറത്തിറങ്ങിയതോടെ ബി.ജെ.പി. അതിനെ തള്ളിപ്പറഞ്ഞു. യഥാർഥത്തിൽ ഉരുക്കുമനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിനെതിരെയുള്ള ആരോപണങ്ങളാണ് ബി.ജെ.പി.യെ കൂടുതൽ ചൊടിപ്പിച്ചത്. ഇത് ജസ്വന്തിന് തിരിച്ചടിയായി.

നെഹ്രുവിനെക്കുറിച്ചുള്ള ആരോപണങ്ങൾ സ്വാഭാവികമായും മുറിവേല്പ്പിച്ചത് കോൺഗ്രസ്സുകാരെയാണ്. ഇവർ പുസ്തകത്തിന്റെ കുറെ കോപ്പികൾ വിലയ്ക്ക് വാങ്ങുകയും അത് കൂട്ടിയിട്ട് തീ കൊടുത്ത് പ്രതിഷേധിക്കുകയും ചെയ്തു.

പാകിസ്താനിൽ

തിരുത്തുക

ഇന്ത്യയിൽ പ്രസ്തുത പുസ്തകം വിവാദം ആയി എങ്കിലും, പാകിസ്താനിൽ മറിച്ചാണ് സംഭവിച്ചത്. പാകിസ്താനിൽ ഈ പുസ്തകത്തിന് വമ്പിച്ച വരവേല്പാണ് ഉണ്ടായത്. ഈ പുസ്തകം മിക്ക പാകിസ്താൻ‍ പത്രങ്ങളിലേയും മുഖ്യവാർത്തയായി. ചാനലുകളിലെ ചർച്ചകളിലും മറിച്ചായിരുന്നില്ല. ജിന്നയെ വളരെ സന്തുലിതമായ രീതിയിലാണ് ജസ്വന്ത് അവതരിപ്പിക്കുന്നതെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷ്ണർ ഷാഹിദ് മാലിക് പറയുകയുണ്ടായി. ജിന്നയെക്കുറിച്ചുള്ള മിഥ്യാധാരണ പൊളിച്ചെഴുതപ്പെടുകയാണ്, പാകിസ്താനിൽ ഈ പുസ്തകം നന്നായി സ്വീകരിക്കപ്പെടും എന്നും അദ്ദേഹം അഭിപ്രായം പറയുകയുണ്ടായി.

അനന്തരഫലം

തിരുത്തുക

വിവാദം മൂലം, ഗുജറാത്തിൽ പട്ടേൽ വിഭാഗക്കാരുടെ ഇടയിൽ സർദാർ പട്ടേലിനെക്കുറിച്ചുള്ള ആരോപണങ്ങൾ പ്രകോപിപ്പിച്ചേക്കും എന്നുള്ളതിനാൽ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വിവാദ പുസ്തകം ഗുജറാത്തിൽ നിരോധിച്ചു. മുൻപ് ജിന്നയെ പ്രകീർത്തിച്ച അദ്വാനിക്ക്, അധ്യക്ഷ പദവി രാജി വെക്കേണ്ടി വന്നു എന്നതൊഴിച്ചാൽ കാര്യമായ നടപടികൾ ഒന്നും തന്നെ അദ്ദേഹത്തിനെതിരെ ഉണ്ടായില്ല. എന്നാൽ ജസ്വന്ത് സിംഗിനെതിരെ മറിച്ചാണ് ഉണ്ടായത്. ഇദ്ദേഹത്തെ പാർട്ടിയിൽ നിന്നു തന്നെ ഒഴിവാക്കിക്കൊണ്ടുള്ള കടുത്ത നടപടിയാണ് ബി.ജെ.പി പാർട്ടി കൈക്കൊണ്ടത്.

സമാനമായ മറ്റൊരു വിവാദം

തിരുത്തുക

ജിന്ന - ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം. എന്ന പുസ്തകത്തെച്ചൊല്ലിയുണ്ടായ വിവാദത്തിനു മുൻപേ, സമാനമായ വേറൊരു വിവാദം നില നിന്നിരുന്നു. പ്രമുഖ ബി.ജെ.പി. നേതാവ് ലാൽ കൃഷ്ണ അദ്വാനിയുടെ ജിന്നയെക്കുറിച്ചുള്ള ചില പരാമർശങ്ങളാണ് ഈ വിവാദത്തിന് വഴിതെളിച്ചത്. 2005-ൽ പാകിസ്താനിലെ പാർലിമെന്റ് അംഗങ്ങളുടെ പ്രത്യേക യോഗത്തിൽ വെച്ച്, ജിന്ന തികഞ്ഞ മതേതര വാദിയായിരുന്നുവെന്ന് അദ്വാനി അനുസ്മരിക്കുകയുണ്ടായി. പിന്നീട് കറാച്ചിയിൽ ജിന്നയുടെ കബറിടത്തിലെ സന്ദർ‍ശകപുസ്തകത്തിൽ ജിന്ന - ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ അംബാസിഡർ‍ എന്ന് കുറിച്ചിടുകയും ചെയ്തു. ഈ സംഭവമാണ് മുൻപ് ഇന്ത്യയിൽ വമ്പൻ വിവാദമായിത്തീർന്നത്. ഇതേ തുടർന്ന് സംഘപരിവാറും, ആർ.എസ്.എസും അദ്വാനിക്കെതിരെ പരസ്യമായി രംഗത്തിറങ്ങി. അനന്തരഫലമായി അദ്വാനിക്ക് ബി.ജെ.പി പാർട്ടിയുടെ അധ്യക്ഷപദവി രാജിവെക്കേണ്ടി വന്നു. തന്റെ രാഷ്ട്രീയ രംഗത്തെ ഏറ്റവും ദുഃഖകരമായ സംഭവങ്ങളിലൊന്നായാണ് അദ്വാനി ഈ സംഭവത്തെ വിശേഷിപ്പിച്ചത്.


  1. 1.0 1.1 സി. ജയ്കിഷൻ (2009). "പുനർവായനയിലെ കനൽ‍ച്ചൂട്". ജിന്ന - ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം എന്ന പുസ്തകത്തെക്കുറിച്ച് മാതൃഭൂമിയിലെ വാരാന്ത്യപ്പതിപ്പിൽ വന്ന ലേഖനം. 1: ii. Retrieved 2009-10-07.
  2. Acknowledgments;Jinnah:India-partition-Independence
  3. ജസ്വന്തിന്റെ ജിന്നാ ബോംബ്‌ - മാതൃഭൂമിയിൽ നിന്നും[പ്രവർത്തിക്കാത്ത കണ്ണി]