വിവാഹിതരായ സ്ത്രീയോ, പുരുഷനോ തങ്ങളുടെ ഭർത്താവിന്റെയോ ഭാര്യയുടെയോ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു പുരുഷനും സ്ത്രീയുമായി വിവാഹേതരമായി ലൈംഗികവേഴ്ച നടത്തുന്നതിനെയാണ് വിവാഹേതരബന്ധം അഥവാ ജാരവൃത്തി (Adultery) എന്ന് പറയുന്നത്. ജാരവൃത്തി എന്ന വാക്ക് മിക്കപ്പോഴും സ്ത്രീയുടെ വിവാഹേതരബന്ധം കുറിക്കാൻ ആണ്‌ ഉപയോഗിക്കുക. ജാരൻ എന്നത് അന്യപുരുഷനെ കുറിക്കാൻ ഉപയോഗിക്കുന്ന വാക്കാണ്. അതിനാൽ വിവാഹേതരബന്ധം എന്ന വാക്കാണ് ഇന്ന് കൂടുതലായി ഉപയോഗിച്ച് കാണുന്നത്. സ്ത്രീയുടെ വിവാഹേതരബന്ധത്തെ മിക്ക മതങ്ങളും പുരുഷാധിപത്യ സമൂഹങ്ങളും തിന്മയായി പരിചയപ്പെടുത്തുന്നത് കാണാം. എന്നാൽ പൊതുവേ പുരുഷന്മാർക്ക് സാമൂഹികമായ ഇത്തരം നിയന്ത്രണങ്ങൾ കുറവാണ്. സദാചാരവും, മതപരവുമായ വിശ്വാസങ്ങൾ കണക്കിലെടുത്ത് പല രാജ്യങ്ങളിലും വിവാഹേതരബന്ധത്തെ ക്രിമിനൽ കുറ്റമായും കണക്കാക്കുന്നുണ്ട്, പ്രത്യേകിച്ചും മതനിയമങ്ങൾ അടിസ്ഥാനമാക്കിയ രാഷ്ട്രങ്ങളിൽ.

വിവാഹേതരബന്ധം സംബന്ധിച്ച് പല സമൂഹത്തിലും നിയമങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വ്യത്യാസമുണ്ട്. ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് ഉഭയസമ്മതത്തോടുകൂടി പ്രതിഫലമില്ലാതെ പ്രായപൂർത്തിയായ വ്യക്തികൾ തമ്മിൽ നടത്തുന്ന ലൈംഗികബന്ധങ്ങൾ കുറ്റകൃത്യമല്ല. നേരത്തേ, ഒരു സ്ത്രീ മറ്റൊരാളുടെ ഭാര്യയാണെന്നറിഞ്ഞു കൊണ്ടോ, അല്ലെങ്കിൽ അപ്രകാരം വിശ്വസിക്കുവാൻ ഉതകുന്ന കാരണങ്ങൾ ഉള്ളപ്പോഴോ, ആ സ്ത്രീയുടെ ഭർത്താവിന്റെ സമ്മതമില്ലാതെ, ബലാൽസംഗമാകാത്ത ലൈംഗികവേഴ്ച നടത്തുന്ന പുരുഷൻ ഇന്ത്യൻ ശിക്ഷാ നിയമം 497 -ാം വകുപ്പ് [1] പ്രകാരം അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷക്കോ അർഹനാണ് എന്ന നിയമം ഉണ്ടായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഈ വകുപ്പ് ഭരണഘടനാവിരുദ്ധം ആയതിനാൽ ഇന്ത്യൻ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് 2018 സെപ്റ്റംബർ 27 ന് റദ്ദാക്കി. ഈ വകുപ്പിൽ തുല്യപങ്കാളിയായ സ്ത്രീയെ ഇക്കാര്യത്തിൽ ശിക്ഷിക്കാൻ വ്യവസ്ഥ ചെയ്തിട്ടില്ലായിരുന്നു. മാത്രമല്ല ഭാര്യക്ക് ഭർത്താവിന്റെ വിവാഹേതരബന്ധത്തിന് എതിരെ നിയമനടപടി സ്വീകരിക്കാൻ വ്യക്തമായ വ്യവസ്ഥയും ഇല്ലായിരുന്നു. ഇത് സ്ത്രീയുടെ തുല്യപദവിയെ ചോദ്യം ചെയ്യുന്ന ഒരു കാലഹരണപ്പെട്ട നിയമമായി കോടതി വിലയിരുത്തി. ആയതിനാൽ ലിംഗനീതിയുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി ഈ നിയമം ഭേദഗതി ചെയ്തു. വിവാഹേതരബന്ധം വിവാഹബന്ധം തകർന്നതിന്റെ സൂചന അല്ലേയെന്ന് കോടതി ചോദിച്ചു, അതിനാൽ പങ്കാളിക്ക് ഇത്തരം ബന്ധം ഉണ്ടെന്ന് തെളിഞ്ഞാൽ വിവാഹമോചനം തേടാൻ മതിയായ കാരണമാണെന്ന് കോടതി വ്യക്തമാക്കി.

ചില രാജ്യങ്ങളിൽ ഇതിനെ സിവിൽകുറ്റമായി കണക്കാക്കാറുണ്ട്. വിവാഹമോചനത്തിന് മിക്ക നിയമ വ്യവസ്ഥയിലും പ്രധാന കാരണമായി വിവാഹേതരബന്ധം പരിഗണിക്കുന്നു. ഇന്ത്യയിലും വിവാഹമോചനത്തിന് വിവാഹേതരബന്ധം പ്രധാന കാരണമായി പരിഗണിക്കുന്നത് നിലനിർത്തിയിട്ടുണ്ട്.[2] ലൈംഗികത പ്രായപൂർത്തിയായ പൗരന്റെ സ്വകാര്യതയായോ മൗലികാവകാശമായോ അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളിൽ പരസ്പര സമ്മതപ്രകാരമുള്ള ബന്ധങ്ങൾ കുറ്റകരമല്ല.

വിവാഹേതരബന്ധത്തിന് പല കാരണങ്ങൾ ഉണ്ട്. മനുഷ്യർ ജനതികപരമായി പോളിഗാമസ് ആണെന്നും ഒരു പങ്കാളിയിൽ തൃപ്‌തരാകുന്നവർ അല്ലെന്നും വിലയിരുത്തപ്പെടുന്നു. ഇതാണ് വിവാഹേതര ബന്ധത്തിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത്. മാത്രമല്ല, വിവാഹബന്ധത്തോടുള്ള താല്പര്യക്കുറവ്‌, ഭാര്യയോടോ ഭർത്താവിനോടോ ഉള്ള വെറുപ്പ്, ദാമ്പത്യപ്രശ്നങ്ങൾ, സ്നേഹക്കുറവ്‌, മാനസിക പൊരുത്തമില്ലായ്മ എന്നിവ ഇതിന്റെ കാരണമായി വ്യാഖ്യാനിക്കപ്പെടുന്നു. കൂടാതെ സാമ്പത്തിക പ്രശ്നങ്ങൾ, പങ്കാളിയുടെ ലൈംഗികശേഷിക്കുറവ്, ലൈംഗികതയിലെ ആവർത്തനവിരസത എന്നിവയും ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചിലതരം മാനസിക പ്രശ്നങ്ങൾ ഉള്ളവരും അനേകം ബന്ധങ്ങളിൽ ഏർപ്പെടാറുള്ളതായി വിദഗ്‌ദർ സാക്ഷ്യപ്പെടുത്തുന്നു.

വിവാഹേതരബന്ധത്തെ വ്യഭിചാരം എന്നും വിശേഷിപ്പിക്കാറുണ്ട്. ഇതൊരു നീചമായ പദമായാണ് മിക്ക മതങ്ങളും പ്രത്യേകിച്ച് സെമിറ്റിക്ക് മതങ്ങൾ ഉപയോഗിച്ചിരുന്നത്. വ്യഭിചാരം എന്നതിനെ ലൈംഗികത്തൊഴിലുമായി ബന്ധപ്പെടുത്തി പറയുക സാധാരണമാണ്. ആൺ ലൈംഗികത്തൊഴിലാളിയെ ഇംഗ്ലീഷിൽ ജിഗൊളോ(gigolo) എന്ന് വിളിക്കാറുണ്ട്. എന്നാൽ ലൈംഗികത്തൊഴിൽ ഒരു വിവാഹേതര ബന്ധമായി കണക്കാക്കപ്പെടുന്നില്ല. പണത്തിന് വേണ്ടി ലൈംഗിക സേവനങ്ങൾ നൽകുന്ന ലൈംഗികത്തൊഴിലാളിയും വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിയും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.

അവലംബംതിരുത്തുക

ഇതും കാണുകതിരുത്തുക

വേശ്യ

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജാരവൃത്തി&oldid=3206278" എന്ന താളിൽനിന്ന് ശേഖരിച്ചത്