ജാക്ക്ഫ്രൂട്ട് കത്ത്
അസംതൃപ്തനായ ഒരു തീവണ്ടി യാത്രക്കാരൻ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഭാരതീയ റെയിൽ അധികാരികൾക്ക് എഴുതിയതായി പറയപ്പെടുന്ന പരാതിയാണ് ജാക്ക്ഫ്രൂട്ട് കത്ത്. ഈ കത്തെഴുതിയ യാത്രക്കാരന്റെ പേര് ഓഖിൽ ചന്ദ്ര സെൻ എന്നാണ് കത്തിന്റെ പാഠങ്ങളിൽ കാണുന്നത്. അഹമ്മദ്പൂരിലെ റെയിൽ താവളത്തിൽ നിർത്തിയ തീവണ്ടിയിൽ നിന്ന് പ്രാഥമികാവശ്യ നിർവഹണത്തിനായി അടിയന്തരമായി ഇറങ്ങേണ്ടി വന്ന തനിക്ക് തിരികെ കയറാനാകുന്നതിനു മുൻപ് തീവണ്ടി വിട്ടുപോയതിനെക്കുറിച്ചായിരുന്നു വ്യാകരണമില്ലാത്ത ഇംഗ്ലീഷിൽ എഴുതിയ ഈ കത്തിലെ പരാതി. ഭാരതീയ റെയിൽവാഹനങ്ങളുടെ ബോഗികളിൽ ടോയിലറ്റ് സൗകര്യം ഏർപ്പെടുത്താനുള്ള തീരുമാനത്തിലേക്കു നയിച്ചത് ഈ കത്താണെന്നു പറയപ്പെടുന്നു.[1]
ഇതിന്റെ രചനാകാലം 1909-നടുത്തെങ്ങോ ആണെന്നും, കൃത്യമായി 1909 ജൂലൈ 2-നാണെന്നും ഒക്കെ അവകാശവാദങ്ങളുണ്ട്. ഓഖിൽ ചന്ദ്ര സെൻ ഈ പരാതിക്കത്ത് അയച്ചത് കിഴക്കൻ ഭാരത റെയിൽപ്പാതകളുടെ പ്രാദേശികാധികാരിക്കാണെന്നും, പശ്ചിമ ബംഗാളിൽ സാഹിബ്ഗഞ്ചിലെ ഗതാഗതാധികാരിക്കാണെന്നും, റെയിൽവേ ബോർഡിനാണെന്നും ഒക്കെ പലതരത്തിൽ ഊഹിക്കപ്പെടുന്നു.
ഉള്ളടക്കം
തിരുത്തുകപ്രാഥമികാവശ്യം നിർവഹിക്കാൻ അഹമ്മദ്പൂർ സ്റ്റേഷനിലിറങ്ങിയ ലേഖകനെ കയറ്റാതെ തീവണ്ടി വിട്ടുപോയതുമൂലം അദ്ദേഹത്തിനുണ്ടായ ബുദ്ധിമുട്ടു വിവരിക്കുകയും സിഗ്നൽ കൊടുക്കുകവഴി അതിനിടയാക്കിയ ഗാർഡിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന കത്ത് അവസാനിക്കുന്നത്, തനിക്കു വിഷമാവസ്ഥ വരുത്തിയ ഗാർഡിനു പിഴശിക്ഷ നൽകാതിരുന്നാൽ താൻ പത്രങ്ങളിൽ പരാതിപ്പെടും എന്ന ഭീഷണിയോടെയാണ്. വ്യാകരണപ്പിഴകൾ നിറഞ്ഞതെങ്കിലും പറയാനുള്ളത് വളച്ചുകെട്ടില്ലാതെ കൃത്യതയോടെ പറയുന്ന ഈ കത്തിന്റെ അസംശോധിതമായ പാഠം[2] താഴെക്കാണുന്നതാണ്:-
Dear Sir,
I am arrive by passenger train at Ahmedpore station, and my belly is too much full of jack fruit. I am therefore went to privy, Just as I doing the nuisance, that guard making whistle blow for train to go off and I am running with lotah in one hand and dhotie in the next hand. I am fall over and expose my shockings to man, females, woman on platform. I am get leaved at Ahmedpore station.
This too much bad, if passenger go to make dung, that dam guard no wait train 5 minutes for him. I am therefore pray your honour to make big fine on that guard for public sake, otherwise I am making big report to papers.
Your faithful servant, Okhil Ch. Sen
ആധികാരികത
തിരുത്തുകറെയിൽവിഭാഗത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൊന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കാമെങ്കിലും ഈ കത്ത് ആരോ ചമച്ച തമാശ മാത്രമായിരിക്കാമെന്നു കരുതുന്നവരുമുണ്ട്.
അവലംബം
തിരുത്തുക- ↑ Second Language, English Language and the 'Jackfruit' letter, 2011 മാർച്ച് 20-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പി.കെ. ജയരാജ് എഴുതിയ കോളം
- ↑ Webster's online Dictionary, Extended Definition: The Jackfruit Letter