ഇസ്ലാമിക വിദ്യാഭ്യാസ സംവിധാനത്തിലെ പാഠ്യ വിഷയങ്ങളായ ഫിഖ്ഹ്, ഉസ്വൂലുൽ ഫിഖ്ഹ്, തഫ്സീർ വിഭാഗത്തിലെ വിവിധ ഗ്രന്ഥങ്ങളുടെ കർത്താവാണ് ഇമാം മഹല്ലി. തഫ്സീറുൽ ജലാലൈനി, മഹല്ലി (ശറഹുൽ മിൻഹാജ്), ശറഹ് ജംഉൽ ജവാമിഅ്, ശറഹുൽ വറഖാത്ത് എന്നീ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കൂടുതൽ പ്രചാരമുള്ളവയാണ്. ഹിജ്റ 791 ശവ്വാൽ മാസം ആദ്യത്തിൽ ഈജിപ്തിലെ കെയ്റോയിൽ ജനിച്ച ഇമാം ഹിജ്റ 864 മുഹർറം ഒന്നിന് മരണപ്പെട്ടു. ഇമാം മഹല്ലിയുടെ ചരിത്രമെഴുതിയവരെല്ലാം അദ്ദേഹത്തിന്റെ വിവിധ വിജ്ഞാന ശാഖകളിലെ നൈപുണ്യം എടുത്തുപറഞ്ഞിട്ടുണ്ട്. ജലാലുദ്ദീൻ മുഹമ്മദ് അൽ മഹല്ലി അശ്ശാഫിഈ അറബികളിലെ തഫ്താസാനിയായ പണ്ഡിതപ്രവരരാണ് എന്നാണ് ഇബ്നുൽ ഇമാദ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് [1] വ്യത്യസ്ത വിജ്ഞാന ശാഖകളിലെല്ലാം നൈപുണ്യം നേടിയ മഹാത്മാവാണദ്ദേഹം. ഫിഖ്ഹ്, ആദർശം, നിദാനം, വ്യാകരണം, തർക്കശാസ്ത്രം തുടങ്ങിയവയിൽ പ്രത്യേകിച്ചും [2] പഠനജീവിതത്തിന്റെ ആദ്യത്തിൽ ഗ്രാഹ്യശേഷി കുറവായിരുന്നുവെങ്കിലും കഠിന ശ്രമത്തിലൂടെ മുന്നേറിയപ്പോൾ അതുല്യമായ കഴിവ് ആർജിക്കാനദ്ദേഹത്തിനായി. പിന്നീട് അഗാധമായ ബുദ്ധിശക്തിയും ഓർമശേഷിയും കൊണ്ട് അനുഗ്രഹികപ്പെട്ടു. അതിനെക്കുറിച്ച് ഇമാം തന്നെ പറയുന്നതിങ്ങനെ: “ഞാൻ മനസ്സിലാക്കിയത് തെറ്റാറില്ല’ [3]

ഇസ്‌ലാമിക ശാഫിഈ കർമശാസ്ത്ര പണ്ഡിതൻ, ഖുർആൻ വ്യാഖ്യാതാവ്
ജലാലുദ്ദീൻ മഹല്ലി
പൂർണ്ണ നാമംജലാലുദ്ദീൻ അബൂ അബ്ദില്ല മുഹമ്മദ് ഇബ്നു ശിഹാബുദ്ദീൻ മഹല്ലി
ജനനം1389 സെപ്റ്റംബർ 23/ഹിജ്‌റ 791
കെയ്റോ, ഈജിപ്ത്
മരണം1460 ജൂലൈ 5/864 ഹിജ്‌റ (വയസ്സ് 71)
കെയ്റോ, ഈജിപ്ത്
EthnicityArab
പ്രധാന താല്പര്യങ്ങൾകർമ്മശാസ്ത്രം,ഖുർആൻ വ്യാഖ്യാന ശാസ്ത്രം,ഇസ്ലാമിക വിശ്വാസം ശാസ്ത്രം

ജീവിത രേഖ

തിരുത്തുക

വിദ്യാഭ്യാസം

തിരുത്തുക

സമകാലത്തെ പ്രഗല്ഭരായ പണ്ഡിതരിൽ നിന്നാണദ്ദേഹം വിദ്യ നേടിയത്. ഓരോ വിജ്ഞാനശാഖയിലും അവഗാഹം നേടിയവരിൽ നിന്ന് വിഷയങ്ങൾ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. ഫിഖ്ഹും ഉസ്വൂലുൽ ഫിഖ്ഹും ശംസുൽ ബിർമാവീ എന്നറിയപ്പെടുന്ന ഇമാം ശംസുദ്ദീൻ അബൂ അബ്ദില്ലാ മുഹമ്മദ് അൽ അസ്ഖലാനിയിൽ നിന്നാണ് പഠിച്ചത്. ഈജിപ്തിലെ പ്രശസ്ത സ്ഥാപനമായ മദ്റസതുൽ ബൈബറസിയ്യയിൽ വെച്ച് ശൈഖ് ബിർമാവിയുമായുള്ള സഹവാസം ഇമാം മഹല്ലിയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ശൈഖ് ബിർമാവിക്ക് പുറമെ ഇമാം ബുർഹാനു ബൈജൂരിൽ നിന്ന് ഫിഖ്ഹും ഇമാം ജലാലുൽ ബുൽഖീനിയിൽ നിന്ന് ഫിഖ്ഹും ഹദീസും ഇമാം വലിയുദ്ദീനിൽ ഇറാഖ്യിൽ നിന്ന് ഫിഖ്ഹും ഇൽമുൽ ഹദീസും ഹാഫിള് ഇസ്സുബ്നു ജമാഅയിൽ നിന്ന് ഹദീസും ഉസ്വൂലുൽ ഫിഖ്ഹും ഇബ്നു ഹജരിൽ അസ്ഖലാനിയിൽ നിന്ന് ഇൽമുൽ ഹദീസ്, ശിഹാബുദ്ദീനിൽ അജീമിയ, ശംസുദ്ദീനിശ്ശത്നൂഫി തുടങ്ങിയവരിൽ നിന്ന് നഹ്വും ഭാഷാശാസ്ത്രവും ഇമാം നാസ്വിറുദ്ദീനിത്തൻബദാവീയിൽ നിന്ന് ഇൽമുൽ ഹിസാബും ഇൽമുൽ ഫലകും ഇമാം ബദ്റുദ്ദീനിൽ അഖ്സറാഈയിൽ നിന്ന് മൻത്വിഖും ഇൽമുൽ ജദ്ലും ഇൽമുൽ മആനിയും ഇൽമുൽ ബയാനും ഇൽമുൽ അദബും ഉസ്വൂലുൽ ഫിഖ്ഹും ഇമാം ശംസുദ്ദീനിൽ ബിസാത്വി അൽമാലികിൽ നിന്ന് തഫ്സീറും ഉസ്വൂലുദ്ദീനും ശംസുദ്ദീനിൽ ജസ്രിൽ നിന്ന് ഖുർആൻ പാരായണ ശാസ്ത്രവുമെല്ലാം ആർജിച്ചു. ഓരോ വിഷയങ്ങളിലും സമകാലത്ത് പ്രശസ്തരായ പ്രമുഖ ഗുരുനാഥന്മാരിൽ നിന്നുമാണദ്ദേഹം വിജ്ഞാനം നേടിയത്. ഹനഫി കർമശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം അലാഉദ്ദീൻ മുഹമ്മദ് അൽബുഖാരി ഇമാം മഹല്ലിയുടെ ഗുരുവര്യരായിരുന്നു. ഹനഫീ ഫിഖ്ഹ് അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്. തന്റെ ശിഷ്യനായ മഹല്ലി ഇമാമിനെ വളരെ ബഹുമാനിക്കുമായിരുന്നു അദ്ദേഹം. ഒരിക്കൽ ഉസ്താദിന് ഇന്ത്യയിൽ നിന്നുമാരോ നൽകിയ പാരിതോഷികത്തിന്റെ വലിയൊരു വിഹിതം മഹല്ലിന് കൊടുത്തയക്കുകയുണ്ടായി. തന്റെ പഠിതാക്കളിൽ ഇബ്നുൽ ബാരിസിനെ പോലെയുള്ള പ്രശസ്തരുണ്ടായിരിക്കെയായിരുന്നു ഇതെന്നോർക്കണം. ശിഷ്യനെ മനസ്സിലാക്കിയായിരുന്നു ഈ ദാനം.

അദ്ധ്യാപനം

തിരുത്തുക

ഈജിപ്തിലെ പ്രസിദ്ധ കലാലയമായ അൽമദ്റസതുൽ ബർഖൂഖിയ്യ, അൽ മദ്റസതുൽ മുഅയ്യിദിയ്യ തുടങ്ങിയവയിൽ അധ്യാപകനായി സേവനം ചെയ്തു. ശിഹാബുദ്ദീനിൽ കൂറാനി എന്ന വിശ്വമഹാ പ്രതിഭക്കു പകരമായാണ് ഇമാം മഹല്ലിയെ ബർഖൂഖിയ്യയിൽ നിയമിച്ചത്. ഈ ബന്ധം ഇമാം മഹല്ലിയുടെ ശറഹ് ജംഉൽ ജവാമിഇന് അനുബന്ധമെഴുതാൻ വരെ കാരണമായി. മദ്റസതുൽ മുഅയ്യിദിയ്യയിൽ മുദരിസായിരുന്ന ഇബ്നുഹജറിൽ അസ്ഖലാനിയുടെ മരണശേഷമാണ് അവിടെ അദ്ധ്യാപകനായത്. സമകാലികർക്കിടയിൽ വിജ്ഞാനം കൊണ്ടും വൈജ്ഞാനിക സേവനം കൊണ്ടും പ്രസിദ്ധിയും സ്വീകാര്യതയും നേടിയ ഇമാമിനെ ജനങ്ങൾ മതവിധികൾക്കായി ആശ്രയിച്ചു. വിദ്യാർത്ഥികൾ നാടിന്റെ നാനാ ഭാഗത്തുനിന്നും അദ്ദേഹത്തിന്റെ പാഠശാലയിലേക്ക് ഒഴുകി. ഇമാം നൂറുദ്ദീനിസ്സുംഹൂദി, ബുർഹാനുദ്ദീനിൽ മഖ്ദിസി, ശിഹാബുദ്ദീനിൽ അബ്ശീഹി, കമാലുദ്ദീനിത്വറാബൽസീ, ഇബ്നു കമീലിദ്ദിംയാത്വി, ശറഫുദ്ദീനിസ്സിൻബാത്വി, നൂറുദ്ദീനിൽ അദനിൽ യമാനി, സിറാജുദ്ദീനിന്നവാവി, ബുർഹാനുദ്ദീനിൽ ബിഖാഈ, നജ്മുദ്ദീനിൽ ഖാഹിരി, ഇമാം സുയൂഥി പോലുള്ള അഗ്രേസരരായ പണ്ഡിത പ്രതിഭകൾ ഇമാം മഹല്ലിയുടെ ശിഷ്യഗണങ്ങളിൽ പെട്ടവരാണ്. രചനകൾക്കു പുറമെ ഇത്തരം ശിഷ്യസമ്പത്തും ഇമാമിന്റെ വൈജ്ഞാനികോന്നതിക്കു തെളിവായി നിലനിൽക്കുന്നു.

സാമൂഹിക സേവനം

തിരുത്തുക

അധ്യാപനത്തോടൊപ്പം ജനസേവനത്തിനും അദ്ദേഹമവസരം കണ്ടിരുന്നു. ഇമാം ശഅ്റാനി മഹാന്റെ സേവനപ്രവർത്തനങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: “ജലാലുദ്ദീൻ മഹല്ലി തന്റെ പ്രദേശത്തെ വൃദ്ധന്മാർക്കും സേവനം ചെയ്തിരുന്നു. അങ്ങാടിയിൽ നിന്നും അവർക്കാവശ്യമായ വസ്തുക്കൾ വാങ്ങിക്കൊണ്ടു വരും. അധ്യാപനത്തിന് ഇടയിൽ ആരെങ്കിലും വന്ന് വല്ല സഹായവും ആവശ്യപ്പെട്ടാൽ അധ്യാപനം നിർത്തി ആ കാര്യം നിർവഹിക്കാൻ പോവും. ഒരിക്കൽ ക്ലാസ് നടത്തിക്കൊണ്ടിരിക്കെ ഒരു വൃദ്ധ വന്ന് അൽപം എണ്ണ തരാൻ പറഞ്ഞപ്പോൾ അദ്ദേഹം ഉടനെ എഴുന്നേറ്റു. അപ്പോൾ പഠിതാക്കൾ ചോദിച്ചു: ഒരു വൃദ്ധ വന്നു പറഞ്ഞതിനാണോ ഗുരുനാഥൻ അദ്ധ്യാപനം നിർത്തിവെക്കുന്നത്? അദ്ദേഹം പറഞ്ഞു: അതേ. അവരുടെ ആവശ്യമാണ് നിങ്ങളുടെ ആവശ്യത്തേക്കാൾ മുൻഗണനയർഹിക്കുന്നത്.’ നാട്ടിലെ വൃദ്ധർക്ക് സേവനം ചെയ്യാൻ പോവുമ്പോൾ നഗ്നപാദനായാണ് അദ്ദേഹം സഞ്ചരിക്കുക. ഭൂമി ശുദ്ധമാണല്ലോ എന്നദ്ദേഹം പറയുകയും ചെയ്യും. മഴയും നല്ല തണുപ്പുമുള്ള രാത്രികളിൽ അദ്ദേഹം പുറത്തിറങ്ങും. എന്നിട്ട് വീടുകൾക്കരികെ ചെന്ന് വിളിച്ചു ചോദിക്കും: ആർക്കെങ്കിലും തീ വേണോ, ഞാൻ കൊണ്ടുതരാം. വൃദ്ധർ താമസിക്കുന്ന ഓരോ വീടരികിലും ഇങ്ങനെ ചുറ്റിക്കറങ്ങും. ശിഷ്യന്മാരായ ശൈഖ് മഖ്ദിസിയും ശൈഖ് ജൗജരിയും ഒരിക്കൽ ഉസ്താദിനോട് ചോദിച്ചു: എണ്ണ വാങ്ങലിനും തീ കൊണ്ടുകൊടുക്കുന്നതിനും ഞങ്ങൾ അറിവ് പകർന്നു തരുന്നതിനേക്കാൾ നിങ്ങളെങ്ങനെയാണ് മുൻഗണന നൽകുക? ഉടൻ വന്നു ഇമാമിന്റെ മറുപടി: പതിതരെ തുണക്കുന്നതിലാണ് സംതൃപ്തി. ആവശ്യക്കാരന്റെ ആഗ്രഹം നിറവേറ്റുമ്പോൾ സന്തോഷമുണ്ടാവും. ആ സന്തോഷം നമ്മിലേക്കു കൂടി പ്രസരിക്കും. അത് നിങ്ങൾക്ക് രണ്ടുപേർക്കും ഞാൻ പഠിപ്പിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തേക്കാൾ വലുതാണ്. ഒരു വൃദ്ധക്ക് റൊട്ടിക്ക് മാവ് പാകപ്പെടുത്തിക്കൊടുക്കുന്ന മഹല്ലിനെ കണ്ടപ്പോൾ ശിഷ്യൻ അതേക്കുറിച്ച് ചോദിച്ചു. അപ്പോൾ ഇമാമിന്റെ മറുപടി: നാം നമ്മുടെ ആയുസ്സ് മുഴുവനും ഇൽമിൽ വ്യാപരിച്ചുതീർത്തു. എന്നാൽ അതിൽ അപകട സാധ്യതയേറെയാണ്. അറിവ് കൊണ്ടുള്ള അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവർ വളരെ വിരളം. മരണാനന്തരം സ്വപ്നത്തിൽ കണ്ട പണ്ഡിതരിൽ തന്റെ ഇൽമ് കാരണമായി പാപമോചനം ലഭിച്ചു എന്നു പറഞ്ഞവർ വളരെ കുറച്ചേയുള്ളൂ. കാരണം ഇൽമിൽ ലോകമാന്യം, പ്രശസ്തിമോഹം തുടങ്ങിയ ദുർഗുണങ്ങൾ വരാമല്ലോ. പക്ഷേ, ഇത്തരം ജനസേവന പ്രവർത്തനങ്ങളിൽ അതത്രതന്നെ വരില്ല. ഒരുപക്ഷേ, ഇതുകാരണമാവും അല്ലാഹു നമുക്ക് പാപ്പം പൊറുത്തു തരിക [4] . ഉപജീവനത്തിനായി കച്ചവടം നടത്തുകയും ലളിത ജീവിതം നയിക്കുകയും ചെയ്തു അദ്ദേഹം. മുഹമ്മദ് നബി(സ്വ)യുടെ നിർദ്ദേശം പോലെ വ്യാപാരത്തെ ക്രമീകരിച്ചു. അധ്യാപനത്തിനിടയിലും പ്രഭാതങ്ങളിൽ വ്യാപാരത്തിന് സമയം നിശ്ചയിച്ചത് നബി(സ്വ)യുടെ, "ഭക്ഷണം തേടുന്നതിൽ നിങ്ങൾ പ്രഭാത്തിലേ ഏർപ്പെടുക, കാരണം പ്രഭാതങ്ങളിൽ ചെയ്യുന്ന കൃത്യങ്ങളിൽ ബറകത്തും വിജയവുമുണ്ട്" എന്ന ഹദീസിന്റെയടിസ്ഥാനത്തിലായിരുന്നുവെന്ന് ഇമാം തന്നെ വിശദീകരിച്ചിട്ടുണ്ട്. ഇമാം ശഅ്റാനി എഴുതുന്നു: ഇമാം തൻരെ കച്ചവടപീടിക വെളുപ്പാൻ കാലത്തേ തുറക്കും. എന്നിട്ട് തുണി വിൽപന നടത്തും. ഇത്ര നേരത്തെ കട തുറക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നവരോടദ്ദേഹം പറയും: "ഞാൻ പ്രഭാതത്തിലേ വിൽപന നടത്തുന്നത് നബി(സ്വ)യുടെ പ്രാർത്ഥനയുടെ ഫലം എനിക്കും ലഭിക്കണമെന്ന നിലയിലാണ്. ഭക്ഷണാന്വേഷണം രാവിലെയാക്കുന്നവർക്ക് വേണ്ടി പ്രവാചകർ(സ്വ) ദുആ ചെയ്തിട്ടുണ്ട്. അവിടുത്തെ ദുആ സ്വീകരിക്കപ്പെടാതിരിക്കില്ല". അങ്ങനെ ഉച്ചവരെ വിൽപന നടത്തും. പിന്നെ കട അടച്ച് മദ്റസതുൽ മുഅയ്യിദിയ്യയിലും മറ്റും ദർസ് നടത്താൻ പോവും [5] .

രചനാ ജീവിതം

തിരുത്തുക

ഇമാമിന്റെ രചനകളിൽ വളരെ പ്രചാരം നേടിയവയാണ് തഫ്സീർ ജലാലൈനി, ശറഹുൽ മിൻഹാജ്, ശറഹു ജംഉൽ ജവാമിഅ്, ശറഹുൽ വറഖാത്ത്,എന്നിവ.

തഫ്സീർ ജലാലൈനി

തിരുത്തുക

സൂറതുൽ കഹ്ഫ് മുതൽ അന്നാസ് വരെയും തുടർന്ന് ഫാതിഹ സൂറത്തും അൽബഖറയിൽ നിന്ന് അൽപവുമാണ് തഫ്സീറുൽ ജലാലൈനിയിൽ ഇമാം മഹല്ലി യുടേത്. അവസാന ഭാഗത്തിനു ശേഷം ആദ്യഭാഗം തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല. ഇമാം സുയൂഥിയാണ് ബാക്കി ഭാഗം പൂർത്തീകരിച്ചത്. ജലാലുദ്ദീനിൽ മഹല്ലിയും ജലാലുദ്ദീനിസ്സുയൂഥിയും ചേർന്ന് പൂർത്തീകരിച്ചതിനാലാണ് ഇരു ജലാലുകളുടെ ഖുർആൻ വ്യാഖ്യാനം എന്നർത്ഥം വരുന്ന തഫ്സീർ ജലാലൈനി എന്ന് പ്രചാരം നേടിയത്. തഫ്സീർ അൽ ജലാലൈനിക് ഒരുപാട് വിശദീകരണങ്ങൾ വിരചിതമായിട്ടുണ്ട്. അതിൽ ഏറ്റവും നല്ലതെന്ന് ഖ്യാതി നേടിയിട്ടുള്ള ഒന്ന് ശൈഖ് സുലൈമാനുൽ ജമൽയുടെ വിശദീകരണം ആണ്. അൽഫുതൂഹാതുൽ ഇലാഹിയ്യ എന്നാണതിന്റെ പേര്. മറ്റൊന്ന് സുലൈമാനുൽ ജമൽയുടെ ശിഷ്യനായ അശ്ശൈഖ് അഹ്മദുസ്വാവീയുടെ ഹാശിയതുസ്വാവീ അലൽ ജലാലൈനി. ഈ രണ്ടു വിശദീകരണങ്ങളാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഉത്തരേന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ജലാലൈനിയുടെ പാർശ്വങ്ങളിൽ കാണുന്ന ഹാശിയതുൽ കമാലൈനി അലൽ ജലാലൈനി എന്നത് ശൈഖ് സലാമുല്ലാഹിദ്ദഹ്ലവിയുടേതാണ്. ഖബസുന്നയ്യിറതൈനി അലാ തഫ്സീറിൽ ജലാലൈനി, മജ്മഉൽ ബഹ്റൈനി മ മത്വലഉൽ ബദ്റൈനി അലൽ ജലാലൈനി, ഹാശിയതുൽ ജമാലൈനി അലൽ ജലാലൈനി തുടങ്ങി 16 വിശദീകരണ ഗ്രന്ഥങ്ങൾ വേറെയും വിരചിതമായിട്ടുണ്ട്. കേരളീയ ഇസ്ലാംമത പണ്ഡിതനും ഗ്രന്ഥകാരനുമായ കോടമ്പുഴ ബാവ മുസ്‌ലിയാർ തയ്സീറുൽ ജലാലൈനി എന്ന പേരിൽ വളരെ ഒരു വിശദീകരണ ഗ്രന്ഥം തഫ്സീറുൽ ജലാലൈനിക്ക് ചെയ്തുകൊണ്ടിരിക്കുന്നു.

ശറഹു ജംഉൽ ജവാമിഅ്

തിരുത്തുക

ഇമാം താജുദ്ദീനിസ്സുബ്കി ഉസ്വൂലിൽ ഫിഖ്ഹിൽ രചിച്ച ഗ്രന്ഥമാണ് ജംഉൽ ജവാമിഅ്. അതിന് കൂടുതൽ അവലംബിക്കപ്പെടുന്ന വ്യാഖ്യാനം ഇമാം മഹല്ലിയുടേതാണ്. അൽബദ്റുത്വാലിഅ് എന്നും അൽ ബുറൂഖുല്ലവാമിഅ് എന്നും അറിയപ്പെടുന്നു. ജംഉൽ ജവാമിഅ് എന്ന് പൊതുവെ അറിയപ്പെടുന്നത് മഹല്ലിയുടെ വിശദീകരണം അടക്കമുള്ളതിനാണ്. ശാഫിഈ സരണിയുടെ അടിസ്ഥാന വിജ്ഞാന ശാഖയിൽ പ്രധാനമായും വ്യാപകമായും ഉപയോഗിക്കപ്പെടുന്നത് ഇതാണ്. ജംഉൽ ജവാമിഅ് ഓതിക്കേൾക്കുന്നതിനായി വിവിധ നാടുകളിൽ നിന്നും വിജ്ഞാന ദാഹികൾ ഇമാം മഹല്ലിയുടെ ദർസിലേക്കെത്തിയിരുന്നുവെന്ന് അദ്ദേഹത്തിൻറെ ശിഷ്യരിൽ അതിനായി മാത്രം വന്നവർ ഏറെയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവകലാശാലകളിൽ ഇത് പ്രധാന റഫറൻസായി ഉപയോഗിക്കുന്നു. പ്രിൻറിംഗ് സൗകര്യമില്ലാതിരുന്ന കാലത്ത് ഇത് പകർത്തിയെഴുതിയിരുന്നു പണ്ഡിതർ. മഹല്ലിയുടെ വിശദീകരണത്തിന് ധാരാളം പണ്ഡിതർ വീണ്ടും വിശദീകരണം എഴുതിയിട്ടുണ്ട്. ശൈഖുൽ ഇസ്‌ലാം കമാലുദ്ദീൻ (അദ്ദുററുല്ലവാമിഅ്) ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസാരി, അല്ലാമാ നാസ്വിറുദ്ദീനില്ലഖാനീ, അശ്ശൈഖുസ്സിൻബാത്വീ, ശൈഖ് അലിയ്യുന്നജ്ജാരീ, അമീറ എന്നറയിപ്പെടുന്ന ശൈഖ് ശിഹാബുദ്ദീനിൽ ബറല്ലസി, ശൈഖ് അബ്ദുറഹ്മാനിൽ ബന്നാനീ, ശൈഖ് അബുസ്സആദാത് ഹസനുൽ അത്വാർ തുടങ്ങിയവരുടെ വിശദീകരണങ്ങളിൽ പലതും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാശിയതുൽ ബന്നാനിയും ഹാശിയതുൽ അത്വാറും പ്രചാരം നേടിയവയാണ്.

ശറഹുൽ വറഖാത്ത്

തിരുത്തുക

ഇമാമുൽ ഹറമൈനിയുടെ ഉസ്വൂലുൽ ഫിഖ്ഹ് ഗ്രന്ഥമായ കിതാബുൽ വറഖാതിന് മഹല്ലി ഇമാം എഴുതിയ ശറഹുൽ വറഖാത്ത്, പ്രാഥമിക പഠനത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ശൈഖ് അഹ്മദുദ്ദിംയാത്വിയുടെ വിശദീകരണം അച്ചടിയിലുള്ള ഗ്രന്ഥമാണ്. ശൈഖ് മുഹമ്മദു സിൻബാത്വി, ശൈഖ് മുഹമ്മദുൽ അദവി, ശൈഖ് ശിഹാബുദ്ദീനിൽ ഖൽയൂബി തുടങ്ങിയവരും വിശദീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

കൻസുർറാഗിബീൻ

തിരുത്തുക

ഇമാം നവവിയുടെ മിൻഹാജിന് ഇമാം മഹല്ലി തയ്യാറാക്കിയ വിശദീകരണ ഗ്രന്ഥമാണ് കിതാബുൽ മഹല്ലി എന്നു വിളിക്കപ്പെടുന്ന കൻസുർറാഗിബീൻ. അമീറയും ഖൽയൂബിയും അതും വിശദീകരിച്ച് ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഈ രണ്ട് വിശദീകരണ ഗ്രന്ഥങ്ങൾ ശറഹുൽ മഹല്ലിയോട് ചേർത്തി പ്രിൻറ് ചെയ്താണ് കേരളത്തിൽ പ്രചാരത്തിലുള്ളത്. മിൻഹാജിന്റെ വിശദീകരണ ഗ്രന്ഥങ്ങളിൽ മഹല്ലിക്കുള്ള സ്ഥാനത്തെക്കുറിച്ച് ഇമാം റംലി എഴുതുന്നു: പദ്യഗദ്യങ്ങളിൽ വിരചിതമായ എല്ലാ വിജ്ഞാനത്തിലും നിസ്തുലനും നിരുപമനും സംശോധകനുമായ മഹാ പണ്ഡിതൻ, ഇസ്‌ലാമിലെ ഗുരുനാഥന്മാരുടെ ഗുരുനാഥൻ, മഹാശയന്മാരായ പണ്ഡിത നേതാക്കളുടെ നെടുനായകനായ ജലാലുദ്ദീൻ മഹല്ലി നവവി ഇമാമിന്റെ മിൻഹാജിനു വിശദീകരണ ഗ്രന്ഥം എഴുതി. ആ ഗ്രന്ഥം കൊണ്ട് അതിനെ മൂടിക്കിടന്നിരുന്ന മറ പൊളിച്ചു ഇമാം വെളിച്ചം കടത്തിവിട്ടു. അതിലേക്കുള്ള അടക്കപ്പെട്ട കവാടങ്ങൾ തുറന്ന് പഠിതാക്കൾക്ക് ഉള്ളറകളിൽ പ്രവേശനം എളുപ്പമാക്കി. കാതുകൾക്കും കണ്ണുകൾക്കും നിറവ് നൽകുന്നതും വിധി പറഞ്ഞവരുടെ വാചകങ്ങളെ സംശോധിക്കുന്നതുമായ വിവരങ്ങളതിൽ ഉൾക്കൊള്ളിച്ചു. ആദ്യം വരുന്നവർ പിന്നീട് വരുന്നവർക്ക് എത്രയാണ് ബാക്കി വെച്ചത്. പക്ഷേ, അതൊക്കെ വിവരിക്കാൻ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. അനിവാര്യമായ മരണം വന്നെത്തിയേക്കുമോ എന്ന ഭയം ദീർഘമായ വിശദീകരിക്കുന്നതിൽ നിന്നദ്ദേഹത്തെ തടഞ്ഞു. അതിനാൽ തന്നെ വേഗത്തിൽ മനസ്സിലാക്കാൻ പ്രയാസകമായ ഒരവസ്ഥ അതിനുണ്ട്. അത്രയും സംക്ഷിപ്തമാണത് [6] മരണത്തിന് മുമ്പ് തീർക്കണമെന്ന വിചാരത്താൽ വളരെ സംക്ഷിപ്തമാക്കിയാണ് മഹല്ലി ഇമാം മിൻഹാജിന്റെ വിശദീകരണ ഗ്രന്ഥം പൂർത്തിയാക്കിയിരിക്കുന്നതെന്നാണ് ഇമാം റംലി പറയുന്നത്. 860ൽ ശറഹിന്റെ രചന പൂർത്തിയായി നാലു വർഷത്തിനുള്ളിൽ ഇമാം മരണപ്പെട്ടു. അതിനിടക്കാണ് തഫ്സീറുൽ ജലാലൈനി രചിക്കുന്നത്. അത് തീരുന്നതിന് മുമ്പ് മരണം സംഭവിച്ചു. പ്രസിദ്ധീകരിക്കപ്പെട്ടതും അല്ലാത്തതും പൂർണമായതും അല്ലാത്തതുമായ ഗ്രന്ഥങ്ങൾ ഇനിയുമുണ്ട്. ഇമാം ബൂസ്വീരിയുടെ ബുർദയുടെ സംക്ഷിപ്ത വ്യാഖ്യാനം, ത്വിബ്ബുന്നബവി, കിതാബുൻ ഫിൽ മനാസിക്, കിതാബുൻ ഫിൽ ജിഹാദ്, അൽ ഖൗലുൽ മുഫീദ്, അൽ അൻവാറുൽ മുളിയ്യ തുടങ്ങിയവ പൂർണമായതാണ്. ഒരായുഷ്കാലത്തെ നിത്യസ്മരണീയമാക്കാനും യുഗാന്തരങ്ങളിൽ ഗുണങ്ങളും നന്മകളും പ്രദാനിക്കാനും ആ മഹാനുഭാവന് സാധിച്ചുവെന്നത് തന്നെ അദ്ദേഹത്തിന്റെ അമാനുഷിക കഴിവായി വിലയിരുത്തപ്പെടുന്നു.

പ്രധാന കൃതികൾ

തിരുത്തുക

73ാം വയസ്സിൽ ഹിജ്റ 864ൽ മുഹർറം ഒന്നിന് ഉദര രോഗത്തെത്തുടർന്നാണ് അദ്ദേഹത്തിൻറെ മരണം സംഭവിക്കുന്നത്. പൂർവികരെയെല്ലാം മറവ് ചെയ്ത കുടുംബ ശ്മശാനത്തിലാണ് ഖബർ. അന്ത്യകർമങ്ങളിൽ വൻജനാവലിതന്നെ സംബന്ധിച്ചു.

  1. ശദറാത്തുദ്ദഹബ് ഫീ അഖ്ബാരി മൻദഹബ്
  2. ഹുസ്നുൽ മുഹാളറ ഫീ അഖ്ബാരി മിസ്റ വൽ ഖാഹിറ
  3. അള്ളൗഉല്ലാമിഅ്
  4. ലവാഖിഹുൽ അൻവാറിൽ ഖുദ്സിയ്യ ഫിൽ ഉഹൂദിൽ മുഹമ്മദിയ്യ
  5. ലവാഖിഹുൽ അൻവാർ
  6. നിഹായ

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജലാലുദ്ധീൻ_മഹല്ലി&oldid=3656847" എന്ന താളിൽനിന്ന് ശേഖരിച്ചത്