ജമാൽ കൊച്ചങ്ങാടി
പത്രപ്രവർത്തകൻ, ഗാനരചയിതാവ്, നാടകരചയിതാവ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, വിവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് ജമാൽ കൊച്ചങ്ങാടി. തേജസ് ദിനപത്രംപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിച്ചു.[2]
ജമാൽ കൊച്ചങ്ങാടി | |
---|---|
ജനനം | ജമാൽ 1944[1] |
ദേശീയത | ഇന്ത്യ |
ജീവിതപങ്കാളി(കൾ) | എൻ പി ഫാത്തിമ |
ജീവിതരേഖ
തിരുത്തുകപത്രപ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി.എ. സൈനുദ്ദീൻ നൈനയുടെ മകനായി 1944ൽ എറണാകുളം ജില്ലയിലെ കൊച്ചങ്ങാടിയിൽ ജനിച്ചു. സ്ക്കൂൾ ഫൈനലിനു ശേഷം എറണാകുളത്തെ 'കേരളനാദം' സായാഹ്ന പത്രത്തിലായിരുന്നു തുടക്കം. പിന്നീട് ജയ്ഹിന്ദ്, കൊച്ചിൻ എക്സ്പ്രസ്, യുവകേരളം തുടങ്ങിയ സായാഹ്നപത്രങ്ങളിലും പ്രവർത്തിച്ചു. ഫിലിംനാദം, യാത്ര, ചിത്രകാർത്തിക, ദീപ്തി, സർഗ്ഗം ,സിനിമ തുടങ്ങിയ ആനുകാലികങ്ങളിലും ബന്ധപ്പെട്ടു പ്രവർത്തിച്ചു. ഇതിനിടെ സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ഓഫീസ് സെക്രട്ടറിയായി കുറച്ചുനാൾ ജോലിചെയ്തു. ജ്യൂ ടൗണിൽ ഇംപ്രിന്റ് എന്ന പേരിൽ ഒരു ചെറിയ പ്രസ്സ് ഇടക്കാലത്തു നടത്തിയിരുന്നു. സ്ക്കൂൾ ഫൈനലിനു പഠിക്കുന്ന കാലത്തു തന്നെ 1961-ൽ മുൻ ഡെപ്യൂട്ടി സ്പീക്കർ എം.ജെ സക്കറിയാ സേട്ടുവിനോടൊപ്പം അഞ്ചും മൂന്നും ഒന്ന് എന്ന കഥാ സമാഹാരം പുറത്തിറക്കി. 'തളിരിട്ട കിനാക്കൾ, ചാപ്പ എന്നീ ചിത്രങ്ങൾക്ക് കഥയും തിരകഥയും എഴുതി. സിനിമയ്ക്കും അല്ലാതെയും ഗാന രചനകൾ നടത്തി. [3] 1980ൽ 'ലീഗ് ടൈംസ്' പത്രാധിപസമിതിയിൽ അംഗമായാണ് കോഴിക്കോട് വരുന്നത്. 1985ൽ ഇരു മുസ്ലിം ലീഗുകളും തമ്മിൽ ലയിച്ചപ്പോൾ പത്രം നിർത്തി. എറണാകുളത്തു നിന്നാരംഭിച്ച 'പ്രിവ്യൂ' വാരികയുടെ ചീഫ് എഡിറ്ററായി വീണ്ടും എറണാകുളത്തേയ്ക്ക്. 1987ൽ മാധ്യമം ആരംഭിച്ച കാലം തൊട്ടേ അതിലുണ്ടായിരുന്നു. ഡെസ്ക് ചീഫായും വാരാന്ത്യ മാധ്യമത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചു. പതിനഞ്ചുവർഷം മാധ്യമം വാർഷിക പതിപ്പുകളുടെ പത്രാധിപരായിരുന്നു. 2002 ൽ മാധ്യമത്തിൽ നിന്നും വിരമിച്ചു. ഇപ്പോൾ തേജസിൽ അസോസിയേറ്റ് എഡിറ്ററായി ജോലിചെയ്യുന്നു. ഇനിയും ഉണരാത്തവർ, ക്ഷുഭിതരുടെ ആശംസകൾ എന്നീ പ്രഫഷണൽ നാടകങ്ങളുടെ രചയിതാവ്. കഥ,നോവൽ, വിവർത്തനം, പഠനം തുടങ്ങിയ ഇനങ്ങളിൽ ഇരുപത്തഞ്ചിലേറെ കൃതികൾ. ക്ലാസിൽ അഭിമുഖങ്ങൾ, കാർട്ടൂണിസ്റ്റുകളെ കുറിച്ചുളള 'സത്യം പറയുന്ന നുണയന്മാർ' എന്നിവ മാധ്യമബന്ധിയായ പുസ്തകങ്ങളാണ്.
ഭാര്യ എൻ പി ഫാത്തിമ. മക്കൾ ജൂബിൻ സുലേഖ, ഷൈനി ആയിശ.
കൃതികൾ
തിരുത്തുകക്രമം | കൃതി | വിവരണം | പ്രസാ: | ! |
---|---|---|---|---|
1 | അഞ്ചും മൂന്നും ഒന്ന്. | 1961-ൽ സ്‌ക്കൂൾ ഫൈനലിനു പഠിക്കുമ്പോൾ പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരം. പരേതനായ എം ജെ സക്കറിയ സേട്ട് (മുൻ ഡെപ്യൂട്ടി സ്പീക്കർ) | മലനാട് പബ്ലിക്കേഷൻ കൊച്ചി | |
2 | ചായം തേക്കാത്ത മുഖങ്ങൾ | നോവൽ | ഡിസി ബുക്ക്സ് | |
3 | നിലാവിന്റെ സംഗീതം | രണ്ടു പഞ്ചാബി പ്രണയ നോവലുകൾ | എൻ ബി എസ് | |
4 | ഹിറ്റ്ലറുടെ മനസ്സ് | എറിക് ഫ്രേമിന്റെ കൃതിയെ ഉപജീവിച്ച് എഴുതിയ മാനസികാപഗ്രഥന പഠനം | മൂന്നാം പതിപ്പിന്റെ പ്രസ: പാപ്പിറസ്, കോട്ടയം | |
5 | മരുഭൂമിയിലെ പ്രവാചകൻ | കെ എൽ ഗൗബ എഴുതിയ നബിചരിത്രത്തിന്റെ പരിഭാഷ. എട്ടോളം പതിപ്പുകൾ | ഐ.പി. എച്ച് | |
6 | കൊളംബസും മറ്റു യാത്രികരും | ആദ്യകാല സഞ്ചാരികളുടെ യാത്രവിവരണങ്ങളുടെ സമാഹാരം | ഒലീവ് ബുക്‌സ്, കോഴിക്കോട് | |
7 | വിശ്വ സാഹിത്യ പ്രതിഭകൾ | ഇരുപതാം നൂറ്റാണ്ടിലെ 140 വിശ്വ വിഖ്യാത സാഹിത്യകാരന്മാരുടെ ജീവചരിത്ര കുറിപ്പുകൾ | ഒലീവ് ബൂക്സ് | |
8 | ക്ലാസിക് അഭിമുഖങ്ങൾ | കാൾമാർക്സ്, മഹാത്മാഗാന്ധി, ഹിറ്റ്ലർ, മുസോളിനി, സ്റ്റാലിൻ, മാവോ സേതുങ് തിടങ്ങി രാഷ്ട്രീയം തത്ത്വചിന്ത, സാഹിത്യം, ശാസ്ത്രം, സംഗീതം, തുടങ്ങിയ മേഖലകളിലെ ഇരുപത്തഞ്ച് പ്രശസ്തരുമായുളള അഭിമുഖ സംഭാഷണങ്ങൾ. | രണ്ടാം പതിപ്പ്. ഒലീവ്. | |
9 | മെലഡി | പങ്കജ് മല്ലിക് , ആർ സി ബോറൽ, സൈഗാൾ നൗഷാദ് തുടങ്ങി ഹിന്ദി ചലചിത്ര രംഗത്തെ 40 സംഗീത സംവിധായകരുടെയും ഗായകരുടെയും ജീവിതം | ഒലിവ്. | |
10 | താൻസൻ മുതൽ സക്കീർ ഹൂസൈൻ വരെ | ഹിന്ദസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ നാൽപത്ത് ആചാര്യന്മാരുടെ ജീവിത രേഖകൾ | ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് (ആദ്യപതിപ്പ്) ,ലിപി പബ്ലിക്കേഷൻസ് (രണ്ടാംപതിപ്പ്) | |
11 | ലതാ മങ്കേഷ്കർ സംഗീതവും ജീവിതവും | സമഗ്രമായി | മാതൃഭൂമി ബൂക്സ് | |
12 | സത്യം പറയുന്ന നുണയന്മാർ | ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന പ്രതിഭാ സമ്പന്നരായ കാർട്ടൂണിസ്റ്റുകളെ കുറിച്ചും കാർട്ടൂൺ എന്ന കലയെ പറ്റിയും[4] | മാതൃഭൂമി ബൂക്സ് | |
13 | സ്ത്രീ, കുടുംബം, കുട്ടികൾ | ആനുകാലിക സാമൂഹിക സംഭവങ്ങളെ വിലയിരുത്തുന്ന ലേഖനങ്ങൾ | ഐ പി ബി | |
14 | അകത്തളം | അതേ സ്വഭാവത്തിലുളള സാമൂഹ്യ ലേഖനങ്ങൾ | ഐ.പി.ബി | |
15 | സ്വകാര്യതയുടെ അതിർത്തികൾ | സാമുഹ്യ ലേഖനങ്ങളുടെ സമാഹാരം | ടി.ബി.എസ് | |
16 | മാമ്പഴം തിന്നു മരിച്ചകുട്ടി | കുട്ടികളോട് മുതിർന്നവർ കാണിക്കുന്ന ക്രൂരതകളെ കുറിച്ചുളള ലേഖനങ്ങൾ | തേജസ് പബ്ലിക്കേഷൻസ് | |
17 | ധ്യാനം ഇസ്ലാമിൽ | പാശ്ചാത്യവും പൗരസ്ത്യവുമായ ധ്യാനരീതികളുമായി ഇസ്ലാമിലെ ധ്യാനത്തെ താരതമ്യപ്പെടുത്തി വിലയിരുത്തുന്ന ഗ്രന്ഥത്തിന്റെ വിവർത്തനം | തേജസ് പബ്ലിക്കേഷൻസ് | |
18 | കേരള സംസ്കാരം : ആദാനപ്രദാനങ്ങൾ | ഭാഷാ ശൈലി, ആചാരങ്ങൾ, ......സംഗീതം തിടങ്ങി എല്ലാ രാഗങ്ങളിലും കേരളത്തിലെ വിവാധ സമൂദായങ്ങൾ തമ്മിലുളള കൊളള കൊടുക്കലുകളുടെ ഒരന്വേഷണം.പണ്ഡിതന്മാരുടെ ലേഖനങ്ങൾ | വചനം ബുക്സ് (കോഴിക്കോട്) | |
19 | സൂഫികഥകൾ | സൂഫി ആചാര്യന്മാരെ കുറിച്ചുളള കഥകൾ | പൂങ്കാവനം ബുക്സ് | |
20 | തവിടുതിന്ന രാജാവ് | ബാലസാഹിത്യം | പൂങ്കാവനം ബുക്സ് | |
21 | ബാബുരാജ് | സംഗീത സംവിധായകനായ ബാബുരാജിനെ മറവിൽ നിന്ന വീണ്ടെടുത്ത കൃതി. എം.ടി. എൻ പി, സക്കറിയ, തുടങ്ങിയവരുടെ ലേഖനങ്ങൾ | ലിപി പബ്ലിക്കേഷൻസ് | |
22 | പി എ സെയ്തു മുഹമ്മദ്' | ചരിത്രകാരനായ സ്മര്യപുരുഷനെകുറിച്ചുളള ജീവചരിത്രം | ഗ്രേസ് ഇൻർനാഷണൽ | |
23 | സ്ഫടികംപോലെ | പ്രവാചകൻ മുഹമ്മദ് നബിയുടെ അനുയാത്രികരായ ഏഴുപേർ, അദ്ദേഹത്തിന്റെ ജീവിതത്തെ ആത്മാവിൽ അനുഭവിക്കുന്നതിന്റെ സർഗ്ഗാത്മക രചന. | ലിപി പബ്ലിക്കേഷൻസ് |
ചലച്ചിത്രരംഗം
തിരുത്തുക1980ൽ പി. ഗോപികുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തളിരിട്ട കിനാക്കൾ എന്ന ചലച്ചിത്രം നിർമ്മിച്ചു കൊണ്ടാണ് ജമാൽ ചലച്ചിത്ര രംഗത്തെത്തിയത്. തളിരിട്ട കിനാക്കളിലെ ഗാനങ്ങളും അദ്ദേഹം രചിച്ചു. അതുകൂടാതെ 1983ൽ പ്രദർശനത്തിനെത്തിയ മറക്കില്ലൊരിക്കലും എന്ന ചലച്ചിത്രത്തിന് വേണ്ടിയും അദ്ദേഹം ഗാനരചന നടത്തി. പി.എ. ബക്കർ സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ ചാപ്പ എന്ന ചിത്രത്തിന്റെ കഥയെഴുതിയതും ജമാൽ കൊച്ചങ്ങാടി ആയിരുന്നു.[5]