ജന്തുക്കളെ ബാധിക്കുന്ന വൈറസുകളാണ് ജന്തുവൈറസുകൾ. സസ്യങ്ങൾ, ജന്തുക്കൾ, ഫംഗസ്, പ്രോട്ടിസ്റ്റുകൾ എന്നിങ്ങനെയുള്ള മിക്ക ജീവകോശങ്ങളേയും ബാധിക്കുന്ന വൈറസുകൾ നിലവിലുണ്ടെങ്കിലും തനത് സ്പീഷീസുകളെ മാത്രം ബാധിക്കുന്ന പ്രത്യേക വൈറസ് ശ്രേണികളുമുണ്ട്. [1] കശേരുകികളെ ബാധിക്കുന്ന 750 ഇനം വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോളിയോ, കൊറോണ, മീസിൽസ്, ഗോവസൂരി, ഹെർപിസ്, പേവിഷബാധ, ഇൻഫ്ലുവൻസ ഹെപ്പറ്റൈറ്റിസ് ബി, പക്ഷിപ്പനി, കുളമ്പുരോഗം എന്നിവ ജന്തുവൈറസുകൾ ഉണ്ടാക്കുന്ന രോഗങ്ങൾക്ക് ഉദാഹരണങ്ങളാണ്. [2]ജന്തുക്കളിൽ നിന്ന് മനുഷ്യരിലേയ്ക്കെത്തു്ന വൈറസുകൾ ഉണ്ടാക്കുന്ന രോഗങ്ങളാണ് സൂനോട്ടിക് രോഗങ്ങൾ. സൂനോട്ടിക് രോഗബാധ ലോകമെമ്പാടും വർധിച്ചുവരുന്നു.[3] ആസ്ട്രോവൈറസ്, പേവിഷവൈറസ്, റോട്ടാവൈറസ്, റിഫ്റ്റ് വാലി വൈറസ് എന്നിവ ഒന്നിലധികം ജീവജാതികളെ ബാധിക്കുന്ന വൈറസുകളാണ്. [4]

ജന്തുക്കളിലെ വൈറസ് വിതരണം

തിരുത്തുക

ജന്തുവൈറസുകൾ കശേരുകികളേയും അകശേരുകികളേയും ബാധിക്കുന്നവയാണ്.

കശേരുകികളെ ബാധിക്കുന്നവ

തിരുത്തുക

നട്ടെല്ലുള്ള ജീവികളെ (കശേരുകികൾ) ബാധിക്കുന്ന വൈറസുകളെ മനുഷ്യരിൽ രോഗമുണ്ടാക്കുന്നവ എന്നും മറ്റ് ജന്തുക്കളിൽ രോഗമുണ്ടാക്കുന്നവ എന്നും അനൗപചാരികമായി തരംതിരിച്ചിട്ടുണ്ട്. ഈ രണ്ടുവിഭാഗങ്ങളേയും യഥാക്രമം മെഡിക്കൽ വൈറോളജി എന്നും വെറ്ററിനറി വൈറോളജി എന്നും വിളിക്കുന്നു. [5] മനുഷ്യരെ ബാധിക്കുന്ന വൈറസുകളെപ്പറ്റിയാണ് കൂടുതൽ പഠനങ്ങളും നടന്നിട്ടുള്ളത്. [6] വിവിധ വൈറസുകൾക്ക് ജന്തുക്കളുടെ മിക്ക അവയവങ്ങളേയും ബാധിക്കാനും ലഘുവായ ലക്ഷണങ്ങൾ മുതൽ ഗുരുതരമായ രോഗങ്ങൾ വരെ രൂപപ്പെടുത്താനും കഴിയും. മനുഷ്യർക്ക് സസ്യങ്ങളേയോ ഷഡ്പദങ്ങളേയോ ബാധിക്കുന്ന വൈറസ് മൂലം രോഗങ്ങളുണ്ടാകില്ല എങ്കിലും ഇതര കശേരുകികളെ ബാധിക്കുന്നവയിൽ നിന്ന് രോഗബാധ ഉണ്ടാകാറുണ്ട്. സൂനോസിസ് എന്ന് ഈ രോഗബാധ അറിയപ്പെടുന്നു. [7]

അകശേരുകികളെ ബാധിക്കുന്നവ

തിരുത്തുക

ജന്തുക്കളിൽ ഏറ്റവും വിപുലവും വൈവിധ്യമാർന്നതുമായ ആർത്രോപോഡുകൾ ജന്തുവൈറസുകളുടെ മുഖ്യഉറവിടമാണ്. ആർബോവൈറസുകൾ എന്ന് ഇവ അറിയപ്പെടുന്നു. 40 വർഷങ്ങൾക്കുമുമ്പ് ഷഡ്പദങ്ങളിലെ വൈറസിനെ ആദ്യമായി സ്റ്റോളർ, തോമസ് എന്നിവർ ഈഡിസ് ഈജിപ്തി കൊതുകിന്റെ കോശകൾച്ചറിൽ നിന്ന് കണ്ടെത്തി. അകശേരുകികളിലുള്ള ഹീമോലിംഫ് എന്ന ശരീരദ്രവത്തിലെ ഹീമോസയാനിൻ, ലെക്ടിൻ, ചില പ്രോട്ടീനുകൾ എന്നിവ വൈറസ് ആക്രമണത്തെ തടയാൻ സഹായിക്കുന്നു.

ജന്തുവൈറസ് വർഗീകരണം

തിരുത്തുക

2008 ൽ ബാൾട്ടിമോർ ജന്തുവൈറസുകളെ അവയുടെ വിറിയോൺ, ന്യൂക്ലിക് ആസിഡ്, എം.ആർ.എൻ.എ ട്രാൻസ്ക്രിപ്ഷൻ എന്നിവയുടെ ബന്ധത്തെ ആസ്പദമാക്കി ഏഴുഗ്രൂപ്പുകളായി തിരിച്ചു. ഇതനുസരിച്ച് അഡിനോവൈറസുകൾ, ഹെർപിസ് വൈറസുകൾ, പപോവാവൈറസുകൾ, പോക്സ് വൈറസുകൾ എന്നിവ dsDNA വൈറസുകളാണ്. പാർവോവൈറസ് ssDNA വൈറസും കൊറോണാവൈറസ്, പികോർണ വൈറസ്, ടോഗാവൈറസ് എന്നിവ (+)ssRNA വൈറസുകളുമാണ്. പാരാമിക്സോവൈറസ്, റാബ്ഡോവൈറസ്, ഓർത്തോമിക്സോവൈറസ് എന്നിവ (-)ssRNA വൈറസുകളും റിയോവൈറസ് ഒരു (+)ssRNA-RT വൈറസുമാണ്. ഹെപാഡ്നാവൈറസ് dsDNA-RTവൈറസ് വിഭാഗത്തിലുൾപ്പെടുന്നു.[8]

ജന്തുവൈറസുകളുടെ പെരുകൽ

തിരുത്തുക

യൂകാരിയോട്ടുകളായ ജന്തുക്കളുടെ കോശങ്ങളിലേയ്ക്ക് പ്രവേശിച്ച് പെരുകുന്നതിനു് അനുകൂലമായ സങ്കേതങ്ങൾ ജന്തുവൈറസുകളിലുണ്ട്. ജന്തുക്കളുടെ ശരീരകോശങ്ങളാണ് ജന്തുവൈറസുകളുടെ ആതിഥേയകോശങ്ങൾ. ആതിഥേയകോശങ്ങളുടെ കോശസ്തരത്തിൽ കാണപ്പെടുന്ന ചില മാംസ്യങ്ങൾ അല്ലെങ്കിൽ ചില ഗ്ലൈക്കോപ്രോട്ടീനുകൾ വൈറസുകളുടെ സ്വീകരണികളായി വർത്തിക്കുന്നു. ഉദാഹരണമായി പോളിയോവൈറസുകളുടെ സ്വീകരണികൾ തൊണ്ടയിലും നാസാഗഹ്വരത്തിലും അന്നപഥത്തിലും സുഷുമ്നയിലുമുള്ള ആതിഥേയകോശങ്ങളുടെ കോശസ്തരത്തിൽ സ്ഥിതിചെയ്യുന്നു. എൻവലപ് (കോശകവചം) ഉള്ള വൈറസുകളുടെ ആവരണത്തിലെ സ്പൈക് പ്രോട്ടീനുകളാണ് കോശസ്തരത്തിലെ സ്വീകരണികളുമായി ബന്ധപ്പെടുന്നത്. കോശസ്തരത്തിലേയ്ക്ക് പറ്റിപ്പിടിച്ച ശേഷം വൈറസ് ആതിഥേയകോശത്തിനകത്തേയ്ക്ക് പ്രവേശിക്കുന്നു. എൻഡോസൈറ്റോസിസ് എന്ന പ്രക്രിയയാണ് എൻവലപ് ഉള്ള വൈറസുകളുടെ കോശസ്തരത്തിലേയ്ക്കുള്ള പറ്റിപ്പിടിക്കലിനടിസ്ഥാനം. തുടർന്ന് ആതിഥേയകോശത്തിലെ ഒരു അറയിൽ (വെസിക്കിൾ) വൈറസ്ഘടകങ്ങൾ എത്തപ്പെടുകയും ആവരണഭാഗങ്ങൾ ശിഥിലീകരിക്കപ്പെടുകയും ചെയ്യുന്നു. ന്യൂക്ലിയോക്യാപ്സിഡ് എന്ന ഭാഗത്തെ ദഹിപ്പിച്ച് ഡി.എൻ.എ അല്ലെങ്കിൽ ആർ.എൻ.എ കോശദ്രവ്യത്തിലെത്തുന്നു. ചില ഡി.എൻ.എ വൈറസുകൾ കോശദ്രവ്യത്തിലും ചിലവ ന്യൂക്ലിയസിലും വച്ച് പെരുക്കപ്പെടുന്നു. ചില ആർ.എൻ.എ വൈരസുകൾ എം.ആർ.എൻഎ രൂപപ്പെടാതെ പെരുകലിനാവശ്യമായ പ്രോട്ടീനുകൾ നിർമ്മിക്കുന്നു.[9]

  1. Leppard p. 3
  2. https://www.epizone-eu.net/en/Home/Animal-diseases.htm
  3. https://www.longdom.org/scholarly/animal-viral-diseases-journals-articles-ppts-list-713.html
  4. https://www.elsevier.com/books/the-geographical-distribution-of-animal-viral-diseases/hal/978-0-12-524180-9
  5. Murphy, p.ix
  6. Korsman NJ, van Zyl GU, Nutt L, Andersson MI, Preiser W (2012). Virology: an illustrated colour text. Churchill Livingstone. pp. 10–11. ISBN 9780443073670.
  7. Leppard, pp. 268–9
  8. A textbook of Microbiology, Dr. R.C. Dubey, Dr. D.K. Maheswari, page 440, S.Chand and Company Pvt. Ltd, 2016 reprint
  9. A textbook of Microbiology, Dr. R.C. Dubey, Dr. D.K. Maheswari, page 442, S.Chand and Company Pvt. Ltd, 2016 reprint
"https://ml.wikipedia.org/w/index.php?title=ജന്തുവൈറസ്&oldid=3944056" എന്ന താളിൽനിന്ന് ശേഖരിച്ചത്