ചേരമാൻതുരുത്ത്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലാണ് ചേരമാൻതുരുത്ത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം താലൂക്കിൻറെ വടക്കുപടിഞ്ഞാറ് കഠിനംകുളം കായലിൻറെ പടിഞ്ഞാറു വശത്താണ് ചെറു ദ്വീപായ ചേരമാൻതുരുത്ത്. രണ്ടായിരത്തിൽ താഴെയാണ് ഇവിടത്തെ ജനസംഖ്യ. ഇസ്ലാം മതവിശ്വാസികളാണ് എല്ലാവരും.

സ്ഥല നാമ ഉത്പത്തി തിരുത്തുക

ചെറുമന തുരുത്ത്, ചെറുമൺതുരുത്ത് എന്നീ പദങ്ങളിൽനിന്നാവാം ചേരമാൻതുരുത്ത് രൂപപ്പെട്ടതെന്ന് കരുതുന്നു. ചേരമാൻപെരുമാളുമായി ബന്ധപ്പെട്ടാണ് ഈ പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.

വിദ്യാഭ്യാസം തിരുത്തുക

കൊല്ലവർഷം 1096 ലാണ് ചേരമാൻതുരുത്തിൽ ഒരു പ്രാഥമിക വിദ്യാലയം ആരംഭിച്ചത്. നാട്ടിലെ കാരണവന്മാർ ചേർന്ന് 12 സെൻറ് സ്ഥലത്ത് ഒരു സ്വകാര്യ സ്കൂൾ ആരംഭിക്കുകയായിരുന്നു. 1122 ഇടവം അഞ്ചിന് തിരുവിതാംകൂർ സർക്കാർ സ്കൂൾ ഏറ്റെടുത്തു. ആൺ പെൺ വ്യത്യാസം ഇല്ലാതെ പ്രൈമറി തലം വരെ വിദ്യാഭ്യാസം ലഭിച്ചുതുടങ്ങിയത് അതുമുതലാണ്.

തൊഴിൽ തിരുത്തുക

കയർ മേഖലയായിരുന്നു മുഖ്യതൊഴിൽ മാർഗം. കാൽനൂറ്റാണ്ടായി ഗൾഫ് മേഖലയിൽ യുവാക്കൾ തൊഴിൽ തേടുന്നു. മുന്പ് ശ്രീലങ്ക, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കും ഏതാനും പേർ ജോലി തേടി പോയിരുന്നു. ഗൾഫ് പ്രവാസത്തിൻറെ തുടക്കത്തിൽ പായക്കപ്പലിൽ അവിടേക്ക് പുറപ്പെട്ട് കടലിൽ മരിച്ചവരിലും ഈ നാട്ടിലെ ഏതാനും പേർ ഉണ്ടായിരുന്നു. ഗൾഫ് മേഖലയുടെ സ്വാധീനം വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ സ്വാധീനമുണ്ടാക്കി. ഇപ്പോൾ ഡോക്ടർമാർ, എഞ്ചിനീയർമാർ, ജേർണലിസ്റ്റുകൾ, അഭിഭാഷകർ, അധ്യാപകർ, ഉദ്യോഗസ്ഥർ, ബിസിനസുകാർ, മതപണ്ഡിതർ, സിനിമാ നിർമാതാവ് എന്നിവർ ഈ ഗ്രാമത്തിലുണ്ട്.

പൊതുസ്ഥാപനങ്ങൾ തിരുത്തുക

സർക്കാർ പ്രൈമറി സ്കൂൾ, ആയുർവേദ ആശുപത്രി, അംഗൻവാടികൾ, മസ്ജിദ്, ഗ്രന്ഥശാലാ സംഘത്തിൻറെ ബി ഗ്രേഡ് അഫിലിയേഷനുള്ള ലൈബ്രറിയും അത് സ്ഥിതി ചെയ്യുന്ന പ്രോഗ്രസീവ് സ്റ്റുഡൻറ്സ് ആർട്സ് ക്ലബ്, ജിഹാദുൽ ഇസ്ലാം മദ്രസ എന്നിവയാണ് പൊതുസ്ഥാപനങ്ങൾ. അന്പത് വർഷം മുന്പ് നാട്ടിലെ യുവാക്കൾ ചേർന്നാണ് പ്രോഗ്രസീവ് സ്റ്റുഡൻറ്സ് ആർട്സ് ക്ലബ് ആരംഭിച്ചത്. ഈ സംഘടനയുടെ ശ്രമഫലമായാണ് നാട്ടിൽ റേഡിയോ കിയോസ്കും, റോഡും, വൈദ്യുതിയും, കുടിവെള്ള പൈപ്പുകളും, ട്രാൻസ്പോർട്ട് ബസും എത്തിച്ചേർന്നത്. ഓല ഷെഡിലും ഓടിട്ട കെട്ടിടത്തിലുമായി നിലനിന്ന മസ്ജിദ് നാട്ടുകാർ പിന്നീട് പുതുക്കിപ്പണിതാണ് നിലവിലെ മന്ദിരം നിർമിച്ചത്. ജിഹാദുൽ ഇസ്ലാം മദ്രസ പള്ളിയോട് ചേർന്ന് പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ചേരമാൻതുരുത്ത്&oldid=3333577" എന്ന താളിൽനിന്ന് ശേഖരിച്ചത്