ചെങ്ങണംകുന്ന് ഭഗവതിക്ഷേത്രം
ശ്രീ ചെങ്ങണംകുന്ന് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. ഷൊർണ്ണൂരിനും പട്ടാമ്പിയ്ക്കും ഇടയിലുള്ള കാരക്കാട് റെയിൽവെ സ്റ്റേഷനിൽ വണ്ടി ഇറങ്ങി പടിഞ്ഞാറുഭാഗത്തേക്ക് 15 മിനിറ്റ് നടന്നാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്താം. അല്ലെങ്കിൽ പട്ടാമ്പി-കുളപ്പുള്ളി ദേശീയപാതയിലെ ഓങ്ങല്ലൂർ ബസ്റ്റോപ്പിൽ നിന്ന് കാരക്കാട് റോഡിലൂടെ പാറപ്പുറം എന്ന സ്ഥലത്തുനിന്നും കടപ്പറമ്പത്തുകാവ് റോഡിലൂടെ 15മിനിറ്റ് സഞ്ചരിച്ചാൽ ചെങ്ങണംകുന്ന് ക്ഷേത്രത്തിലെത്താം. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ ചെങ്ങണംകുന്ന് ഭഗവതിക്ഷേത്രം ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധ താന്ത്രികകുടുംബമായ 'കല്ലൂർമന' യാണ് തന്ത്രിസ്ഥാനത്തുള്ളത്. ശ്രീ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ക്ഷേത്രത്തെ കുറിച്ചുള്ള പരാമർശമുണ്ട്.