ചുകന്നമ്മ

(ചുവന്നമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വണ്ണാൻ സമുദായക്കാർ കെട്ടിയാടുന്ന നായർ ഉപജാതി ആയിരുന്ന പള്ളിച്ചാൻ സമുദായക്കരുടെ കുല ദൈവമാണ് / തെയ്യമാണ് ചോന്നമ്മ (ചുകന്നമ്മ). ചോന്നമ്മ എന്ന് പൊതുവേ വിളിക്കുന്നു. കാഴ്ചയിൽ തമ്പുരാട്ടി തെയ്യവുമായി സാദൃശ്യം തോന്നുമെങ്കിലും മുടിക്ക് അത്രയും വലിപ്പമില്ല.

കൂവേരിയിൽ കെട്ടിയാടിച്ച ചുകന്നമ്മ
കൂവേരിയിൽ കെട്ടിയാടിച്ച ചുകന്നമ്മ

ഐതിഹ്യം

തിരുത്തുക

ഈറാവള്ളി മതിലകം എന്ന ഇല്ലത്തിൽ സന്താനങ്ങൾ ഇല്ലായിരുന്നു. ഒരിക്കൽ ഒരു കർമ്മി അരി, പൂവ് എന്നിവകൊണ്ട് മന്ത്രിച്ചുവെച്ച ഒരുതരം ദിവ്യൗഷധം സന്താനങ്ങൾ ഇല്ലാത്ത സ്ത്രീകൾക്ക് കൊടുക്കുവാൻ വേണ്ടി തയ്യാർചെയ്ത് വെച്ചത് കഴിച്ചത് ഒരു പെൺമാൻ ആയിരുന്നു. ഈ പെൺമാൻ പ്രസവിക്കുകുകയും, മാൻ കുഞ്ഞിനു പകരം മനുഷ്യക്കുഞ്ഞിനെ കണ്ട്, അതിനെ അവിടെ ഉപേക്ഷിച്ച് പോകുകയും ചെയ്തു. ആ സമയത്ത് നായാട്ടിനിറങ്ങിയ കാട്ടുജാതിക്കാർക്ക് ഈ പെൺകുഞ്ഞിനെ കിട്ടുകയും സന്താനങ്ങൾ ഇല്ലാത്ത ഈറാവള്ളി മതിലകത്തിൽ ഏൽപ്പിക്കുകയും ചെയ്തു. കുഞ്ഞിനെ ലഭിച്ച ബ്രാഹ്മണ ദമ്പതിമാർ അതിനെ വാണാർ പൈതൽ എന്ന് പേര് വിളിച്ചു.

വളർന്നുവന്ന വാണാർ പൈതലിന്റെ സ്വഭാവം മറ്റ് ബ്രാഹ്മണ കുട്ടികളേക്കാൾ വിഭിന്നവും കുസൃതി നിറഞ്ഞതുമായിരുന്നു. ഒരിക്കൽ മുറ്റത്ത് മണ്ണ് വാരിക്കളിച്ചുകൊണ്ടിരുന്ന പെൺ കുട്ടിയെ അച്ഛനും, അമ്മയും ശകാരിക്കുകയും, അടിക്കുകയും ചെയ്തു. ഇതിൽ ദേഷ്യം വന്ന പെൺ കുട്ടി ഇല്ലം വിട്ട് നടന്നു. വഴിയെ വന്ന ആശാരിമാരോട് വഴിചോദിച്ച പെൺകുട്ടിക്ക് അവരിൽ നിന്നും മറുപടിയൊന്നും ലഭിച്ചില്ല. എന്നാൽ, കുറച്ച് ദൂരം നടന്നപ്പോൾ ആശാരിമാർക്ക് ആ പെൺകുട്ടി ദേവകന്യക ആണോ എന്ന് സംശയം തോന്നുകയും അവർ തിരിഞ്ഞുനടന്ന് അവളെ കണ്ടെത്തുന്നു. ആശാരിമാരോട് തനിക്ക് ഒരു ആരൂഢം വേണമെന്ന് പറഞ്ഞപ്പോൾ അവർ അവൾക്ക് ആരൂഢം പണിഞ്ഞ് കൊടുത്തു. പിന്നീട് പെൺകുട്ടി അതിനുള്ളിൽ തന്നെ ഇരിപ്പായി.

കുറച്ച് നാൾ കഴിഞ്ഞ് മെയ്തിരണ്ടിയ (ഋതുമതിയായ) പെൺകുട്ടി ആചാരങ്ങൾ മറന്ന് അതിനുള്ളിൽ തന്നെ ഇരിപ്പായി. മകൾ ഋതുമതിയായതറിഞ്ഞ് സന്തോഷത്തോടെ അച്ഛനും അമ്മയും മകളെ കാണുവാൻ അരികൊണ്ട് തയ്യാർ ചെയ്ത പാൽപുങ്കവുമായി യാത്രയായി. അച്ഛനും അമ്മയും വന്നതറിഞ്ഞിട്ടും അവരെ കാണാൻ കൂട്ടാക്കാതെ പെൺകുട്ടി ഉള്ളിൽ തന്നെ കഴിഞ്ഞുകൂടി. മാതാപിതാക്കൾ കരഞ്ഞ് കേണപേക്ഷിച്ചിട്ടും പുറത്ത് വരാൻ കൂട്ടാക്കാതിരുന്ന വാണാർ പൈതലിനെ കാണാൻ പറ്റാതെ അവർ പാൽപുങ്കം അവിടെ വെച്ച് തിരിച്ച് ഇല്ലത്തേക്ക് യാത്രയായി. അവർ പോയതിനുശേഷം മാതാപിതാക്കളോടുള്ള ദേഷ്യം കാരണം, ആ പാൽപുങ്കത്തിന്റെ പാത്രത്തിന് ഒറ്റച്ചവിട്ട് കൊടുത്തു. അടിയുടെ ശക്തിയിൽ തെറിച്ചുപോയ പായസം കുട്ടനാട്ടിലെ കുറുവയലിൽ പതിച്ച് ചെന്നെല്ലായി അവിടെ വളർന്നു.

മാതാപിതാക്കളുടെ കണ്ണീരുവീണ ഇടത്ത് ഇനി ഞാൻ താമസിക്കില്ല എന്ന് പറഞ്ഞ് ഇറങ്ങിയോടിയ പെൺകുട്ടി ഒരു കരിമ്പനയുടെ മുകളിൽ കയറിക്കൂടി അവിടെ സ്ഥിരമായി താമസിക്കാൻ തുടങ്ങി. പനയുടെ വില്ല് ഉണ്ടാക്കുന്നതിനായി പന തേടിയിറങ്ങിയ നമ്പ്യാർ സമുദായക്കാർ പെൺകുട്ടി താമസിക്കുന്ന പന മുറിക്കുവാൻ ഒരുങ്ങി. "കൊത്തല്ലേ, മുറിക്കല്ലേ" എന്ന് പനയിൽ നിന്ന് ശബ്ദം വന്നെങ്കിലും വകവെക്കാതെ അവർ പന വില്ലിനുപാകത്തിൽ കൊത്തിമുറിച്ചുവെച്ചു. എന്നാൽ പെൺകുട്ടിയുടെ ഭാരത്താൽ പനയുടെ കെട്ട് പൊങ്ങാതിരുന്നപ്പോൾ അവർ പനയോട് സംസാരിക്കുകയും, പെൺകുട്ടിക്ക് ക്ഷേത്രം, നിവേദ്യം, പൂജ എന്നിവ ചെയ്തുകൊടുക്കാമെന്ന ധാരണയാകുകയും, പെൺകുട്ടി അവരോടൊന്നിച്ച് പോകുകയും ചെയ്തു. ഇവർ ക്ഷേത്രം പണിയുകയും, പെൺ‌കുട്ടിയെ ചുകന്നമ്മയായി പ്രതിഷ്ഠിക്കുകയും ചെയ്തു. പൂജ ചെയ്യുവാനുള്ള കർമ്മിയേയും ഇവർ തന്നെ കണ്ടെത്തിക്കൊടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=ചുകന്നമ്മ&oldid=3426940" എന്ന താളിൽനിന്ന് ശേഖരിച്ചത്