തകർന്ന ചാലിയം കോട്ടയുടെ ശിഷ്ട ഭാഗങ്ങൾ

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോർച്ചുഗീസുകാർ നിർമിച്ച കോട്ടയാണ് ചാലിയം കോട്ട. മുല്ലമ്മേൽ കോട്ട എന്നും ഇതിനെ വിളിക്കാറുണ്ട്. മലബാർ കീഴടക്കാൻ 1552-ൽ പറങ്കികൾ നിർമിച്ച കോട്ടയാണിത്. കടൽമാർഗവും പുഴമാർഗവും മലബാർ കീഴടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അറബിക്കടലും ചാലിയാറും ചേരുന്ന അഴിമുഖത്തോട് ചേർന്ന് പറങ്കികൾ സൈനികകേന്ദ്രം പടുത്തുയർത്തിയത്. കടലോരത്തെ പാറക്കൂട്ടങ്ങൾക്കിടയിലായിരുന്നു തന്ത്രപ്രധാനമായ കോട്ട സ്ഥിതിചെയ്തിരുന്നത്.

ചരിത്രംതിരുത്തുക

 
ചാലിയം കോട്ടയുടെ അവശിഷ്ട ഭാഗം

മലബാർ തീരത്തെ കോഴിക്കോട് പട്ടണത്തിലേക്ക് എട്ടു നാഴിക അകലെയുള്ള തന്ത്രപ്രാധാന്യമുള്ള പ്രദേശമായിരുന്നു ചാലിയം. വടക്ക് ബേപ്പൂർ പുഴയും തെക്ക് കടലുണ്ടി പുഴയും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന ദ്വീപ് പോലെ തോന്നിക്കുന്ന ചാലിയത്ത് അറബി കടലിലൂടെയുള്ള കച്ചവടക്കാരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആക്രമിച്ച് തകർക്കാനും പറ്റിയ സുരക്ഷിത താവളം എന്ന നിലക്കാണ് കോട്ട പണിയാൻ പോർച്ചുഗീസുകാർ പ്രത്യേകം താൽപര്യമെടുത്തത്. ചാലിയം കോട്ട സാമൂതിരിയുടെ മുഴുവൻ വാണിജ്യത്തേയും ബാധിക്കുന്നതായിരുന്നു. കൊച്ചിയുമായി സാമൂതിരി യുദ്ധത്തിനൊരുങ്ങുകയാണങ്കിൽ അതിനാവശ്യമായ വാർത്താവിനിമയത്തിന് അത് ഭീഷണിയാകും. സാമൂതിരിയുടെ രാജ്യത്തേക്ക് യുദ്ധം നയിക്കാനുള്ള ഒരു അടിത്തറയാണ് ഇതിലൂടെ പോർച്ചുഗീസുകാർക്ക് ലഭിച്ചത്. [1] പോർച്ചുഗീസുകാരുടെ ചതിക്ക് പലതവണ ഇരയായിട്ടും വളരെ തന്ത്രപ്രധാനമായ സ്ഥലത്ത് കോട്ടകെട്ടാൻ സാമൂതിരി അനുമതി നൽകിയത് അമിത മദ്യസേവയും പ്രായാധിക്ക്യവും കാരണമായിരിന്നു.[2] ചാലിയം യുദ്ധമായപ്പോഴേക്കും കോട്ട കെട്ടാൻ അനുമതി നൽകിയ സാമൂതിരി മരണപ്പെട്ടു. അദ്ദേഹത്തിന്റെ അനന്തരവൻ നമ്പ്യാതിരി അധികാരമേറ്റെടുത്തു. ഈ സാമൂതിരിയുടെ നേതൃത്ത്വത്തിലാണ് ചാലിയം യുദ്ധം നടന്നത്.

1571-ൽ സാമൂതിരിയുടെ നിർദ്ദേശപ്രകാരം കോട്ടയ്ക്കുനേരേ കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിൽ സൈനികനീക്കമുണ്ടായി. പിടിച്ചുനിൽക്കാനാകാതെ പറങ്കികൾ പിൻവാങ്ങിയപ്പോൾ മലബാർ സൈന്യം കോട്ടയ്ക്കുചുറ്റും കിടങ്ങുകൾ തീർത്തു. പറങ്കിപ്പടയെ കൂടുതൽ പ്രതിരോധത്തിലാക്കി ഭക്ഷണവും വെള്ളവുമില്ലാതെ കോട്ടയിലകപ്പെട്ട പറങ്കിപ്പട കുഞ്ഞാലിമരയ്ക്കാർക്ക് മുന്നിൽ കീഴടങ്ങി. പറങ്കിപ്പടയെ തുരത്തി കുഞ്ഞാലിമരയ്ക്കാറും കൂട്ടരും കോട്ട തകർത്തു. കോട്ടയുടെ നിർമ്മാണത്തിനുപയോഗിച്ച കല്ലുകൾ ചാലിയം പുഴക്കരപ്പള്ളിയുടെയും മര ഉരുപ്പടികൾ കുറ്റിച്ചിറയിലെ മിശ്കാൽ പള്ളിയുടെയും പുനർനിർമ്മാണപ്രവർത്തനങ്ങൾക്കാണ് ഉപയോഗപ്പെടുത്തി.[3]

സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച 'തുഹ്ഫുത്തുൽ മുജാഹിദ്ദീനി'ലും ഖാസി മുഹമ്മദ് എഴുതിയ 'ഫത്ത്ഹുൽ മുബീൽ' എന്ന കാവ്യത്തിലും മുല്ലമ്മേൽ കോട്ടയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

നിർമ്മിതിതിരുത്തുക

 
Karuvanthuruthy Masjidh, Chaliyam

പ്രാദേശിക ഭരണ നേതൃത്ത്വവുമായും താനൂരെ ഭരണാധിപന്റെ സഹായത്തോടെയും നടത്തിയ ചർച്ചകളിലൂടെയാണ് കോട്ട നിർമ്മിക്കാൻ തീരുമാനിച്ചത്. 2000 പർദൗസ് സ്ഥല വില എന്ന നിലയിൽ നൽകി. ഗവർണർ നുനോ ദ കുൻഹയാണ് ചർച്ചകൾക്കും നിർമ്മിതിക്കും അടിസ്ഥാനമിട്ടത്. കല്ലും ചെളിയും ഉപയോഗിച്ച്, 1531 ഒക്ടോബറിൽ പണിയാരംഭിച്ച കോട്ടയുടെ നിർമ്മാണം 1532 മാർച്ചിൽ പൂർത്തിയായി.[4] ഇവിടെയുണ്ടായിരുന്ന ഒരു പള്ളി പൊളിച്ചാണ് ഇതു പണിഞ്ഞതെന്ന് സൈനുദ്ദീൻ രേഖപ്പെടുത്തിയിട്ടുണ്ട്. ചതുരാകൃതിയിലായിരുന്ന കോട്ടയുടെ മൂന്നു മൂലകളിലും കൊത്തളങ്ങളും നാലാം മൂലയിൽ മൂന്നു നിലയുള്ള ഒരു കെട്ടിടവുമുണ്ടായിരുന്നു. ബീച്ചിലേക്കാണ് കോട്ടയുടെ വാതിൽ തുറന്നിരുന്നത്. മുന്നൂറോളം വരുന്ന കാവൽ ഭടന്മാരാണ് കോട്ടയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്നത്.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. A History of Kerala 1498-80,P 102,സർദാർ കെ.എം.പണിക്കർ
  2. Tuhfat al-Mujahidin ( ‘The Tribute to the Strugglers’)- Shaikh Zainuddin Makhdum
  3. "ചാലിയംകോട്ട മണ്ണടിയുന്നു". മാതൃഭൂമി. 2013 ഒക്ടോബർ 9. ശേഖരിച്ചത് 2013 ഒക്ടോബർ 9.
  4. K. M. Mathew (1988). History of the Portuguese Navigation in India, 1497-1600. Mittal Publications. pp. 168–169.
"https://ml.wikipedia.org/w/index.php?title=ചാലിയം_കോട്ട&oldid=2672752" എന്ന താളിൽനിന്ന് ശേഖരിച്ചത്