ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ
പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന സംസ്കൃതനാടകവിവർത്തകനും കവിയുമാണ് ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ (1857 - 1905).
ജീവിതരേഖ
തിരുത്തുക1857-ൽ ചിറ്റൂർതാലൂക്കിൽ ചമ്പത്തിൽ കുടുംബത്തിൽ ജനിച്ചു. പിതാവ് പാലക്കാട്ട് കേനാത്തുവീട്ടിൽ ചാമുമേനോൻ. മാതാവ് അമ്മു മന്നാടിശ്ശ്യാർ. സംസ്കൃത പണ്ഡിതനായ അപ്പു എഴുത്തശ്ശനു കീഴിൽ കാവ്യപരിചയം സമ്പാദിച്ചതിനുശേഷം ഉപരിപഠനത്തിനായി തൃശ്ശിവപേരൂർ ചെന്ന് വെങ്കിടാദ്രിശാസ്ത്രികളുടെ ശിഷ്യനായി.തിരുവിതാംകൂറിൽ പുതിയതായേർപ്പെടുത്തിയ വക്കീൽ പരീക്ഷ ജയിച്ച് 1880 മുതൽ രണ്ടു വർഷക്കാലം മൂവാറ്റുപുഴ മുൻസിഫ്‌കോടതിയിൽ വക്കീലായി ജോലിനോക്കി. പിന്നീട് കൊച്ചിയിലെ വക്കീൽ പരീക്ഷ ജയിച്ചു. തൃശ്ശിവപേരുർ അപ്പീൽകോടതിയിൽ വ്യവഹരിക്കുന്നതിന് അവിടെ താമസമുറപ്പിച്ചു. അക്കാലത്താണ് ഇദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനം പുഷ്കലമാവുന്നത്. കുറേക്കാലം കേരളനന്ദിനി മാസികയുടെ പത്രാധിപരായിരുന്നു. മന്നാടിയാരുടെ സാഹിത്യ കൃതികളിൽ ശ്രദ്ധേയമായത് ഭവഭൂതിയുടെ ഉത്തരരാമചരിതം നാടകത്തിന്റെ വിവർത്തനമാണ്. ഇതു കൂടാതെ ജാനകീപരിണയം നാടകവും ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ടും ഇദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. സംഗീതനാടകവേദികളിലെ ജനപ്രിയ നാടകങ്ങളായിരുന്നു ഉത്തര രാമചരിതവും ജാനകീപരിണയവും. ഇവ കൂടാതെ പുഷ്പഗിരീശ സ്തോത്രം എന്ന ഒരു സംസ്കൃത കൃതിയും മന്നാടിയാരുടേതായിട്ടുണ്ട്. പൂങ്കുന്നിലെ ദേവനെ സ്തുതിച്ചുകൊണ്ട് എഴുതിയതാണിത്. സാഹിത്യം പോലെ തന്നെ സംഗീതത്തിലും അദ്ദേഹത്തിന് അഭിരുചി ഉണ്ടായിരുന്നു. സമുദായ പരിഷ്കരണ ശ്രമങ്ങളിലും മന്നാടിയാർ പങ്കെടുത്തിരുന്നുവെന്ന് പറയപ്പെടുന്നു. ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രി, എ.ആർ. മേനോൻ അമ്പാട്ട് അദ്ദേഹത്തിന്റെ പുത്രനാണ്. 1905-ൽ അന്തരിച്ചു[1].
കൃതികൾ
തിരുത്തുക- ഭവഭൂതിയുടെ ഉത്തരരാമചരിതം നാടകത്തിന്റെ വിവർത്തനം
- ജാനകീപരിണയം നാടകം
- ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്
- പുഷ്പഗിരീശ സ്തോത്രം (പുഷ്പഗിരീശസ്തോത്രംഗീതിവൃത്തത്തിൽ നൂറ്റിഇരുപതു ശ്ലോകങ്ങളിൽ ഉള്ള രാമായണകഥാസംഗ്രഹമാണ്. അതിന്ആര്യാശതകം എന്നും പേരുണ്ട്. )
അവലംബം
തിരുത്തുക- ↑ വിശ്വവിജ്ഞാനകോശം, വാല്യം 6 , എസ് പി സി എസ് .കോട്ടയം,1989 പുറം 391-2