ആധുനിക കർണ്ണാടകസംഗീതത്തിനു അടിസ്ഥാനമായി കരുതുന്ന സുപ്രസിദ്ധ ഗ്രന്ഥമാണ് ചതുർദണ്ഡീപ്രകാശിക. വെങ്കടമഖി എന്ന സുപ്രസിദ്ധ കർണ്ണാടക സംഗീത പണ്ഡിതൻ ആണ് ഇതിന്റെ കർത്താവ്. ഇന്നു പരക്കെ പ്രചാരത്തിൽ ഇരിക്കുന്ന 72 മേളരാഗപദ്ധതി വെങ്കിടമഖി അവതരിപ്പിച്ചത് ചതുർദണ്ഡീപ്രകാശികയിലൂടെ ആണ്.

സംസ്കൃത ഭാഷയിൽ 1200-ൽ അധികം ഈരടികളുള്ള ചതുർദണ്ഡീപ്രകാശികയിൽ വീണാ, ശ്രുതി, സ്വരം, മേളം, രാഗം, ആലാപനം, ഥായം, ഗീതം, പ്രബന്ധം, താളം എന്നിവ വിവരിക്കുന്നു. ഇതിൽ താളം ഒഴികെയുള്ള ഒൻപത് പ്രകരണങ്ങളാണ് ഇതുവരെ കിട്ടിയിട്ടുള്ളത്. താളവും കൂടിച്ചേർത്ത് പത്ത് പ്രകരണങ്ങളാണ് ഗ്രന്ഥകർത്താവ് ഉദ്ദേശിച്ചിട്ടുള്ളതായി അറിയുന്നതെങ്കിലും കിട്ടിയിട്ടുള്ള ഭാഗത്തിൽ പ്രബന്ധം തന്നെ പൂർത്തിയാകാതെയാണിരിക്കുന്നത്. സംഗീത ശാസ്ത്രസംബന്ധമായ വിഷയങ്ങളെ ചുരുക്കമായും സ്പഷ്ടമായും പ്രതിപാദിക്കുകയെന്നതാണ് ഈ ഗ്രന്ഥത്തിന്റെ സ്വഭാവം. സപ്തസ്വരങ്ങളെ പതിനാറായി വിഭജിച്ച് അവയെ പന്ത്രണ്ടു സ്വരസ്ഥാനങ്ങളിലായി നിവേശിപ്പിച്ച് അവയുടെ പരസ്പരമേളനം നിമിത്തം എഴുപത്തി രണ്ട് മേളകർത്താ രാഗങ്ങളെ കെട്ടിയുണ്ടാക്കി ആധുനിക മേളകർത്താജന്യരാഗപദ്ധതി ആസൂത്രണം ചെയ്യുകയാണ് വെങ്കടമഖി ചതുർദണ്ഡീപ്രകാശികയിലൂടെ ചെയതത്.

മേളകർത്താരാഗങ്ങളെ കണ്ടെടുക്കാൻ വെങ്കിടമഖി ഉപയോഗിച്ച മാനദണ്ഡംതിരുത്തുക

“സരിഗമപധനി“യെ സപ്ത(7)സ്വരങ്ങൾ എന്നു പറയുന്നുവെങ്കിലും ദക്ഷിണേന്ത്യൻ സംഗീതത്തിൽ ശരിക്കും 16 സ്വരങ്ങൾ ഉണ്ട്. ‘സ’യും ‘പ’യും ഒഴികെ ബാക്കിയുള്ള അഞ്ച് സ്വരങ്ങൾക്കും ഒന്നിൽ കൂടുതൽ വകഭേദങ്ങൾ ഉണ്ട്:

 1. സ - ഷഡ്ജം
 2. രി - ഋഷഭം (3 തരം - രി1, രി2, രി3)
 3. ഗ - ഗാന്ധാരം (3 തരം - ഗ1, ഗ2, ഗ3)
 4. മ - മധ്യമം (2 തരം - മ1, മ2)
 5. പ - പഞ്ചമം
 6. ധ - ധൈവതം(3 തരം - ധ1, ധ2, ധ3)
 7. നി - നിഷാദം(3 തരം - നി1, നി2, നി3)

ഈ വകഭേദങ്ങളെ താഴെ പറയുന്ന വിധം നാമകരണം ചെയ്തിരിക്കുന്നു:

 1. രി1 - ശുദ്ധ ഋഷഭം
 2. രി2 - ചതുശ്രുതി ഋഷഭം
 3. രി3 - ഷഡ്ശ്രുതി ഋഷഭം
 4. ഗ1 - ശുദ്ധ ഗാന്ധാരം
 5. ഗ2 - സാധാരണ ഗാന്ധാരം
 6. ഗ3 - അന്തര ഗാന്ധാരം
 7. മ1 - ശുദ്ധ മധ്യമം
 8. മ2 - പ്രതി മധ്യമം
 9. ധ1- ശുദ്ധ ധൈവതം
 10. ധ2 - ചതുശ്രുതി ധൈവതം
 11. ധ3 - ഷഡ്ശ്രുതി ധൈവതം
 12. നി1 - ശുദ്ധ നിഷാദം
 13. നി2 - കൈശികി നിഷാദം
 14. നി3 - കാകളി നിഷാദം

ലോകത്തെങ്ങുമുള്ള മറ്റു സംഗീതവ്യവസ്ഥകളിൽ (ഹിന്ദുസ്താനി, പാശ്ചാത്യം) 12 സ്വരങ്ങൾ മാത്രമുള്ളപ്പോൾ ദക്ഷിണേന്ത്യൻ സംഗീതത്തിൽ മാത്രം 16 സ്വരങ്ങൾ വന്നതെങ്ങിനെയാണെന്നു നോക്കാം! താഴെ കൊടുത്തിരിക്കുന്ന സമവാക്യങ്ങളാണ് ഇതിനടിസ്ഥാനം:

 • രി2 = ഗ1
 • രി3 = ഗ2
 • ധ2 = നി1
 • ധ3 = നി2

അതായത് ഒരേ ശ്രുതിയിലുള്ള സ്വരസ്ഥാനങ്ങളെ ചിലപ്പോൾ ‘രി’ യെന്നോ മറ്റു ചിലപ്പോൾ ‘ഗ’ യെന്നോ പാടാവുന്നതാണ്. അതുപോലെ തന്നെ ‘ധ’ യുടേയും ‘നി’ യുടേയും കാര്യം. ദക്ഷിണേന്ത്യൻ സംഗീതത്തിനു മാത്രം അവകാശപ്പെട്ട രാഗവൈവിധ്യങ്ങളുടെ അടിസ്ഥാനമാണ് ഈ സവിശേഷത!

ഈ സമവാക്യങ്ങൾ ഉപയോഗിച്ച് നമുക്ക് മേൽപ്പറഞ്ഞ 16 സ്വരങ്ങളെ ശ്രുതിയുടെ ആരോഹണക്രമത്തിൽ താഴെക്കാണുന്ന വിധം 12 നിരപ്പുകളിലായി ക്രമത്തിപ്പെടുത്താം.

 • രി1
 • രി2 ഗ1
 • രി3 ഗ2
 • ഗ3
 • മ1
 • മ2
 • ധ1
 • ധ2 നി1
 • ധ3 നി2
 • നി3

ഇതനുസരിച്ച് “രിഗ” എന്ന് ആരോഹണമായി (‘രി’ താഴ്ന്ന ശ്രുതിയിലും ‘ഗ’ ഉയർന്ന ശ്രുതിയിലും) എത്ര തരത്തിൽ പാടാം എന്നു നമുക്കു കണക്കു കൂട്ടാം:

 • രി1ഗ1
 • രി1ഗ2
 • രി1ഗ3
 • രി2ഗ2
 • രി2ഗ3
 • രി3ഗ3

അതായത് ‘രിഗ’ എന്ന് ആരോഹണമായി 6 തരത്തിൽ പാടാം. ഇതേ പോലെ വകഭേദങ്ങളുള്ള ‘ധനി’ യേയും ഇതുപോലെ 6 തരത്തിൽ പാടാം. ‘മ’ രണ്ടു തരം. ‘സ’ യും ‘പ’യും ഒരോ തരം മാത്രം. അങ്ങനെയാവുമ്പോൾ “സരിഗമപധനി“ എന്ന് ആരോഹണമായി 1*6*2*1*6 = 72 തരത്തിൽ വരാവുന്നതാണ്. ഇങ്ങനെയാണ് 72 മേളകർത്താ രാഗങ്ങളെ വെങ്കിടമഖി കണ്ടെടുത്തത്.

"https://ml.wikipedia.org/w/index.php?title=ചതുർദണ്ഡീപ്രകാശിക&oldid=3661339" എന്ന താളിൽനിന്ന് ശേഖരിച്ചത്