ആധുനിക കർണ്ണാടകസംഗീതത്തിനു അടിസ്ഥാനമായി കരുതുന്ന ചതുർദണ്ഡീപ്രകാശിക എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ കർത്താവാണ് വെങ്കടമഖി. ഇന്നു പരക്കെ പ്രചാരത്തിൽ ഇരിക്കുന്ന 72 മേളകർത്താരാഗപദ്ധതി വെങ്കിടമഖി അവതരിപ്പിച്ചത് ചതുർദണ്ഡീപ്രകാശികയിലൂടെ ആയിരുന്നു. [1]പതിനാറാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ തഞ്ചാവൂർ രാജാവിന്റെ മന്ത്രിയായിരുന്ന ഗോവിന്ദ ദീക്ഷിതർ എന്ന രാജ്യതന്ത്രജ്ഞന്റെ പുത്രനാണ് വെങ്കിടമഖി. ത്വത്വചിന്തകനും, സംസ്കൃതപണ്ഡിതനും, സംഗീതജ്ഞനും ആയിരുന്ന ഗോവിന്ദ ദീക്ഷിതർ സംഗീതസുധ എന്ന പേരിൽ ഒരു സംഗീതശാസ്ത്രഗ്രന്ഥം രചിച്ചിട്ടുമുണ്ട്.

ചരിത്രം

തിരുത്തുക

പതിനേഴാം നൂറ്റാണ്ടിൽ മൈസൂരിലെ ഒരു കന്നടബ്രാഹ്മണ കുടുംബത്തിലെ ഗോവിന്ദ ദീക്ഷിതരുടെയും (തഞ്ചാവൂരിലെ നായക രാജാവിന്റെ മന്ത്രിയും സംഗീതസുധയുടെ കർത്താവും) നാഗാംബയുടെയും ഏഴു മക്കളിൽ ഒരാളായി പിറന്ന വെങ്കിടമഖിൻ എന്ന വെങ്കിടേശ്വര ദീക്ഷിതർ അഥവാ വെങ്കടധ്വരി സംഗീതവും തർക്കശാസ്ത്രവും വ്യാകരണശാസ്ത്രവും മീമാംസയും അഭ്യസിച്ചതു തന്റെ ജ്യേഷ്ഠസഹോദരനായ യഗ്നനാരായണ ദീക്ഷിതരിൽ നിന്നുമായിരുന്നു. പണ്ഡിതനായ യഗ്നനാരായണൻ എഴുതിയതാണു 'രഘുനാഥവിലാസ' എന്ന നാടകവും 'രഘുനാഥഭൂപവിജയ' എന്ന ചമ്പുകാവ്യവും 'ശിത്യനത്നാകര' എന്ന സംസ്ക്രതവ്യാകരണവും. ദാനപ്പചാരിയാർ എന്ന വെങ്കിട ശർമ്മയായിരുന്നു വെങ്കിടമഖിയുടെ പിൽക്കാല ഗുരു. മീമാംസ പണ്ഡിതനായിരുന്ന വെങ്കിടമഖി അതിനെക്കുറിച്ചൊരു ലേഖനവും വൃതികാഭരണ എന്നൊരു ഗ്രന്ഥവും രചിച്ചിരുന്നു. തിരുവരൂർ ത്യാഗരാജ സ്വാമിയെ സ്തുതിച്ചു കൊണ്ടുള്ള 24 അഷ്ടപതിയും തന്റെ ഗുരുവായ വെങ്കിടശർമ്മയെ സ്തുതിച്ചു കൊണ്ടുള്ള ഒരു ഗീതവും വെങ്കിടമഖി രചിച്ചിട്ടുണ്ടു്. അക്കാലത്തു മൈസൂർ വാണിരുന്ന വിജയരാഘവ ഭൂപാള ആയിരുന്നു വിങ്കിടമഖിയുടെ സംഗീത തപസ്യയ്ക്കു പ്രോത്സാഹനം നൽകിയിരുന്നതു്.[2]

ചതുർദണ്ഡീപ്രകാശിക

തിരുത്തുക

സംഗീതശാസ്ത്രസംബന്ധമായ വിഷയങ്ങളെ ചുരുക്കമായും സ്പഷ്ടമായും പ്രതിപാദിക്കുകയെന്നതാണ് ചതുർദണ്ഡീപ്രകാശിക എന്ന ഗ്രന്ഥത്തിന്റെ സ്വഭാവം. സപ്തസ്വരങ്ങളെ പതിനാറായി വിഭജിച്ച് അവയെ പന്ത്രണ്ടു സ്വരസ്ഥാനങ്ങളിലായി നിവേശിപ്പിച്ച് അവയുടെ പരസ്പരമേളനം നിമിത്തം എഴുപത്തി രണ്ട് മേളകർത്താരാഗങ്ങളെ ചിട്ടപ്പെടുത്തി ആധുനിക മേളകർത്താജന്യരാഗപദ്ധതി ആസൂത്രണം ചെയ്തത് വെങ്കടമഖിയാണ്.

വെങ്കടമഖി 72 മേളകർത്താപദ്ധതിയുടെ ഉപജ്ഞാതാവാണെങ്കിലും അവയ്ക്കുള്ള കനകാംഗ്യാദി നാമങ്ങളോ ദീക്ഷിത സമ്പ്രദായത്തിൽ സ്വീകരിച്ചു കാണുന്ന കനകാബര്യാദി നാമങ്ങളോ അദ്ദേഹത്തിന്റേതായി കണക്കാക്കുന്നത് ശരിയല്ല. ഈ നാമങ്ങൾ പിൽക്കാലത്ത് ഉണ്ടായവയാണ്. അദ്ദേഹം നടപ്പിലുള്ളവയായി പത്തൊൻപതു മേളങ്ങളെ മാത്രമേ നിർദ്ദേശിക്കുന്നുള്ളൂ. അവയുടെ ക്രമസംഖ്യകളും നാമങ്ങളും താഴെ കൊടുക്കുന്നു. മുഖാരി (1), സാമവരാളി(3), ഭൂപാളം(8), ഹെജ്ജുജ്ജി(13), വസന്തഭൈരവി(14), ഗൌളം(15), ഭൈരവി(20), ആഹരി(21), ശ്രീരാഗം(22), കാംബോജി(28), ശങ്കരാഭരണം(29), സാമന്തം(30), ദേശാക്ഷി(35), നാട്ട(36), ശുദ്ധവരാളി(39), പന്തുവരാളി(45), ശുദ്ധനാമക്രിയ(51), സിംഹരവം(58), കല്യാണി(65)

ഇവയിൽ കടപയാദി പ്രകാരമുള്ള ആദ്യാക്ഷരങ്ങളില്ല. സാരമായ നാമവ്യത്യാസവും പലതിലുമുണ്ട്.

വെങ്കടമഖിയുടെ ചതുർദണ്ഡിപ്രകാശികയെപ്പറ്റി ശ്രീനിവാസറാവുവിന്റെ അവലോകനം.

തിരുത്തുക

വീണപ്രകരണ

തിരുത്തുക

ആദ്യത്തെ ഖണ്ഡിക വീണയെപ്പറ്റിയാണു്. ശുദ്ധമേളവീണ,മധ്യമേളവീണ, രഘുനതേന്ദ്രവീണ എന്നീ മൂന്നു തരം വീണയെപ്പറ്റിയും രണ്ടുതരം ശ്രുതിചേർക്കലിനെപ്പറ്റിയും വെങ്കിടമഖി പറയുന്നുണ്ടു്. പ്രാദേശികമായി വീണവായനയിൽ നാലു സമ്പ്രദായങ്ങളുണ്ടു്. തഞ്ജാവൂർ, ആന്ധ്ര, മൈസൂർ, കേരള. ഇവ നാലിലും തന്തികൾ മീട്ടുന്ന രീതിയും ഗമകപ്രയോഗവും വ്യത്യസ്ത രീതിയിലാണു്. രണ്ടു തരത്തിൽ ശ്രുതി ചേർക്കാം. സർവ്വരാഗമേളവീണയിൽ ശ്രുതികൽക്കു പ്രത്യേകം സ്ഥാനം കല്പിച്ചിട്ടുണ്ടു്. ഏകരാഗമേളവീണയിൽ ഒരു പ്രത്യേകരാഗം മാത്രം മീട്ടാവുന്ന രീതിയിലും. രഘുനതേന്ത്രമേളവീണ എന്ന മൂന്നാമതൊരു സമ്പ്രദായത്തിൽ നാലാമത്തെ തന്തിയ്ക്കു മൂന്നു സ്ഥായികൾക്കു പ്രത്യേകം സ്ഥാനം കല്പിച്ചിട്ടുണ്ടു്.

ശ്രുതിപ്രകരണ

തിരുത്തുക

ഈ ഖണ്ഡികയിൽ സപ്തസ്വരങ്ങളെപ്പറ്റിയും 22 ശ്രുതിസ്ഥാനങ്ങളെപ്പറ്റിയും വെങ്കിടമഖി വിവരിക്കുന്നു. 22 ശ്രുതിസ്ഥാനങ്ങൾ തമ്മിലുള്ള ഇടവേളകൾ തുല്യമല്ല. മേളകർത്താരാഗപട്ടികയിൽ വെങ്കിടമഖി സ്വീകരിച്ചിരിക്കുന്നതു് 16 ഷോഡശസ്വരസ്ഥാനങ്ങളാണു്.

സ്വരപ്രകരണ

തിരുത്തുക

ഈ ഖണ്ഡികയിൽ ശുദ്ധസ്വരങ്ങളെപ്പറ്റിയും വികൃതസ്വരങ്ങളെപ്പറ്റിയും ആണു വെങ്കിടമഖി വിവരിക്കുന്നതു്. മുഖാരി രാഗത്തെ അടിസ്ഥാനപ്പെടുത്തി സമപ എന്നിവയ്ക്കു 4 ശ്രുതിസ്ഥാനങ്ങളും, ഗനി എന്നിവയ്ക്കു 2 ശ്രുതിസ്ഥാനങ്ങളും, രിധ എന്നിവയ്ക്കു 3 ശ്രുതിസ്ഥാനങ്ങളുമാണു കല്പിച്ചിരിക്കുന്നതു്.

സാധാരണഗാന്ധാരം, അന്തരഗാന്ധാരം, വരാളിമധ്യമം, കൈശികിനിഷാദം, കാകളിനിഷാദം എന്നിവയാണു വികൃതിസ്വരങ്ങളായി വെങ്കിടമഖി വിശേഷിപ്പിക്കുന്നതു്. ശുദ്ധസ്വരങ്ങളും വികൃതസ്വരങ്ങളും തമ്മിലുള്ള ഇടവേളകൾ മാറുന്നതിനനുസരിച്ചു ശുദ്ധസ്വരങ്ങൾക്കും വികൃതസ്വരങ്ങൾക്കും മാറ്റം സംഭവിക്കും എന്നാണു വെങ്കിടമഖി പറയുന്നതത്രേ. വാദി-സംവാദി സ്വരങ്ങളെപ്പറ്റിയും ഗമകപ്രയോഗങ്ങളെപ്പറ്റിയും ഉദാഹരണസഹിതം വെങ്കിടമഖി ഇതിൽ വിവരണമുണ്ടു്.

മേളപ്രകരണ

തിരുത്തുക

വെങ്കമഖിയുടെ മേളകർത്താരാഗപദ്ധതിയെപ്പറ്റിയുള്ള വിവരണം വരുന്നതു ഈ അദ്ധ്യായത്തിലാണു്.[3]

  1. Subramaniam, L. (1999). "The reinvention of a tradition: Nationalism, Carnatic music and the Madras Music Academy, 1900-1947". Indian Economic & Social History Review. 36 (2): 131–163. doi:10.1177/001946469903600201.
  2. The Cultural Setting of South Indian Music, Raymond E. Ries, Asian Music, Vol. 1, No. 2. (Autumn, 1969), p 4
  3. http://melakartharagangal.blogspot.in/2015/07/chaturdandi-prakashika-venkitamkhi.html
"https://ml.wikipedia.org/w/index.php?title=വെങ്കിടമഖി&oldid=3085886" എന്ന താളിൽനിന്ന് ശേഖരിച്ചത്