ചതുർദണ്ഡീപ്രകാശിക

(ചതുർദണ്ഡിപ്രകാശിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശാസ്ത്രീയ സംഗീതത്തിന് അടിത്തറ പാകിയവരിൽ അഗ്രഗണ്യനും പ്രശസ്തമായ മേളകർത്താരാഗപദ്ധതി സംവിധാനം ചെയ്ത സംഗീത ശാസ്ത്രജ്ഞനുമായ ആചാര്യ വെങ്കിടമഖി രചിച്ച സംസ്കൃത ഗ്രന്ഥമാണ് ചതുർദണ്ഡിപ്രകാശിക. 17 നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഈ ഗ്രന്ഥത്തിന്റെ രചന. ഇന്ത്യയുടെ കർണാടക സംഗീത പാരമ്പര്യത്തിൽ രാഗങ്ങളെ തരംതിരിക്കാനും സംഘടിപ്പിക്കാനും സൈദ്ധാന്തിക മേളകർത്താ സംവിധാനം അവതരിപ്പിച്ചു. മേളങ്ങൾക്കു പിതാവായ (കർത്താവായ) എന്ന അർത്ഥം വരുന്ന മേളകർത്താരാഗങ്ങൾ 72 എണ്ണമായി ക്രോഡികരിച്ചു ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഈ സംവിധാനം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ ഇന്ന് ഉപയോഗിക്കുന്ന ഥാട്ട് സമ്പ്രദായത്തിന്റെ അടിസ്ഥാനമായി മാറി. വീണ, ശ്രുതി, സ്വരം, മേളം, രാഗം, ആലാപനം, തായം, ഗീതം, പ്രബന്ധം, താളം എന്നീ 10 ഖണ്ഡിക അഥവാ പ്രകരണ ആയി സംസ്കൃത്തിൽ എഴുതപ്പെട്ട ഈ കയ്യെഴുത്തുപ്രതിയുടെ അവസാനത്തെ ഖണ്ഡികയായ താളപ്രകരണ പൂർണ്ണമായും ഒമ്പതാമത്തെ ഖണ്ഡിക പ്രബന്ധം ഭാഗികമായും നഷ്ടപ്പെട്ടുവെന്നു പറയപ്പെടുന്നു.

14-ആം നൂറ്റാണ്ടിൽ വിദ്യരണ്യയാണ് മേള എന്ന ആശയം അവതരിപ്പിച്ചതെന്നും വെങ്കടമഖിനു മുമ്പുള്ള മറ്റ് നിരവധി സംഗീതജ്ഞർ ഈ വിഷയത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടെങ്കിലും ക്ലാസിക്കൽ സംഗീതത്തിന്റെ രാഗങ്ങളെ ആസൂത്രിതമായി തരംതിരിക്കുന്ന നിലവാരമുള്ള ഒരു രചനയുടെ അഭാവമുണ്ടായിരുന്നു. വിജയരാഘവ നായക് ( r . 1633-1673 ) അത്തരമൊരു ഗ്രന്ഥം തയ്യാറാക്കാൻ വെങ്കടമഖിനെ ചുമതലപ്പെടുത്തി, ഇതാണ് ചതുർദണ്ഡിപ്രകാശികയുടെ സൃഷ്ടിക്ക് കാരണമായത്. [1] സംഗീതത്തിന്റെ "നാല് തൂണുകളുടെ പ്രകാശം" എന്ന് ഈ ശീർഷകത്തെ വിവർത്തനം ചെയ്യാം.[2] ഈ കൃതി ദക്ഷിണേന്ത്യയിലെ ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയായ 72 മേള കർത്താരാഗങ്ങളുടെ രൂപീകരണത്തിനും മേളകർത്ത സമ്പ്രദായത്തിനും കാരണമായി. [3] [2]

20-നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബോംബെ, സ്വദേശിയായ സംഗീതജ്ഞൻ വിഷ്ണു നാരായൺ ഭത്ഖംദെ, ഛതുർദണ്ഡിപ്രകാശിക ആധാരമായി അതിന്റെ മേളകർത്താ സമ്പ്രദായം ഉപയോഗിച്ച് തയ്യാറാക്കിയ ഥാട്ട് സമ്പ്രദായമാണ് ഹിന്ദുസ്ഥാനി സംഗീതത്തിൽ രാഗ ആസൂത്രണം ചെയ്യാനും തരംതിരിക്കാനുമായി ഉപയോഗിക്കുന്നത്.[4]

മലയാള വ്യാഖ്യാനം

തിരുത്തുക

മലയാളത്തിൽ ഈ കൃതിക്ക് ഡോ.വി.എസ്. ശർമ്മ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. മാരാർസാഹിത്യപ്രകാശമാണ് ഈ പാഠ്യഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.== മേളകർത്താരാഗങ്ങളെ കണ്ടെടുക്കാൻ വെങ്കിടമഖി ഉപയോഗിച്ച മാനദണ്ഡം == “സരിഗമപധനി“യെ സപ്ത(7)സ്വരങ്ങൾ എന്നു പറയുന്നുവെങ്കിലും ദക്ഷിണേന്ത്യൻ സംഗീതത്തിൽ ശരിക്കും 16 സ്വരങ്ങൾ ഉണ്ട്. ‘സ’യും ‘പ’യും ഒഴികെ ബാക്കിയുള്ള അഞ്ച് സ്വരങ്ങൾക്കും ഒന്നിൽ കൂടുതൽ വകഭേദങ്ങൾ ഉണ്ട്:

  1. സ - ഷഡ്ജം
  2. രി - ഋഷഭം (3 തരം - രി1, രി2, രി3)
  3. ഗ - ഗാന്ധാരം (3 തരം - ഗ1, ഗ2, ഗ3)
  4. മ - മധ്യമം (2 തരം - മ1, മ2)
  5. പ - പഞ്ചമം
  6. ധ - ധൈവതം(3 തരം - ധ1, ധ2, ധ3)
  7. നി - നിഷാദം(3 തരം - നി1, നി2, നി3)

ഈ വകഭേദങ്ങളെ താഴെ പറയുന്ന വിധം നാമകരണം ചെയ്തിരിക്കുന്നു:

  1. രി1 - ശുദ്ധ ഋഷഭം
  2. രി2 - ചതുശ്രുതി ഋഷഭം
  3. രി3 - ഷഡ്ശ്രുതി ഋഷഭം
  4. ഗ1 - ശുദ്ധ ഗാന്ധാരം
  5. ഗ2 - സാധാരണ ഗാന്ധാരം
  6. ഗ3 - അന്തര ഗാന്ധാരം
  7. മ1 - ശുദ്ധ മധ്യമം
  8. മ2 - പ്രതി മധ്യമം
  9. ധ1- ശുദ്ധ ധൈവതം
  10. ധ2 - ചതുശ്രുതി ധൈവതം
  11. ധ3 - ഷഡ്ശ്രുതി ധൈവതം
  12. നി1 - ശുദ്ധ നിഷാദം
  13. നി2 - കൈശികി നിഷാദം
  14. നി3 - കാകളി നിഷാദം

ലോകത്തെങ്ങുമുള്ള മറ്റു സംഗീതവ്യവസ്ഥകളിൽ (ഹിന്ദുസ്താനി, പാശ്ചാത്യം) 12 സ്വരങ്ങൾ മാത്രമുള്ളപ്പോൾ ദക്ഷിണേന്ത്യൻ സംഗീതത്തിൽ മാത്രം 16 സ്വരങ്ങൾ വന്നതെങ്ങിനെയാണെന്നു നോക്കാം! താഴെ കൊടുത്തിരിക്കുന്ന സമവാക്യങ്ങളാണ് ഇതിനടിസ്ഥാനം:

  • രി2 = ഗ1
  • രി3 = ഗ2
  • ധ2 = നി1
  • ധ3 = നി2

അതായത് ഒരേ ശ്രുതിയിലുള്ള സ്വരസ്ഥാനങ്ങളെ ചിലപ്പോൾ ‘രി’ യെന്നോ മറ്റു ചിലപ്പോൾ ‘ഗ’ യെന്നോ പാടാവുന്നതാണ്. അതുപോലെ തന്നെ ‘ധ’ യുടേയും ‘നി’ യുടേയും കാര്യം. ദക്ഷിണേന്ത്യൻ സംഗീതത്തിനു മാത്രം അവകാശപ്പെട്ട രാഗവൈവിധ്യങ്ങളുടെ അടിസ്ഥാനമാണ് ഈ സവിശേഷത!

ഈ സമവാക്യങ്ങൾ ഉപയോഗിച്ച് നമുക്ക് മേൽപ്പറഞ്ഞ 16 സ്വരങ്ങളെ ശ്രുതിയുടെ ആരോഹണക്രമത്തിൽ താഴെക്കാണുന്ന വിധം 12 നിരപ്പുകളിലായി ക്രമത്തിപ്പെടുത്താം.

  • രി1
  • രി2 ഗ1
  • രി3 ഗ2
  • ഗ3
  • മ1
  • മ2
  • ധ1
  • ധ2 നി1
  • ധ3 നി2
  • നി3

ഇതനുസരിച്ച് “രിഗ” എന്ന് ആരോഹണമായി (‘രി’ താഴ്ന്ന ശ്രുതിയിലും ‘ഗ’ ഉയർന്ന ശ്രുതിയിലും) എത്ര തരത്തിൽ പാടാം എന്നു നമുക്കു കണക്കു കൂട്ടാം:

  • രി1ഗ1
  • രി1ഗ2
  • രി1ഗ3
  • രി2ഗ2
  • രി2ഗ3
  • രി3ഗ3

അതായത് ‘രിഗ’ എന്ന് ആരോഹണമായി 6 തരത്തിൽ പാടാം. ഇതേ പോലെ വകഭേദങ്ങളുള്ള ‘ധനി’ യേയും ഇതുപോലെ 6 തരത്തിൽ പാടാം. ‘മ’ രണ്ടു തരം. ‘സ’ യും ‘പ’യും ഒരോ തരം മാത്രം. അങ്ങനെയാവുമ്പോൾ “സരിഗമപധനി“ എന്ന് ആരോഹണമായി 1*6*2*1*6 = 72 തരത്തിൽ വരാവുന്നതാണ്. ഇങ്ങനെയാണ് 72 മേളകർത്താ രാഗങ്ങളെ വെങ്കിടമഖി കണ്ടെടുത്തത്.

  1. OEMVenkatamakhi.
  2. 2.0 2.1 Britannica.
  3. OEMMela.
  4. Powers.
  • "South Asian arts - Music". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 5 September 2018.
  • Katz, Jonathan. "Veṅkaṭamakhin". Grove Music Online (in ഇംഗ്ലീഷ്). Oxford University Press. doi:10.1093/gmo/9781561592630.article.48134.{{cite journal}}: CS1 maint: ref duplicates default (link)
  • "Mela System". The Oxford Encyclopaedia of the Music of India (in ഇംഗ്ലീഷ്). Retrieved 7 September 2018.
  • "Venkaṭamakhi". The Oxford Encyclopaedia of the Music of India (in ഇംഗ്ലീഷ്). Retrieved 7 September 2018.
  • Powers, Harold S. "Bhatkhande, Vishnu Narayan". Grove Music Online (in ഇംഗ്ലീഷ്). Oxford University Press. doi:10.1093/gmo/9781561592630.article.03008.{{cite journal}}: CS1 maint: ref duplicates default (link)
"https://ml.wikipedia.org/w/index.php?title=ചതുർദണ്ഡീപ്രകാശിക&oldid=3685632" എന്ന താളിൽനിന്ന് ശേഖരിച്ചത്