ഗൊന്ദീശാപ്പൂർ പഠനകേന്ദ്രം
സസ്സാനിദ് സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രസിദ്ധ പഠനകേന്ദ്രമാണ് ഗൊന്ദീശാപ്പൂർ പഠനകേന്ദ്രം അഥവാ ഗൊന്ദീശാപ്പൂർ അക്കാദമി. ബേഥ് ലാപതിലെ പഠനകേന്ദ്രം എന്നും ഇതറിയപ്പെടുന്നു.[1] കിഴക്കിന്റെ സഭയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ഈ പഠനകേന്ദ്രം സഭയുടെ ദൈവശാസ്ത്ര പഠനത്തിനുപുറമേ വൈദ്യശാസ്ത്രം, തത്ത്വശാസ്ത്രം, ശാസ്ത്രഗവേഷണം എന്നീ മേഖലകളിലും നിർണ്ണായക സംഭാവനകൾ നൽകി. ലോകത്തിലെ ആദ്യത്തെ സർവ്വകലാശാല ഇതാണെന്ന് പറയപ്പെടുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്തിന്റെ വളർച്ചയ്ക്ക് ഈ പഠനകേന്ദ്രം വഹിച്ച പങ്ക് വലുതായതിനാൽ ലോകത്തിലെ എക്കാലത്തെയും ഏറ്റവും പ്രധാനപ്പെട്ട വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രം എന്ന ഖ്യാതിയും ഗൊന്ദീശാപ്പൂർ നേടി.[2] റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക ക്രൈസ്തവ സഭയിൽ ക്രി. വ. 431ലെ എഫേസൂസ് സൂനഹദോസിനെ തുടർന്നുണ്ടായ മതപീഡനങ്ങൾ മൂലം പലായനം ചെയ്ത് എത്തിയ നെസ്തോറിയസിന്റെ അനുകൂലികളായ ഗ്രീക്ക് പണ്ഡിതർ ഈ പഠനകേന്ദ്രത്തിന്റെ ആദ്യകാല വളർച്ചയ്ക്ക് ഇടവരുത്തി.[3] ഇതിനോട് ചേർന്ന് തന്നെ കിഴക്കിന്റെ സഭയ്ക്ക് ഒരു ആശ്രമവും നിലവിൽ ഉണ്ടായിരുന്നു. റമ്പാൻ ഹോർമിസ്ദ് ഉൾപ്പെടെയുള്ള സഭയിലെ നിരവധി പണ്ഡിതർ ഈ പഠനകേന്ദ്രത്തിന്റെ ഭാഗമായിരുന്നു. ബേഥ് ഹൂസായേ മെത്രാസനത്തിന്റെ മേൽനോട്ടത്തിന് കീഴിലായിരുന്നു പലപ്പോഴും ഇതിന്റെ പ്രവർത്തനം.[4][5][6] ദീർഘകാലം ലോകത്തിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായി നിലനിന്ന ഈ പഠനകേന്ദ്രം പേർഷ്യയിലെ അറബ് അധിനിവേശത്തിന് ശേഷം നാശോന്മുഖമായി. അബ്ബാസിദ് ഖിലാഫത്തിന്റെ സാംസ്കാരിക കേന്ദ്രമായി ബാഗ്ദാദ് വളർന്നതോടെയാണ് ഗൊന്ദീശാപ്പൂറിന്റെ തകർച്ച പൂർണമായത്.[7][8]
അവലംബം
തിരുത്തുക- ↑ Morony, Michael. BETH LAPAT. Vol. IV, Fasc. 2. Encyclopaedia Iranica. pp. 187–188.
- ↑ The Cambridge History of Iran. Vol. 4. p. 396. ISBN 0521200938.
- ↑ "Historical". Archived from the original on February 3, 2011.
- ↑ Baum, Wilhelm; Winkler, Dietmar W. (2010). The Church of the East: A Concise History. London-New York: Routledge-Curzon.
- ↑ Hill, Donald (1993). Islamic Science and Engineering. Edinburgh University Press. pp. 4. ISBN 0-7486-0455-3.
- ↑ "SYRIAC LANGUAGE i. IRANIAN LOANWORDS IN SYRIAC". www.iranicaonline.org. Encyclopaedia Iranica.
- ↑ Shahbazi, Alireza Shapour. Lutz Richter-Bernburg (ed.). "GONDĒŠĀPUR". www.iranicaonline.org. Encyclopaedia Iranica.
- ↑ Le Strange, Guy (1905). The Lands of the Eastern Caliphate. Mesopotamia, Persia, and Central Asia, from the Moslem Conquest to the Time of Timur. New York: Barnes & Noble, Inc. p. 238. OCLC 1044046.